Monday, September 28, 2009

ഒരു മെഡിക്കല്‍ കോളേജു ഡയറി ഭാഗമൊന്നു

(26.9.09ൽ ഞാൻ പോസ്റ്റ്‌ ചെയ്തിരുന്ന ആമുഖത്തിൽ സൂചിപ്പിച്ചതു പോലെ "മെഡിക്കൽ കോളേജു ഡയറിക്കുറിപ്പുകൾ" എന്ന എന്റെ പുസ്തകത്തിലെ ആദ്യ ഭാഗം ഇന്നു പ്രസിദ്ധീകരിക്കുന്നു)
27-10-1997
തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ ഒന്നാം വാർഡിലെ ഒന്നാംനമ്പർ ബെഡ്ഡിൽ ഇരുന്നു ഞാൻ ഈ കുറിപ്പുകൾ എഴുതുന്നു. സമയം രാത്രി 11 മണി കഴിഞ്ഞിരിക്കുന്നു.മെനൈഞ്ചൈറ്റിസ്‌ രോഗിയായ എന്റെ മകൻ സൈഫു അരികിൽ മയങ്ങുകയാണു.ഇന്നു തിങ്കളാഴ്ച്ച ഒന്നാം വാർഡിലെ ഓ.പി ദിവസമായതിനാൽ കട്ടിലുകൾ ഒന്നും ഒഴിവില്ല. രണ്ടു കട്ടിലുകൾക്കിടയിൽ തറയിലും രോഗികളുണ്ടു.എന്റെ മകന്റെ കട്ടിലിനു സമീപം തറയിൽ ഒരു ശവശരീരം കിടക്കുന്നു.ഒരു മണിക്കൂർ മുമ്പു മരിച്ച അയാളെ എപ്പോൾ അവിടെ നിന്നും എടുത്തു മാറ്റുമെന്നു അറിയില്ല. മകന്റെ കട്ടിലും മൃതദേഹവും വേർ തിരിക്കാൻ പേരിനു ഒരുസ്ക്രീൻ മാത്രം.സ്ക്രീനിന്റെ അടിവശത്തുകൂടി മൃതദേഹത്തിന്റെ വിറങ്ങലിച്ച കാലുകൾ പുറത്തേക്കു നീണ്ടിരിക്കുന്നു.മരിച്ച ആളുടെ മകൾ ഭിത്തിയിൽ ചാരി ഇരുന്നു തേങ്ങുകയാണു. കുറച്ചു മുമ്പു അവർ അലമുറയിടുകയും പിതാവു കഴിഞ്ഞ കാലങ്ങളിൽ തന്നോടു കാണിച്ചിരുന്ന വാൽസല്യം എണ്ണീ എണ്ണീ പറയുകയും ഇനി അപ്രകരം തന്നോടു ദയ കാണിക്കാൻ ഈ ലോകത്തു ആരുണ്ടു എന്നു പരിതപിക്കുകയും ചെയ്തിരുനു.ബന്ധുക്കൾ അടുത്തു വരുമ്പോൾ ഈ പരിദേവനം ഒരു വിലാപഗാനത്തിന്റെ രൂപം പ്രാപിച്ചു.വാർഡിലെ എല്ലാ രോഗികളുടെയും ശ്രദ്ധ മരിച്ച ആളിലും കരയുന്ന മകളിലും തങ്ങി നിന്നു. മരണം എപ്പോഴും ഭയം ഉളവാക്കുന്നതിനാൽ പല മുഖങ്ങളിലും സംഭ്രമം തെളീഞ്ഞു നിന്നിരുന്നു.ഏതോ നടപടിക്രമങ്ങളുടെ പേരിൽ ശവശരീരം ഇപ്രകാരം രോഗികളുടെ സമീപം കിടത്തിയിരിക്കുന്നതിൽ എല്ലാവർക്കും അമർഷം ഉണ്ടെന്നു വ്യക്തം. ഒരു മണിക്കൂറിനു മുമ്പു ഭാര്യയും ഞാനും അൽപ്പം ദൂരെയുള്ള മൂത്രപ്പുരയിൽ പ്രാഥമിക ആവശ്യം നിർവ്വഹിക്കാൻ പകുതി ദൂരം താണ്ടിക്കഴിഞ്ഞപ്പോഴാണു മകന്റെ കട്ടിലിന്റെ ഭാഗത്തു നിന്നും അലമുറ കേട്ടതു.മകനു എന്തോ സംഭവിച്ചെന്ന ഭയത്തോടെ പാഞ്ഞെത്തിയ ഞങ്ങൾ തറയിലേക്കു നോക്കുന്നതിനു തല ഉയർത്താൻ കഠിന യത്നം നടത്തുന്ന മകനെയാണു കണ്ടതു. തറയിൽ അൽപ്പം മുമ്പു അഡ്മിറ്റ്‌ ചെയ്യപ്പെട്ട രോഗിയുടെ ചലനമറ്റ ശരീരം കിടന്നിരുന്നു. ആ ശവശരീരത്തിൽ തലതല്ലിക്കരയുന്ന സ്ത്രീയുടെനിലവിളിയാണു ഞങ്ങൾ കേട്ടതു.മകന്റെ കണ്ണുകളിൽ ഭയം നിറഞ്ഞു നിന്നിരുന്നു.
മെഡിക്കൽ കോളേജു ആശുപത്രിയിൽ ഞങ്ങളുടെ ആദ്യ രാത്രിയിൽ ഉണ്ടായ ഈ സംഭവം അവനും ഞങ്ങള്‍ക്കും പുതിയ അനുഭവമായിരുന്നു. മകന്റെ തോളിൽ തട്ടി അവനെ സമാധാനപ്പെടുത്തി ഭിത്തിയുടെ വശത്തേക്കു ചരിച്ചു കിടത്തുമ്പോൾ അലമുറയിടുന്ന സ്ത്രീയോട്‌ അതിയായ ദേഷ്യം തോന്നി.മരണം സാധരണമാണെന്നും അതിനു ഈ രീതിയിൽ ബഹളം വെയ്ക്കണമോ എന്നും മനസ്സിൽ തോന്നിയെങ്കിലും മരിച്ചു കിടക്കുന്ന ആൾ എന്റെ ബന്ധു ആണെങ്കിൽ ഞാൻ എങ്ങിനെ പ്രതികരിക്കും എന്ന ആലോചന മനസ്സിൽ കടന്നപ്പോൾ മകന്റെ രോഗ കാഠിന്യത്തെപ്പറ്റി ഓർമ്മ വന്നു. അവനു എന്തെങ്കിലും സംഭവിച്ചാൽ എന്റെ പ്രതികരണം എന്തായിരിക്കും എന്ന ചിന്ത മനസ്സിൽ ഞെട്ടൽ ഉളവാക്കിയപ്പോൾ അറിയാതെ മകന്റെ തലയിൽ തലോടി ഉള്ളുരുകി പ്രാർത്ഥിച്ചു."ദൈവമേ എന്റെ മോൻ....എന്റെ മോൻ.... അപ്പോൾ മുതൽ മനസ്സിന്റെ തിങ്ങൽ ഒഴിവാക്കാനായി ഈ കുറിപ്പുകൾ എഴുതുന്നു. അവന്റെ അമ്മ അവന്റെ കട്ടിലിനു താഴെ വെറും തറയിൽ ഉറങ്ങുകയാണു. തൊട്ടടുത്തു ഒരു ശവശരീരം കിടന്നിട്ടും ഉറങ്ങിപ്പോകും വിധം കഴിഞ്ഞ ദിവസങ്ങളിൽ അവൾക്കു ഉറക്കം നഷ്ടപ്പെട്ടിരുന്നല്ലോ!.
2-10-1997ൽ വെറുമൊരു പനിയായി തുടങ്ങിയ അവന്റെ രോഗം ഈ തരത്തിൽ മൂർച്ഛിക്കുമെന്നു കരുതിയില്ല. ഇളയമ്മയുടെ വീട്ടിൽ കഴിഞ്ഞ ഓണ അവധിക്കു അവൻ പോയപ്പോൾ കനാലിൽ മുങ്ങിക്കുളിച്ചു എന്നതായിരുന്നു കാരണം.സാധാരണ നൽകുന്ന ഹോമിയോ മരുന്നുകൾ കൊണ്ടു പനി ഒട്ടും കുറയാതിരുന്നതിനാലും അവൻ അതിയായി ക്ഷീണിച്ചിരുന്നതിനാലും അലോപ്പതി ചികിൽസയിലേക്കു കടന്നു വിവിധ ടെസ്റ്റുകൾക്ക്‌ ശേഷം ആദ്യം വൈറൽ ഫീവറെന്ന നിഗമനത്തിൽ ചികിൽസ തുടങ്ങി.പനി ഒട്ടും കുറഞ്ഞില്ലെന്നു മാത്രമല്ല നിരീക്ഷണത്തിൽ അവന്റെ കഴുത്തു വളയുന്നില്ലെന്നും കഴുത്തിനു മുറുക്കം അനുഭവപ്പെടുന്നുവെന്നും കണ്ടെത്തിയതോടെ മെനൈഞ്ചൈറ്റിസ്‌ ആണോ എന്ന സംശയത്താൽ ഉടൻ തന്നെ കൊല്ലം നഗരത്തിലെ പ്രൈവറ്റ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നട്ടെലിൽ നിന്നും ഫ്ലൂയിഡ്‌ കുത്തിയെടുത്തു പരിശോധിച്ചപ്പോൾ സംശയം യാഥാർത്ഥ്യമായി. ക്രോണീക്‌ മെനൈഞ്ചൈറ്റിസ്‌ തന്നെയാണു രോഗം. നാലു ദിവസത്തെ ചികിൽസയ്ക്കു ശേഷവും രോഗം കുറവു കണ്ടില്ല. തലവേദന ശക്തിയായി. രാത്രിയിൽ തലവേദനയാൽ അലറിവിളിച്ചു കരയുന്ന മകന്റെ മുമ്പിൽ ഞങ്ങൾ നിസ്സഹായതയോടെ നിന്നു.അവന്റെ വേദന കുറയുവാൻ ഭിത്തിയിൽ തലചായ്ച്ചു നിന്നു പരമ കാരുണികന്റെ ദയയ്ക്കായി കെഞ്ചി. ചെയ്തു പോയ എല്ലാ പാപങ്ങളും എണ്ണി എണ്ണി പറഞ്ഞു മാപ്പു ചോദിച്ചു. നട്ടെല്ലിൽ നിന്നും ഫ്ലൂയിഡ്‌ കുത്തി എടുക്കാൻ 15 വയസ്സു തികയാത്ത അവനെ പന്തു പോലെ ചുരുട്ടി എന്നറിഞ്ഞപ്പോൾ എന്തിനിങ്ങിനെ മനുഷ്യനു ജന്മം നൽകി എന്നു അരോടെല്ലാമോ ദേഷ്യത്തിൽ ചോദിച്ചു. സ്കാൻ റിപ്പോർട്ടിൽ തലയുടെ മുൻഭാഗം ഇടതു വശത്തു പഴുപ്പു ഉണ്ടായതായി കണ്ടെത്തിയപ്പോൾ ആകാശത്തേക്കു കൈകൾ ഉയർത്തി ഞാൻ കരഞ്ഞു. ബ്രൈൻ ആബ്സസ്സ്‌ ഗുരുതരമായ രോഗമാണെന്നും ഉടൻ തിരുവനന്തപുരം ശ്രീചിത്തിര ആശുപത്രിയിൽ കൊണ്ടു പോകണം എന്നും അറിഞ്ഞപ്പോൾ ഭയം വർദ്ധിച്ചു. ഇന്നു പുലർ കാല വെളിച്ചത്തിൽ കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്കു പുറപ്പെട്ട ടാക്സി കാറിന്റെ പിൻസീറ്റിൽ എന്റെ മടിയിൽ തലവെച്ചു കിടന്നിരുന്ന സൈഫു കണ്ണു തുറന്നപ്പോൾ അവനെ തിരുവനന്തപുരത്തു വിദഗ്ദ്ധ ചികിൽസക്കായി കൊണ്ടു പോകുകയാണെന്നും രോഗം ഉടനെ മാറുമെന്നു ആശ്വസിപ്പിച്ചെങ്കിലും മനസ്സിൽ അനിശ്ചിതത്വത്തിന്റെ കരിനിഴൽ പരന്നിരുന്നു. ഹ്രുദയം മാറ്റിവെയ്ക്കാൻ ഭിഷഗ്വരന്മാർക്കു കഴിയുമെങ്കിലും മസ്തിഷ്ക രോഗങ്ങൾ പൂർണ്ണമായും ചികിൽസയ്ക്കു കീഴ്പ്പെട്ടതായി അറിവില്ല.ബ്രൈൻ ആബ്സസ്സ്‌ ഇൻ ലെഫ്റ്റ്‌ ഫ്രോണ്ടൽ ഏരിയാ എന്നാണു സ്കാൻ റിപ്പോർട്ടിൽ കണ്ടതു. തലച്ചോർ കഫനീർപ്പാടക്ക്‌ ഉണ്ടായ നീർ (മെനൈഞ്ചൈറ്റിസ്‌) പഴുപ്പായി രൂപാന്തരപ്പെട്ടു എന്നാണു അതിന്റെ ഏകദേശ അർത്ഥമെന്നു ഡ്യൂട്ടി നഴ്സ്സ്‌ പറഞ്ഞു.
പഴുപ്പു ഉണ്ടായഭാഗത്തു സ്ഥിതിചെയ്യപ്പെടുന്ന ഞരമ്പുകൾ ശരീരത്തിൽ ഏതെല്ലാം ഭാഗത്തെ ജോലികൾ നിർവ്വഹിക്കുന്നുവോ ആ ജോലികൾ തടസ്സപ്പെടാം.കാഴ്ച, കേൾവി, ചലനം എന്തും തകരാറിലാകാം.
പുലർ കാലത്തെ ഈ യാത്ര മറ്റൊരു സന്ദർഭത്തിലണെങ്കിൽ മകനും ആസ്വാദ്യകരമായേനെ. ചിത്ര രചനയിൽ താൽപര്യം ഉള്ള അവനു വീടിന്റെ മുൻ വശം അരമതിലിൽ ഇരുന്നു ഇടവത്തിൽ മഴ പെയ്യുന്നതു കാണാനും ധനുമസത്തിൽ ഉദിച്ചു വരുന്ന പൂർണ ചന്ദ്രനെ നോക്കി നിൽക്കാനും ഇഷ്ടമായിരുന്നല്ലോ
രാവിലെ എട്ടര മണിക്കു ശ്രീ ചിത്രായിൽ എത്തി.
(പുസ്തകത്തിന്റെ രണ്ടര പേജു ഞാൻ ഇവിടെ പോസ്റ്റു ചെയ്തു കഴിഞ്ഞു. ആദ്യഭാഗം ഇവിടെ നിർത്തുന്നു. അടുത്ത ഭാഗം ബുധനാഴ്ച്ചയിൽ)

Saturday, September 26, 2009

ഒരു മെഡിക്കല്‍ കോളേജു ഡയറി കുറിപ്പുകള്‍

രോഗാവസ്ഥയിൽ എല്ലാവരുടെയും അവസാന ആശ്രയം മെഡിക്കൽ കോളേജാണു. ഇവിടെ എത്തി കഴിഞ്ഞാൽ രണ്ടിലൊന്നു തീരുമാനിക്കപ്പെടുന്നു.ഒന്നുകിൽ ജീവിതത്തിലേക്കു തിരിച്ചു വരുന്നു . അല്ലെങ്കിൽ എന്നെന്നേക്കുമായി ലോകത്തു നിന്നും കടന്നു പോകുന്നു. വിധിയും കാത്തുജീവിതത്തിനും മരണത്തിനും ഇടയിലെ നൂൽപ്പാലത്തിലൂടെ മകനുമായി സഞ്ചരിച്ച അൻപത്തി ഒന്നു ദിവസങ്ങൾ. മെഡിക്കൽ കോളേജിൽ കഴിച്ചുകൂട്ടിയ ആ ദിവസങ്ങളിൽ അവിടെ കണ്ടതും കേട്ടതും സ്വയം അനുഭവിച്ചതും ഡയറിയിൽ കുറിച്ചിട്ടു. കഥയോ നോവലോ ആക്കി മാറ്റാവുന്ന കുറിപ്പുകൾ. പക്ഷേ കാലങ്ങൾക്കു ശേഷം ആ കുറിപ്പുകളിലൂടെ കടന്നു പോയപ്പോൾ തോന്നി,ഇതു ഡയറിക്കുറിപ്പുകളായി ത്തന്നെ നില നിർത്തുന്നതാണു നല്ലതെന്നുപക്ഷേ അതു ചീകി മിനുക്കണം; ആവശ്യമില്ലാത്തതെല്ലാം വെട്ടി മാറ്റണം സർവ്വോപരി വായിക്കുന്നവനു സ്വന്തം അനുഭവമായി തോന്നണം,മറ്റൊരാൾക്കു ഉപകാരപ്പെടണം. രണ്ടായിരം ആണ്ടിൽ എഴുത്തു തുടങ്ങി,പഴയ കുറിപ്പുകൾ അടിസ്ഥാനമാക്കി അടുക്കും ചിട്ടയും വരുത്തി. കഥയോ ലേഖനമോ എഴുതാൻ ദിവസങ്ങൾ മാത്രം മതിയാകുന്ന എനിക്കു സ്വന്തം അനുഭവം നന്നാക്കി എഴുതാൻ രണ്ടു വർഷം വേണ്ടി വന്നു. എഡിറ്റ്‌ ചെയ്തു വന്നപ്പോൾ വളരെ ഏറെ ചുരുങ്ങി. പിന്നീടു ഫോട്ടോ കോപ്പി എടുത്തു നീതിന്യായ വകുപ്പിലെ സാഹിത്യാസ്വാദകരായ സുഹ്രുത്തുക്കൾക്കും അടുത്ത സ്നേഹിതന്മാരായ അഭിഭാഷകർക്കും വായിക്കാൻ കൊടുത്തു.ഫലം ഞാൻ പ്രതീക്ഷിച്ചതിലും വിസ്മയാവഹമായിരുന്നു. എല്ലാവർക്കും ഒരേ നിർബന്ധം ; ഈ അനുഭവ കഥ പ്രസിദ്ധീകരിക്കണം.
പിന്നീടു അതിനായി ശ്രമം.മലയാളത്തിലെ പത്ര ഭീമന്മാരുടെ ഓഫീസ്സുകൾ ഞാൻ കയറി ഇറങ്ങി. പ്രസിദ്ധീകരണ രംഗത്തു എനിക്കു മുൻ അനുഭവം ധാരാളം ഉണ്ടു. പക്ഷേ അന്നൊന്നും ഉണ്ടാകാത്ത നിരാശയാണു ഈ പുസ്തകത്തെ സംബന്ധിച്ചു എനിക്കുണ്ടായത് . വ്യക്തിപരമായി അറിയാവുന്ന പലരും അവിടങ്ങളിൽ ഉണ്ടായിരിക്കുകയും അവരെല്ലാം ഒരേ സ്വരത്തിൽ "ഇതു കൊള്ളാം ഇതു പ്രസിദ്ധീകരിക്കാം" എന്നു എന്നോടു നേരിൽ പറയുകയും ചെയ്തിട്ടു മാസങ്ങളോളം പ്രസിദ്ധീകരിക്കാതെ കൈവശം സൂക്ഷിക്കുകയും ചെയ്തു. അവസാനം ഞാൻ പോയി തിരികെ വാങ്ങും. പ്രസിദ്ധീകരണ യോഗ്യമല്ലെങ്കിൽ ഒരു നിശ്ചിത കാലത്തിനുള്ളിൽ അവർ അതു തിരിച്ചയക്കും എന്നു എനിക്കു അറിയാം. പക്ഷേ ഇതു അതല്ല,തിരിച്ചയക്കുകയും ഇല്ലാ പ്രസിദ്ധീകരിക്കുകയും ഇല്ല. എറുണാകുളത്ത്‌ നിന്നും പുറത്തിറങ്ങുന്ന മലയാളത്തിലെ ഒരു വാരികയിലെ ചീഫ്‌ എഡിറ്റർ പഴയ ഒരു പത്ര പ്രവർത്തകനാണു. അദ്ദേഹം ഒന്നര വർഷം ഇതു കയ്യിൽ സൂക്ഷിച്ചു. വിളിക്കുമ്പോഴെല്ലം അദ്ദേഹം പറയും " ദാ ഇപ്പോഴുള്ള ആ പംക്തി തീരട്ടെ ഉടനെ നിങ്ങളുടേതു പ്രസിദ്ധീകരിക്കും" പിന്നീട് ഒരിക്കൽ പറഞ്ഞു " അടുത്ത ഓണപതിപ്പിൽ അതു വരും " ഞാൻ അതിശയിച്ചു; കാരണം ഓണപ്പതിപ്പിൽ അതു വരണമെങ്കിൽ മൊത്തം പേജിന്റെ പകുതി എന്റെ രചനക്കു വേണ്ടി വരും .ഞാൻ അതു സൂചിപ്പിച്ചപ്പോൾ അദ്ദേഹം പറഞ്ഞു അതു നിങ്ങൾ അറിയേണ്ട" ഒരിക്കൽ ഞാൻ പറഞ്ഞു "സർ, അതു വാരികയിൽ പ്രസിദ്ധീകരിക്കുമെന്നു ഉറപ്പുണ്ടെങ്കിൽ എത്ര വേണമെങ്കിലും ഞാൻ കാത്തിരിക്കാം. അതിനു അദ്ദേഹം പറഞ്ഞ മറുപടി ഞാൻ അയച്ചു കൊടുത്തതു കമ്പോസ്‌ ചെയ്തു കഴിഞ്ഞെന്നാണു. എന്നിട്ടു അവസാനം അദ്ദേഹം പറഞ്ഞതു ഇങ്ങിനെയാണു :"ഇതു കുറച്ചു കൂടി ചെറുതാക്കി തരാമോ?" ചെറുതാക്കാനായി ഞാൻ അതു തിരിച്ചു വാങ്ങിയിട്ടു പിന്നീടു അവിടേക്കു തിരിഞ്ഞില്ല. കോട്ടയത്തു മലയാള മനോരമ വാരാന്ത്യപ്പതിപ്പിനാണു അയച്ചതു. തിരിച്ചു അയക്കാനുള്ള സമയം കഴിഞ്ഞിട്ടും മാസങ്ങളോളം അവർ അതു ചെയ്യാതിരുന്നതിനാൽ ഞാൻ നേരിൽ സെക്ഷനിൽ ചെന്നു. അവിടെ ഇരിക്കുന്നവർ വളരെ ദയാ വായ്പോടെ എന്നോടു പെരുമാറി. ഒന്നുകൂടി വായിച്ചു നോക്കട്ടെ എന്നു അവർ പറഞ്ഞതിനാൽ ഞാൻ തിരികെ പോന്നു. പിന്നീടു ചെന്നപ്പോൾ അവരുടെ ബുദ്ധിമുട്ടു അവർ വിഷമത്തോടെ പറഞ്ഞു. വാരാന്ത്യ പതിപ്പിൽ ഇപ്പോൾ തുടർച്ചയായി പ്രസിദ്ധീകരിക്കുന്ന രചനകളൊന്നും ഇടുന്നില്ല.(അഥവാ അങ്ങിനെ ഇടാൻ തക്ക വിധം ഞാൻ അത്ര പ്രസിദ്ധനുമല്ലല്ലോ) പക്ഷേ മറ്റൊന്നു അവർ മുന്നോട്ടു വെച്ചു "ഇതു ചുരുക്കി മറ്റൊരു രീതിയിലാക്കി തന്നാൽ പ്രസിദ്ധീകരിക്കാം. ഞാൻ ഉപയോഗിച്ച പുതിയ രചനാ രീതി മാറ്റുന്നതിനു വൈമുഖ്യം ഉള്ളതിനാൽ തിരികെ പോന്നു. അവസാനം 2007 ആരംഭത്തിൽ തിരുവനന്ത പുരത്തെ ഒരു പ്രസിദ്ധീകരണശാല ഉടമസ്ഥനെ യാദ്രചികമായിപരിചയപ്പെട്ടു. അദ്ദേഹം എന്റെ പുസ്തകം വായിച്ചു. അതു പ്രസിദ്ധീകരിക്കാൻ സമ്മതിച്ചു. അങ്ങിനെ 2007 ജൂലൈയിൽ എന്റെ പുസ്തകം "ഒരു മെഡിക്കൽ കോളേജു ഡയറിക്കുറിപ്പുകൾ" എന്ന പേരിൽ അനുഭവ കഥയായി പ്രസിദ്ധീകരിക്കപ്പെട്ടു. പുസ്തകം ചിലവാകുന്നുമുണ്ടു.
ഇതു ഇത്രയും ഞാൻ ഇവിടെ എഴുതിയതു ഞാൻ ബൂലോഗത്തു വരാൻ കാരണമെന്തെന്നു പറയാനാണു. ഞാൻ എഴുതുന്നതു പ്രസിദ്ധീകരിക്കൻ..അതു എത്ര ചവറു ആയാലും ... ഒരാളുടെയും പുറകെ നടക്കേണ്ട..എനിക്കു എഴുത്തുകാരനാകുന്നതിനോടൊപ്പം പ്രസാധകനാകാം , വായനക്കാരനുമാകാം. ഞാൻ എഴുതുന്നതിനു ഒരാളെങ്കിലും അഭിപ്രായം പറയാൻ ഉണ്ടാകുന്നു. അതെത്ര മഹത്തരമാണു, ഉദരമാണു.അതിനോടൊപ്പം ബ്ലോഗർ എന്ന ചങ്ങലയിലെ ഒരു കണ്ണി ആകാനും എല്ലാവരുമായി സൗഹ്രുദം നില നിർത്താനും സാധിക്കുന്നു. മതി എനിക്കു അത്രയും മതി.
എന്നെ ബൂലോഗത്തു എത്തിച്ചതു നടേ പറഞ്ഞ കാരണങ്ങളാണു. അതു കൊണ്ടു തന്നെ അതിനു നിമിത്തമായ എന്റെ പുസ്തകം "ഒരു മെഡിക്കൽ കോളേജു ഡയറിക്കുറിപ്പുകൾ" ഖണ്ഡ:ശ്ശ ആയി എന്റെ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്നു. ദൈവം അനുവദിച്ചാൽ എല്ലാ തിങ്കളും ബുധനും ചിലപ്പോൾ ശനിയും ഈ പുസ്തകം( അനുഭവ കഥ) ഭാഗങ്ങളായി പോസ്റ്റു ചെയ്യാമെന്നു കരുതുന്നു. കാര്യ മാത്ര പ്രസക്തമായ നിരൂപണങ്ങൾ പ്രതീക്ഷിച്ചുകൊണ്ടു.

Thursday, September 24, 2009

ഓമനേ ! നീ എവിടെയാണ്?

ഒരു നിശ്ശബ്ദ രാഗത്തിന്റെ ഓർമ്മയാണിത്‌. മൗനാനുരാഗം എന്നൊക്കെ നമ്മൾ പറയാറില്ലേ, അതു പോലൊരെണ്ണം. കൗമാരപ്രായത്തിൽ എല്ലാവരും ആ വക രാഗങ്ങളിൽ ചെന്നു വീഴുക സാധാരണമാണു.
ആലപ്പുഴ ഗവ്‌:മുഹമ്മദൻ സ്കൂളിൽ ഞാൻ ഫോർത്ത്‌ ഫോമിൽ പഠനം നടത്തുന്നു . അന്നു എസ്‌.എസ്‌.എൽ.സി 11 കൊല്ലമാണു. ഫോർത്ത്‌ , ഫിഫ്ത്ത്‌ , സിക്സ്ത്ത്‌ എന്നിങ്ങനെയാണു സ്കൂൾഫൈനൽ ക്ലാസ്സുകൾ.
കാർത്ത്യായനി അമ്മ ടീച്ചറിന്റെ ഫോർത്ത്‌ സി ക്ലാസ്സിൽ ഞങ്ങൾ ആണ്‍കുട്ടികള്‍ മാത്രം. തൊട്ടടുത്ത്‌ ഫിഫ്ത്ത്‌ ഫാമിൽ നാലു പെൺകുട്ടികളും ബാക്കി ആൺ കുട്ടികളൂം.നളിനി, ഇസബെല്ല,ജമീല, ഓമന.എന്നീ നാലു പേരുകൾ ഇപ്പോഴും മറന്നിട്ടില്ല.
അതിൽ ഓമനയാണ് നമ്മുടെ കഥാ പാത്രം.
ഞാൻ പഠിക്കുന്ന ഫോർത്ത്‌ ഫോമിലെ ഒരു ബെഞ്ചിൽ ഞാൻ, ഹംസ്സ, ഫാസ്സിൽ,സുഗുണൻ തുടങ്ങിയവർ.
(പിൽക്കാലത്ത്‌ ഹംസ്സാ കോടതിയിലും ഫാസ്സിൽ സിനിമാ സംവിധാന രംഗത്തും സുഗുണൻ ബാങ്കിലും അവരവരുടെ വഴികൾ കണ്ടെത്തി.)
പഠനകാലത്ത്‌ എല്ലാവർക്കും ഓരോ അനുരാഗ കേസ്സുകൾ ഉണ്ടായിരുന്നെങ്കിലും എനിക്കു ഒരെണ്ണം തരാപ്പെട്ടില്ല. അങ്ങിനെ ഇരിക്കെ ഫിഫ്ത്തിലെ ഒരു ആൺകുട്ടിയുമായി ഞാൻ ലോഹ്യത്തിലായി.
രാജേന്ദ്രൻ!
അവൻ ഓമനയുടെ ആരാധകനായിരുന്നു.ഓമനയുടെ മൂത്ത സഹോദരൻ ആ ക്ലാസ്സിൽ തന്നെ പഠിക്കുന്നുണ്ടു. അതിനാൽ ഓമനയുടെ പുറകെയുള്ള പാച്ചിലിൽ രാജേന്ദ്രൻ എന്നെ കൂട്ടു പിടിച്ചു.

എന്റെ നിരീക്ഷണത്തിൽ രാജേന്ദ്രന്റെ റൗണ്ടടി ഓമന പരിഹാസത്തോടെയാണു കാണുന്നതെന്നു വെളിപ്പെട്ടു.
രാജേന്ദ്രൻ ആദ്യകാലത്ത്‌ എന്റെ പേരു തെറ്റി എന്നെ"രാജു" എന്നാണു വിളിച്ചിരുന്നത്‌
ഒരുദിവസം അവൻ എന്നോടു പറഞ്ഞു
" എടേയ്‌ നിന്നെയും അവൾ നോക്കുന്നുണ്ട്‌; നിന്റെ പേരു എന്നോടു ചോദിച്ചു. രാജു എന്നാണെന്നു ഞാൻ പറയുകയും ചെയ്തു."
ഞാൻ കോൾമയിർ കൊണ്ടു. അതിനു മുമ്പു തന്നെ ഞാൻ ഓമനെയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
കാഴ്ച്ചയിൽ സുന്ദരി ആയിരുന്ന ഓമനയുടെ ആകർഷകമായ വലിയ കണ്ണുകൾ എന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന്‌ എനിക്കും തോന്നി തുടങ്ങി.
അങ്ങിനെ 14 വയസ്സുകാരനായ ഞാൻ 15 വയസ്സുകാരിയായ ഓമനയെ ഇഷ്ടപ്പെടാനും തുടങ്ങി. അതു ഏതു തരം വികാരമാണെന്നു ഇന്നും എനികു നിർവ്വചിക്കാൻ കഴിയില്ല. ഒരു ഇഷ്ടം...അത്രമാത്രം.
ഓമന ഒരു പോലീസ്സുകാരന്റെമകളാണു. ആലപ്പുഴ കടപ്പുറം പോലീസ്സ്‌ ക്വാർട്ടേഴ്സിൽ കിഴക്കേ അറ്റത്തെ ഗേറ്റിൽ ആദ്യത്തെ ക്വാട്ടേഴ്സിലാണുതാമസ്സം. സ്പോർട്ട്സ്സിൽ ചാമ്പ്യൻ.
ചിലപ്പോള്‍ റോഡിൽ എതിർ ദിശകളിൽ നിന്നും ഞങ്ങൾ നടന്നു വരും അടുത്തു വരുമ്പോൾ ഞാൻ ഗൗരവത്തിൽ നടന്നു പോകും . (ഞാൻ അന്നു ലേശം ഗൗരവക്കാരനാണു.) എന്റെ ഇടം കണ്ണിലൂടെ ഓമന എന്നെ നോക്കി കടന്നു പോകുന്നത്‌ ഞാൻ തിരിച്ചറിയുമായിരുന്നു. കുറേ ദൂരം മുമ്പോട്ടു പോയി എതിർ വശത്തേക്കു പോകാനെന്നവണ്ണം ഞാൻ റോഡ്‌ കുറുകെ നടക്കുമ്പോൾ ഓമനയെ തിരിഞ്ഞു നോക്കും. ഓമനയും അപ്പോൾ അതു പോലെ റോഡ്‌ കുറുകെ കടന്നു എന്നെ തിരിഞ്ഞു നോക്കുന്നതു കാണുമ്പോൾ ഞാൻ മുഖം വെട്ടി തിരിഞ്ഞു നടന്നു പോകും.
ക്ലാസ്സിൽ ഇരിക്കുമ്പോൾ എന്റെ ശ്രദ്ധ അപ്പുറത്തെ ക്ലാസിലെ ലേഡീസ്സ്‌ ബെഞ്ചിലാണു. ഓമന തിരിഞ്ഞു നോക്കുമ്പോൾ ഞാൻ മുഖം മാറ്റും.
രാജേന്ദ്രനോടു ഇതൊന്നും ഞാൻ പറഞ്ഞിരുന്നില്ല. പറഞ്ഞാലും അവനു എന്നോടുവിരോധം തോന്നില്ലാ എന്നു എനിക്കു അറിയാമായിരുന്നു. അവൻ എല്ലാ കാര്യങ്ങളും കൗമാരത്തിലെ ചാപല്യങ്ങളായാണല്ലോകണ്ടിരുന്നതു.
പക്ഷേ എന്റെ സ്നേഹം ഗാഡമായിരുന്നു. പെൺകുട്ടികളെ റൗണ്ടടിക്കാത്ത എനിക്കു ഓമനയുടെ കണ്ണൂകൾ ആകർഷകമായി അനുഭവപ്പെട്ടു.
മാസങ്ങൾ ഓടിപ്പോയി.
സ്കൂൾ ആനിവേഴ്സറിക്കു ഓമന സ്പോർട്ട്സിൽ സമ്മാനങ്ങൾ വാരിക്കൂട്ടി. കൈ നിറയെ സമ്മാനമായി കിട്ടിയ കപ്പുകളുമായി സ്റ്റേജിൽനിന്നു ഇറങ്ങി വരുമ്പോൾ അതിൽ ഒരെണ്ണം താഴെ വീണു ഉരുണ്ടു എന്റെ അരികിലെത്തി. ഞാൻ അതു കുനിഞ്ഞു എടുത്തു ഓമനയുടെ നേരെ നീട്ടി. ആ കണ്ണിന്റെ അഗാധതയിൽ നന്ദി ഞാൻ തിരിച്ചറിഞ്ഞു.
അടുത്ത കൊല്ലം അവൾ ഗേൽസ്‌ സ്കൂളിൽ സിക്സ്തു ഫോമിൽ ചേർന്നു പഠിക്കാൻ പോയെങ്കിലും കടൽ തീരത്തേക്കുള്ള എന്റെ യാത്ര ഓമനയുടെ ക്വാർട്ടേഴ്സിനു സമീപം കൂടി ആയിരുന്നതിനാൽ പലപ്പോഴും അവളെ കാണാൻ കഴിഞ്ഞിരുന്നു.ആ ഗേറ്റ്‌ അടുക്കുമ്പോൾ എന്റെ നെഞ്ചു ഇടിക്കാൻ തുടങ്ങും. ഓമന അവിടെ ഉണ്ടാകുമോ?
അരമതിലിൽ ഇരിക്കുകയോ മുറ്റത്തു നിൽക്കുകയോ ചെയ്യുന്ന അവളുടെ കണ്ണുകളുമായി എന്റെ കണ്ണുകൾ കൂട്ടിമുട്ടും.
ഒരു ദിവസം ഞാൻ കടൽ തീരത്തു പൂഴിപ്പരപ്പിൽ ഇരിക്കുകയാണു. അന്നു എന്റെ സാഹിത്യ രചനയുടെ ആരംഭ കാലമായിരുന്നു. ഓമനയും കൂട്ടുകാരികളും എന്റെ അരികിലൂടെ കടന്നു പോയി. ഒരു നിമിഷം എന്റെ പുറകിൽ അവൾ നിന്നു എന്നു എനിക്കു തീർച്ച ഉണ്ടു. ഞാൻ എഴുതുന്നതു എന്തെന്ന് നോക്കിയതാവാം.
പിന്നീടും പലതവണ അപ്രകാരം അവൾ കടന്നു പോയിട്ടുണ്ടു. കടൽ തീരത്തു ഞാൻ ഇരിക്കുന്നതിലും കുറെ ദൂരെയായി വന്നിരുന്നിട്ടുമുണ്ടു. അത്രമാത്രം....ജീവിതത്തിൽ ഞങ്ങൾ തമ്മിൽ ഒരിക്കൽ പോലും സം സാരിച്ചിട്ടില്ല. പക്ഷെ ഓമന എന്നെ എത്ര മാത്രം ആകർഷിച്ചിരുന്നു എന്നു വിവരിക്കാനാവില്ല. ഏതു തരത്തിലുള്ള വികാരമായിരുന്നു അതെന്നു എനിക്കു നിർവ്വചിക്കാനും കഴിയില്ല. അതൊരു അധമ വികാരമായിരുന്നില്ല എന്നു എനിക്കു തീർച്ച ഉണ്ടു.ജീവിതത്തിൽ ഒരിക്കൽ പോലും സം സാരിച്ചിട്ടില്ലാത്ത വ്യക്തിയോടുള്ള അപൂർവ്വ രാഗമായിരുന്നു അതു.
പിന്നീടു രാജേന്ദ്രനും എങ്ങോ മാറിപ്പോയി.പുതിയ സ്നേഹ ബന്ധങ്ങൾ......പുതിയ കൂട്ടുകാർ....വിദ്യാഭ്യാസ കാലം അങ്ങിനെയാണല്ലോ.
ഞാൻ സിക്സ്തു പാസ്സായി. ജീവിത യോധനത്തിനായി ആലപുഴയിൽ നിന്നും കുറെ മാസങ്ങൾ വിട്ടു നിന്നു. തിരികെ വന്നു മലയാ ബെയിൽസിൽ കോണ്ട്രാക്റ്ററുടെ സെക്രട്ടറീ ലാവണത്തിൽ ജോലി നോക്കി. ആ സ്ഥാപനം കടൽ തീരത്തിനു സമീപമായിരുന്നു. പക്ഷേ പിന്നീടു ഓമനയെ ഞാൻ കണ്ടിട്ടില്ല. ക്വാർട്ടേഴ്സ്സിനു അരികിൽ കൂടി ഞാൻ പോകുമ്പോൾ ഗേറ്റിലൂടെ നോക്കും. അവിടെ അപരിചിതരായ ആൾക്കാരെയാണു കണ്ടതു. . ആരോടെങ്കിലും അന്വേഷിക്കാൻ ധൈര്യവുമില്ല. നിരാശനായി ഞാൻ നടന്നു പോകും. പിന്നീടു കുറച്ചു കാലങ്ങൾക്കു ശേഷം ഞാൻ ആലപ്പുഴയിൽ നിന്നും താമസം മാറി.
വർഷങ്ങൾ ഏറെ കഴിഞ്ഞു.യൗവ്വനത്തിന്റെ തിരക്കും ആരവങ്ങളും കെട്ടടങ്ങി മലയടിവാരത്തിന്റെ നിശ്ശബ്ദത ഉൾകൊള്ളുന്ന പ്രായം നമ്മിലെത്തുമ്പോൾ ആ നിശ്ശബ്ദതയിൽ ചിലപ്പോൾ പഴയ ആരവങ്ങൾ ഒരു മുരളീ നാദമായി മനസ്സിൽ ഉയർന്നു വരും. അപ്പോൾ ഒരിക്കൽ കൂടി ആ കാലം തിരിച്ചു വന്നിരുന്നെങ്കിൽ എന്ന ആഗ്രഹം മനസ്സിലുണരും. സഫലമാകാത്ത ആഗ്രഹ നിവർത്തിക്കായി പഴയ കാലഘട്ടത്തിലെ വ്യക്തി ബന്ധങ്ങൾ പുനർ ജീവിപ്പിക്കാൻ നമ്മൾ ശ്രമിക്കാറുണ്ടു. അതു കൊണ്ടാണല്ലോ പൂർവ്വ വിദ്യാർത്ഥി സംഗമം എന്നൊക്കെ പറഞ്ഞ്‌ നമ്മൾ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതു.
പഴയ സ്മരണകൾ മങ്ങാതെ ഇന്നും കാത്തു സൂക്ഷിക്കുന്നവനാണു ഞാൻ. പുസ്തക താളിലെ മയിൽ പീലി തുണ്ടു എന്നൊക്കെ ആലങ്കാരിക ഭാഷയിൽ നമ്മള്‍ പറയാറില്ലേ ,അതു തന്നെ.
ഈ ഭൂമി സ്നേഹത്താൽസൃഷ്ടിക്കപ്പെട്ടതാണെന്ന് വിശ്വസിക്കുന്നതിനാൽ പിൽക്കാലത്തു ഞാൻ എന്റെ പഴയ സുഹൃത്തുക്കളെ അന്വേഷിച്ചു നടന്നു. ആ കൂട്ടത്തിൽ രാജേന്ദ്രനെ ...ഓമനയെ.. എന്നിവരെയും തിരക്കി. പക്ഷെ മറ്റു ചിലരെയും അവർ രണ്ടു പേരെയും കണ്ടെത്താൻ കഴിഞ്ഞില്ല.
ആലപ്പുഴയിൽ എത്തിചേരുന്ന ദിവസങ്ങളിൽ ഞാൻ കടൽതീരത്തു പോകും; പോലീസ്സു ക്വാർട്ടേഴ്സ്സിനരികിലൂടെ.ആ മയിൽപീലി തുണ്ടിൽ ഞാൻ ഒന്നു തലോടും .
ഓർമ്മകളേ! നിങ്ങൾ എന്നിൽ അനുഭൂതികൾ നിറക്കുന്നുവല്ലോ!.
പിന്നീടു ജീവിത യാത്രയിൽ എവിടെയോ വെച്ചു എന്റെ സഹപാഠിയായ ഹംസ്സായെ കണ്ടെത്തി.അവനുമായി പഴയ സ്മരണകൾ പങ്കുവെച്ചു. ഫാസിൽ പ്രസിദ്ധ സിനിമാ സംവിധായകനായതും സുഗുണൻ ബാങ്ക്‌ മനേജരായതും ഹംസ്സാ ഹെഡ്‌ ക്ലാർക്കായി കോടതിയിൽ നിന്നും വിരമിച്ചതും മറ്റും മറ്റും... ഇടയിൽ ഞാൻ രാജേന്ദ്രനെ അന്വേഷിച്ചു.(ഓമനയെ ആദ്യം അന്വേഷിക്കാൻ എനിക്കു ലജ്ജ ആയിരുന്നു)രാജേന്ദ്രൻ കൊച്ചിയിൽ തുറമുഖത്തോടു അനുബന്ധിച്ച എതോ ജോലിയിലാണെന്നു അറിഞ്ഞു. പിന്നീടു ഓമന സംഭഷണ വിഷയമായി.
അവൾക്ക്‌ സ്പോർട്ട്സ്‌ ക്വാട്ടായിൽ പോലീസ്സിൽ ജോലി കിട്ടി പിന്നീടു എസ്സ്‌.ഐ ആയി പെൻഷൻ പറ്റി; ഇപ്പോൾ ആലപ്പുഴയിൽ എവിടെയോ ഉണ്ടൂ.
മനസ്സു തുടി കൊട്ടി. കണ്ടെത്തണം. ഇപ്പോൾ 61 വയസ്സുള്ള സ്ത്രീ ആയിരിക്കാം . എങ്കിലും കണ്ടെത്തണം. ഒന്നു കാണണം.
പരിചയക്കാരിയായ ഒരു പോലീസ്സ്‌ ഉദ്യോഗസ്ഥയോടു കിട്ടിയ വിവരം വെച്ചു അന്വേഷിച്ചപ്പോൾ ആലപ്പുഴ അറവുകാടു ഭാഗത്തോ മറ്റോ ഓമന താമസമുണ്ടെന്നു അറിഞ്ഞു.
ഞാൻ അന്വേഷിക്കുന്ന ഓമന തന്നെയാണോ അതെന്നു തീർച്ചയില്ല. ഏതായാലും അന്വേഷിക്കാം.
പക്ഷേ ജോലി തിരക്കു കാരണം വീണ്ടും മാസങ്ങൾ ഓടിപ്പോയി.
വിരസമായ ഒരു യാത്രയിൽ പഴയ കാര്യങ്ങൾ ഓർമ്മിച്ചു ബസ്സിൽ ഇരിക്കുമ്പോൾ ഓമന മനസ്സിൽ കടന്നു വന്നു. ഞാൻ ഓമനയെ കണ്ടെത്തി സം സാരിക്കുന്നതും ജീവിതത്തിൽ ആദ്യമായാണു നമ്മൾ സം സാരിക്കുന്നതു എന്നൊക്കെ ഓർമിപ്പിക്കുന്നതും മറ്റും ഞാൻ സങ്കൽപ്പിച്ചു. പെട്ടെന്നു എന്റെ മനസ്സിൽ മറ്റൊരു ചിന്ത കടന്നു വന്നു.
എനിക്കു ഓമനയോടു ഉണ്ടായിരുന്ന താൽപര്യം ഓമനക്കു എന്നോടും ഉണ്ടായിരുന്നു എന്നു എന്റെ വിശ്വാസമല്ലേ. അതു ശരിയാകണമെന്നില്ലല്ലോ. ഞാൻ ഈ സങ്കൽപ്പിക്കുന്നതെല്ലാം എന്റെ തലയിൽ കൂടി മാത്രമാണു. ഓമനയുടെ തലയിൽ ഞാൻ കയറി ഇരുന്നു ചിന്തിച്ചാൽ അതു സത്യമാവണമെന്നില്ലല്ലോ.
ഞാന്‍ ചെന്നു പരിചയപ്പെടുമ്പോള്‍ ഓമനക്ക് എന്നെ അറിയില്ലെന്ന് പറഞ്ഞാലോ?
ശരി
,ഇനിഎന്നെ തിരിച്ചറിഞ്ഞു എന്ന് തന്നെ കരുതുക ....അടുത്ത ചോദ്യം
"ഇപ്പോള്‍ കാണാന്‍ വന്നതിനുകാരണം?" ചോദ്യത്തിന് എന്തായിരിക്കും എന്റെ ഉത്തരം
"വെറുതെ കാണാന്‍ വന്നു" എന്നോ അതോ
"ഞാൻ ഓമനയെ പണ്ടു ഭയങ്കരമായി ഇഷ്ടപ്പെട്ടിരുന്നു " എന്നോ?
എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നതു ഏകപക്ഷീയമായ വികാര വിചാരങ്ങളാണു. അവൾക്കു അതേപോലെ തിരിച്ചു ഇങ്ങോട്ടു ഉണ്ടാകണമെന്നില്ലല്ലോ
" ചെറുപ്പത്തിൽ അതെല്ലാം സംഭവിച്ചിരിക്കാം ഇപ്പോൾ അതിനു എന്തു പ്രസക്തി" എന്നു ചോദിച്ചാലോ.....
മനസ്സിൽ എവിടെയോ ഒരു തേങ്ങൽ...... എന്നിൽ മധുര സ്മരണകളായി ഉറങ്ങുന്ന മൗനരാഗങ്ങെളെല്ലാം ആ നിമിഷം അപശ്രുതികളായി മാറും. ഓമനയെ കണ്ടെത്താതിരിക്കുന്നതല്ലേ അതിലും ഭേദം. കഴിഞ്ഞു പോയ വസന്ത കാലത്തിന്റെ തിരുശേഷിപ്പുകളായി നില നിൽക്കുന്ന മധുരമനോഹരമായ ഓർമ്മകളിന്മേൽ കരി നിഴൽ വീഴ്ത്താതിരിക്കുന്നതല്ലേ നല്ലതു.
വല്ലപ്പോഴും ആ മയിൽപീലി തുണ്ടു പുറത്തെടുത്തു ഓമനേ! നീ എവിടെയാണു എന്ന അന്വേഷണവുമായി കഴിയുന്നതല്ലേ ഒരു സുഖം.....
നിങ്ങളെന്തു പറയുന്നു?.........
പിൻ കുറി:- ഇതു ഇത്രയും ഞാൻ എഴുതി തയാറാക്കിയപ്പോൾ മനസ്സിലെവിടെയോ പ്രത്യാശയുടെ ഒരു കിരണം! ഈ പോസ്റ്റ്‌ ഓമനയോ രാജേന്ദ്രനോ അന്നത്തെ ഫോർത്ത്‌ സി യിലെ എന്റെ ആത്മമിത്രങ്ങൾ ആരെങ്കിലുമോ കണ്ടിരുന്നു എങ്കിൽ! അവർ ഞാനുമായി ബന്ധപ്പെട്ടിരുന്നു എങ്കിൽ...... എങ്കിൽ അതെന്റെ ബാല്യം എനിക്കു തിരികെ തരുമായിരുന്നാല്ലോ.......!

Sunday, September 20, 2009

യുദ്ധമല്ല ..വെറും തമാശ.

നീ ഇത്ര സൂക്ഷിച്ചു നോക്കുന്നതെന്തിനാ? എന്നെ പിടിച്ചില്ലേ!

.ഇതു അങ്ങിനെ വെറുതെ വിട്ടാല്‍ ശരിയാവില്ല ;നിന്നെ ഞാന്‍ മര്യാദ പഠിപ്പിക്കും

ഇതൊരു ജൂഡോ മുറയാണ്‌ ; കഴുത്തിന്‌ പിടിച്ചു മറിച്ചിടുക.
ഇതെന്തോന്ന് കുന്ത്രാണ്ടാമാ ! ഞങ്ങളുടെ നേരെ വെച്ചു മിന്നല്‍ ഉണ്ടാക്കുന്നത് ; ഞങ്ങള്‍ വെറുതെ തമാശ കളിച്ചതല്ലെ! ഓ! പോട്ടം
പിടിക്വാണോ!

അമ്മൂമ്മേ, വിശക്കുന്നു വല്ലതും താ .
ഞങ്ങള്‍ പിക്കറ്റ് ചെയ്യുന്നു,ഒരടി മുന്നോട്ടു വെക്കാന്‍ സമ്മതിക്കില്ല.































































ഈ പൂച്ചകളുടെ മുന്‍ ചരിത്രം അറിയാന്‍ എന്റെ ബ്ലോഗില്‍ മേയ്‌ പന്ത്രണ്ടു തീയതിയിലെ "ആത്മബലി " എന്ന പോസ്റ്റ് കാണുക .

Wednesday, September 2, 2009

മോഷണ സാധനം

"കണ്ടവന്റെ പറമ്പീന്നു മോട്ടിക്കണ മാങ്ങാക്കാണു രുശി: അഞ്ചു റുപ്പിക കൊടുത്താ അങ്ങാടീന്നു മൂന്നു പുളി മാങ്ങാ കിട്ടും, എന്നാലും എറിഞ്ഞിടണ മാങ്ങേടെ രസം"
ഇതു ഞങ്ങളുടെ നാട്ടിലെ മോനു കാക്കായുടെ അഭിപ്രായമാണു. മോനു കാക്ക ആ അഭിപ്രായം ജീവിതത്തിൽ പകർത്തി കാട്ടുന്ന മാന്യ ദേഹവും കൂടി ആണു.
സ്ഥാവരവും ജംഗമവുമായി മൂന്നു തലമുറക്കു തിന്നാനുള്ള സ്വത്തു മൂപ്പർക്കുണ്ടെങ്കിലും മോഷണ സാധനങ്ങൾ, കടത്തിക്കൊണ്ടു വരുന്നവ, തുടങ്ങിയവയോടു മൂപ്പർക്കുള്ള കമ്പം പ്രസിദ്ധമാണു.
ഇല്ലത്തെ കാര്യസ്ഥൻ രാവുണ്ണി നായർ തന്റെ സ്വന്തം വക ക്ലാവു പിടിച്ച ഓട്ടുമൊന്ത തുണിയിൽ പൊതിഞ്ഞു നാലുപാടും പരിഭ്രമത്തോടെ പരതി നോക്കി മോനു കാക്കായുടെ സമീപമെത്തുന്നു. ടിയാന്റെ പരിഭ്രമവും തുണിപ്പൊതിയും കണ്ടപ്പോൾ മോനുകാക്കായുടെ രോമങ്ങൾ എഴുന്നേറ്റു നിൽക്കുകയും മുഖത്തേക്കു രക്തം ഇരച്ചു കയറുകയും ചെയ്തു.
"എന്താ രാവുണ്യാരേ, പൊതി"?
"ഇല്ലത്തൂന്നു അടിച്ചെടുത്ത താണേ"
"പതുക്കെ പറേടോ ബലാലേ"
മോഷണ സാധനങ്ങളെപ്പറ്റി അടക്കം പറയുകയാണു വേണ്ടതു; അല്ലാതെ സാധരണ കാര്യം പറയുന്നതു പോലെ തട്ടി വിടുന്നതിൽ എന്തു രസം.
"നമ്പൂരി തന്ത ഉറങ്ങ്വാരുന്നോ?"
"തീർച്ചേല്യാ, മൂപ്പരു മൂക്കു മുട്ടെ ശാപ്പാടും തട്ടി കോസടീ മലർന്നു കിടക്വാ, കണ്ണടചോണ്ടു"
"ബെക്കം പറ പൊന്നു മോനേ, ,ഹെന്നിട്ടു ഇങ്ങളു പതുക്കെ ....പതുക്കെ...പമ്മി ചെന്നിട്ടു....
മോനു കാക്കാ രംഗം ഭാവനയിൽ കാണുന്നു.
കണ്ണടച്ചു കിടക്കുന്ന തിരുമേനി...കാര്യസ്തൻ പമ്മി ചെന്നു മൊന്ത എടുത്തു തിരുമേനി ഇപ്പോൾ കണ്ണു തുറക്കും എന്ന ഭയത്തോടെ തിരിഞ്ഞു നോക്കി ...തിരിഞ്ഞു നോക്കി.. അടിവെച്ചടിവെച്ചു ....പടിപ്പുരയിലേക്കു നടക്കുന്നു...ഹായ്‌ എന്തൊരു രസം...!
രാവുണ്ണി നായർ അടക്കിയ സ്വരത്തിൽ വീര സാഹസിക ചരിത്രം കഥിക്കുന്നു.
മോനു കാക്കാ കഥനത്തിന്റെ സുഖത്തിൽ പാതി അടഞ്ഞ കണ്ണുകൾ അവസാനം തുറന്നു തുണിപ്പൊതിയിൽ നോക്കുന്നു.
"ഞമ്മളൊന്നു കാണട്ടെ സാദനം"
ക്ലാവു പിടിച്ച മൊന്ത പ്രത്യക്ഷപ്പെടുന്നു.
"ഹെന്റെ പൊന്നു മുത്തേ" മോനു കാക്കാ വാൽസല്യത്തോടെ മൊന്തയെ തലോടി.
"ഇതിന്റെ മഹറെത്ര നായരേ"
തുക കേട്ടപ്പോൾ മോനു കാക്കായുടെ മുഖത്തു ഉണ്ടായ അമ്പരപ്പ്‌ മാറ്റാനായി രാവുണ്ണി നായർ കൂട്ടി ചേർത്തു.
"തിരുമേനി അറിഞ്ഞിരുന്നെങ്കിൽ എന്നെ വെട്ടി നുറുക്യേനെ"
"ഹദും ശരിയാ"ഒട്ടും മടി കൂടാതെ കാക്കാ മടിയിൽ നിന്നും നല്ല പടപടപ്പൻ നോട്ടുകൾ എണ്ണി കൊടുത്തു.
രണ്ടു ആഴ്ച മുമ്പു കാക്കായോടു താൻ ഒരു ചെറിയ തുക വായ്പ ചോദിച്ചതും " അന്റെ പാടു നോക്കി പോ ബലാലേ" എന്നു പറഞ്ഞു ആട്ടി ഓടിച്ചതും രാവുണ്ണി നായർ മറന്നിട്ടില്ല.
"എടോ തന്ത മാപ്ലേ, നിന്നെ ഇതല്ലാ ഇതിനപ്പുറം പറ്റിച്ചാലും ദൈവം പൊറുക്കും" എന്നായിരിക്കും രാ​‍ൂണ്ണി നായർ മനസ്സിൽ പറഞ്ഞതു.
**************** ****************** ****************** ***********
കുറഞ്ഞതു പത്തു ലക്ഷം രൂപ സ്ത്രീധനം പ്രതീക്ഷിക്കുന്ന അരുമ മകൻ പാവപ്പെട്ട ഒരു പെണ്ണുമായി പ്രേമത്തിൽ അകപ്പെട്ടതും ആ പെണ്ണിനെ നിക്കാഹു ചെയ്യാൻ വെന്തുരുകി നടക്കുകയുമാണെന്ന വിവരം മോനുകാക്കാ അറിഞ്ഞിരുന്നില്ല.
ആ പെണ്ണുമായി വിവാഹത്തിലേർപ്പെടാൻ ബാപ്പയോടു അനുവാദം ആവശ്യപ്പെട്ടാൽ ആ നിമിഷം ഒരു മയ്യത്തു വീട്ടു മിറ്റത്തു വീഴുമെന്നും മകനു അറിയാം. പക്ഷേ പ്രേമത്തിനു കണ്ണില്ലല്ലോ.
"ബാപ്പാ"
"എന്താടാ ഹമുക്കേ"
"എനിക്കൊരു രഹസ്യം പറയാനുണ്ടു"
"പൈസാ ചോതിക്കാനാണെങ്കീ അന്റെ ബേല കയ്യീ ബെയ്‌ "
"അതല്ലാന്നു,നിസ്ക്കാര പള്ളീന്റെ പുറകിലെ പറമ്പിലെ....."
"ജ്ജ്‌ മയ്യത്തായാ അബിടെ കുയിച്ചിടണാ..."
"അതല്ലാനു, അ പറമ്പിലെ അലിയാരിനെ അറിയ്യ്‌വോ"
"ആ ഹമുക്ക്‌ ഞമ്മക്കു നൂറു രൂപ തരാനുണ്ടു ഇനി എങ്ങനാ ഓൻ മരം വീണു മയ്യത്തായീലേ"
"ആ കുടീലു ഞമ്മളു ഒരു മോഷണം നടത്താൻ പോണു."
"ങ്‌ ഏ"...കാക്കായുടെ രോമങ്ങൾ എഴുന്നേൽക്കുകയും രക്തം മുഖത്തേക്കു ഇരച്ചു കയറുകയും ചെയ്തു.
""എന്തൂട്ടാടാ ഹമുക്കേ നീ മോട്ടിക്കണത്‌ അബിടെ,അലിയാരിന്റെ ഉപ്പാടെ കനക കട്ടീ കുയിച്ച്ചിട്ടിട്ടുണ്ടോ?"
"ശ്ശോ, ഒന്നു പതുക്കെ പറയീൻ ബാപ്പാ"
മകൻ സം സാരം അടക്കം പറച്ചിലാക്കി
ബാപ്പാ കാതു കൂർപ്പിച്ചു.
" അലിയാരുടെ ബീടരു ആമിനുമ്മാ പറേണു അവരുടെ പുന്നാര മോളു ആയിഷായെ കട്ടോണ്ടു പോകാൻ ചൊണയുള്ളവരു ഈ ദുനിയാവിൽ ആരുമില്ലെന്നു ഞമ്മളു അതൊന്നു നോക്കട്ടു സാദിക്കുമോന്നു"
"അനക്കതിനു ഉശിരു ണ്ടാടാ.മോനേ..?
"ഒണ്ടു"
"എന്നാ പോയി കട്ടോണ്ടു വാ അനക്കു നിക്കാഹു ചെയ്തു തരണ കാര്യം ഞമ്മളേറ്റു ഞമ്മടെ മോൻ ഒരു ബീരനാണാനു നോക്കട്ട്‌, കട്ടോണ്ടു ബന്നില്ലെങ്കിലു പിന്നെ നീ ഞമ്മടെ മുമ്പിലു ബരരുതു"
മകൻ ഉള്ളിൽ നിറഞ്ഞ ചിരിയോടെ പടിയിറങ്ങുമ്പോൾ ബാപ്പയോടു പറഞ്ഞു "എറിഞ്ഞിടണ മാങ്ങേടെ ഒരു രുശി"!!!