Saturday, August 28, 2010

നോമ്പും പോലീസ്സും

വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന സംഭവമാണിതു.
എന്റെ ബാല്യ കാലത്തു ആലപ്പുഴയില്‍ ഞങ്ങള്‍ ഞങ്ങള്‍ താമസിക്കുന്നതിനു സമീപം ഒരു നോമ്പു കാലത്തുണ്ടായ അനുഭവം ഓര്‍മയില്‍ ഇന്നും നിലനില്‍ക്കുന്നു.

ആലപ്പുഴ വട്ടപ്പള്ളി, സക്കര്യാ ബസ്സാര്‍ പ്രദേശങ്ങളെ സംബന്ധിച്ചു ഞാന്‍ എന്റദോശകഥയില്‍ പറഞ്ഞിരുന്നു.(http://sheriffkottarakara.blogspot.com/2009/08/blog-post_06.

ചുരുക്കം ചില കുടുംബങ്ങള്‍ ഒഴികെ പ്രദേശത്തു അന്നു ബാക്കി എല്ലാം മുസ്ലിം സമുദായത്തില്‍ പെട്ടവരാണു. തനി യാഥാസ്തികരായ ആള്‍ക്കാര്‍. പക്ഷേ പരസ്പര സ്നേഹവും സഹകരണവും മനസ്സ് നിറയെ കാരുണ്യവും കൊണ്ടു നടക്കുന്ന നല്ലവരായിരുന്നു അവര്‍.

അന്നു നോമ്പു കാലത്തെ സഹോദര സമുദായങ്ങള്‍ പോലും ബഹുമാനത്തോടെ വീക്ഷിച്ചിരുന്നു.പകല്‍ സമയങ്ങളില്‍ ആരും പരസ്യമായി ആഹാരം കഴിച്ചിരുന്നില്ല;പുക വലിച്ചിരുന്നില്ല.

കൊച്ചു കുട്ടികള്‍ ചിലപ്പോള്‍ പകല്‍ സമയങ്ങളില്‍ നിരത്തുകളിലൂടെ കടലയോ മറ്റോ കൊറിച്ചു നടന്നാല്‍ സഹോദര സമുദായത്തില്‍ പെട്ടവരായാലും പറയുംമോനേ, നോമ്പു കാലമാണു ....വേണ്ടാ.....” നോമ്പു നോറ്റിരുന്ന കൊച്ചു കുട്ടികള്‍ ദാഹം സഹിക്കാതെ നിരത്തുകള്‍ക്കു സമീപമുള്ള ജലവിതരണ പൈപ്പുകളില്‍ നിന്നും ഒളിച്ചു വെള്ളം കുടിക്കാന്‍ മുതിരുന്നതു ഇതര സമുദായത്തില്‍ പെട്ടവര്‍ കണ്ടാലും ഗുണദോഷിച്ചു തിരിച്ചു വിടും. എന്റെസ്വാമിയും റംസാനുംപോസ്റ്റ് നോക്കുക(http://sheriffkottarakara.blogspot.com/2009/08/blog-post_25.

പ്രദേശത്തെ ജനങ്ങളില്‍ ഭൂരി ഭാഗവും കയര്‍ ഫാക്റ്ററി തൊഴിലാളികളും തുറമുഖ തൊഴിലാളികളുമാണു.രാപകല്‍ അദ്ധ്വാനിച്ചാലും ആഹാരത്തിനുള്ള വക പോലും ലഭിച്ചെന്നു വരില്ല.

ഒരു കല്യാണമോ അതു പോലുള്ള അടിയന്തിരങ്ങളോ വരുമ്പോഴാണു ആള്‍ക്കാര്‍ക്കു വയറു നിറച്ചു കഴിക്കാന്‍ സാധിക്കുക.

അങ്ങിനെ വര്‍ഷവും നോമ്പെത്തി. നോമ്പു കാലത്തു കല്യാണവും മറ്റു അടിയന്തിരങ്ങളും നടത്താറില്ല. പകല്‍ ആഹാരം കഴിക്കാന്‍ കഴിയില്ലല്ലോ!.

പ്രദേശത്തു താമസിക്കുന്ന ദിവാകരന്‍ ചേട്ടന്റെ മകളുടെ കല്യാണം നിശ്ചയിച്ചു.തകഴിയില്‍ നിന്നായിരുന്നു വരന്‍.വരന്‍ കൂട്ടര്‍ക്കു ഉടന്‍ കല്യാണം നടത്തണം.അവരോടു ദിവാകരന്‍ ചേട്ടന്‍ പറഞ്ഞു.

നോമ്പു കഴിഞ്ഞിട്ടു മതി കല്യാണം

വിവാഹ നിശ്ചയത്തില്‍ പങ്കെടുത്ത മുസ്ലിം സമുദായത്തില്പെട്ട അയല്‍ വാസികള്‍ പറഞ്ഞു.

ങ്ങ്ളു അതു കാര്യാക്കണ്ട ദിവാകരന്‍ ചേട്ടാ, പെണ്‍കുട്ടീടെ കാര്യല്ലേ അതങ്ങു നടക്കട്ടേന്നു...”

പക്ഷേ ദിവാകരന്‍ ചേട്ടന്‍ സമ്മതിച്ചില്ല.

നിങ്ങാ എല്ലാം എന്റെ മോളടെ കാര്യത്തിനു വരണോന്നു എനിക്കു നിര്‍ബന്ധോണ്ടു അതോണ്ടു നോമ്പു കഴിഞ്ഞു മതി കല്യാണം.“

വരന്‍ കൂട്ടരും വലിയ മനസ്സിനെ അംഗീകരിച്ചു.അങ്ങിനെ കല്യാണം പെരുന്നാള്‍ പിറ്റേന്നു നടത്താന്‍ തീരുമാനിച്ചു.

പക്ഷേ അടുത്ത ദിവസം മറ്റൊരു വാര്‍ത്തയാണു സ്ഥലവാസികള്‍ കേട്ടതു.

ഇല്യാസ് മൂപ്പന്റെ മകളുടെ നാല്‍പ്പതു കുളി അട്ത്ത വ്യാഴാഴ്ച നടത്തുന്നു.

പെണ്‍കുട്ടിയുടെ ആദ്യ പ്രസവം കഴിഞ്ഞു നാല്‍പ്പതാം ദിവസം നടത്തുന്ന ചടങ്ങാണു നാല്‍പ്പതു കുളി.അന്നു ഭര്‍ത്താവിന്റെ ആള്‍ക്കാര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി കുഞ്ഞിനു ആഭരണങ്ങള്‍ അണിയിക്കുകയും കുഞ്ഞു ഉടുപ്പുകളും മറ്റും നല്‍കുകയും ചെയ്യുന്നു.പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പ്രഭാവം അനുസരിച്ചു നാല്‍പ്പതു കുളിയുടെ വിരുന്നു കെങ്കേമമാകുകയും ചെയ്യും.

ഇല്യാസ് മൂപ്പന്റെ മകളുടെ നാല്‍പ്പതു കുളിക്കു ഉച്ചക്കു ബിരിയാണിയാണു വിളമ്പുന്നതു. ബിരിയാണി കെങ്കേമമാക്കന്‍ കൊച്ചിയില്‍ നിന്നാണു പാചക്കാര്‍ വരുന്നതും.

പ്രദേശത്തു സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബമാണു മൂപ്പന്റേതു.പ്രശസ്തമായ ഒരു കമ്പനിയിലെ മൂപ്പനാണു അയാള്‍.ധാരാളം തൊഴിലാളികള്‍ മൂപ്പന്റെ കീഴില്‍ ജോലി ചെയ്യുന്നു.അന്നു കമ്പനികളില്‍ മൂപ്പന്‍ തസ്തിക അവസാനിച്ചിട്ടില്ല.

നാല്‍പ്പത് കുളി വിവരമറിഞ്ഞു ആള്‍ക്കാര്‍ മുറുമുറുത്തു.

നോമ്പു കാലമായിട്ടു ഹമുക്കു ബലാല്‍ മൂപ്പന്‍ പകല്‍ സമയം ബിരിയാണി വെച്ചു വിളമ്പുന്നു....”

ചിലര്‍ നേരിട്ടു തന്നെ മൂപന്റെ വീട്ടില്‍ പോയി ചോദ്യം ചെയ്തു.

നോമ്പു കാലമല്ലേ മൂപ്പാ നിങ്ങളും ഒരു മുസ്ലിമല്ലേ നാലു ചുറ്റും നോമ്പുകാര്‍ ഉള്ളപ്പോള്‍ പകലു ഇങ്ങിനെ ബിരിയാണി വെച്ചു വിളമ്പുന്നതു ശരിയാണോ?”

നോമ്പുള്ളവന്‍ ബരണ്ടാ.... ബിരിയാണി തിന്നണ്ടാ ...” മൂപ്പന്റെ മറുപടി എടുത്തടിച്ചതു പോലെ ആയിരുന്നു.

എല്ലാവരും നിശ്ശബ്ദരായി.
ന്റെ മോളു നേരത്തെ പെറാന്‍ പറ്റ്വോ? നോമ്പിനു മുമ്പു നാല്‍പ്പതു കുളി വരാന്‍; ..അല്ലെങ്കി നോമ്പു കയിഞ്ഞു നാല്‍പ്പതു കുളി വരാന്‍ പതുക്കെ പെറ്റാ മതീന്നു അവളോടു പറയാന്‍ പറ്റ്വോ?” മൂപ്പന്റെ ന്യായം അതായിരുന്നു.

"എങ്കീ മൂപ്പാ ചടങ്ങു പകലു നടത്തിയിട്ടു ആഹാരം കൊടുക്കലു നോമ്പു തുറ കയിഞ്ഞിട്ടു പോരേ?” സ്ഥല വാസികള്‍ ചോദിച്ചു.

നോമ്പു തുറക്കു മുമ്പു വേണോ പിമ്പ് വേണോ യെന്നു ഞമ്മളു തീരുമാനിച്ചോളാം, ഹെന്റെ വീട്ടിലെ കാര്യം നീയൊന്നും തീരുമാനിക്കേണ്ട, നെനക്കെല്ലാം ഇഷ്ടോണ്ടെങ്കീ ബന്നാ മതീ, യെന്റെ കമ്പനീ നല്ല ആമ്പിള്ളാരൊണ്ടു അബരു ബരും, അബര്‍ക്കൊന്നും നോമ്പുമില്ലാ, ബിരിയാണി അബര്‍ക്കു ഞമ്മളു കൊടുത്തോളാം നിനക്കൊന്നും അതു തിന്നാന്‍ ഭാഗ്യോല്ലാന്നു കൂട്ടിക്കോളീന്‍....”

ആലപ്പുഴ കൊമ്മാടിയിലും തുമ്പോളിയിലും ഇതര സമുദായക്കാരാണു ഭൂരിപക്ഷം. അവരില്‍ മൂപ്പന്റെ കമ്പനിയില്‍ ജോലി ചെയ്യുന്നവരെയാണു മൂപ്പന്‍ ഉദ്ദേശിച്ചതു.

സ്ഥലവാസികള്‍ തിരിച്ചു പോയി.

നാല്‍പ്പതു കുളി ദിവസമായി.

. ആലപ്പുഴ മണല്‍ പ്രദേശമാണു. മണല്‍ നിറഞ്ഞ മുറ്റത്തു അടുപ്പില്‍ ഒരു വലിയ ചെമ്പു ബിരിയാണി വേവുന്നു.ബിരിയാണി ഏകദേശം പാകമാകുമ്പോള്‍ ചെമ്പും മൂടിയും ചേരുന്ന ഭാഗം ആവി പുറത്തേക്കു പോകാതിരിക്കാന്‍ മൈദ മാവു ഉപയോഗിച്ചു സീല്‍ ചെയ്യുന്നതു പോലെ അടക്കും. പിന്നീടു സീല്‍ ഇളക്കി മാറ്റി അടപ്പു തുറക്കുമ്പോള്‍ ബിരിയാണിയില്‍ നിറഞ്ഞു നിന്ന ചൂടു ആവി പുറത്തേക്കു ഒഴുകി ഏവരുടെയും വായില്‍ വെള്ളം നിറക്കത്തക്ക വിധം രുചികരമായ ഗന്ധംഅന്തരീക്ഷത്തില്‍
പരക്കുമായിരുന്നു.

മൂപ്പന്റെ വീട്ടില്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കുറച്ചു പേര്‍ എത്തിയിട്ടുണ്ടു. നീര്‍ക്കുന്നത്തുകാരായ അവരുടെ ബന്ധുക്കളില്‍ പലരും നോമ്പായതിനാല്‍ വന്നിട്ടില്ല. മൂപ്പന്റെ കമ്പനിയിലെ തൊഴിലാളികള്‍ മുറ്റത്തു കൂടി നില്‍ക്കുന്നു.

ബിരിയാണി ചെമ്പിന് ചുറ്റും സ്ഥലവാസികള്‍ നാലു പേര്‍ നില്‍ക്കുന്നതു മൂപ്പന്‍ കണ്ടുവെങ്കിലും അതു അത്രക്കു ഗൌരവമായെടുത്തില്ല.

ഉച്ച നേരമായപ്പോള്‍ കൊച്ചീക്കാരന്‍ പാചകക്കാരന്‍ വിളിച്ചു ചോദിച്ചു.”മൂപ്പാ അടപ്പു തുറക്കട്ടെ..”

വീടിന്റെ വരാന്തയില്‍ നിന്ന മൂപ്പന്‍ വിളിച്ചു പറഞ്ഞുഅടപ്പു തുറന്നു വിളമ്പീനെടാ...”

മൈദ മാവിന്റെ സീല്‍ പൊട്ടിച്ചു പാചകക്കാരന്‍ ചെമ്പിന്റെ അടപ്പു മാറ്റി . ബിരിയാണിയുടെ ഘുമുഘുമാ ഗന്ധം അന്തരീക്ഷത്തില്‍ പരന്നു.

നിമിഷം അവിടെ ചുറ്റിപറ്റി നിന്നവര്‍ ഓടിയെത്തി പാചകക്കാരനെ തള്ളി മാറ്റി ചെമ്പിന്റെ നാലു ഭാഗം നിന്നുകൊണ്ടു നിലത്തു നിന്നും തുരു തുരാ മണല്‍ വാരി ചെമ്പിലേക്കിട്ടു. ഒന്നല്ല...പലതവണ...ബിരിയാണിയുടെ മുകളില്‍ അരയടി ഘനത്തില്‍ മണല്‍ വിരിച്ചു....

ചതിച്ചോടാ പന്നികളേ....”മൂപ്പന്‍ അലറി.

കൊമ്മാടി തുമ്പോളി ഭാഗത്തു നിന്നുമുള്ള തൊഴിലാളികള്‍ പ്രതികളുടെ നേരെ നീങ്ങി.

രംഗങ്ങള്‍ കണ്ടു കൊണ്ടു വേലിക്കു വെളിയില്‍ നിന്ന ദിവാകരന്‍ ചേട്ടന്‍ അവരോടുപറഞ്ഞു:-

നിങ്ങാ നിങ്ങടെ കാര്യ നോക്കു...അവരു ഒരേ ജാതിക്കാരു അവരു തമ്മിലു തീര്‍ത്തോളും...”

ദിവാകരന്‍ ചേട്ടനെ പരിചയമുള്ള തൊഴിലാളികളില്‍ ചിലര്‍ അവരുടെ കൂട്ടരെ പിന്തിരിപ്പിച്ചു.

വിളിയെടാ പോലീസിനെ....” മൂപ്പന്‍ അലറി..ഇവന്മാരെ ഞമ്മളിന്നു പന്നിക്കൂട്ടില്‍ അടപ്പിക്കും...” ആലപ്പുഴയില്‍ ലോക്കപ്പിന്റെ പര്യായ പദമാണു പന്നിക്കൂടു.

മൂപ്പന്റെ സില്‍ബന്ധികള്‍ പോലീസ് സ്റ്റേഷനിലേക്കു പാഞ്ഞു.

കുറച്ചു സമയത്തിനുള്ളില്‍ കമ്പി വല കൊണ്ടു നാലു ചുറ്റും മറച്ച നീല നിറത്തിലുള്ള ഇടി വണ്ടി എന്നു അറിയപ്പെടുന്ന പോലീസ് വാന്‍ പാഞ്ഞെത്തി.അതില്‍ നിന്നും ഇന്‍സ്പക്റ്ററുംപോലീസ്സുകാരും ചാടി ഇറങ്ങി.

പ്രതികള്‍ അപ്പോഴും ഓടി പോകാതെ കൃത്യസ്ഥലത്തുണ്ടു. നിമിഷ നേരം കൊണ്ടു അവിടെ സ്ഥലവാസികള്‍ തടിച്ചുകൂടി. പെണ്ണുങ്ങള്‍ വേലിക്കകങ്ങളില്‍ നിന്നും രംഗം നിരീക്ഷിച്ചു. കുട്ടികള്‍ പോലീസു വണ്ടി അമ്പരപ്പോടെ നോക്കി നിന്നു.

മൂപ്പന്‍ ഇന്‍സ്പക്റ്ററോടു കരയുന്ന സ്വരത്തില്‍ വിവരങ്ങള്‍ പറഞ്ഞു.ബിരിയാണി ചെമ്പു കാണിച്ചു കൊടുത്തു.

ഇൻസ്പക്റ്റർ പ്രതികളുടെ നേരെ തിരിഞ്ഞു. അവർ നാലു പേരുണ്ടു.

"എന്താടാ കാണിച്ചേ.."? ഇൻസ്പക്റ്റർ ഗൗരവത്തിൽ ചോദിച്ചു. കയ്യിൽ കിട്ടിയാൽ ഇടിച്ചു പരുവമാക്കുന്ന "ഇടിയൻ" എന്നു വിളിപ്പേരുള്ള പോലീസ്‌ ഉദ്യോഗസ്തൻ നായർ സമുദായാംഗമാണു.

പ്രതികൾക്കു യാതൊരു കൂസലുമില്ല.

"യേമാനേ, ഇപ്പോ നോമ്പു കാലമാണു, ഞമ്മളു നാലു ചുറ്റുമുള്ളോരു പകൽ സമയങ്ങളിൽ ബക്ഷണം കയിക്കൂലാ ഞമ്മളിൽ പെട്ട ഒരുത്തൻ നാലു ചുറ്റും അടുപ്പിൽ തീ പൂട്ടാത്ത സമയത്തു പകലു പരസ്യമായി ബിരിയാണി ബെച്ചു ബിളമ്പുന്നതു പോക്രി തരമാണു.ബേറെ ജാതിക്കാരാണു പണി ചെയ്യണതെങ്കിൽ ഞമ്മളു മിണ്ടൂലാ; പക്ഷേങ്കി എവൻ പണിചെയ്യരുതു.ദാ നോക്കു , ഞമ്മടെ അടുത്തു വീട്ടില്‍ താമസിക്കണ ആളാ ദിവാകരന്‍ ചേട്ടന്‍.. നോമ്പു കാരണം അങ്ങേരു മോളെ കെട്ടു മാറ്റി വെച്ചു. എവന്റെ പണത്തിന്റെ ഹുങ്കാണു പണി കാണിച്ചേ .ഏമാൻ ഞങ്ങളെ കൊണ്ടു പൊക്കോ ഇടിച്ചോ കൊന്നോ എന്തു വേണേലും ചെയ്തോ പക്ഷേങ്കി ഹമുക്കു ഇദുമാതിരി തെമ്മാടിത്തരം ഇഞ്ഞി കാണിക്കരുതു..." നാലു പേരുടെ നേതാവായ മാമാ ഇബ്രാഹിം ആണു ഇത്രയും പറഞ്ഞതു.

"ഏമാനേ ഞങ്ങളേം കൊണ്ടു പൊക്കോ, ഞങ്ങളു പറഞ്ഞിട്ടാ അവരിതു ചെയ്തതു..." തടിച്ചു കൂടിയ സ്ഥലവാസികൾ ഉച്ചത്തിൽ പറഞ്ഞു.മൂപ്പൻ നാലു ചുറ്റും പകച്ചു നോക്കി.

ഇൻസ്പക്റ്റർ കുറേ നേരം നിശ്ശബ്ദനായി നിന്നു.പിന്നീടു അദ്ദേഹം മൂപ്പനോടു ചോദിച്ചു.

"തന്റെ പേരെന്താണു"?

"ഇല്യാസ്‌ മൂപ്പൻ"

"താനേതു മതക്കാരനാണു?"ഇൻസ്പക്റ്റർ ശാന്ത സ്വരത്തിലാണു ചോദിക്കുന്നതു


"ഞാൻ ഇസ്ലാമാ ഏമാനേ"

"പിന്നെന്തിനാടോ കോപ്പാ , നാടൊട്ടുക്കു നോമ്പെടുക്കുമ്പോൾ താൻ മാത്രം ഈ പണി ചെയ്യുന്നതു, താൻ നോമ്പെടുക്കുകയോ എടുക്കതിരിക്കുകയോ തന്റെ കാര്യം, പക്ഷേ മറ്റുള്ളവരുടെ നോമ്പിനെ താൻ മാനിക്കേണ്ടേ?"

മൂപ്പനു മറുപടി ഇല്ല.

ഇൻസ്പക്റ്റർ നാലു ചുറ്റും നോക്കി ചോദിച്ചു"ആരാ ദിവാകരൻ"?

"ഞാനാ ദിവാകരൻ..." ദിവാകരൻ ചേട്ടൻ മുമ്പോട്ടു വന്നു.

തന്റെ ജാതി എന്താ..?" ഇൻസ്പക്റ്റർ ആരാഞ്ഞു.

"മനുഷേമ്മാരട ജാതി" ദിവാകരൻ ചേട്ടന്റെ മറുപടി പെട്ടന്നായിരുന്നു. ഇൻസ്പക്റ്റർ ഒരു നിമിഷം വല്ലാതായി. അടുത്ത നിമിഷം അദ്ദേഹം മുഖത്തു ഗൗരവം വരുത്തി ദിവാകരൻ ചേട്ടനെ സൂക്ഷിച്ചു നോക്കി.

"ഓ, താൻ ആ കയറു കമ്പനീലെ നേതാവല്ലേ?" പുന്നപ്ര വയലാർ സമരം കഴിഞ്ഞു ഒരു ദശ വർഷം പിന്നിട്ട സമയം ആണതു.ഈ സംഭവം നടക്കുന്ന പ്രദേശത്തിനു അഞ്ചു കിലോമീറ്റർ തെക്കാണു പുന്നപ്ര വെടി വെപ്പു നടന്ന സ്ഥലം.

"അതേ സാറേ"

"തന്റെ മകളുടെ കല്യാണം നോമ്പു കാലത്തു നടത്താതിരുന്നതു ഇവന്മാർ തടഞ്ഞിട്ടാണോ ?" ഇൻസ്പക്റ്റർ പ്രതികൾ നാലു പേരെയും ചൂണ്ടി കാണിച്ചു.

"ഞങ്ങാ എല്ലാം മനുഷേമ്മരല്ലേ സാറേ, അവരും കൂടി വന്നു വേണം ന്റെ മോടെ കെട്ടു നടത്തേണ്ടതു, അവരു വന്നു ഞങ്ങാ ഒപ്പം രണ്ടു ചോറു തിന്നില്ലേൽ എന്നാ കല്യാണമാ സാറേ, അതോണ്ടു ഞാനായിട്ടാ മോടെ കെട്ടു മാറ്റീതു, കെട്ടു നടത്തിക്കോളാനാ അവരു പറഞ്ഞതു. ഇനി ഞാൻ നടത്തണോന്നു വെച്ചാ അവരല്ല ആരു തടഞ്ഞാലും ഞാൻ നടത്തും. പക്ഷേങ്കീ അവരു തടഞ്ഞില്ല."

ഇൻസ്പക്റ്റർ മൂപ്പന്റെ നേരെ തിരിഞ്ഞു."ഇതു കേട്ടോടോ മൂപ്പാ...താൻ ഇതു കണ്ടു പഠിക്കു...."

"തന്റെ വേദത്തിൽ തനിക്കു വിശ്വാസം ഉണ്ടെങ്കിൽ താൻ ഈ പണി കാണിക്കരുതായിരുനു..അങ്ങിനെ ഒരു വിശ്വാസം തനിക്കു ഉണ്ടോ? ഇൻസ്പക്റ്റർ ഇപ്പോഴും ശാന്ത ഭാവത്തിലാണു.

"ബിസ്വാസം ഉണ്ടു ഏമ്മാന്നേ" മൂപ്പന്റെ മറുപടി പതുക്കെയാണു.

"പിന്നെന്തിനാടൊ താൻ വിശ്വാസ വഞ്ചന കാണിക്കുന്നേ...." ഇൻസ്പക്റ്റർ തുടർന്നു."ഇവരെ പ്രതിയാക്കി ഞാൻ ഇപ്പോൾ കേസ്സെടുക്കാം,പക്ഷേ താൻ പറയണം താൻ ചെയ്തതു ശരിയാണെന്നു....."

ജനം വീർപ്പടക്കി നിൽക്കുകയാണു.മൂപ്പൻ അനങ്ങിയില്ല.

"പരാതി ഉണ്ടെങ്കിൽ താൻ സ്റ്റേഷൻ വരെ വന്നു ഒരു കടലാസ്സ്‌ എഴുതി തന്നാൽ മതി..."ഇൻസ്പക്റ്റർ പ്രതികളുടെ നേരെ തിരിഞ്ഞു.

"എടാ ഞാൻ വിളിക്കുമ്പോ സ്റ്റേഷനിൽ വരണം..പറഞ്ഞതു മനസ്സിലായോ.." അദ്ദേഹം ഗൗരവ സ്വരത്തിൽ പറഞ്ഞു." നിയമത്തിന്റെ മുമ്പിൽ നീയെല്ലാം ചെയ്തതു തെറ്റു തന്നെ ആണു.ഞാനിപ്പോൾ കേസെടുക്കുന്നില്ല എന്നു കരുതി ഇവിടെ ആളാകാനോ മറ്റോ ഭാവമെങ്കിൽ എല്ലാറ്റിന്റേം കൂമ്പു ഇടിച്ചു ഞാൻ വാട്ടും..പറഞ്ഞേക്കാം....ങൂഹൂം....എടൊ മൂപ്പാ തനിക്കു പരാതി ഉണ്ടെങ്കിൽ സ്ടേഷനിൽ വന്നു എഴുതി തന്നേരു....."

ആ രംഗം അവിടെ അവസാനിച്ചു. പോലീസുകാർ തിരിച്ചു പോയി.

മൂപ്പൻ സ്റ്റേഷനിൽ പോയില്ലെന്നും പരാതി എഴുതി കൊടുത്തില്ലെന്നുമാണു പിന്നീടു അറിഞ്ഞതു.

കുറച്ചു നാൾ കഴിഞ്ഞു ഇല്യാസ്‌ മൂപ്പൻ വീടും സ്ഥലവും വിറ്റ്‌ അവിടെ നിന്നും മാറി പോയി

ഇതിലെ പ്രധാന പ്രതി മാമാ ഇബ്രാഹിം ഈ കുറിപ്പുകാരന്റെ പിതൃ സഹോദരീ ഭർത്താവാണു. ഞങ്ങൾ അപ്പച്ചി വാപ്പാ എന്നു വിളിക്കും. മലബാറിൽ അമ്മായി കാക്ക എന്നു വിളിക്കുന്നതു പോലെ. പിന്നീടു കുറേ കാലം കുടുംബത്തിൽ അദ്ദേഹത്തിന്റെ വീര കൃത്യം വിവരിക്കുന്നതു ഞങ്ങൾ കുട്ടികള്‍കേട്ടു കൊണ്ടിരുന്നു. എന്തു കൊണ്ടോ എന്റെ പിതാവു ഈ വീര കഥ വിവരിക്കുന്നതിനു അനുകൂലമല്ലായിരുന്നു.

ഒരുപാടു ഒരുപാടു മാറ്റങ്ങള്‍ വരുത്തി വെച്ചു കാലം കടന്നു പോയി. ഇന്നു ആ പ്രദേശത്തുനിന്നും പലരും സ്ഥലം മാറി പോയി. പലരും പുതുതായി വന്നു താമസിക്കുന്നവരാണു.ഇപ്പോൾ ആ സ്ഥലത്തു നോമ്പു കാലത്തു പകൽ ആഹാരം കഴിക്കാൻ ഒളിവും മറവുമില്ലെന്നാണൂ അറിവു.പലരും പകൽ സമയം റോഡിലൂടെ പുക വലിച്ചു നടന്നു പോകുന്നുമുണ്ടത്രേ!

എന്റെ ചെറുപ്പ കാലത്തു നടന്ന മുകളിൽ പറഞ്ഞ സംഭവം അനവധി വർഷങ്ങൾക്കു ശേഷം ഇപ്പോൾ നിരീക്ഷിക്കുമ്പോൾ അന്നു ആ ബിരിയാണിയിൽ മണ്ണു വാരി ഇട്ടതു നിയമത്തിന്റെ ദൃഷ്ടിയിൽ കുറ്റം തന്നെ ആണെന്നു ഞാൻ കരുതുന്നു. സ്വതന്ത്ര ഭാരതത്തിൽ ഒരു പൗരന്റെ മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതു തന്നെയെന്നും വിശ്വസിക്കുന്നു.

പക്ഷേ നിയമങ്ങൾക്കുമെല്ലാം അപ്പുറത്തു സമൂഹ മര്യാദ കണക്കിലെടുക്കുമ്പോൾ നാലു ചുറ്റും വസിച്ചിരുന്ന സഹജീവികളുടെ മാനസികാവസ്ഥ കൂടി മൂപ്പൻ കണക്കിലെടുക്കണമെന്നും ഞാൻ കരുതുന്നു.

അയൽ വീട്ടിൽ മരണം നടക്കുമ്പോൾ തൊട്ടടുത്ത വീട്ടിൽ പാട്ടും മേളവും നടത്തുന്നതും മൃതദേഹം കൊണ്ടു പോകുമ്പോൾ വഴി അരികിൽ കാലിനു മേൽ കാൽ കയറ്റി ഇരിക്കുന്നതും പട്ടിണിക്കാരനായ അയൽ വാ സിയുടെമുമ്പിൽ മൂക്ക്‌ മുട്ടെ ആഹാരം കഴിച്ചു ഏമ്പക്കം വിട്ടു കാണിക്കുന്നതും എഴുതി വെക്കാത്ത ചില നിയമങ്ങളുടെ ലംഘനം തന്നെ ആണല്ലോ.

ആ പോലീസ്‌ ഉദ്യോഗസ്തൻ നടപ്പിലാക്കിയതു എഴുതി വെക്കാത്ത ആ നിയമങ്ങളായിരുന്നു എന്നു വിശ്വസിക്കാനാണു എനിക്കു ഇഷ്ടം.