Monday, March 28, 2011

താത്രിയും പീഢനക്കഥകളും

എന്റെ ബാല്യ കാലത്ത് ഏതോ നമ്പൂതിരി ഇസ്ലാം മതം സ്വീകരിച്ച് മുസ്ലിമായി ജീവിച്ച കഥ കേട്ടിരുന്നു.
നമ്പൂതിരിയുടെ സമുദായം വ്യഭിചാര ശങ്കയാല്‍ അദ്ദേഹത്തെ പുറത്താക്കിയതിനാലാണ് നിവര്‍ത്തിയില്ലാതെ അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചതെന്നും അറിയാന്‍ കഴിഞ്ഞു.ഒരു അന്തര്‍ജനം അവരെ കുറ്റ വിചാരണ നടത്തിയപ്പോള്‍ മൊഴി കൊടുത്തുവത്രേ; അവരെ പ്രാപിച്ചവരില്‍ നമ്പൂതിരിയും ഉണ്ടായിരുന്നുവെന്ന്. അന്ന് അങ്ങിനെ ഒരു മൊഴി മതിയായിരുന്നു പുരുഷനെ കുടുക്കാന്‍

വര്‍ഷങ്ങള്‍ കടന്ന് പോയപ്പോള്‍ വായന പുതിയ അറിവുകള്‍ പ്രദാനം ചെയ്തു. നമ്പൂതിരിയെ സ്വന്തം സമുദായത്തില്‍ നിന്നും പുറം തള്ളുന്നതിനെ ഭ്രഷ്ട് എന്നു അറിയപ്പെടുമെന്നും വ്യഭിചാരക്കുറ്റത്തിന് വിചാരണ ചെയ്യുന്നതിനെ സ്മാര്‍ത്ത വിചാരം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു.

വിഷയത്തില്‍ വീണ്ടും വായന തുടര്‍ന്നപ്പോള്‍ പ്രസിദ്ധമായ ഒരു സ്മാര്‍ത്ത വിചാരം പലരും പല കോണുകളില്‍ നിന്നുമാണ് നിരീക്ഷിച്ചിരിക്കുന്നതെന്നും തിരിച്ചറിയാന്‍ കഴിഞ്ഞു. സ്ത്രീയെ വ്യഭിചാരക്കുറ്റത്തിന് വിചാരണ ചെയ്യുമ്പോള്‍ ജീവിച്ചിരുന്നവരുടെ കാഴ്ചപ്പാടല്ല പില്‍ക്കാലത്തുണ്ടായത്. എല്ലാ ചരിത്രങ്ങളും അപ്രകാരം തന്നെയാണല്ലോ നിരീക്ഷിക്കപ്പെടുന്നത്.

കുറിയേടത്ത് താത്രിയെന്ന അന്തര്‍ജനത്തെ പില്‍ക്കാലത്ത് പലരും കഥാ പാത്രമാക്കി. മാടമ്പ് കുഞ്ഞ്ക്കുട്ടന്റെഭ്രഷ്ട്മുതല്‍ ലളിതാംബിക അന്തര്‍ജനത്തിന്റെഅഗ്നി സാക്ഷി, എം.ഗോവിന്ദന്റെഒരു കൂടിയാട്ടത്തിന്റെ കഥ”, ഉണ്ണികൃഷ്ണന്‍ പുതൂരിന്റെഅമൃത മഥനംഒടുവില്‍ കുഞ്ഞുകൃഷ്ണ മേനോന്റെഅപരാധിയായ അന്തര്‍ജനം”, എംടി.യുടെപരിണയംഅപ്പോള്‍ നന്ദന്റെ കുറിയേടത്ത് താത്രിപട്ടിക നീണ്ട് പോകുന്നു..... ഇവയിലെല്ലാം സ്മാര്‍ത്ത വിചാരങ്ങളും താത്രിമാരും നിറഞ്ഞു നിന്നു.

തന്നെ പ്രാപിച്ച അറുപത്തി നാല് പുരുഷന്മാരുടെ പേരുകള്‍ വിചാരണമദ്ധ്യേ വിളിച്ച് പറഞ്ഞു കുറിയേടത്ത് താത്രി. അതില്‍ നമ്പൂതിരിമാരുണ്ട് ; വാര്യരുണ്ട്; നായന്മാരുണ്ട്; പാണ്ടിപ്പട്ടരുണ്ട്.

വിചാരണ അവസാനത്തില്‍ സ്വരൂപം ചൊല്ലിയപ്പോള്‍ വിളിച്ച് പറയപ്പെട്ട പേരുകളില്‍ ഉള്‍പ്പെട്ട നമ്പൂതിരിമാര്‍ സമുദായ നിയമ പ്രകാരം ഭ്രഷ്ടരായി. ഇതര ജാതിക്കാരുടെ പില്‍ക്കാല വിവരങ്ങള്‍ തെരഞ്ഞതില്‍ ലഭ്യമായില്ല. അവരുടെ കുടുംബ ജീവിതം തുലഞ്ഞു എന്ന് ഉറപ്പ്.

പുസ്തങ്ങളിലൂടെയുള്ള പ്രയാണം വാങ് മൊഴികള്‍ക്ക് വേണ്ടിയുള്ള ദാഹം ഉണര്‍ത്തിയപ്പോള്‍ അതിനായി അലഞ്ഞു. പലരും പലതും പറഞ്ഞു തന്നു.അവസാനത്തില്‍ ഹരം മൂത്ത് താത്രി ജീവിച്ചിരുന്ന മനയും പറമ്പും തിരക്കി ഇറങ്ങിയെങ്കിലും യാത്ര നിഷ്ഫലമാകുകയായിരുന്നു. പഴങ്കഥകളിലെ മനകള്‍ തിരക്കി കണ്ട് പിടിക്കുന്നതിന് സഹായിക്കാന്‍ ആര്‍ക്കാണ് താല്പര്യം?!.

മനസ്സിലെവിടെയോ താത്രി ഉറങ്ങിക്കിടന്നു. ഉദ്ദേശിച്ച പുരുഷന്മാരെ പിന്തുടര്‍ന്ന് പിടികൂടി കാമ സംതൃപ്തി വരുത്തിയ അന്തര്‍ജനമായാണ് ആദ്യം ഉള്ളില്‍ കുടിയിരുന്നതെങ്കിലും വി.ടി. ഭട്ടതിരിപ്പാടിന്റെ നിരീക്ഷണം വായിച്ചപ്പോല്‍ താത്രി മറ്റൊരു രൂപത്തില്‍ മനസ്സില്‍ പ്രത്യക്ഷയായി.

താത്രിക്കുട്ടി അക്കാലത്ത് നിലനിന്നിരുന്ന പുരുഷ മേധാവിത്വത്തിന്റെ ലൈംഗികമായ അരാജകത്വത്തിനെതിരെ അതേ ആയുധം കൊണ്ട് സമരം ചെയ്യുകയായിരുന്നു.” വി.ടി. പറഞ്ഞു.

ആയിരത്തി തൊള്ളായിരത്തി അഞ്ചാം ആണ്ടില്‍ വ്യഭിചാരക്കുറ്റത്തിന് നാല്‍പ്പത് ദിവസം നീണ്ട് നിന്ന വിചാരണയില്‍ അറുപത്തി നാല് പേരുടെ പേരുകള്‍ വരെ താത്രി മൊഴിഞ്ഞപ്പോല്‍ സ്മാര്‍ത്തനും മീ മാംസകരുംമതി മതിഎന്ന് വിളിച്ച് കൂവിയത്രേ! ഒരു പക്ഷേ ഇനി തങ്ങളുടെ പേരും അവള്‍ വിളിച്ചു പറയുമോ എന്ന് അവര്‍ ഭയന്നിരിക്കാം. അങ്ങിനെയും ഒരു സംഭവം പണ്ട് നടന്നിട്ടുണ്ട്.

പണ്ട് ഒരു സ്മാര്‍ത്ത വിചാരം നടക്കവേഅടുത്തതാര് ..ആര്.. ആര്? “ എന്ന് സ്മാര്‍ത്തന്‍ കുത്തി കുത്തി ചോദിച്ചപ്പോള്‍കൂട്ടത്തില്‍ താങ്കളും...” എന്ന് സാധനംഉടനെ മറുപടി പറഞ്ഞുവെന്ന് വില്യം ലോഗന്‍ മലബാര്‍ മാനുവലില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

വ്യഭിചാരക്കുറ്റം ചുമത്തപ്പെട്ട അന്തര്‍ജനം കുറ്റം ചുമത്തപ്പെട്ടതിന് ശേഷംസാധനംഎന്ന പേരിലാണ് അറിയപ്പെടുക. വിചാരണയെവിചാരംഎന്നും വിചാരണ നടത്തുന്ന നമ്പൂതിരിയെസ്മാര്‍ത്തന്‍ എന്നും അറിയപ്പെടുന്നു. സ്മാര്‍ത്തന്‍ ആകാനുള്ള യോഗ്യത നമ്പൂതിരി സമുദായത്തിലെ ഭട്ടതിരി വിഭാഗത്തിനാണെന്ന് കാണുന്നു. വ്യഭിചാരക്കുറ്റത്തെഅടുക്കള ദോഷംഎന്ന പേരിലാണ് അറിയപ്പെടുക.

അടുക്കള ദോഷത്തെ പറ്റിയുള്ള പരാതി നമ്പൂതിരി യോഗത്തിന് അയല്‍ വാസിക്ക് നല്‍കാം, സ്വന്തം കുടുംബക്കാര്‍ക്കും നല്‍കാം. യോഗത്തിന് ലഭിക്കുന്ന പരാതി പ്രാഥമിക അന്വേഷണത്തിന് ശേഷം (വിസ്താര ഭയത്താല്‍ പ്രാഥമികത്തിന്റെ നടപടികള്‍ വിവരിക്കുന്നത് ഒഴിവാക്കുന്നു) രാജാവിന്റെ അനുവാദത്തോടെ വിശദമായ വിചാരണക്ക് വിടുന്നു. വിചാരണ ചെലവുകള്‍ സാധനത്തിന്റെ കുടുംബക്കാര്‍ നല്‍കണം.

താത്രിയുടെ അയല്‍വാസി നമ്പൂതിരിയാണ് അവള്‍ക്കെതിരെ പരാതി കൊടുത്തത്.

വിചാരത്തിലെ കുറ്റം ചാര്‍ത്തപ്പെട്ട
പ്രതി കുറ്റസമ്മതം നടത്തിയില്ലെങ്കില്‍ ദണ്ഡന മുറകള്‍ സ്വീകരിക്കാന്‍ അനുവാദമുണ്ട്.പായില്‍ പൊതിഞ്ഞ് സാധനത്തെ പുരപുറത്ത് നിന്നും താഴേക്ക് ഉരുട്ടുക, സാധനം കിടക്കുന്ന മുറിയിലേക്ക് രാത്രി സമയം മൂര്‍ഖന്‍ , അണലി തുടങ്ങിയ വിഷ ജന്തുക്കളെ കടത്തി വിടുക തുടങ്ങിയവയാണ് ദണ്ഡന മുറകള്‍. ദിവസങ്ങളിലെ ചോദ്യം ചെയ്യല്‍, ഒറ്റപ്പെടല്‍, ദണ്ഡന മുറകള്‍ ഇതെല്ലാം സാധനത്തെ തളര്‍ത്തുന്നു . എങ്ങിനെയെങ്കിലും ഇത് ഒന്ന് അവസാനിച്ച് കിട്ടാനുള്ള ആഗ്രഹം. ഇതെല്ലാം കുറ്റ സമ്മതത്തിലേക്ക് നയിക്കുന്നു.

വിചാരണക്കൊടുവിലെ വിധി പറച്ചിലിനെസ്വരൂപംചൊല്ലല്‍ എന്നാണ് അറിയപ്പെടുന്നത്. സ്വരൂപം ചൊല്ലലിലാണ് സാധനത്തെ പ്രാപിച്ച പുരുഷന്മാരുടെ പേരു വിവരം പുറത്ത് വരുക. സ്വരൂപം ചൊല്ലല്‍ രാത്രി മാത്രം. സ്മാര്‍ത്തന്‍ വിചാരം നടത്തി കുറ്റക്കാര്‍ ആരൊക്കെ എന്ന് നിരൂപിക്കുമെങ്കിലും തന്റെ വായാല്‍ സ്വരൂപം ചൊല്ലില്ല. സ്വരൂപം ചൊല്ലാന്‍ അധികാരപ്പെടുത്തിയ ഒരു ലാവണമുണ്ട്. അതിന്റെ പേര് കുട്ടിപ്പട്ടര്‍. ഒരു പലകയില്‍ കയറി നിന്ന് കുട്ടിപ്പട്ടര്‍ സ്വരൂപം ചൊല്ലിക്കഴിഞ്ഞു അപ്പോള്‍ തന്നെ പോയി കുളത്തിലിറങ്ങി മുങ്ങിക്കുളിക്കും. മുങ്ങിക്കുളിയോടെ സ്വരൂപം ചൊല്ലല്‍ വഴി അയാളില്‍ ഉണ്ടായ പാപമെല്ലാം നീക്കം ചെയ്യപ്പെടുന്നു എന്നാണ് വിശ്വാസം.

സ്വരൂപം ചൊല്ലലിന് ശേഷം സാധനത്തെയും പ്രാപിച്ച പുരുഷന്മാരെയും സമുദായ ഭ്രഷ്ട് നടത്തി പടിക്ക് പുറത്താക്കാ‍ലാണ് ഇനിയുള്ള പരിപാടി. കേമമായ സദ്യക്ക് ശേഷം കൈകൊട്ടി പതിച്ച് പുറത്താക്കല്‍ പരിപാടി നടത്തുന്നതോടെ നടപടികള്‍ പൂര്‍ണമാകുകയാണ്.അതോടെ ഭ്രഷ്ടരുടെ എല്ലാ സമുദായ സ്വാതന്ത്രിയങ്ങളും എടുത്ത് മാറ്റപ്പെടുന്നു.

സ്ത്രീയുടെ മറക്കുട മാറ്റപ്പെടുന്നു. പുതപ്പും മാറ്റുന്നു. സര്‍ക്കാര്‍ ചെലവില്‍ തുടര്‍ന്നുള്ള കാലം സമൂഹത്തിന്റെ കണ്ണില്‍ ഒരുമ്പെട്ടോളായിട്ട് അവള്‍ക്ക് ഏകാന്തതയില്‍ കഴിയാം.
ചിലര്‍ മറ്റ് ബന്ധങ്ങളില്‍ ചാടി രക്ഷപെടുമായിരുന്നു. മറ്റ് ചിലര്‍ വേശ്യാ വൃത്തിയില്‍ ഏര്‍പ്പെടുന്നു; ഇനിയും ചിലരെ , തന്നെ പ്രാപിച്ചു എന്ന് ആരോപിക്കപ്പെട്ടവരില്‍ കൂടുതല്‍ ഇഷ്ടം ഉള്ള ആള്‍ സ്വീകരിച്ചേക്കാം. മതം മാറിയോ മറ്റോ ശിഷ്ടകാലം അവര്‍ കഴിച്ച്കൂട്ടും.
പുരുഷന്മാരുടെ പിന്നീടുള്ള ജീവിതം നരക തുല്യമാണ്.സ്വന്തം ഭാര്യയെയും സന്തതികളെയും കാണാന്‍ കഴിയാതെ മരിച്ചു ജീവിക്കുന്ന അവസ്ഥ.കേവലം മാസങ്ങള്‍ മാത്രം വൈവാഹിക ജീവിതം കഴിച്ചുകൂട്ടിയ ഭര്‍ത്താവായാലും സാധന മുഖത്ത് നിന്നുള്ള മൊഴി കാരണം ഭാര്യയാല്‍ പരിത്യജിക്കപ്പെടുന്നു. ഒരിടത്തും ആശ്രയം ലഭിക്കാതെ അലയുന്ന ആത്മാവിന്റെ ഗതി.
അവയെല്ലാം ഏകപക്ഷീയമായ വിധി ആയിരുന്നു . പെണ്ണിന്റെ മൊഴി മാത്രം മതി ജീവിതം തകരാന്‍ . മറുത്തൊന്നും പറയാനാവാതെ നിരപരാധിത്വം തെളിയിക്കപ്പെടാന്‍ അവസരം നല്‍കാത്ത വിധി.100വര്‍ഷങ്ങള്‍ക്കപ്പുറത്ത് നമ്മുടെ കൊച്ച് കേരളത്തില്‍ നടന്നതാണിതൊക്കെ.

കൊല്ലവര്‍ഷം 1080മിഥുനം32- തീയതി കുറിയേടത്ത് താത്രി കേസില്‍ സ്വരൂപം ചൊല്ലിയപ്പോള്‍പുറത്തായത് 64പുരുഷന്മാരില്‍ എത്ര നിരപരാധികള്‍ ഉണ്ടായിരിന്നിരിക്കാം.താത്രിചൂണ്ടിക്കാണിച്ചവരെല്ലാം ഭ്രഷ്ടരായി; കുടുംബ ബന്ധങ്ങള്‍ നഷ്ടപ്പെട്ട് സമൂഹത്തില്‍ നിന്നും അവര്‍
ബഹിഷ്കൃതരായി എന്ന് പറയുന്നതാണ് കൂടുതല്‍ ശരി . അത് വരെ അനുഭവിച്ചിരുന്ന കുളിയും സന്ധ്യാ വന്ദനവും വേളിയും സംബന്ധവും വെടിവട്ടവും ബഹുമാനവും നഷ്ടപ്പെട്ട നമ്പൂതിരി പിന്നെ ജീവിച്ചിരുന്നിട്ട് എന്ത് ഫലം?!
ഭ്രഷ്ടരില്‍ ആരെല്ലാം യഥാര്‍ത്ഥ പ്രതികളെന്ന് താത്രിയും പുറത്താക്കപെട്ടവരും നിത്യ സാക്ഷിയും മാത്രംഅറിഞ്ഞു.
10വയസ്സ് പ്രായത്തില്‍ തന്നെ പ്രാപിച്ച വ്യക്തി ഉള്‍പ്പെട്ട പുരുഷ മേധാവിത്വത്തിനെതിരെ പ്രതികാരദുര്‍ഗയായി അവള്‍ മാറിയപ്പോള്‍ അവളുടെ മുഖത്ത് നിന്നും വെളിവാക്കപ്പെട്ട വ്യക്തികളും അവളുമായുള്ളകുടുംബ ബന്ധം നിരീക്ഷിക്കുക:- ഭര്‍തൃസഹോദരന്‍ , അമ്മാവന്‍ , അടുത്ത ബന്ധുക്കള്‍ . താത്രി പേര് വിളിച്ച് പറഞ്ഞ എല്ലാവരുടെയും തലകള്‍ ഉരുണ്ടു.വിധി തീരുമാനിച്ച സ്മാര്‍ത്തന്‍ പട്ടചോമയാരത്ത് ജാതദേവന്‍ നമ്പൂതിരിക്ക് അതിനു മുമ്പും പിമ്പും ഇതേ പോലെ സ്വരൂപം ചൊല്ലിക്കാന്‍ ഇട വന്നിട്ടില്ല.

സ്വരൂപം ചൊല്ലിയതിന് ശേഷം നിയമാനുസരണം, താത്രി എന്ന സാധനത്തെ ദാസി സഹിതം ചാലക്കുടി പുഴതീരത്ത് ഒരു കുടിലില്‍ താമസിപ്പിച്ചു. പില്‍ക്കാലത്ത് അവര്‍ അവിടെ നിന്നും പാലക്കാട്ടോ പോത്തന്നൂരോ എത്തിയെന്നും ഒരു ആംഗ്ലോ ഇന്ത്യനെ പരിചയപ്പെട്ട് വിവാഹിത ആയെന്നും അതില്‍കുട്ടികള്‍ ഉണ്ടായെന്നുമാണ് കേട്ട് കേള്‍വി. (64പേരുമായി ഇടപെട്ടിട്ടും അന്ന്‍ കുട്ടികള്‍ ഉണ്ടായതായി രേഖകള്‍ ഇല്ലായെന്നതും നിരീക്ഷിക്കുക).പിന്‍ തലമുറക്കാരെ പറ്റിയുള്ള അന്വേഷണത്തില്‍ അവരുടെപേരക്കുട്ടിയുടെ മകള്‍ സുപ്രസിദ്ധ മലയാള നടിയാണെന്ന സൂചന ഏതോ കോണില്‍ നിന്നും ഉയര്‍ന്നുവന്ന നിമിഷം പഴയകാല നടിയായ ഷീല അത് താനല്ല എന്ന നിഷേധക്കുറിപ്പുമായി എത്തിയെന്ന് ഒരുസ്നേഹിതന്‍ സൂചിപ്പിച്ചു.
പിന്‍ തലമുറക്കാരെപറ്റി കൃത്യമായി ഓര്‍മിച്ച് വെക്കാന്‍ താത്രിയുടെ ജീവിതം അന്നത്തെകാഴ്ചപ്പാടില്‍ മഹനീയമായിരുന്നില്ലല്ലോ.
കുറിയേടത്ത് താത്രി ,,ഗത കാലത്തിന്റെ ഇരുളിലേക്ക് നടന്ന് മറഞ്ഞുവെങ്കിലും 106കൊല്ലത്തിന്ശേഷവും അവര്‍ സൃഷ്ടിച്ച ഓളങ്ങള്‍ നിലക്കുന്നില്ല.

2011ന്റെ ഒരു പുലര്‍കാലത്ത് പത്രവായനയില്‍ മുഴുകി ഇരുന്ന എന്റെ കണ്ണുകള്‍ ഒരു വാര്‍ത്തയില്‍ഉടക്കി.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ച കേസ്സില്‍ ഇത് വരെ 18പ്രതികള്‍പിടിയിലായി. പെണ്‍കുട്ടിയില്‍ നിന്നും ലഭിച്ച വിവരപ്രകാരം ഇനിയും പല പ്രമുഖരും കുടുങ്ങാന്‍സാദ്ധ്യതയുണ്ടെന്ന് അറിയുന്നു....”
പോയ വര്‍ഷങ്ങളില്‍ മലയാളക്കരയില്‍ ജന്മം കൊണ്ട പീഢന കേസ്സുകളില്‍ പീഢനത്തിന് ഇരയായ ( പഴയകാല പ്രയോഗമായ
സാധനത്തിന്പകരം ഇപ്പോള്‍ ഉപയോഗിക്കുന്ന വാക്ക്=ഇര.)പെണ്‍കുട്ടികളുടെ മുഖത്ത് നിന്നും പുറപ്പെട്ട അവരെ പ്രാപിച്ചവരുടെ പേരുകളില്‍ ജനപ്രതിനിധികള്‍, മുന്‍ മന്ത്രിമാര്‍, ഉന്നത പോലീസ് ദ്യോഗസ്ഥര്‍, അഭിഭാഷകര്‍, സിനിമാ നടന്മാര്‍....(പട്ടിക നീളുകയാണ് ) തുടങ്ങിയവര്‍ഉള്‍പ്പെട്ടിരുന്നു.പലരുടെയും തലകള്‍ ഉരുണ്ടു, ഇപ്പോഴും ഉരുളുന്നു.
ആധുനിക പീഢനക്കഥകള്‍ എല്ലാം ഒന്നു തന്നെ. താന്‍ സ്നേഹിച്ച പുരുഷന് പക്വത ഇല്ലാത്തപ്രായത്തില്‍ തന്റെ സര്‍വസവും സമര്‍പ്പിക്കുമ്പോള്‍ അയാള്‍ തന്നെ മറ്റുള്ളവര്‍ക്ക് കാഴ്ചവെക്കുമെന്ന്അവള്‍ മുന്‍ കൂട്ടി അറിയുന്നില്ലല്ലോ. ചതിക്കപ്പെട്ട പെണ്‍കുട്ടികളില്‍ പലരും ”ആകെ മുങ്ങിയാലും ശീതം ഒന്ന്എന്നപ്രമാണത്താല്‍ സാഹചര്യത്തിന് അനുസൃതമായി ഒഴുക്കിനൊപ്പം ഒഴുകി, ഒരു എതിര്‍പ്പുമില്ലാതെ ആവശ്യക്കാരെ സ്വീകരിച്ചു. ഫീല്‍ഡില്‍ ഇറക്ക്മതി ചെയ്യപ്പെട്ട കീളുന്ത്പെണ്ണിനെ പറ്റി കേട്ടറിഞ്ഞു ഉദ്ധാരണ ശേഷി ഇല്ലാത്തവരും പാഞ്ഞെത്തി ആവും വിധം പീഢിപ്പിച്ചു, പില്‍ക്കാലത്ത് ബൂമോറാങായി അവള്‍ തിരിയുമെന്നറിയാതെ.
ഏതോ പ്രതിസന്ധിയില്‍ അകപ്പെട്ടപ്പോള്‍ , നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോള്‍ ,അഥവാസമൂഹത്തോടുള്ള പ്രതികാരം ആളിക്കത്തിയപ്പോള്‍ , അതുമല്ലെങ്കില്‍ പിടിക്കപ്പെട്ടപ്പോള്‍ അവള്‍ അതാ വാ തുറക്കുന്നു. തുടര്‍ന്ന് ആധുനിക സ്മാര്‍ത്തവിചാരം നടക്കുന്നു. തത്ത പറയുന്നത് പോലെ പെണ്‍കുട്ടിപേരുകള്‍ പറയുമ്പോള്‍ , ചിലപ്പോള്‍ ചിലര്‍ അവളുടെ വായിലൂടെ ഉദ്ദിഷ്ടകാര്യത്തിനായി എതിരാളിയുടെ പേരു
പറയിക്കുമ്പോള്‍ സമൂഹം ഞെട്ടി വിറക്കുന്നു...

ഇപ്പോഴും 2011ലും ചരിത്രം ആവര്‍ത്തിക്കപ്പെടുന്നതിനാലായിരിക്കാം ഒരു പഴയ മലയാള സിനിമാഗാനം എന്റെ ചുണ്ടില്‍ വരുന്നത്.
യുഗങ്ങള്‍ കഴിഞ്ഞിട്ടും ജഗം തന്നെ മാറിയിട്ടും
ചരിത്രത്തിന്‍ ചക്രം വീണ്ടും തിരിയുന്നു.
കണ്ണ് നീര്‍ മുകിലുകള്‍ കവിളത്ത് പെയ്യുമീ
പെണ്ണിന്റെ നൊമ്പരം ആരറിയാന്‍ .......
കുറിപ്പില്‍ സൂചിപ്പിച്ചിട്ടുള്ള പുസ്തകങ്ങളും എന്റെ ചില സ്നേഹിതന്മാരും ഈ ലേഖനം എഴുതുന്നതിന് സഹായമായി ഭവിച്ചിട്ടുണ്ട്.