Friday, May 13, 2011

ഒരു അപകടവും കുറെ ചിന്തകളും




അതിവേഗതയില്‍ കറങ്ങിക്കൊണ്ടിരുന്ന ഒരു യന്ത്രം അടുത്ത നിമിഷം നിലച്ചു പോയതു പോലെയായി കാര്യങ്ങള്‍ എന്ന് എനിക്ക് തോന്നി.

എത്ര തിരക്ക് ഉണ്ടായാലും ഈ ചെറു നഗരത്തില്‍ കാല്‍ നട വാഹനമേ ഞാന്‍ ഉപയോഗിക്കൂ. അതൊരു ശീലമായി പോയി. സമയ കൃത്യത പാലിക്കേണ്ടി വന്നാല്‍ മാത്രം എണ്ണ ഒഴിച്ച് ചലിപ്പിക്കുന്ന വാഹനത്തെ ആശ്രയിക്കും. അത് ചലിപ്പിക്കാന്‍ ഉള്ള അനുമതി പത്രം ബന്ധപ്പെട്ട വകുപ്പ് എനിക്ക് നല്‍കുന്നതിന് മുമ്പ് നടന്ന പരീക്ഷയില്‍ ഇരു ചക്രവും നാലു ചക്രവും ഞാന്‍ ഉരുട്ടി കാണിച്ചതല്ലാതെ പിന്നെ ഒരിക്കല്‍ പോലും ആ വക അലുകുലുത്ത് പണിക്കൊന്നും ഞാന്‍ മിനക്കെടാറില്ല. അതിനാല്‍ അടിയന്തിര ഘട്ടങ്ങളില്‍ വണ്ടി ഉരുട്ടാന്‍ ആരെയെങ്കിലും ആശ്രയിക്കേണ്ടി വന്നു.

അപ്രകാരം ഒഴിച്ച് കൂട്ടാനാവാത്ത ഒരു അടിയന്തിര ഘട്ടത്തില്‍ മറ്റൊരാളുടെ ഇരു ചക്ര വാഹനത്തിന്റെപുറകില്‍ ഇരിപ്പുറപ്പിച്ച ഞാന്‍ കാലുകള്‍ ഉറപ്പിക്കേണ്ട ഇടങ്ങളില്‍ ഉറപ്പിക്കാതെ അത് അങ്ങിനെ നീട്ടിപിടിച്ച് ഇരുന്നു കൊടുത്തു. പുറകില്‍ ഇരിക്കുന്ന ആളോടുള്ള ബഹുമാനത്താലും സ്നേഹത്താലും നിരത്തില്‍ കണ്ട ഒരു കുഴിയില്‍ ചാടിച്ച് ഉണ്ടായേക്കാവുന്ന കുതിര സവാരി സുഖം ഒഴിവാക്കാനായി സാരഥി , വാഹനം നിരത്തിന്റെ അരിക് ചേര്‍ന്ന് പായിച്ചപ്പോള്‍ നിരത്തിന്റെ അരികില്‍പിഴുതു കിടന്ന ഒരു അതിര്‍ത്തി കല്ലില്‍ പുറകില്‍ ഇരുന്ന ഈയുള്ളവന്റെ നീട്ടി വെച്ച കാല്‍ പാദം ശക്തിയായി ഉമ്മ വെക്കുകയും തുടര്‍ന്ന് കല്ലും കാലും തമ്മിലുള്ള സംഘട്ടന ബലത്താല്‍ കാല്‍ വെക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പ് ചവിട്ടിയില്‍ പാദത്തിന്റെ മുകള്‍ ഭാഗവും കാലും തമ്മില്‍ ചേരുന്നസന്ധി ഭാഗം ശക്തിയായി വന്നിടിക്കുകയും ചെയ്തു. ഇതൊന്നും അറിയാതെ വാഹനം നിയന്ത്രിച്ചിരുന്ന ആളോടു “ ഒരു ചെറിയ തട്ട് കിട്ടി മോനേ!“ എന്ന് മാത്രം പറഞ്ഞതിനാല്‍ ഉദ്ദിഷ്ട സ്ഥലത്ത്എത്തിക്കഴിഞ്ഞതിന് ശേഷമാണ് വാഹനം നിന്നതു. വാഹനത്തില്‍ നിന്നിറങ്ങിയപ്പോള്‍ പരമ സുഖവുംസുന്ദരവുമായ വേദനയും. ശറ്..റ്... എന്ന ചോര ഒലിക്കുന്നു. തുടര്‍ന്ന് ആശുപത്രി ഗമനം., ...കാലിന്റെ ചിത്രംഎടുപ്പ്.
എല്ല് പൊട്ടിയില്ല പക്ഷേ കാലിന്റെ സന്ധി ഭാഗം എല്ലും ഞരമ്പും ചതഞ്ഞു എന്നും അനങ്ങിയാല്‍ ആപത്ത് ആണെന്നും പരിപൂര്‍ണമായി നിശ്ചലത ആവശ്യമാണെന്നും , ഭിഷഗ്വരന്റെ അഭിപ്രായവും കര്‍ശനമായനിര്‍ദ്ദേശവും ശിരസാ വഹിച്ച് വീട്ടുകാര്‍ എന്നെ ബലമായി കിടത്തിയിട്ടു.

“അവിടെ കിടക്ക്...ഓട്ടം...ഓട്ടം... എന്തൊരു സ്പീഡ്....അവിടെ കിട...“ ഭാര്യയും മക്കളും ഏകസ്വരത്തില്‍ മുദ്രാ വാക്യം മുഴക്കി.

ഈ അവസ്ഥക്കാണ് ഞാന്‍ ഈ കുറിപ്പിന്റെ ആദ്യം പറഞ്ഞ ഉപമ പ്രയോഗിച്ചത്. അതി വേഗത്തില്‍കറങ്ങിക്കൊണ്ടിരുന്ന ഒരു യന്ത്രം അടുത്ത നിമിഷം നിശ്ചലമാകുക, അതായി എന്റെ ഗതി. പ്രാഥമികആവശ്യങ്ങള്‍ക്ക് പോലും മറ്റുള്ളവരെ ആശ്രയിക്കുക. മുറ്റത്ത് വെയിലും നിഴലും ഒളിച്ചു കളിക്കുന്നത് കാണാന്‍കഴിയായ്ക, പ്രഭാത സവാരിയിലൂടെ എനിക്ക് ലഭ്യമായിരുന്ന ഗ്രാമീണ ദര്‍ശനം അപ്രാപ്യമാകുക. ആരോടും ഒന്നും പറയാനാകാതെ ദിവസങ്ങള്‍ കൊഴിഞ്ഞു വീഴുക. ഒരേ കിടപ്പ്. ഞാന്‍പുസ്തകങ്ങളിലേക്ക് തിരിഞ്ഞു. ആടു ജീവിതവും(ബെന്യാമിന്‍ ) , കൊച്ചു കൊച്ചു കാര്യങ്ങളുടെ ഉടയതമ്പുരാനും(അരുന്ധതീ റോയ്), ഒരു കടലോര ഗ്രാമത്തിന്റെ കഥ(തോപ്പില്‍ മുഹമ്മദ് മീരാന്‍ )യും (രവിമേനോന്റെ )എങ്ങിനെ നാം മറക്കും, പിന്നെ കയ്യില്‍ കിട്ടിയതു എല്ലാം വീണ്ടും വീണ്ടും വായിച്ചു. എന്നിട്ടുംസമയം ബാക്കി.വിരസതയുടെ ആ നിമിഷങ്ങളില്‍ പുറം ലോകവുമായി ഞാന്‍ ബന്ധപ്പെട്ടത് ശ്രവണ ഭാഷണ സഹായിയില്‍ കൂടി മാത്രം. (മൊബൈല്‍ ഫോണ്‍ എന്ന് കുട്ടികളുടെ ഭാഷ്യം) കൊട്ടോട്ടിയും ഹാഷിമും പിന്നെ പലരും എന്നെ വിളിച്ചു കൊണ്ടേ ഇരുന്നു.
ഇതിനിടയില്‍ രണ്ട് തവണ കുട്ടികള്‍ എല്ലാവരും ചേര്‍ന്ന് വീണ്ടും ഭിഷഗ്വരനെ കാണിക്കാന്‍ എന്നെ കൊണ്ട് പോയി. കാര്യങ്ങള്‍ പുരോഗമിക്കുന്നു എന്ന് അദ്ദേഹംഅഭിപ്രായപ്പെടുകയും എനിക്ക് ഏറ്റവും അഹിതമായ ഔഷധങ്ങള്‍ (ആന്റി ബയോട്ടിക്ക് എന്ന്ആംഗലേയം) വീണ്ടും വിഴുങ്ങാന്‍ കല്‍പ്പിക്കുകയും ചെയ്തു.

അങ്ങിനെ വിരസതയുടെ നിമിഷങ്ങളിലൂടെ, ദിവസങ്ങളിലൂടെ , ഞാന്‍ ഊളിയിട്ടു പോകവേ എന്റെ ഉള്ളില്‍ ഒരു വെളിച്ചം ഉണ്ടായി. ആ വെളിച്ചത്തില്‍ ‍ ഞാന്‍ അന്തം വിട്ടു. എന്റെ മുറിവുകള്‍‍ ഏറ്റവും നിസാരമായിഎനിക്കനുഭപ്പെട്ടു. ഈ പരിക്കുകള്‍ വലുതായി കണ്ടിരുന്നഎന്റെ കുടുംബാംഗങ്ങളോട് എനിക്ക് അരിശംതോന്നി. എന്നോടു തന്നെയും എനിക്ക് പുശ്ചം തോന്നി. ഛേ! കേവലം ദിവസങ്ങള്‍ ‍ മാത്രം ഇങ്ങിനെ അനങ്ങാതെകിടന്നപ്പോള്‍ ‍ എനിക്ക് എത്രമാത്രംവിരസത അനുഭവപ്പെട്ടു. എന്റെ ഹാറൂണ്‍ ‍ ഭായി(ഒരു നുറുങ്ങു), എസ്.എം. സാദിഖ്, റഈസ്, കുന്നിക്കോട്ടുകാരന്‍ ഷംനാദ്, സുരേന്ദ്രന്‍ , കോട്ടയത്ത്കാരന്‍ ‍ ഷാജി, അങ്ങിനെ എത്രയോപേര്‍‍. ജീവിതത്തിന്റെ നല്ല നിമിഷങ്ങള്‍ ചലന ശേഷി ഇല്ലാതെ കഴിച്ചു കൂട്ടുന്നവര്‍. ഇവിടെ ഒരുചെറിയമുറിവുമായി കുറച്ച് ദിവസം കിടന്നപ്പോള്‍ എന്റെ പ്രിയം നിറഞ്ഞ സുഹൃത്തുക്കളേ ! എന്താണ് നിങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന് ഞാന്‍ തിരിച്ചറിയുന്നു. എന്റെ പ്രിയഹാറൂണ്‍ ‍ സാഹിബ്, അന്ന് ഞാന്‍ താങ്കളെ കാണാന്‍ വന്നപ്പോള്‍ കുളി പൂര്‍ത്തിയാക്കി വരാന്‍ എടുത്ത സമയം ഞാന്‍ ‍ കാത്തിരുന്നതിന് ക്ഷമപറഞ്ഞതിനോടൊപ്പം താങ്കള്‍ ഒരു തമാശപറഞ്ഞത് അന്ന് ഞാന്‍ ‍ ആസ്വദിച്ചെങ്കിലും ഇന്ന് ആ തമാശയില്‍ അടങ്ങിയിരുന്ന വേദന ‍ ഞാന്‍ മനസിലാക്കുന്നു. എന്നിട്ടും എത്ര ലഘുവായാണ് താങ്കള്‍ ജീവിതത്തെ അഭിമുഖീകരിക്കുന്നത്.

എന്റെ പ്രിയ റ ഈസ് , ഫോണിലൂടെയുള്ള താങ്കളുടെ സംഭാഷണത്തില്‍ നിറഞ്ഞു നിന്ന ആത്മ ധൈര്യം ഞാന്‍ ഇപ്പോള്‍ മാനിക്കുന്നു.

തുഞ്ചന്‍ ‍ പറമ്പില്‍ ‍ വെച്ച് എന്റെ പ്രിയ സാദിക്ക് ബാത്ത് റൂമില്‍ നിന്ന് താങ്കളുടെ ചക്രകസേര ഞങ്ങള്‍ പൊക്കി കടത്തി വിട്ടപ്പോള്‍ ‍ താങ്കള്‍ അവലംബിച്ച മനോധൈര്യത്തിന്റെ ആഴം ഞാന്‍ ‍ ഇപ്പോള്‍ മനസിലാക്കുന്നു..

എന്റെഎത്രയോ സഹോദരങ്ങള്‍ ‍ ഇപ്രകാരം പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നു.. എല്ലാം ഇപ്പോള്‍ എനിക്ക് തിരിച്ചറിയാന്‍ ‍ കഴിയുന്നു. ഒരു പക്ഷേ എന്റെ ഈതിരിച്ചറിവിന് വേണ്ടി ആയിരിക്കാം എനിക്ക് ഇപ്പോള്‍ ‍ ഈ പരിക്ക് സംഭവിച്ചത്.

എല്ലാം അറിയുന്നവന്‍ അണുവിലും അണ്ഡകടാഹത്തിലും നിറഞ്ഞു നില്ക്കുന്ന ആ ശക്തി മാത്രം.

ഈ തിരിച്ചറിവിനാല്‍ ‍ എനിക്കുണ്ടായ മനോധൈര്യം എന്റെ അസുഖത്തെ എനിക്ക് ലഘുവാക്കി തോന്നിച്ചു. ഇതാ എന്റെ കുടുംബാംഗങ്ങളുടെ എതിര്‍പ്പ് അവഗണിച്ച്, ഭാര്യയുടെ മുഖം വീര്‍പ്പിക്കല്‍ ‍ ശ്രദ്ധിക്കാതെ, കമ്പ്യൂട്ടര്‍ ‍ ഇരിക്കുന്ന ഈ ഭാഗത്തേക്ക് എന്റെ തിരിച്ചറിവ്എന്നെ കൊണ്ടെത്തിച്ചു.

എന്റെ ചിന്തകള്‍ ‍ ഉടനെ തന്നെ നിങ്ങളുമായിപങ്ക് വെക്കുവാനായി....... ‍ ‍

‍ മനസിലാക്കുക ! നമ്മിലേക്ക് മാത്രം നാം ഒതുങ്ങാതെ വല്ലപ്പോഴും നമ്മുടെ സഹോദരങ്ങളിലേക്കും നമ്മുടെ കണ്ണുകളെ അഴിച്ചു വിടുക. ആ നിരീക്ഷണങ്ങളില്‍ നിന്നും നമുക്ക് കിട്ടുന്ന പാഠം നമ്മുടെ ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളെ നേരിടാന്‍ നമ്മെ സഹായിക്കും. മാത്രമല്ല നമ്മിലെ ഞാനെന്ന ഭാവത്തേയും നമ്മിലെ അഹങ്കാരത്തെയും ഇല്ലാതാക്കുകയും ചെയ്യും.

22 comments:

  1. പെട്ടെന്ന് സുഖമാകട്ടെ എന്നു പ്രാർത്ഥിക്കുന്നു...
    പച്ചമലയാളത്തിലെഴുതിയ ഈ അനുഭവക്കുറിപ്പ് ഇഷ്ടപ്പെട്ടു. (ഇടക്കെഴുതിയ ആംഗലേയ വാക്കുകൾ കൂടി ഒഴിവാക്കാമായിരുന്നു.)

    ReplyDelete
  2. ധന്യമായ ചിന്തകള്‍. ഒരു തിരിഞ്ഞുനോട്ടത്തിനു പ്രേരിപ്പിക്കുന്ന ചിന്തകള്‍. ഒഴുക്കിനെതിരെ നീന്തുന്നവരോടെന്നും ബഹുമാനമാണെനിക്ക്. പ്രത്യേകിച്ച് ഹാരൂണ്‍ സാഹിബിനോട്. ദൈവം എല്ലാവര്‍ക്കും ബലവും ധൈര്യവും നല്‍കട്ടെ എന്ന പ്രാര്‍ഥനയോടെ! ഷരിഫ് സാഹിബിനു പൂര്‍ണ്ണസുഖമായിക്കാണുമെന്ന് വിശ്വസിക്കുന്നു. ഇനിയും യന്ത്രം അതിവേഗം പ്രവര്‍ത്തിക്കട്ടെ

    ReplyDelete
  3. ഇക്ക അറിഞ്ഞില്ല ഒന്നും.
    എന്തായാലും താങ്കളൂടെ ചിന്ത മറ്റുള്ളവർക്ക് വലിയ ഒരു തിരിച്ചറിവിന്‌ കാരണമാകും.

    ReplyDelete
  4. വളരെ ശരിയാണു താങ്കള്‍ പറഞ്ഞത്.മറ്റുള്ളവരുടെ വേദന കാണുമ്പോളാണു നമ്മള്‍ എത്ര ഭാഗ്യവാന്മാരാണെന്ന് നമ്മള്‍ ഓര്‍ക്കുക.ഇടക്കിടക്ക് ഏതേലും ആശുപത്രിയുടെ ഐസിയുവിനു മുന്നില്‍ വെറുതെ നിന്നാല്‍ മതി.നമുക്കൊന്നും ഒന്നുമില്ലാന്നു തോന്നും.
    വേഗം സുഖാവട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
  5. ഇക്കാ... വളരെ നല്ല ചിന്ത....
    നല്ലൊരു പോസ്റ്റ്‌ ...

    ReplyDelete
  6. താങ്കളുടെ പൂര്‍ണശമനത്തിനും,സമാശ്വാസത്തിനുമായി പ്രാര്‍ഥിക്കുന്നു.എല്ലാ വിധ പരീക്ഷണങ്ങളും പ്രതിബന്ധങ്ങളും കവിഞ്ഞ ക്ഷമയോടെ,മനക്കരുത്തോടെ തരണം ചെയ്യാനുള്ള ശേഷിയും കഴിവും നല്‍കി ദൈവം അനുഗ്രഹിക്കുമാറാകട്ടെ.ആമീന്‍.

    ReplyDelete
  7. ഇപ്പൊ എല്ലാം ഭേദമായില്ലേ ഇക്കാ....?

    ReplyDelete
  8. അല്‍ഹംദുലില്ല!
    വളരെ നല്ല ചിന്തകള്‍ ഷരീഫിക്ക!

    ReplyDelete
  9. ഇക്കാ ഞമ്മളൊന്നും അറിഞ്ഞില്ലല്ലൊ?....

    നിങ്ങളുടെ താഴെ ഉള്ളവരിലേക്ക് നോക്കാന്‍ പറഞ്ഞ പ്രാവാചക വചനം ഇവിടെ ഓറ്ത്തുപോകുന്നു...

    ReplyDelete
  10. ശരിയാണ് മാഷേ. നമ്മെക്കാള്‍ വേദന അനുഭവിയ്ക്കുന്നവരെ പറ്റിയുള്ള ഓര്‍മ്മകള്‍ നമ്മുടെ വേദന ലഘൂകരിയ്ക്കുകയാണ് ചെയ്യുക.

    ReplyDelete
  11. ജീവിതത്തിന്റെ ആന്തരാർത്ഥങ്ങൾക്ക് നേരെ കണ്ണു തുറപ്പിക്കുന്നു ഈ പോസ്റ്റ്. നന്ദി.

    ReplyDelete
  12. എന്റെ പ്രിയം നിറഞ്ഞ സുഹൃത്തുക്കളേ!നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും ആശ്വാസ വചനങ്ങള്‍ക്കും കോടി കോടി നന്ദി.മണലാരണ്യത്തിലെ കുളിര്‍ മഴ പോലെ ആയിരുന്നു നിങ്ങളുടെ വാക്കുകള്‍

    ReplyDelete
  13. ശരിയാണ്, ഇങ്ങനെ ചിലത് വേണം ചിലപ്പോൾ, ആത്മവിശകലനത്തിന് ഉപകരിക്കും

    ReplyDelete
  14. ഇക്ക ഇതൊന്നും അറിഞ്ഞിരുന്നില്ല. ഞാന്‍ ഒരു ദിവസം ഫോണ്‍ വിളിച്ചിരുന്നു. പക്ഷെ എന്റെ നമ്പര്‍ അറിയില്ലാത്തതിനാലാവാം അല്ലെങ്കില്‍ തിരക്കായതിനാലാവാം അറ്റെന്റ് ചെയ്തില്ല.. എന്നിട്ട് ഇപ്പോള്‍ സുഖമായോ?

    ReplyDelete
  15. പ്രിയ ശ്രീ നാഥ്, അതേ! ഇങ്ങിനെ ഉണ്ടാകുന്ന അവസ്ഥ നമ്മളെ ആത്മ പരിശോധനക്ക് പ്രേരിപ്പിക്കും.

    എന്റെ പ്രിയ മനോരാജാവേ! ഇപ്പോള്‍ ഞാന്‍ ഒരു ചെറിയ ദുര്‍നടപ്പിലാണ് സമയം കഴിച്ചു കൂട്ടുന്നത്. ഉറ്റവരുടെ വഴക്ക് അവഗണിച്ച് വീട്ടില്‍ മുടന്തി മുടന്തി നടക്കുന്നു.പക്ഷേ അങ്ങീനെ താങ്കളുടെ ഒരു ഫോണ്‍ കാള്‍ കിട്ടിയില്ലല്ലോ ചങ്ങാതീ. അറ്റന്റ് ചെയ്യാന്‍ കഴിയാതെ വരുന്ന കാളുകള്‍ പിന്നീട് ഞാന്‍ തിരിച്ച് വിളിക്കാറുണ്ട്.എന്റെ നമ്പര്‍ പിശകിയോ?

    ReplyDelete
  16. ഹലോ ഷെറീഫേ,

    അപകടത്തില്‍ നിന്ന് രക്ഷപെട്ട് വേദനയേറിയ അനുഭവങ്ങള്‍ ഹാസ്യം കലര്‍ത്തി മധുരമാക്കാക്കി ഞങ്ങള്‍ ബ്ലോഗേഴ്സിന്റെ മുന്നില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞല്ലോ.നിങ്ങളുടെ കാല് വളരെ വേഗം സുഖം പ്രാപിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു

    പ്രസന്ന

    ReplyDelete
  17. ഷെറിഫ് സാര്‍ ,

    ഫോണ്‍ ചെയ്തപ്പോള്‍ എന്നോട് പാഞ്ഞതില്‍ കൂടുതല്‍ 
    ഗൌരവമുള്ള പരിക്കാണ് പറ്റിയത് എന്ന് മനസ്സിലാക്കുന്നു. ഹാറൂണ്‍, സാദിക്ക് തുടങ്ങിയ നമ്മുടെ സുഹൃത്തുക്കള്‍ പ്രയാസങ്ങളെ അവഗണിച്ച് ചെയ്യുന്ന പ്രവര്‍ത്തികള്‍ അത്ഭുതം തോന്നിക്കാറുണ്ട്. എത്രയും പെട്ടെന്ന് അസുഖം ഭേദമാക്കാന്‍ ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
  18. പ്രിയപ്പെട്ട പ്രസന്ന(MKERALAM) നന്ദി സുഹൃത്തേ! ആ പ്രാര്‍ത്ഥന സഫലീകൃതമാകട്ടെ.

    പ്രിയപ്പെട്ട കേരള ദാസനുണ്ണീ, സുഹൃത്തേ! ഫോണില്‍ സംസാരിക്കുമ്പോള്‍ അത്രക്ക് സീരിയസ് ആണ് പരിക്കെന്നു ഞാനുമറിഞ്ഞില്ല. ഒരു പരുവത്തിന് ഞാന്‍ അങ്ങ് നടന്നു. പക്ഷേ ആ നടപ്പ് ആണ് കാര്യങ്ങള്‍ വഷളാക്കിയത്. നിങ്ങളുടെ എല്ലാം പ്രാര്‍ത്ഥനകളാല്‍ ഇപ്പോള്‍ ബുദ്ധിമുട്ട് കുറവുണ്ട്. പുതിയ നോവല്‍ രണ്ടാം അദ്ധ്യായം തുടങ്ങിയെന്ന് അറിഞ്ഞു. ഉടനെ വായിക്കുന്നുണ്ട്. പുതിയ നോവലിന്റെ തിരക്കില്‍ പഴയ നോവല്‍ അച്ചടി മഷി പുരട്ടാനുള്ള ശ്രമം അമാന്തിക്കരുത്.

    ReplyDelete
  19. നാം ശരിക്കും എന്താണ് എന്ന് രോഗം നമ്മോട് പറയുന്നു-
    പഴമൊഴി

    ReplyDelete
  20. ഉള്ളിലേക്കിറങ്ങിപ്പോകുന്ന ചിന്തകള്‍.
    എല്ലാ സുഖങ്ങള്‍ക്കിടയിലും നമുക്ക് പരാതികളും പരിഭവങ്ങളുമാണ്.
    ഒരു വിരല്‍ മുടങ്ങുമ്പോഴാണ് അതിന്റെ വില നമ്മളറിയുക.
    ഒരപകടം പറ്റിയപ്പോള്‍ ആ വിഷമങ്ങള്‍ക്കിടയില്‍ സഹജീവികളുടെ വേദനയെപ്പറ്റി ഓര്‍ക്കാന്‍ കഴിയുക എന്നത് താങ്കളുടെ ഉള്ളിലെ നന്മയെ കാണിക്കുന്നു.
    ഹാറൂണ്‍ക്കയ്ക്കും,സാദിക്കിനും,റയീസിനും അതെ പോലെ പ്രയാസമനുഭവിക്കുന്ന എല്ലാവര്‍ക്കും ദൈവം സുഖം പ്രദാനം ചെയ്യുമാറാകട്ടെ..
    ഒപ്പം താങ്കള്‍ക്കും ആയുരാരോഗ്യങ്ങള്‍ ആശംസിക്കുന്നു.

    ReplyDelete
  21. പ്രിയപ്പെട്ട ഇസ്മെയില്‍ തീര്‍ച്ചയായും ആ പഴമൊഴി അന്വര്‍ത്ഥമാണ്.

    പ്രിയ mayflowers, താങ്കളുടെ പ്രര്‍ത്ഥനകള്‍ക്ക് നന്ദി നേരുന്നതിനോടൊപ്പം ലോകം നിറയെ അത്യുന്നതന്റെ സമാധാനം നിറഞ്ഞു നില്‍ക്കാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

    ReplyDelete