Friday, April 12, 2013

മലയാള സിനിമയുടെ പിതാവേ! മാപ്പ്!


സെലുലോയിഡ്  മലയാളം സിനിമ പുറത്ത് വരുന്നതിനു മുമ്പ് തന്നെ കെ.സി.ഡാനിയലിനെയും മലയാള സിനിമയിലെ ആദ്യ നടി റോസിയെയും കുറിച്ച് ആദ്യ മലയാള സിനിമ നടി റോസി എന്ന പേരിൽ ഞാൻഎന്റെ ബ്ലോഗിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
ആദ്യ മലയാള ചലചിത്രം വിഗതകുമാരനെ സംബന്ധിച്ചു എന്റെപിതാവിൽ നിന്ന് ബാല്യകാലത്ത് കേട്ട വിവരങ്ങൾ മനസിലുണ്ടായിരുന്നത് ഉപയോഗപ്പെടുത്തിയും  പിൽക്കാലത്ത് പലപ്പോഴായി ഞാൻ നടത്തിയ   യാത്രകളിൽ ഈ വിഷയ സംബന്ധമായി കൂടുതലായി എനിക്ക് ലഭ്യമായ അറിവുകൾ പ്രയോജനപ്പെടുത്തിയുമാണ് പ്രസ്തുത ലേഖനം തയാറാക്കിയത്.
അന്ന് റോസിയെ പറ്റി കിട്ടിയ സൂചനകൾ ഉപയോഗിച്ച് ഞാൻ  നാഗർകോവിൽ വരെ എത്തിയെങ്കിലും അവിടെ നിന്ന് ശരിയും സത്യസന്ധവുമായ വിവരങ്ങൾ ലഭ്യമാകാതിരുന്നതിനാൽ എന്റെ യാത്ര വിഫലമാകുകയും മലയാളത്തിലെ ആദ്യ നടി ആരാലും തിരിച്ചറിയപ്പെടാതെ മണ്മറഞ്ഞ് പോയി എന്ന് എനിക്ക് ബോദ്ധ്യം വരുകയും ചെയ്തു.

 ജെ.സി.ഡാനിയൽ അവസാനകാലം കഴിച്ച്കൂട്ടിയ അഗസ്തീശ്വരം സന്ദർശിക്കണമെന്ന് പലപ്പോഴും ആഗ്രഹിച്ചു എങ്കിലും അവിടേക്കുള്ള യാത്ര പല കാരണങ്ങളാലും നീണ്ട് പോയി.സെലുലോയിഡ് സിനമാ പുറത്ത് വന്നപ്പോൾ പഴയ ആഗ്രഹം വീണ്ടും തലപൊക്കി. അങ്ങിനെ കഴിഞ്ഞ മാർച്ച് 28 പെസഹാ വ്യാഴാഴ്ച്ച ദിവസം അഗസ്തീശ്വരം ലക്ഷ്യമാക്കി ഇറങ്ങി തിരിച്ചപ്പോൾ എന്റെ നല്ല പാതിയും മകൻ സൈലു,അവന്റെ ഭാര്യ സുമയ്യ, അവരുടെ സന്തതികളായ സൽമാൻ, സ അദ്, സഫാ എന്നിവരും  യാത്രയിൽ എനിക്ക് കൂട്ടായി വന്നു.
അഗസ്തീശ്വരം കന്യാകുമാരിയുടെ വടക്ക് ഭാഗത്താണെന്നും നാഗർകോവിലിനു തെക്ക് ഭാഗത്ത് വന്ന് ഇടത് വശത്തേക്ക് തിരിഞ്ഞാലും അവിടെ എത്തി ചേരാമെന്നും അറിഞ്ഞിരുന്നുവെങ്കിലും സ്ഥലത്തിന്റെ ശരിയായ സ്ഥാനം എനിക്കറിയില്ലായിരുന്നു. ഏത് സ്ഥലവും കണ്ടെത്താമെന്നുള്ള ആത്മധൈര്യം എനിക്ക് കൂട്ടുണ്ടായിരുന്നല്ലോ. വഴിയിലെ അന്വേഷണത്തിൽ നാഗർകോവിലിൽ നിന്ന് തിരിഞ്ഞ് പോകാതെ കന്യാകുമാരി വഴി അഗസ്തീശ്വരം പോകുന്നതാണ് ഉത്തമമെന്ന് അറിഞ്ഞതിനാൽ നേരെ കന്യാകുമാരിക്ക് വെച്ച്പിടിച്ചു. കത്തിക്കാളുന്ന മീന വെയിലിന്റെ ചൂടിന് ശമനം വരുന്നത് വരെ കന്യാകുമാരിയിൽ തങ്ങി.


അവിടെ നിന്നും അഗസ്തീശ്വരത്തേക്ക് യാത്ര തുടർന്നപ്പോൾ സായാഹ്നം ആരംഭിച്ചിരുന്നു. 
കൃസ്ത്യൻ നാടാർ സമുദായത്തിൽ പെട്ട ധാരാളം ആൾക്കാർ ജീവിക്കുന്ന അഗസ്തീശ്വരത്ത് ചെന്ന് കെ.സി.ഡാനിയലിനെ പറ്റി അന്വേഷിച്ചാൽ പറഞ്ഞ് തരാൻ ധാരാളം ആൾക്കാർ കാണുമെന്ന വിശ്വാസം എനിക്ക് ധൈര്യം നൽകിയിരുന്നല്ലോ.38കൊല്ലത്തിനു മുമ്പ് മരിച്ച ഡാനിയലിനെ പറ്റി കൂടുതൽ അറിയാൻ പ്രായമുള്ള ആൾക്കാരെ സമീപിക്കുന്നതാണ് ഉചിതമെന്ന തിരിച്ചറിവിനാൽ എതിർ ദിശയിൽ നിന്നും വന്ന വൃദ്ധന്റെ സമീപം കാർ നിർത്തി ഞാൻ ഡാനിയലിനെ പറ്റി തിരക്കി. മലയാള സിനിമയുടെ പിതാവ്, പ്രസിദ്ധനായ ദന്ത ഡോക്ടർ, എന്നീ നിലയിൽ ഡാനിയൽ ഏവർക്കും സുപരിചിതൻ ആയിരിക്കുമെന്ന് ഞാൻ കരുതിയിരുന്നു. മാത്രമല്ല എല്ലാ മലയാള സിനിമകളും നാഗർകോവിലിൽ പ്രദർശിപ്പിക്കുമെന്നതിനാൽ സെലുലോയിഡ് സിനിമയും അവിടെ പ്രദർശിപ്പിച്ചിരിക്കുമെന്നും അത് വഴി അഗസ്തീശ്വരവും ഡാനിയലും ആ നാട്ടുകരാൽ ബഹുമാനിക്കപ്പെട്ടിരിക്കുമെന്നും എനിക്ക് വിശ്വാസമുണ്ടായിരുന്നു. സെലുലോയിഡിന്റെ പ്രദർശനത്തെ തുടർന്ന് മുൻ മുഖ്യ മന്ത്രിയുടെ സന്തതികളും സിനിമാ സംവിധായകനായ കമലും തമ്മിലുണ്ടായ സംവാദങ്ങൾ നാഗർകോവിലിലും അലയടിച്ചിരിക്കുമെന്നും അതിനാൽ തന്നെ അഗസ്തീശ്വരവും ഡാനിയലും തമിഴന്റെ ഉള്ളകത്തിൽ
ഇടം കണ്ടെത്തിയിരിക്കുമെന്നും  എനിക്ക് ഒട്ടും തന്നെ സംശയവും ഇല്ലായിരുന്നു.
 എന്റെ എല്ലാ വിശ്വാസങ്ങളും ധാരണകളും കടപുഴുകി എറിയപ്പെട്ടു ആ വൃദ്ധന്റെ പ്രതികരണത്തിൽ.
“ഡാനിയലാ……,അവർ യാരു?.....വീട് എങ്കേ?  സിനിമാ പുടിച്ചാച്ചാ….മലയാളമാ…അവരെ എനക്ക് തെരിയാത്… അങ്കേ പോയി കേട്ട് പാരു…” വൃദ്ധൻ ഒന്ന് രണ്ട് കടകളും ഒരു ചെറിയ പ്രിന്റിംഗ് പ്രസ്സും സ്ഥിതി ചെയ്യുന്ന കവലയിലേക്ക്  കൈ ചൂണ്ടി.ഞാൻ വഴിയിൽ കണ്ട നാലഞ്ച് പേരോട് ഡാനിയലിനെ പറ്റി അന്വേഷിച്ചതിൽ അവരിൽ നിന്നും ഡാനിയലിനെ പറ്റി അറിയില്ല  എന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് കവലയിൽ ഉണ്ടായിരുന്ന പ്രിന്റിംഗ് പ്രസ്സിലേക്ക് കയറി ചെന്ന് അവിടെ കണ്ട പെൺകുട്ടിയോട് സിനിമാ പ്രൊഡ്യൂസറായിരുന്ന ഡാനിയൽ… എന്ന  മുഖവുരയോടെ അന്വേഷണം ആരംഭിച്ചു.പെൺകുട്ടികൾ സിനിമാ ഭ്രാന്ത്കാരായിരിക്കുമെന്നതിനാൽ എന്തെങ്കിലും സൂചനകിട്ടുമെന്ന് എനിക്ക് പ്രത്യാശ ഉണ്ടായിരുന്നു. പക്ഷേ ആ പെൺകുട്ടിയും കൈ മലർത്തി.
   “എൻ  താത്താ ഇപ്പോ വരുവാര്, അവർക്കിട്ട കേട്ടാൽ വെവരം കെടക്കുമേ…അവർ  രൊമ്പ പ്രായമായവർ…….അവളുടെ മുത്തഛൻ പ്രായമുള്ള ആളായതിനാൽ അയാൾക്ക് വിവരം നൽകുവാനാകുമെന്ന് അവൾ പറഞ്ഞുവെങ്കിലും സമയം ഏറെ കഴിഞ്ഞിട്ടും “താത്താ വന്നില്ല
പ്രസ്സിനു എതിർവശം ഒരു കൃസ്തീയ ദേവാലയം തല ഉയർത്തി നിന്നിരുന്നു.
  “ചർച്ചിലെ ഫാദർ കിട്ടെ കേട്ട് പാരു…..അവർക്ക് എല്ലാം തെരിയുമേ” എന്ന് പെൺകുട്ടി പറഞ്ഞ് തന്നപ്പോൾ “ശ്ശോ ഈ ബുദ്ധി എനിക്കിത് വരെ തോന്നിയില്ലല്ലോ”എന്ന് ഞാൻ സ്വയം കുറ്റപ്പെടുത്തി.
ആ കൃസ്തീയ ദേവാലയത്തിൽ എത്തിയ എനിക്ക് അവിടെ ഉണ്ടായിരുന്ന ഫാദറിന്റെ ചിരിച്ച മുഖം ആശ്വാസം നൽകിയെങ്കിലും ഡാനിയലിനെ പറ്റി അന്വേഷിച്ചപ്പോൾ ജെ.സി.ഡാനിയലിനെന്താണ് പ്രാധാന്യമെന്ന് റവറന്റ് ഫാദറിനെ ഞാൻ പഠിപ്പിക്കേണ്ടി വന്നു. വിഗതകുമാരനും ജെ.സി.ഡാനിയലും സെലുലോയിഡുമൊന്നും അച്ചന്റെ അറിവിന്റെ അയൽ പക്കത്തൊന്നും ഇല്ലായിരുന്നു.തുടർന്ന് ഞാൻ ദന്ത ഡോക്ടറായിരുന്ന ഡാനിയലിനെ പറ്റി ചോദിച്ചു.മാത്രമല്ല ഞാൻ വിദൂര സ്ഥലമായ കൊട്ടരക്കരയിൽ നിന്നും അദ്ദേഹത്തിന്റെ വിവരങ്ങൾ അറിയാനായി മാത്രം എത്തിയതാണെന്നും എങ്ങിനെയെങ്കിലും എന്നെ സഹായിച്ചില്ലെങ്കിൽ എന്റെ  യാത്ര വിഫലമാകുമെന്നും അച്ചനെ വിനയപുരസ്സരം അറിയിച്ചപ്പോൾ  “ഇവനു വട്ടാണോ, 38കൊല്ലത്തിനു മുമ്പ്  ചത്ത ആളെ തിരക്കി വരാനെന്ന” ചോദ്യ ഭാവം അച്ചന്റെ മുഖത്തുണ്ടായിരുന്നു  എന്ന് എനിക്കുറപ്പുണ്ടായിരുന്നു. എങ്കിലും ആ നല്ലവനായ പുരോഹിതൻ പതുക്കെ എഴുന്നേറ്റ് ഒരു പഴയ രജിസ്റ്റർ എടുത്ത് താളുകൾ മറിക്കാൻ തുടങ്ങി.മരിച്ചവരെ മറവ് ചെയ്യുന്നത് ആ പള്ളിയിലാണെങ്കിൽ എന്തെങ്കിലും രേഖകൾ അത് സംബന്ധമായി   കാണുമായിരിക്കും എന്ന് കരുതിയാണ് ഞാൻ പ്രത്യാശയോടെ അവിടെ കാത്ത് നിന്നത്. കുറേ ഏറെ പേജുകൾ മറിച്ചതിനു ശേഷം രണ്ട് ജെ.സി.ഡാനിയലുകാരുടെ മേൽ വിലാസം ഫാദർ എനിക്ക് തന്നു.ഡാനിയൽ കുടുംബത്തിൽ പെട്ടവരായിരിക്കും അവരെന്ന വിശ്വാസത്തിൽ അച്ചനോട് നന്ദിയും പറഞ്ഞ് ആ മേൽ വിലാസത്തിലെ വീടും അന്വേഷിച്ച് പള്ളിക്ക് സമീപമുള്ള സ്കൂളിനടുത്തെത്തിയ എന്റെ എല്ലാ പ്രതീക്ഷകളും തകർത്ത്കൊണ്ട് ആ വീടിന്റെ  ഗേറ്റ് പുറത്ത് പൂട്ടിട്ട നിലയിൽ കാണപ്പെട്ടു.അയൽ വാസിയായ ഡേവിഡിനോട് അന്വേഷിച്ചതിൽ അവർ നാഗർകോവിലിൽ പോയി കാണുമെന്ന മറുപടിയാണ് ലഭിച്ചത്.ഡേവിഡുമായി ഞാൻ ഏറെ നേരം സംസാരിച്ച് നിന്നു.ഞാൻ പോയ പള്ളിയിലല്ല ജെ.സി.ഡാനിയലിനെ മറവ് ചെയ്തിരിക്കുന്നതെന്നും അവിടെ നിന്നും കുറേ അകലെ ഏതോ ഒരു പറമ്പിൽ ആണെന്നും എനിക്ക് അറിയാൻ കഴിഞ്ഞു. ആ സ്ഥലം എനിക്ക് കണ്ട് പിടിക്കാനാവാത്ത വിധം പ്രധാന വീഥിയിൽ നിന്നും ഉള്ളിലേക്ക് മാറിയാണെന്നും ഡേവിഡ് പറഞ്ഞു.
എന്റെ യാത്ര വിഫലമായി തീർന്നു എന്ന സത്യം മനസിലേക്ക് വേദന കൊണ്ട് വന്നെങ്കിലും മലയാള സിനിമയുടെ പിതാവ് അവസാനകാലം തന്റെ യാതനകൾ അനുഭവിച്ച് തീർത്തത് ഈ ഭാഗത്ത് എവിടെയോ ഒരുവീട്ടിൽ വെച്ചായിരുന്നു എന്ന തിരിച്ചറിവ് തുടരന്വേഷണത്തിനു എന്നെ പ്രേരിപ്പിച്ച് കൊണ്ടേ ഇരുന്നു.
മടക്ക യാത്ര നാഗർകോവിൽ വഴി ആകാമെന്ന് കരുതി മുമ്പോട്ട് പോയപ്പോൾ അവിടെ ഒരു ബസ് സ്റ്റോപിൽ മൂന്ന് നാലു പേർ സൊറ പറഞ്ഞിരിക്കുന്നത് കണ്ട എന്റെ ഉള്ളിലുണ്ടായ പ്രേരണയാൽ ഡ്രെയ്‌വ് ചെയ്തിരുന്ന മകൻ സൈലുവിനോട് കാർ നിർത്താൻ ഞാൻ  ആവശ്യപ്പെട്ടു.അവരുടെ സമീപം ചെന്ന്
“നാൻ കൊല്ലം പക്കം നിന്ന് വരേൻ, ഇങ്ക ജെ.സി.ഡാനിയൽ…..” എന്ന് എനിക്ക് വാചകം പൂർത്തിയാക്കേണ്ടി വന്നില്ല, അവരിൽപ്രായമുള്ള ഒരാൾ പറഞ്ഞു “മലയാളത്തിലേ അന്ത മിണ്ടാ പടം എടുത്തവരാ…..?
“അതേ…….അതേ…..”എനിക്ക് സന്തോഷം അടക്കാനായില്ല. ചിലരെങ്കിലും അദ്ദേഹത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നുണ്ടല്ലോ!
“സാർ, അവർ ഏറെ നാൽ മുമ്പ് ശത്ത് പോയിട്ടേൻ…അവരുടെ വീട് ഇപ്പോൾ ഇങ്കേ ഇല്ലെ…പുത് വീട് എന്ന് താൻ  അന്ത വീട് പേർ.പെരിയ വീട്..അവരെ അപ്പാവുടെ വീട് താനത്. ഇങ്ക എല്ലാം വിറ്റ് സൊന്തക്കാരെല്ലാം നാഗർകോവിലിൽ പോയിരിക്ക്…..അങ്കേ  ഒരു പെരിയ ആശുപത്രി പോട്ടിരിക്കണത് ഡാനിയലുടെ സഹോദരൻ മകൻ താൻ……” അയാളിൽ നിന്നും  അവിടെ കൂടിയിരുന്ന പ്രായമുള്ള മറ്റ് ആൾക്കാരിൽ നിന്നും വാക്കുകൾ നിർഗമിച്ച് കൊണ്ടേ ഇരുന്നു.അവരുമായി സംസാരിച്ച് കൊണ്ടിരുന്നപ്പോൾ മറ്റൊരാൾ മോട്ടോർ സൈക്കിളിൽ  അവിടെയെത്തി. അൽപ്പം മുമ്പ് ഡേവിഡും ഞാനുമായി സംസാരിച്ച് നിന്നത് അയാൾ കണ്ടിരുന്നുവത്രേ!.ഡാനിയലിനെ അടക്കിയിരിക്കുന്ന സ്ഥലം അയാളുടെ കുടുംബത്തിന്റേതായിരുന്നുവെന്നും അതിനു അടുത്ത് തന്നെ അയാൾക്ക് വേറെ സ്ഥലം ഉണ്ടെന്നും അതിൽ നിൽക്കുന്ന തെങ്ങ്കൾക്ക് വെള്ളം പമ്പ് ചെയ്യാൻ അയാൾ ആ പറമ്പിലേക്ക് പോവുകയാണെന്നും പറഞ്ഞപ്പോൾ എനിക്ക് സന്തോഷം അടക്കാനായില്ല.എന്നോടൊപ്പം വന്നിരുന്ന കുടുംബാംഗങ്ങൾക്കും സന്തോഷമായി.ഞാൻ നടത്തിയിരുന്ന അന്വേഷണം നിഷ്ഫലമായി തീരുന്നത് അവർ കുറേ നേരമായി കണ്ട് കൊണ്ടിരിക്കുകയായിരുന്നല്ലോ. മോട്ടോർ സൈക്കിൾകാരനെ ഞങ്ങൾ കാറിൽ പിന്തുടർന്നു.
പ്രധാന റോഡിൽ നിന്നും വിട്ടകന്ന് ഒരു ബൈ റോഡിലൂടെ അയാൾ ഒരു പറമ്പിൽ ചെന്ന് കയറി.ഞങ്ങളുടെ വഴികാട്ടിയായി വന്ന നാരായണന്റേതായിരുന്നു ആ പറമ്പ്. ആ പറമ്പിലൂടെ നടന്ന് ഞങ്ങൾ ഡാനിയലിനെ അടക്കിയിരുന്ന സ്ഥലത്തെത്തി.രാവിലെ തുടങ്ങിയ ക്ലേശകരമായ യാത്രക്കൊടുവിൽ പ്രശാന്തമായ  സായാഹ്നത്തിൽ ആ കല്ലറക്ക് സമീപം നിന്നപ്പോൾ എന്റെ ചിന്തകൾ വർഷങ്ങൾക്ക് പുറകിലേക്ക് പൊയ്കൊണ്ടിരുന്നു, ഞാൻ ജനിക്കുന്നതിനും മുമ്പുള്ള വർഷങ്ങളിലേക്ക്.
ഇവിടെ  ഇതാ അദ്ദേഹം ഉറങ്ങുന്നു. സിനിമാ നിർമാണം എന്ന ഭ്രാന്തിൽ തന്റെ എല്ലാ സ്വത്തും മലയാളത്തിലെ ആദ്യ സിനിമാ നിർമ്മിക്കുന്നതിനു വേണ്ടി ചെലവഴിച്ച് ആരാലും അറിയപ്പെടാതെ ഈ ഒഴിഞ്ഞ കോണിൽആ മനുഷ്യൻ യാത്ര അവസാനിപ്പിച്ചിരിക്കുന്നു. അന്ത്യകാലം ഭാര്യ ഒഴികെ ഉറ്റവർ എല്ലാവരിലും നിന്നും ഒഴിവാക്കപ്പെട്ട് സംരക്ഷിക്കേണ്ട സ്വന്തം ആണ്മക്കളുടെ സാമീപ്യമില്ലാതെ, വാർദ്ധക്യത്തിലുണ്ടായ തളർവാതത്താൽ അവശനായി മരണത്തിലെത്തി ചേർന്ന ആ മനുഷ്യന്റെ മൃതദേഹത്തിൽ ആരെങ്കിലും ഒരു റീത്ത് എങ്കിലും വെച്ചിരുന്നോ ആവോ? . പിന്നീടാരോ ഈ കല്ലറ കെട്ടി അതിൽ ജെ.സി.ഡാനിയൽ 1900-1975 എന്നും ഡന്റൽ സർജനെന്ന് ആദ്യവും മലയാള സിനിമായുടെ പിതാവെന്ന് രണ്ടാമതും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കല്ലറയിൽ രേഖപ്പെടുത്തേണ്ടിയിരുന്നത് വികറ്റർ യൂഗോയുടെ വിശ്വ വിഖ്യാതമായ “പാവങ്ങൾ” എന്ന കൃതിയുടെ അവസാനഭാഗം നലാപ്പാട്ട് നാരായണ മേനോൻ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ താഴെ കാണുന്ന വരികളായിരുന്നുവെന്ന് എനിക്ക് തോന്നി.
അദ്ദേഹമുറങ്ങുന്നു, വിധി എന്തായീടിലും
ജീവിച്ചു പുമാനിവൻ മരിച്ചു ജീവൻ പോകെ-
എത്രയോ സാധാരണമായത് സംഭവിച്ചു;
പകൽ പോയെന്നാലപ്പോൾ രാത്രി വന്നീടുംവണ്ണം.

വഴികാട്ടിയായി വന്ന നാരായണനും ഞാനുമായി ആ കല്ലറക്ക് സമീപം നിന്നത് മകൻ ക്യാമറയിൽ പകർത്തി.
മകന്റെ ഫോട്ടോ ഞാനുമെടുത്തു.ചുറ്റും മറ്റ് ചില കല്ലറകളുണ്ടായിരുന്നെവെങ്കിലും ജെ.സി. ഡാനിയലിനെ അവസാനം വരെ സ്നേഹപൂർവം പരിചരിച്ചിരുന്ന ഭാര്യയുടെ കല്ലറ അവിടെങ്ങും കണ്ടില്ല. തിരുവനന്തപുരം എൽ.എം.എസ്.ജംഗ്ഷനിലെ പുസ്തക വ്യാപാരി  ആയിരുന്ന ജോയൽ സിംഗിന്റെ           അതി സുന്ദരിയായ മകൾ ഡാനിയലിന്റെ പ്രിയ പത്നി ആയതിനു ശേഷം അദ്ദേഹത്തിന്റെ എല്ലാ സുഖ ദുഖങ്ങളിലും പങ്ക് കൊണ്ട് ഒരുനിഴൽ പോലെ അദ്ദേഹത്തെ പിന്തുടർന്നിരുന്നുവല്ലോ.എവിടെയോ ഏതോ മണ്ണിൽ ആരാലും തിരിച്ചറിയപ്പെടാതെ ആ സാധ്വി ഉറങ്ങുന്നുണ്ടായിരിക്കാം.ഡാനിയൽ മലയാള സിനിമാ ആദ്യമായി നിർമ്മിച്ചതിലൂടെ അനുഭവിച്ച യാതനകളുടെ ഒരു വിഹിതം ആ പാവം സ്ത്രീയും അനുഭവിച്ചിരുന്നല്ലോ.അദ്ദേഹം അവസാന കാലം തളർന്ന് കിടന്നപ്പോഴും കൂട്ടിനു അവരുണ്ടായിരുന്നല്ലോ.അദ്ദേഹത്തിറ്റെ വിയോഗത്തിനു ശേഷമാണ് അവർ മരിച്ചത്. ആരോരുമറിയാതെ അവരും യവനികക്ക് പുറകിലേക്ക് പോയി മറഞ്ഞു.
 അഗസ്തീശ്വരത്ത് ഞാൻ സംസാരിച്ചവരിൽ നിന്നും എനിക്ക്കിട്ടിയ വിവരങ്ങൾ പ്രകാരം ഡാനിയലിന്റെ മൂത്തപുത്രനും മലയാള സിനിമയിലെ ആദ്യ ബാലതാരവുമായ  സുന്ദരം         ഡാനിയൽ ആസ്ത്രേല്യായിലേക്ക് പോയി എന്നും അവിടെ വെച്ച് മരിച്ചു എന്നും ഇളയ മകൻ ഹാരിസ് ഡാനിയൽ ഇൻഷുറൻസ് കമ്പനിയിൽ ജോലിയായതിനാൽ പിതാവിൽ നിന്നും അകന്ന് കഴിയേണ്ടി വന്നുവെന്നും പിതാവിന്റെ മരണ സമയം ഇവർ ആരും അദ്ദേഹത്തിന്റെ അരികിൽ ഇല്ലായിരുന്നു എന്നും അറിയാൻ കഴിഞ്ഞു. എന്തിന് അവരുടെ പിതാവ് മരിച്ചു എന്ന വിവരം പോലും നാളുകൾ കഴിഞ്ഞാണ് അവർ അറിഞ്ഞതത്രേ! ഒരു മകളുടെ കുടുംബം മാത്രം അദ്ദേഹത്തിന്റെ അന്ത്യ നാളുകളിൽ അടുത്തുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സഹോദരന്റെ മകളാണ് ശവസംസ്കാര ചടങ്ങുകൾ നടത്തിയത് എന്നും അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞു. ഇവിടെ നാം ഓർമ വെക്കേണ്ട വസ്തുത, 1975ൽ മലയാള സിനിമയുടെ പിതാവ് മരിക്കുമ്പോൾ മലയാള സിനിമയുടെ പുഷ്കല കാലമായിരുന്നു എന്നതാണ്. കൃഷ്ണൻ നായരും ശശികുമാറും മെരിലാൻഡ് എസ്.കുമാറും, നവോദയാ അപ്പച്ചനും വാസുദേവൻ സാറും നസീറും കെ.പി.ഉമ്മറും അങ്ങിനെ പ്രഗൽഭരായ പലരും ജ്വലിച്ച് നിന്ന കാലം. ഡാനിയലാണ് മലയാള സിനിമയുടെ പിതാവെന്ന് അന്ന് സ്ഥിരപ്പെട്ടു കഴിഞ്ഞിരുന്നു.എന്നിട്ട് പോലും അദ്ദേഹത്തിന്റെ മരണം ആരുമറിയാതെ പോയി.ഒരു അനുശോചന യോഗം പോലും ആരും വിളിച്ച് കൂട്ടിയുമില്ല.
വിഗതകുമാരൻ സിനിമാ നിർമ്മിച്ചതിലൂടെ ഡാനിയലിനു സാമ്പത്തിക നഷ്ടം വന്നു എങ്കിലും പിൽക്കാലത്ത് ഡെന്റൽ സർജൻ എന്ന നിലയിൽ അദ്ദേഹം കഠിനാധ്വാനം ചെയ്ത് സമ്പത്തുണ്ടാക്കി. പക്ഷേ സിനിമാ ഭ്രാന്ത് മൂത്ത് മദ്രാസിലെ ഏതോ സ്നേഹിതൻ മുഖേനെ വീണ്ടും സിനിമാ നിർമാണത്തിനയി ഒരുങ്ങി ഇറങ്ങിയ അദ്ദേഹത്തിന് കനത്ത സാമ്പത്തിക നഷ്ടം നേരിടുകയും ആദ്യ സിനിമാ നിർമാണത്തിനു എതിരു പറയാതിരുന്ന കുടുംബാംഗങ്ങൾ പലരും രണ്ടാമത്തെ ശ്രമത്തെ എതിർക്കുകയും ചെയ്തു എന്നും അറിയാൻ കഴിഞ്ഞു. എങ്കിലും അവസാന നിമിഷം വരെ ആ മനുഷ്യന് സിനിമാ ഹരം തന്നെ ആയിരുന്നു.
ഇന്ന് കോടികൾ ലഭിക്കുമായിരുന്ന തന്റെ സ്വത്തുക്കളെല്ലാം സിനിമാ നിർമാണത്തിനായി നഷ്ടപ്പെടുത്തിയ ആദ്യ മലയാള സിനിമാ നിർമ്മാതാവ് തന്റെ അവസാന കാലത്തെ കഷ്ടതയാൽ കേവലം 350രൂപാ ലഭിക്കുന്ന അവശ കലാകാര പെൻഷനു വേണ്ടി കേരള സർക്കാരിലേക്ക് അപേക്ഷിച്ചു എന്നും അദ്ദേഹം മലയളി അല്ല എന്ന കാരണത്താൽ അദ്ദേഹത്തിന്റെ അപേക്ഷ നിഷ്കരണം തള്ളി മലയാളികളായ നമ്മൾ അദ്ദേഹത്തോട് നന്ദി കാണിച്ചു എന്നതും പിൽക്കാല ചരിത്രം. എല്ലാ കഷ്ടതകളും അനുഭവിച്ച് ആ മനുഷ്യൻ മരിച്ചതിന് ശേഷം നാം അദ്ദേഹത്തിന്റെ പേരിൽ ഒരു വൻ തുക ജെ.സി.ഡാനിയൽ അവാർഡ് എന്ന പേരിൽ ഇപ്പോൾ മലയാള സിനിമ പ്രവർത്തകർക്ക് നൽകുന്നുമുണ്ട്.
സിനിമ എന്തെന്നറിയാത്ത കാലഘട്ടത്തിൽ മലയാളികൾക്ക് ഒരു സിനിമ നിർമ്മിച്ചു കാണിച്ച് കൊടുത്തു എന്നതാണ് അദ്ദേഹം ചെയ്ത ഏക കുറ്റം. തന്റെ ആസ്തികൾ വിറ്റ് പെറുക്കി അദ്ദേഹം സിനിമാ നിർമ്മിച്ചപ്പോൾ ആ സിനിമാ കാണാനെത്തിയ നമ്മുടെ കാരണവന്മാർക്ക് സിനിമയെന്ത് യാഥാർത്ഥ്യമെന്ത് എന്ന് തിരിച്ചറിയാൻ സാധിക്കാതിരുന്നതിനാൽ താഴ്ന്ന ജാതിയിൽ പെട്ട ഒരു സ്ത്രീ സവർണയായി അഭിനയിച്ചത് സഹിക്കാവുന്നതിനുമപ്പുറമായിരുന്നു.അവർ സിനിമാ പ്രദർശിപ്പിച്ച ക്യാപിറ്റോൾ ഹാൾ അടിച്ചു പൊളിച്ചു. തിരശ്ശീല വലിച്ചു കീറി.ഇനി ഒരു ഹീന ജതിക്കാരി ആ തിരശ്ശീലയിൽ സവർണയായി വരുവാനും തന്റെ തലയിൽ നിന്നും ഒരു പുരുഷന് പൂ എടുക്കാൻ അനുവാദം കൊടുക്കാനും  പാടില്ലാ എന്നും അവർ തീരുമാനിച്ചു.
ആദ്യ നടി റോസിയുടെ കുടിൽ കരപ്രമാണിമാർ കത്തിച്ചതിനെ തുടർന്ന് ആ സ്ത്രീ ജീവനും കൊണ്ടോടി നാഗർകോവിലിൽ എത്തി തന്റെ പേരും മാറ്റി അജ്ഞാതയായി ശിഷ്ടകാലം കഴിച്ച് കൂട്ടി.
 ഡാനിയലിനും കൂട്ടർക്കും ജീവൻ രക്ഷിക്കാൻ പലായനം ചെയ്യേണ്ടി വന്ന കഥ പണ്ട് എന്റെ പിതാവിൽ നിന്നും കേട്ടപ്പോൾ മനസിലുണ്ടായ ചോദ്യം ഇന്നും മനസിൽ നില നിൽക്കുന്നു.വിഗത കുമാരൻ എന്ന  ഒരു സാമൂഹ്യ ചിത്രം നിർമ്മിക്കുന്നതിനു പകരം അന്ന് ഡാനിയൽ ആദ്യ മലയാള ചിത്രമായി ഒരു മിശിഹാ ചരിത്രമോ രാജാ ഹരിശ്ചന്ദ്രായോ മറ്റോ നിർമ്മിച്ചിരുന്നെങ്കിൽ മലയാള സിനിമാ ചരിത്രത്തിനും ഡാനിയലിന്റെ ജീവിതത്തിനുമുണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെ ആയിരിക്കും? പക്ഷേ ആ കലാകാരന് പണമല്ലായിരുന്നു വലുത്. കലയോടുള്ള പ്രതിബദ്ധത വലുതായി കണ്ട ആ മനുഷ്യൻ പണം വലുതായി കണ്ടില്ലാ എന്നതാണ് അദ്ദേഹത്തിന്റെ മഹത്വം ഉയർത്തുന്നത്. സാമ്പത്തികമായി തകർന്ന് കടം കയറിയപ്പോൾ തിരുവനന്തപുരം പട്ടത്തുണ്ടായിരുന്ന ട്രാവൻകൂർ നാഷണൽ പിക്ചേഴ്സ് സ്റ്റുഡിയോയും സ്ഥലവും വിറ്റ് അദ്ദേഹം നാട്ടിൽ തിരിച്ചെത്തി.
അപ്പോഴും എപ്പോഴും സിനിമാ ഹരമായിരുന്ന ആ മനുഷ്യൻ അവസാനം ഇതാ ഈ ചൊരി മണലിൽ  ആരാലും ശ്രദ്ധിക്കപ്പെടാതെ അന്ത്യ വിശ്രമം കൊള്ളുന്നു, മലയാളിയുടെ നന്ദികേടിന്റെ പ്രതീകമായി.മലയാള സിനിമാ ചരിത്രത്തിലൂടെ കണ്ണോടിച്ചവരിൽ ചിലർ ഇവിടെ വല്ലപ്പോഴും വന്നെങ്കിലായി.കാലം കടന്ന് പോകുമ്പോൾ ആ വരവും നിലക്കും. ഈ തിരക്ക് പിടിച്ച ലോകത്തിൽ ആർക്കുണ്ട് സമയം.

“നമുക്ക് തിരികെ പോകണ്ടേ? ഭാര്യയുടെ ചോദ്യം എന്നെ ചിന്തയിൽ നിന്നും ഉണർത്തി. മകനും ഭാര്യയും സൽമാനും സ അദും സഫായും എന്നെ തന്നെ നോക്കി നിൽക്കുകയാണ്. നേരം ഏറെ വൈകിയിരിക്കുന്നു.ഞാൻ ഒന്നുകൂടി ആ കല്ലറയിലേക്ക് നോക്കി.
“മലയാള സിനിമയുടെ പിതവേ! ഞങ്ങൾ മലയാളികൾ നനികെട്ടവരായി പോയി.ഞങ്ങളോട് ക്ഷമിക്കുക”.മനസ് മന്ത്രിച്ചു.
മലയാള സിനിമയുടെ അവാർഡ് ജെ.സി. ഡാനിയലിന്റെ പേരിൽ നൽകുന്നതിലൂടെ മാത്രം നമ്മുടെ കടമകൾ തീരുന്നില്ലായെന്ന് ഞാൻ കരുതുന്നു.ജെ.സി. ഡാനിയലിന്റെ ഓർമ്മക്കായി അഗസ്തീശ്വരത്ത് അദ്ദേഹത്തിന്റെ പേരിൽ ഒരു സ്മാരകം ഉണ്ടാകേണ്ടിയിരിക്കുന്നു. അദ്ദേഹം അന്ത്യ വിശ്രമം കൊള്ളുന്ന സ്ഥലം തിരിച്ചറിയപ്പെടുന്നതിനായി ആ സ്ഥലം ഏറ്റെടുക്കാൻ  കേരള സർക്കാർ ഏതെങ്കിലും പദ്ധതികൾ നടപ്പിലാക്കേണ്ടതാണ്.കേവലം വർഷങ്ങൾ കൊണ്ട് ആ നാട്ടുകാർ ഏറെ പേർക്കും ഇപ്പോൾ തന്നെ അദ്ദേഹം അപരിചിതനായി ഭവിച്ചിരിക്കുന്നു. ഇനിയും കുറേ വർഷങ്ങൾ കൂടി കടന്ന് പോകുമ്പോൾ ഈ കല്ലറയും അദ്ദേഹത്തിന്റെ ഓർമകളും ഇല്ലാതായേക്കാം.അതിനാൽ അമ്മ തുടങ്ങിയ സിനിമാ സംഘടനകൾ മുൻ കൈ എടുത്ത് സർക്കാരിന്റെ ആഭിമുഖ്യത്തിൽ മലയാള സിനിമയുടെ പിതാവിന്റെ ഓർമ നിലനിർത്താൻ പ്രവർത്തിക്കേണ്ടിയിരിക്കുന്നു.
സിനിമാ എന്നാൽ എന്താണെന്നറിയാതിരുന്ന കാലഘട്ടത്തിലേക്ക് ചിറകടിച്ച് പറന്നെത്താൻ ധൈര്യം കാണിച്ച് മുമ്പേ പറന്ന ആ പക്ഷിയെ  ഇന്നത്തെ സിനിമാ ലോകത്ത് ദന്ത ഗോപുരത്തിൽ വസിക്കുന്ന സൂപ്പർ സ്റ്റാറും മെഗാ സ്റ്റാറും താര റാണികളും മറക്കുന്നു എങ്കിൽ തങ്ങൾ വസിക്കുന്ന ദന്തഗോപുരത്തിന്റെ അടിസ്ഥാന ശിലയായി വർത്തിച്ച ആ നല്ല മനുഷ്യനോടും സിനിമാ ചരിത്രത്തോടും കാണിക്കുന്ന നന്ദി കേട് മാത്രമായിരിക്കുമതെന്ന് തിരിച്ചറിയുക.




11 comments:

  1. JC ഡാനിയൽ അവാർഡ് എല്ലാ കൊല്ലവും കൈനീട്ടി വാങ്ങുന്നവർ പോലും കാണിക്കാത്ത താല്പര്യം കാണിച്ച ഷെരീഫ്ക്കക്കു അഭിവാദ്യങ്ങൾ . . .

    ReplyDelete
  2. sharifkka...ente kannu potti paaleesaayi...vaayikkan pattunnille...

    ReplyDelete
  3. ഇങ്ങിനെ ഒരു സത്യം മറയാതെ കിടക്കുന്നത് കാണിച്ചു തന്ന ലേഖകന് ഒരുപാട് നന്ദി...

    ReplyDelete
  4. നല്ല ഓര്‍മ്മപ്പെടുത്തലിനും അന്വേഷണത്തിനും നന്ദി

    ReplyDelete
  5. ഹൃദയ സ്പര്ശിയായ എഴുത്ത് .. നല്ലൊരു ഓർമ പെടുത്തൽ കൂടിയാണ് ഈ എഴുത്ത് .

    ReplyDelete
  6. എന്റെ മനസ്സിലെ, അതുപോലെ മറ്റു പലരുടെയും മനസ്സിലെ ആഗ്രഹമാണ് ഷെരീഫിലൂടെ സാധിച്ചത്. നന്ദി......

    ReplyDelete
  7. സിനിമയോടുള്ള താല്പര്യം കുറവാണ് . എങ്കിലും ഇതെല്ലാം തിരശീലക്കു പിറകിലെ അറിയേണ്ട അറിവുകളാണ്

    ReplyDelete
  8. ഹൃദ്യമായ അവതരണം.....

    ReplyDelete
  9. മിനക്കെട്ട് നല്ലൊരു അന്വേഷണം തന്നെ നടത്തി അല്ലേ? വളരെ നന്നായി മാഷേ.

    ReplyDelete
  10. ഈ അഭിപ്രായങ്ങൾ എനിക്ക് ഇനിയും പ്രചോദനമായി ഭവിക്കട്ടെ.!

    ReplyDelete