Sunday, July 21, 2013

പീഡനങ്ങളും തട്ടിപ്പുകളും.

പലതരം  സീസണുകൾ  നമുക്ക്  സുപരിചിതമാണ് .  ചക്ക-മാങ്ങാ  ധാരാളം  കിട്ടുമ്പോൾ  അത്  ചക്ക-മാങ്ങാ സീസൺ. ആപ്പിൾ   കൂടുതൽ  ലഭ്യമാകുമ്പോൾ  ആപ്പിൾ  സീസൺ.  ചിക്കൻ ഗുനിയ  ധാരാളം  റിപ്പോർട്ട്  ചെയ്യപ്പെടുമ്പോൾ  ഡോക്റ്ററന്മാർക്കും  മെഡിക്കൽ  ഷാപ്പുകൾക്കും  ചിക്കൻ ഗുനിയാ സീസൺ. അങ്ങിനെ  പോകുന്നു സീസണുകൾ.

  ഞാനിവിടെ  പറയാൻ  പോകുന്നത്  പത്രങ്ങളുടെ    വാർത്താ സീസണുകളെ  പറ്റിയാണ്.  .  അടുത്ത കാലം  വരെ  സ്ത്രീ പീഡനങ്ങളുടെ   വാർത്താ  സീസണായിരുന്നു.
ഡെൽഹി  പീഡനം,  ബംഗ്ലൂർ  പീഡനം,  വിതുര  പീഡനം  സൂര്യനെല്ലി  പീഡനം പരവൂർ  പീഡനം,  അങ്ങിനെ  സ്ഥല നാമങ്ങളാൽ  അറിയപെട്ടിരുന്ന  പീഡനങ്ങളും,  അഛൻ  മകളെ  പീഡിപ്പിച്ചു,  അഛനും  മകനും  പീഡിപ്പിച്ചു,  അമ്മയുടെ  സഹായത്തോടെ  രണ്ടാനഛൻ പീഡിപ്പിച്ചു, അടുത്ത  ബന്ധു   പീഡിപ്പിച്ചു, എന്നിങ്ങനെ  ബന്ധങ്ങളുടെ  പേരിൽ  അറിയപ്പെട്ടിരുന്ന  പീഡനങ്ങളും, അഞ്ച്  വയസുകാരിയെ  പീഡിപ്പിച്ചു, അൻപത്  വയസുകാരിയെ  പീഡിപ്പിച്ചു,  പതിനാലുകാരിയെ  പീഡിപ്പിച്ചു,  എട്ടാം ക്ലാസ് കാരിയെ   പീഡിപ്പിച്ചു,  പ്ലസ് വൺ കാരിയെ  പീഡിപ്പിച്ചു,  എന്നിങ്ങനെ  വയസിനു  പ്രാധാന്യ കൊടുത്ത   പീഡനങ്ങളും,  വാർത്തകളായി  വന്നുകൊണ്ടിരുന്നപ്പോൾ  പുട്ടിന് തേങ്ങാ ഇടുന്നത്  പോലെ  വിവാഹ  വാഗ്ദാനം ചെയ്തു  പീഡിപ്പിച്ചു,  എന്ന  തരത്തിലുള്ള  പീഡന വാർത്തകളും  ഇടക്കിടക്ക്  പീഡന വാർത്താ സീസണിൽ  മുഖം  കാണിച്ച്  കൊണ്ടിരുന്നു.( വിവാഹ  വാഗ്ദാനം  ചെയ്ത്  പീഡനം  ആദികാലം  മുതലുള്ള  വാർത്തയാണ്  .  കാര്യം  സാധിക്കാൻ  കെട്ടിക്കോളാമെന്ന്  പറയുക. ഗർഭിണി  ആകുമ്പോൾ    കാലുമാറുക  എന്നത്  ദുഷ്യന്തന്റെ  കാലം  മുതൽ  ആണുങ്ങളുടെ  പണിയാണ് )
ഇപ്പോൾ  പീഡന  സീസൺ  കഴിഞ്ഞെന്ന്  തോന്നുന്നു.  പൊട്ടാതെ  കിടന്ന  ഓലപ്പടക്കം  അൽപ്പം  വൈകി  പൊട്ടുന്നത്  പോലെ  ഇപ്പോൾ  അപൂർവമായേ ആ വാർത്തകൾ  കാണുന്നുള്ളൂ. 

ഇപ്പോൾ തട്ടിപ്പിന്റെ  സീസണാണ്.  സോളാർ തട്ടിപ്പ്,  ടോട്ടൽ ഫോർ യു  തട്ടിപ്പ്,  ശാലു  തട്ടിപ്പ്,  സരിത തട്ടിപ്പ്, പോഷക  തൈല  തട്ടിപ്പ് , ചാരിറ്റബിൽ  സൊസൈറ്റി തട്ടിപ്പ്,  ലീ കാപിറ്റൽ  തട്ടിപ്പ്, ഷെയർ മാർകെറ്റ്  തട്ടിപ്പ്, മനുഷ്യാവകാശ സംഘടനാ തട്ടിപ്പ്, ഫോറക്സ്  ട്രേഡിംഗ്  തട്ടിപ്പ്, ഇന്റഗ്രേഡ്  ഫിനാൻസ്  തട്ടിപ്പ്,  പത്രങ്ങളിൽ  ഇപ്പോൾ  ഈ വക  തട്ടിപ്പുകളുടെ  സീസൺ  കത്തിജ്വലിച്ച്  നിൽക്കുന്നു.  ഇനി  ഇപ്പോൾ പിഞ്ച്കുട്ടികൾക്കെതിരെ  പീഡന  സീസൺ  തുടങ്ങി  കഴിഞ്ഞു. കുമളി  ഷഫീക്കിന്റെ  കേസ്  പത്രത്തിൽ  വന്നതിനെ  തുടർന്ന്  ആ  മാതിരി  ധാരാളം  കേസുകൾ  വാർത്തകളായി കഴിഞ്ഞു.
പത്രം  വായിച്ച്  കഴിയുമ്പോൾ  തല മരവിക്കുകയാണിപ്പോൾ.  പീഡനത്തിരയാകാനായി  വിധിക്കപ്പെട്ട  ഇത്രയധികം  സ്ത്രീ ജന്മങ്ങളും പീഡിപ്പിക്കാനായി  ഒരു  ഭയവും  മടിയുമില്ലാതെ  ഇത്ര  അധികം  വേട്ടക്കാരും. ധാരാളം വാർത്തകൾ  തട്ടിപ്പിനെ  സംബന്ധിച്ച്  പുറത്ത്  വന്നിട്ടും   ധനാർത്തിയാൽ  പിന്നെയും  പിന്നെയും  ഓരോ  വെട്ടിപ്പിൽ  ചെന്ന്  ചാടി  കോടികൾ  തുലക്കുന്ന  വിദ്യാഭ്യാസവും  വിവരവുമുള്ള  വിഡ്ഡി കൂശ്മാണ്ഡങ്ങൾ. അവരെ  കുപ്പിയിലിറക്കി  കോടികൾ  തട്ടുന്ന  സ്ത്രീകൾ ഉൾപ്പടെയുള്ള  തട്ടിപ്പ്  സംഘങ്ങൾ.(ഇത്രയധികം  കോടികൾ  പുല്ല്  പോലെ  എടുത്ത്  ചെലവഴിക്കാൻ  തക്ക  വിധം  ആസ്തികൾ   ഉള്ളവർ  ഈ ദരിദ്ര കേരളത്തിലുണ്ടെന്നും  വെളിവാകുന്നു)  സ്വന്തം  രക്തത്തിൽ  ജനിച്ച  കുഞ്ഞുങ്ങളെ  കാട്ടാളന്മാർ  പോലും  ചെയ്യാൻ  അറക്കുന്ന  വിധം  ക്രൂരതക്ക്  ഇരയാക്കുന്ന  പിശാച് രൂപികൾ.
മനുഷ്യന്റെ  മനസ്സിൽ  ഇത്രയും  അന്ധകാരം നിറഞ്ഞ്  നിൽക്കുന്നു  എന്നും  അവർ  നമ്മുടെ  നാലുചുറ്റും  തന്നെ  ഉണ്ടെന്നും   അറിയുമ്പോൾ  തല  ചുറ്റ്  അനുഭവപ്പെടുക  തന്നെ  ചെയ്യും.

Sunday, July 14, 2013

വീണ്ടും അമ്പലനടയിൽ

കഴിഞ്ഞ  വർഷം  ഒരു  പ്രത്യേക  സാഹചര്യത്തിൽ  ഒരു  ദിവസത്തെ  നോമ്പ്  തുറ  ഹിന്ദു  മതത്തിലെ  ചില  സഹോദരന്മാരുടെ  സഹായത്താൽ  നടത്തിയ  അനുഭവം  "അമ്പല നടയിൽ  നോമ്പ്തുറ"  എന്ന  പേരിൽ   ഞാൻ  പോസ്റ്റ് ചെയ്തത്  നിങ്ങൾക്ക്  ഇവിടെ  വായിക്കാം.http://sheriffkottarakara.blogspot.in/2012/08/blog-post.html  

ഒരു  വർഷം  കഴിഞ്ഞ്  പോയി.
അന്ന്  ഞാൻ  കാണാൻ  പോയിരുന്ന   എന്റെ  സ്നേഹിതൻ  കുറച്ച്  മാസങ്ങൾക്ക്  മുമ്പ്  മരിച്ച്  പോയി.  അവന്റെ   ബന്ധുക്കളെ  സന്ദർശിക്കണം.  പഴയ  നോമ്പ് തുറ   ചായക്കടയിലൊന്ന്  കയറണം  എന്ന  ഉദ്ദേശത്തോടെ  കഴിഞ്ഞ  ദിവസം   ആ സ്ഥലങ്ങൾ  ഞാൻ  സന്ദർശിച്ചു.  അമ്പലത്തിനു  സമീപമുള്ള  ആ  ചായക്കടക്ക്  സമീപം  എത്തി  ആ  കട  അന്വേഷിച്ചപ്പോൾ  അത്  പൂട്ടിയ  നിലയിൽ  കാണപ്പെട്ടു.  അതിനു  പുറകിലുള്ള  ചായക്കടക്കാരൻ  താമസിക്കുന്ന  വീടിലെത്തിയപ്പോൾ  അവിടെ  താമസിക്കുന്നവർ  അപരിചിതരാണെന്ന്  കണ്ട്    ചായക്കടക്കാരനെ  പറ്റി  അന്വേഷിച്ചതിൽ   അദ്ദേഹം  ചായക്കടയും  വീടും  വിറ്റ്   മറ്റൊരു  സ്ഥലത്ത്  മകന്റെ കൂടെയാണ്  താമസമെന്ന്  അറിയാൻ  കഴിഞ്ഞു.    എന്തിനാണ്  അവരെ  തിരക്കുന്നതെന്ന  വീട്ടുകാരുടെ  ചോദ്യത്തിനു  മറുപടി  പറയാനാവാതെ  നിശ്ശബ്ദനായി  നിരാശയോടെ   റോഡിൽ  വന്നപ്പോൾ  അന്നത്തെ  ചെറുപ്പക്കാരനെ  കാണാൻ  സാധിച്ചു.  എന്നെ  കണ്ട്  അയാൾ അതിശയത്തോടെ  ഓടി  വന്നു. 
"സാറ്  ഈ  തവണയും  നോമ്പ്  തുറക്കാൻ  ഇവിടെ  വന്നോ?"  അയാൾ  ചിരിച്ച് കൊണ്ട്  എന്നോട്  ചോദിച്ചു.  അയാളുടെ  തോളിൽ  കയ്യിട്ട്  അണച്ച്    പിടിച്ച്  ഹൃദയം  നിറഞ്ഞ  സന്തോഷത്തോടെ  ഞാൻ  ചോദിച്ചു.
"സുഖമാണോ  അനിയാ?  നമ്മുടെ  കാർന്നോരെവിടെയാണ് "  അന്നത്തെ  ആ  പ്രായമുള്ള  കാരണവരെയാണ്  ഞാൻ  തിരക്കിയത്.
"അങ്ങേര്  വിസാ  അടിച്ച്  മുകളിലേക്ക്  പോയി. ഒരു ദിവസത്തെ  അസുഖം. ആൾ  ക്ലോസായി.  നല്ലോരു  മനുഷ്യനായിരുന്നു.  ചായക്കടക്കാരൻ  വീട്  മാറി  പോയി.   ചായക്കട  അടച്ചപ്പോൾ  ഞങ്ങളുടെ  കമ്പനി  പൊളിഞ്ഞു.  അതിരിക്കട്ടെ,  സാറെന്തിനാണ്  വന്നത്  /" അയാൾ  തിരക്കി.
  എല്ലാവരെയും   കാണാൻ  വന്നതാണെന്ന്  പറഞ്ഞപ്പോൾ    ചെറുപ്പക്കാരന്റെ    മുഖത്ത് അതിശയം  പടർന്ന്  കയറുന്നത്  ഞാൻ കണ്ടു.
"ഇതെല്ലമല്ലേ  അനിയാ  ജീവിതത്തിൽ  ബാക്കി നിൽക്കൂ"  എന്ന്   പതുക്കെ  പറയുമ്പോഴും  എന്റെ  മനസ്  മ്ലാനമായിരുന്നു. ആ  ചെറുപ്പക്കാരനോട്  യാത്ര  പറഞ്ഞ്   അവിടെ നിന്നും തിരിക്കുമ്പോൾ  എന്ത്കൊണ്ടോ    ഉള്ളിൽ  വിഷമം  അനുഭവപ്പെട്ടു. .   കഴിഞ്ഞ  വർഷം   ഞാൻ  കണ്ട്  സംസാരിച്ചിരുന്ന  എന്റെ  സ്നേഹിതൻ,  ആ  കാർന്നോര്,  അവരെ  ഇനി  ഒരിക്കലും  കാണാൻ  കഴിയില്ല.    ഗൗരവക്കാരനും  എന്നാൽ   ഉള്ള്  നിറയെ  മധുരം സൂക്ഷിക്കുന്നവരുമായ  ആ ചായക്കടക്കാരനും  ഭാര്യയും , അവരെ  ഇനി  എവിടെയെങ്കിലും  വെച്ച്   കാണാൻ  കഴിയുമോ ആവോ? കഴിഞ്ഞ  വർഷം  അവരുമായി  ഒരു  ദിവസം  കൊണ്ട്  ഞാൻ   സ്ഥാപിച്ച  സൗഹൃദം  ഇനി  പുതുക്കാനാവില്ലല്ലോ  എന്ന  വേദനയോടെ   വാഹനത്തിലിരുന്ന്    കണ്ണിൽ  നിന്നും  മറയുന്നത്  വരെ വീണ്ടും  വീണ്ടും ഞാൻ   ആ സ്ഥലം  നോക്കി കൊണ്ടിരുന്നു.

Wednesday, July 10, 2013

ഈ കായൽ കടത്തണേ!

അരൂർ  നിന്നും  കുമ്പളങ്ങിയിലേക്കുള്ള  യാത്ര.
 ജംകാർ  തന്നെ  ശരണം.

(മകൻ  സൈഫുവിന്റെ  രണ്ട്  വയസുള്ള   കുട്ടി  സിനാൻ   കുമ്പളങ്ങിയിൽ  ഒരു  ന്യൂറോ  ഫിസിയോ  തെറാപ്പി   സെന്ററിൽ  പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണ്.  ജനന  സമയം    പ്രൈവറ്റ്  ആശുപത്രിയിലെ  ഒരു  പീഡിയാട്രീഷന്റെ   നിർബന്ധ  ബുദ്ധിയാൽ   ഇങ്കുബേറ്ററിൽ  വൈക്കപ്പെട്ട  സിനാന്  അവിടെ  വെച്ച്  എങ്ങിനെയോ  തലയിൽ  വെയിൻ  പൊട്ടി   ബ്ലീഡിംഗിനെ  തുടർന്ന്   രണ്ട്  വയസ്സായിട്ടും  ഇരിക്കാനും  നിൽക്കാനും  താമസം  നേരിടുന്നതിനെ  തുടർന്ന്  അന്ന്  മുതൽ  ചികിൽസയിലാണ്.    ദിവസവും  ഫിസിയോ  തെറാപ്പി  വേണമെന്ന  വിദഗ്ദ  ഉപദേശത്താൽ    ഇവിടെ  എത്തി  ചേർന്നു. 
 സിനാന്  വേണ്ടി  പ്രാർത്ഥിക്കുക  അവന്റെ  അസുഖത്താൽ  ദു:ഖിതരായ  ഞങ്ങളോടൊപ്പം.)

Sunday, July 7, 2013

ജന്നത്തുൽ ബഖിയായും ചില ചിന്തകളും

         2005ൽ ഡിസമ്പർ മാസത്തിലെ ഒരു പുലർ കാലത്ത് ജന്നത്തുൽ ബഖിയായുടെ പടികൾ ഞാൻ കയറി കൊണ്ടിരുന്നു. മദീന പള്ളിയിൽ നിന്നും നോക്കിയാൽ കാണുന്ന ഈ സ്ഥലം പരിസര പ്രദേശത്തേക്കാൾ ഉയർന്ന ഭാഗമായതിനാലാണ് അവിടേക്ക് പടികൾ കാണപ്പെട്ടത്.പ്രവാചക പത്നിമാരിൽ പലരും അദ്ദേഹത്തിന്റെ സഹചരരിൽ ചിലരും ഇസ്ലാമിക ചരിത്രത്തിലെ മഹദ് വ്യക്തിത്വങ്ങളും ഈ ശ്മശാനത്തിൽ മറമാടപ്പെട്ടിരിക്കുന്നു എന്ന് അറിഞ്ഞിരുന്നതിനാൽ  അവിടെ സന്ദർശിക്കണമെന്ന് എനിക്ക്  മദീനയിൽ വന്ന അന്ന് തന്നെ ആഗ്രഹം ഉണ്ടായിരുന്നു. ചില സമയങ്ങളിൽ മാത്രം സന്ദർശകർക്കായി വാതിൽ തുറക്കപ്പെടാറുള്ള  ഈ മൈതാനം പുലരിയുടെ അരണ്ട വെളിച്ചത്തിൽ ഒരു പ്രത്യേക പരിവേഷം പൂണ്ട് നിൽക്കുന്നത് ഞാൻ കണ്ടു. നൂറ്റാണ്ടുകളായി മഹാന്മാരും മഹതികളും ഇവിടെ നിത്യ ഉറക്കത്തിലാണ്, സൂർ എന്ന കാഹളം ഊതുന്നത് വരെ.

   മയ്യത്തുകൾ മറമാടുന്ന ഈ സ്ഥലത്തൊരു ദിവസം രാത്രി പ്രവാചകൻ (സ അ) ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് ചെന്ന് അവിടെ വെച്ച്  പിൽക്കാലത്ത് പ്രസിദ്ധമായ ആ പ്രാർത്ഥന ഉരുവിട്ടു.(ഖബറിൽ കഴിയുന്നവരേ! നിങ്ങൾ ഞങ്ങൾക്ക് മുമ്പേ ഇവിടെ വന്നു. അല്ലാഹു ഇച്ഛിക്കുമ്പോൾ ഞങ്ങളും നിങ്ങളോടൊപ്പം വരും……എന്ന് തുടങ്ങുന്ന പ്രാർത്ഥന) അതിനു മുമ്പ് അദ്ദേഹം ഖബർ സന്ദർശനം നിരോധിച്ചിരുന്നു. നമ്മളും ഒരു നാൾ കുഴി മാടത്തിലേക്ക് ചെല്ലും എന്നുള്ള ബോധം വിശ്വാസികളിലുണ്ടാകാൻ വേണ്ടി അദ്ദേഹം ഖബർ സന്ദർശനം പുന:സ്ഥാപിക്കുമ്പോൾ സന്ദർശന സ്ഥലത്ത്  ഈ പ്രാർത്ഥന മാത്രം ഉരുവിടാൻ നിർദ്ദേശിച്ചും മറ്റ് വൈകാരികമായ പ്രകടനങ്ങൾ തടയുകയും ചെയ്തു.

ചരിത്രം ഉറങ്ങുന്ന ഈ ഭൂമിയിൽ നിൽക്കുമ്പോൾ മനസ് തരളിതമായി. ഇവിടെ ഇതാ തിരുമേനിയുടെ പ്രിയ പത്നിമാരും വിശ്വാസികളുടെ മാതാക്കളുമായ ആയിഷാ, ജുബൈരിയാ, സഫിയാ തുടങ്ങിയ എല്ലാവരുമുണ്ട്.ഇവിടെ ജഅഫർ ഉണ്ട്.  മൂന്നാം ഖലീഫാ ഉതുമാനിബ്നു അഫ്ഫാനുണ്ട്. പ്രവാചകന്റെ പ്രാധാന സഹചരർ പലരും ഉണ്ട്.പ്രിയ മകൾ ഫാത്തിമ, ഓമന പൗത്രൻ ഹസൻ തുടങ്ങിയവരുമുണ്ട്.(എല്ലാവരിലും അല്ലാഹു അനുഗ്രഹം ചൊരിയട്ടെ).  ആരുടെതെന്ന്  നമുക്ക്  തിരിച്ചറിയാൻ  കഴിയാത്ത  കുഴിമാടങ്ങളിൽ അവർ ഉറങ്ങുന്നു. മയ്യത്ത് മറമാടിയ ഇടമാണെന്ന് സൂചിപ്പിക്കുന്ന്തിനായി വെറും കാട്ട്കല്ലുകൾ നാട്ടിയിരിക്കുന്ന ആ  കുഴി മാടങ്ങളിൽ മാർബിൾ ഫലകങ്ങളില്ല, പേരുകൾ അടയാളപ്പെടുത്തിയിട്ടില്ല,  അവിടെ ഗോപുരം കെട്ടി പൊക്കിയിട്ടില്ല, എല്ലാ കബറിടങ്ങളും ഒരേ പോലെ കാണപ്പെട്ടു. 

നബി തിരുമേനിയുടെ പ്രിയ പത്നിമാരെ  മറമാടിയിരിക്കുന്നത് നാലഞ്ച് കല്ലുകൾ അടുത്തടുത്തായി നാട്ടിയിരിക്കുന്ന സ്ഥലത്താണെന്ന് ഒരു വൃദ്ധൻ പറഞ്ഞ് തന്നു. മുമ്പ് ഈ ഖബറുകൾ തിരിച്ചറിയാൻ കഴിഞ്ഞിരുന്നുവത്രേ! സന്ദർശകരിൽ ചിലരുടെ കൈ വശം കണ്ട പ്ലാനുകളിൽ ആ കബറുകൾ ആരുടേതാണെന്ന്  അടയാളപ്പെടുത്തിയിരിക്കുന്നത് ഞാൻ നേരിൽ കാണുകയുണ്ടായി. അത് ശരിയായിരിക്കാം തെറ്റായിരിക്കാം.

 അപ്പോൾ അവിടെ സാന്നിദ്ധ്യമുള്ള സഊദി സർക്കാർ മത വകുപ്പ് പണ്ഡിതരോട് കബറുകൾ  ആരുടേതെല്ലാമാണെന്ന് ചോദിച്ചപ്പോൾ അത് അവർക്കറിയില്ലെന്നും ആരുടേതായാലും മതത്തിന്റെ കാഴ്ചപ്പാടിൽ ആ വിഷയം പ്രസക്തമല്ലെന്നും അവിടെ സന്ദർശകരുടെ കയ്യിൽ കാണപ്പെട്ട പ്ലാനുകൾ ശരിയല്ലെന്നും കബർ ആരാധന തെറ്റാണെന്നും പ്രവാചകൻ പഠിപ്പിച്ച് തന്ന പ്രാർത്ഥന ഉരുവിട്ടാൽ മാത്രം മതിയെന്നും കബറിൽ തടവുകയോ അവിടെ നിന്നും മണ്ണെടുത്ത് കൊണ്ട് പോകുകയോ ചെയ്യുന്നത് തെറ്റാണെന്നും അവർ പറഞ്ഞു.

അവർ പറയുന്നത് ശരിയാണ്. ഏക ദൈവ വിശ്വസത്തിലധിഷ്ഠിതമായ ഒരു സിദ്ധാന്തത്തിന് അതിൽ നിന്നും  മാറി ചിന്തിക്കാൻ കഴിയില്ല. ബഹുദൈവ ആരാധനയിലേക്ക് വഴിമാറ്റപ്പെട്ടേക്കാവുന്ന കബർ പൂജയിലേക്ക് നയിക്കുന്ന എല്ലാ സാദ്ധ്യതകളും ഇല്ലാതാക്കേണ്ടത് സിദ്ധാന്ത സംരക്ഷണത്തിന്റെ ഭാഗം തന്നെയാണ്. ഉദാഹരണത്തിന് പ്രവാചകന്റെ പ്രിയ പത്നി ആയിശ( അല്ലാഹു അവരിൽ കാരുണ്യം ചൊരിയട്ടെ)യുടെ ശരീരം മറമാടിയ സ്ഥലം തിരിച്ചറിയപ്പെട്ടാൽ  ആഴത്തിൽ മതം  പഠിക്കാത്ത  ഒരു സാധാരണ സ്ത്രീ ആ മഹതിയോടുള്ള പ്രിയം കാരണം  ആ കബറിന്റെ മുമ്പിൽ പ്രണാമം ചെയ്തേക്കാം. നാട്ടിലെ ബീമാ പള്ളിയും നാഗൂരും അജ്മീരും തട്ടാമലയും ഗ്രാമങ്ങൾ തോറും അലങ്കരിച്ച് സൂക്ഷിക്കുന്ന ദിവ്യന്മാരുടെ  ജാറങ്ങളും  അവിടെ നടക്കുന്ന ആഘോഷങ്ങളും നമ്മുടെ മുമ്പിൽ  ഉദാഹരണങ്ങളായുണ്ട്.ഇസ്ലാമിന്റെ അന്തസത്തയിൽ  ആ വക ആഘോഷങ്ങളും ഉൾക്കൊള്ളുന്നു   . എന്ന  തെറ്റായ സന്ദേശം  ഇതര മതസ്തർക്ക്  നൽകാൻ   അവ ഇട വരുത്തുകയും ചെയ്യുന്നു. ഈ  കാഴ്ചപ്പാടിൽ  സഊദി  സർക്കാർ  ഈ കബറിടങ്ങൾ  തിരിച്ചറിയപ്പെടാതെ  സൂക്ഷിച്ചിരിക്കുന്നതിൽ  ന്യായം   ഉണ്ട്.

പക്ഷേ  മതത്തെ  ശരിക്കും  തിരിച്ചറിഞ്ഞ  ഒരു ചരിത്ര വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം  ഈ   കബറുകൾ  സ്വയം സംസാരിക്കുന്ന ചരിത്ര രേഖകളാണ്. ഈ കബറിടങ്ങൾ  ആരുടേതെന്ന്  തിരിച്ചറിഞ്ഞിരുന്നെങ്കിൽ  അതാത് സ്ഥലത്ത് നിൽക്കുമ്പോൾ   അവിടെ  ശയിക്കുന്ന വ്യക്തിയും  അവരുടെ ജീവിതവും  ഒരു ചലചിത്രമെന്ന വണ്ണം മനസിലൂടെ കടന്ന് പോകുമായിരുന്നു. മണ്ണിനു മുകളിൽ കെട്ടപ്പൊക്കിയ കബറുകൾ  തട്ടി നിരപ്പാക്കുന്നതിനു മുമ്പ്   ഒരു പ്ലാൻ വരച്ച്  കബറുകളുടെ സ്ഥാനവും  പേരും രേഖപ്പെടുത്തി സൂക്ഷിച്ചിരുന്നെങ്കിൽ അത് ചരിത്രത്തോട് ചെയ്യുന്ന നീതി  ആയിരുന്നേനെ. അപ്രകാരം ഒരു പ്ലാൻ രേഖപ്പെട്ത്തി സൂക്ഷിച്ചിട്ടുണ്ടോ എന്നും  ആരറിഞ്ഞു?!

സൂര്യൻ ഉദിച്ചുയരുന്ന  ഈ  അന്തരീക്ഷത്തിൽ ജന്നത്തുൽ ബഖിയ മനസിൽ ഒരു പ്രത്യേക അനുഭൂതി സൃഷ്ടിച്ചു. ഉദയ സൂര്യന്റെ കിരണങ്ങൾ തട്ടി  ചുവന്ന നിറത്തിൽ തിളങ്ങിയ ആ സ്ഥലം  പതിനാല് നൂറ്റാണ്ടിനു മുമ്പുള്ള  കാലഘട്ടം  മനസിലേക്ക് കടത്തി വിട്ട് കൊണ്ടിരുന്നു. അതാ വളരെ ദൂരെ ഒറ്റപ്പെട്ടതായി  കാണുന്ന ഒരു കുഴി മാടം- അത് മൂന്നാം ഖലീഫാ ഉസ്മാന്റേതാണെന്ന് പറയപ്പെടുന്നു- അദ്ദേഹത്തിന്റെ അന്ത്യ രംഗങ്ങൾ മനസിലേക്ക് കടന്ന് വന്നപ്പോൾ  അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു.

 മഹാനായ പ്രവാചക തിരുമേനി  നടപ്പിലാക്കിയ    ഇസ്ലാംമതം പ്രവാചകന്റെ  കാലത്ത് എത്ര സുന്ദരമായിരുന്നു. സമത്വ സുന്ദര ശാന്തമായ കാലഘട്ടം. യൂപ്രട്ടീസിന്റെ തീരത്ത് ഒരു  ആട്ടിൻ കുട്ടി വിശന്ന് കരഞ്ഞാൽ താൻ അതിനു കുറ്റക്കാരനായേക്കുമോ എന്ന് ഭയന്ന്  സൂക്ഷമതയോടെ  ഭരണം കയ്യാളിയ  അനുയായികളുടെ  കാലഘട്ടം. അതിനു ശേഷം ഇസ്ലാമിക ലോകത്തിൽ സംഭവിച്ചതും ഇപ്പോഴും സംഭവിച്ച് കൊണ്ടിരിക്കുന്നതും  എന്തെന്ന് നിരീക്ഷിക്കുമ്പോൾ  എന്തോ ഒന്ന് എവിടെയോ വെച്ച് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു  എന്ന് എളുപ്പത്തിൽ തിരിച്ചറിയുന്നു. 

ഇവിടെ ചെയ്യുന്നതിന്റെ ഒരു അണു തൂക്കത്തിന് പോലും പിന്നീട് ഒരാളുടെ മുമ്പിൽ   അവിടെ  ഉത്തരം പറയേണ്ടി വരുമെന്നുള്ള  ബോധമാണ്  നമുക്ക് നഷ്ടപ്പെട്ടതെന്ന്  ജനത്തുൽ ബഖിയയോട് വിട പറയുമ്പോൾ മനസിൽ ആരോ പറഞ്ഞ് കൊണ്ടിരുന്നു.

 (  ഇന്ന്  ഇസ്ലാമിക  രാഷ്ട്രങ്ങളിൽ നടക്കുന്നതും   പണത്തിന്റെയും  മറ്റ്  സമ്പത്തിന്റെയും  അഹങ്കാരത്താൽ   കാട്ടിക്കൂട്ടുന്ന അധർമ്മങ്ങളും പത്ര  താളുകളിലൂടെ  വായിച്ചറിയുമ്പോൾ   അന്ന്  ജന്നത്തുൽ ബഖിയായിൽ  പോയ  കാര്യം  എന്ത്  കൊണ്ടോ  എന്റെ  മനസിൽ  കയറി  വന്നു.  അന്നത്തെ  ഡയറിയുടെ  പഴയ  താളുകളിൽ  ഉറങ്ങുന്ന ഈ  കുറിപ്പുകൾ  കുറച്ച് നാളുകൾക്ക്  മുമ്പ്  യാദൃശ്ചികമായി  കണ്ടിരുന്നു.പരിശുദ്ധ വൃതാനുഷ്ടാനം  സമാഗതമായ  ഈ വേളയിൽ  ആ  കുറിപ്പുകൾ  പ്രസിദ്ധീകരിക്കണമെന്ന്  തോന്നി.)