Thursday, October 31, 2013

പെട്രോൾ ചിലവില്ല

 സഫാക്ക്  യാത്ര ചെയ്യാൻ  പെട്രോൾ ചെലവില്ല. സഫായെ  കാണാൻ  ഇവിടെ  പോയാലും  മതി  http://sheriffkottarakara.blogspot.in/2011/09/blog-post_25.html

Tuesday, October 29, 2013

എനിക്ക് കിട്ടണം പണം.

ഇന്ന് രാവിലെ  നടക്കാനിറങ്ങിയപ്പോൾ  ആ പെൺകുട്ടിയെ  അവരുടെ  വീടിന്റെ  മുൻ വശത്തായി  കണ്ടു.  ഉദിച്ചുയരുന്ന  സൂര്യന്റെ  പൊൻ കിരണങ്ങൾ  മുഖത്ത്  ചിരിയായി  പരത്തി അവൾ എന്നെ  അഭിവാദ്യം ചെയ്തു. മനസ്സിൽ നൊമ്പരത്തോടെയാണെങ്കിലും  ഞാൻ  തിരിച്ച് അഭിവാദ്യം  ചെയ്ത  ശേഷം  മുന്നോട്ട് നടക്കുമ്പോൾ  ഇത്രയും  പ്രസന്നവതിയായ   ഇവളെ  വേണ്ടെന്ന്  വെച്ച  ആ മൂഡൻ  തീർച്ചയായും  അനുഭവിക്കും  എന്ന്  മനസ്സിലാരോ  പറയുന്നുണ്ടായിരുന്നു. കേവലം  രണ്ട് മാസം  മാത്രം വിവാഹജീവിതത്തിൽ  ഏർപ്പെട്ടതിന് ശേഷം   അവളെ  നിഷ്കരുണം  ഉപേക്ഷിക്കുമ്പോൾ  അവന്റെ  മനസ്സിൽ  പണത്തിന് നേരെയുള്ള  ആർത്തി  മാത്രമാണുണ്ടായിരുന്നത്.  ഉന്നത  വിദ്യാഭ്യാസ യോഗ്യതയുള്ള ചെറുപ്പക്കാരിയായ  അവൾക്ക്  ഹെറിഡറ്ററിയായി  കിട്ടിയ  ശരീര വണ്ണം മാത്രം ന്യൂനതയായി   ഉണ്ടായിരുന്നതല്ലാതെ മറ്റൊരു  കുറ്റവും  ഇല്ലായിരുന്നല്ലോ. അത് അവൾ മനപൂർവം  വരുത്തി വെച്ചതുമല്ല. ചിലരുടെ  ശരീര പ്രകൃതം  അങ്ങിനെയാണെന്ന്  മാത്രം. ആ ന്യൂനത  പരിഹരിക്കാനായി  അവൾക്ക് നല്ല  ഊർജസ്വലതയും  പ്രസന്നതയും  എപ്പോഴും  ചിരിച്ച  മുഖവും  പ്രകൃതി  നൽകിയിരുന്നല്ലോ.  മാത്രമല്ല അവൻ ഈ കുട്ടിയെ കല്യാണത്തിന് മുമ്പ്  കണ്ട്  ബോദ്ധ്യപ്പെട്ടിട്ടായിരുന്നു  വിവാഹം  കഴിച്ചത്.  പക്ഷേ  അവളുടെ  ന്യൂനത ഒന്നുമല്ലായിരുന്നു  ഉപേക്ഷിക്കാൻ  കാരണം. അവൻ  പണം  മാത്രം  ലക്ഷ്യം വെച്ചായിരുന്നു  ഈ ബന്ധത്തിന് മുതിർന്നത്. പെൺകുട്ടിക്ക് അൽപ്പം  ന്യൂനത  വല്ലതുമുണ്ടെങ്കിൽ അത് അവന്റെ ലക്ഷ്യ സാദ്ധ്യതക്കായി  ഉപയോഗിക്കാമെന്ന് അവൻ  കരുതി.  അല്ലാതെ  ത്യാഗ മനസ്ഥിതിയിലല്ല അവൻ  ആ കുട്ടിയെ  വിവാഹം  കഴിച്ചതെന്ന്  അവന്റെ പിൽക്കാല  ചെയ്തികൾ  സാക്ഷ്യം വഹിച്ചു. ആദ്യം  ആഭരണങ്ങൾ വിറ്റ്  ധൂർത്തടിച്ചു. പിന്നീട്  വൻ തുകകൾ  ആവശ്യപ്പെട്ട് തുടങ്ങി. തുടർന്ന്  അവളുടെ ഏക  വാസസ്ഥലം വിൽക്കാൻ  പ്രേരിപ്പിക്കാൻ  തുടങ്ങി. രണ്ട്  മാസം  കൊണ്ട് ഇത്രയുമായപ്പോൾ    ബുദ്ധിമതിയായ അവൾക്ക്  ആളെ മനസ്സിലായി. പണം  മാത്രം  ആവശ്യമുള്ള  സ്നേഹത്തിന്റെ കണിക പോലും  കാണിക്കാത്ത  ഈ പണ പേ  പിശാചിന്റെ  ഉദ്ദേശ ലക്ഷ്യം  മനസ്സിലാക്കിയപ്പോൾ  അവൾ അവന്റെ  പണത്തിന് വേണ്ടിയുള്ള  നിർബന്ധം കണ്ടില്ലാ എന്ന്  നടിച്ചു. ഫലം  അവൾ തിരികെ  വീട്ടിൽ  വരാൻ  ഇടയായി. കുറച്ച്  കാലം  കഴിഞ്ഞപ്പോൾ  വിവാഹ ബന്ധം  വിടർത്തി നോട്ടീസ്  വന്നു.  ആ നോട്ടീസിനെ നിയമ പരമായി  നേരിടാനുള്ള  ഒരുക്കത്തിലാണ് അവളിപ്പോൾ. അവളിൽ നിന്നും  പിടിച്ച് വാങ്ങിയ  മുതലുകൾ നഷ്ട പരിഹാരം  സഹിതം  ഈടാക്കാൻ  ഈ നാട്ടിൽ  നിയമങ്ങളുണ്ട്.  പക്ഷേ അവൾക്കത്  ലഭ്യമാകാൻ  വർഷങ്ങൾ കോടതി വരാന്തകളിൽ അവളുടെ  ജീവിതം  തള്ളി  നീക്കേണ്ടി വരുമെന്ന സത്യം  മനസ്സിൽ കഠാര മുള്ളുകൾ കുത്തി കയറ്റുകയാണ്.
 ഇവിടെ  ചിന്തിക്കേണ്ട  വിഷയം  മറ്റൊന്നാണ് . സമൂഹത്തിലെ  ആവശ്യമില്ലാത്ത വിഷയങ്ങൾക്കായി  ഘോര ഘോരം  ശബ്ദം  ഉയർത്തുന്ന  നേതാക്കൾ ഈ വക  പീഡനങ്ങൾക്കെതിരെ  ശബ്ദം  ഉയർത്താൻ  സമയം  കണ്ടെത്തേണ്ടതല്ലേ. വിവാഹ  നിശ്ചയം മുതൽ ഇടപെടുന്ന സമുദായ പരിപാലന സമിതികൾ ,  ഓരോ വ്യക്തിയും ചേർന്നതാണ് സമൂഹമെന്ന  ചങ്ങലയെന്നും   ചങ്ങലയിലെ കണ്ണികൾക്ക്  കേട് പാടുകൾ ഉണ്ടായാൽ  അത് ചങ്ങലയുടെ ദൃഢതയെ തന്നെ ബാധിക്കുമെന്ന സത്യം  ഇനിയെങ്കിലും തിരിച്ചറിയേണ്ടതല്ലേ.  ഈ വക  ആർത്തി പണ്ടാരങ്ങൾ  പുനർ വിവാഹത്തിന്  അനുവാദ അപേക്ഷ നൽകുമ്പോൾ   അനുവാദം നൽകാതിരിക്കുകയും  ആദ്യ വിവാഹ ബാദ്ധ്യതകൾ  പരിഹരിച്ച് കിട്ടുവാൻ  കോടതി കയറി ഇറങ്ങുന്ന  ആ പെൺകുട്ടിയെ  കോടതിയിൽ നിന്നും  തിരിച്ച് വിളീച്ച്  അവളുടെ  ബാദ്ധ്യതകൾ  തീർത്തിട്ട്   വാ പിന്നെ നിനക്ക് പുനർ വിവാഹത്തിന്  അനുവാദം  തരാം  എന്ന്  പറയാനും   ചങ്കൂറ്റം കാണിക്കുവാൻ  തയറാകേണ്ടതുമല്ലേ ?

Sunday, October 27, 2013

ഞങ്ങളോട് കളിക്കല്ലേ!

100 ജീവൻ  രക്ഷാ ഔഷധങ്ങളുടെ  വില കുറച്ചു  എന്ന പത്രവാർത്ത  ഈ  നാട്ടിലെ  പ്രജകളെ  വല്ലാതെ  സന്തോഷിപ്പിച്ചു. സർക്കാരിന്റെ  മേൽനോട്ടത്തിൽ  ഈ മരുന്നുകളുടെ  വില വിവര പട്ടിക  പുറത്തിറങ്ങുകയും  ചെയ്തു. തുടർന്ന്  പല മരുന്നുകളും  കമ്പോളത്തിൽ നിന്നും  അപ്രത്യക്ഷമാകുകയും ഔഷധ വിപണന രംഗത്ത് കുറച്ച് ദിവസങ്ങളിൽ  പ്രതിസന്ധി ഉണ്ടാകുകയും ചെയ്തു. വീണ്ടും അൽപ്പം ദിവസങ്ങൾ  കടന്ന്  പോയി. വില ക്രമീകരിക്കാനും  പുതിയ ബില്ല് ഇട്ട് മരുന്നുകൾ വരാനുമുള്ള ഈറ്റ്  നൊമ്പരമാണ് ആ ദിവസങ്ങളിൽ  നടക്കുന്നതെന്നും  അന്ന് അഭ്യൂഹം  പരന്നിരുന്നു. എന്തായാലും  കുറച്ച് ദിവസങ്ങൾക്ക്  ശേഷം  എല്ലാം ക്രമീകരിക്കപ്പെട്ടു. സർക്കാരിന്റെ വില നിയന്ത്രണം  ഔഷധ കമ്പനികൾ  അംഗീകരിച്ചു. കുറഞ്ഞ  വിലക്ക് മേൽ പറഞ്ഞ ഔഷധങ്ങൾ കമ്പോളത്തിലെത്തുകയും ചെയ്തു. പക്ഷേ ആ അൽപ്പം ചില ദിവസങ്ങളിൽ  ഔഷധ കമ്പനികൾ  സുന്ദരമായി ഒരു വേല ഒപ്പിച്ചു. മേൽപ്പറഞ്ഞ  100  മരുന്നുകളുടെ വില  കുറച്ചതോടൊപ്പം  മറ്റ്  പല മരുന്നുകൾക്കും  വില കൂട്ടി. 100 ഇനങ്ങളിൽ വന്ന നഷ്ടം മറ്റ് മരുന്നുകളുടെ വില വർദ്ധിപ്പിച്ചതിലൂടെ  അങ്ങ് പരിഹരിക്കുകയും അൽപ്പം  ലാഭം കൂടി ഉണ്ടാക്കുകയും ചെയ്തു. സർക്കാർ  ഇതിനെതിരെ കമാന്ന് ഒരക്ഷരം പറയാതെ ഞാനൊന്നുമറിഞ്ഞില്ലേ  രാമ നാരായണാ എന്ന മട്ടിൽ  നിശ്ശബ്ദരായിരിക്കാൻ  മിടുക്ക്  കാട്ടുകയും ചെയ്തു.  മറ്റേ  മരുന്നുകളുടെ  വില കുറക്കുന്നതിന്  മുമ്പ്  ഉണ്ടായിരുന്ന വിലയേക്കാളും കൂടുതലാണ് വില കുറച്ച ലിസ്റ്റിൽ അല്ലാത്ത  മരുന്നുകൾക്കും  മെഡിക്കൽ  ഉപകരണങ്ങൾക്കും ഇപ്പോൾ വില.  വില കുറപ്പ് പരിപാടി  വരുന്നതിനു മുമ്പ് വൺ ടച്ച് സ്റ്റിക്കറിന് (രക്തത്തിലെ പഞ്ചസാര പരിശോധിക്കുവാൻ ഉപയോഗിക്കുന്ന സൂത്രം) 10ന്റെ പാക്കറ്റിന് മാവേലി ഔഷധ വിൽപ്പന ശാലയിൽ വില 245 രൂപ. ഇപ്പോൾ വില 309 രൂപാ.  ഇങ്ങിനെ  ഓരോ ഐറ്റത്തിനും  വില  അങ്ങ് കൂട്ടി നാട്ടുകാരെ വായിൽ മണ്ണിട്ടു, മരുന്ന് കമ്പനിക്കാർ.
പിന്നേ! ഞങ്ങളുടെ അടുത്തല്ലേ  ഈ സർക്കാരിന്റെ  വേല. ഞങ്ങൾ-കമ്പോളമാണ്- സർക്കാരിനെ  നിയന്ത്രിക്കുന്നത്.  ഞങ്ങൾ  കമ്പോളം  തീരുമാനിക്കും  ഇവിടത്തെ  ജനങ്ങൾ  എങ്ങിനെ  ജീവിക്കണമെന്ന്,  ആരു  ജനങ്ങളെ  ഭരിക്കണമെന്ന് . നിങ്ങൾ  ഞങ്ങളെ തളക്കാൻ  നോക്കിയാൽ  ഞങ്ങൾ  അതിന് മറു  പണി  ഒപ്പിക്കും.  ഞങ്ങൾക്ക്  ഒരേ ലക്ഷ്യം: ലാഭം!  അത് മാത്രം . അതിനായി  ഞങ്ങൾ  പണ ചാക്കുകൾ  എത്തേണ്ടിടത്ത് എത്തിച്ച് അധികാര സ്ഥാനങ്ങളെ  നിശ്ശബ്ദരാക്കും. നിങ്ങളുടെ  ജീവിതവും മരണവും ചികിൽസയും ആഹാരവും  രോഗവും എല്ലാം  ഞങ്ങൾ  വരച്ച് വെച്ച ചാർട്ടിൻ  പ്രകാരം  മാത്രം. അത്  കൊണ്ട്  കളിക്കല്ലേ  മക്കളേ!  കമ്പോളത്തിനോട് കളിക്കല്ലേ  കുഞ്ഞുങ്ങളേ!

Saturday, October 26, 2013

അമ്മയും അടിയും

ചെറുപ്പത്തിൽ  ഉമ്മാ  എന്നെ  വല്ലാതെ  ശിക്ഷിച്ചിരുന്നു. കയ്യിൽ  കിട്ടിയിരുന്നതെന്തായാലും  അത് കൊണ്ടെന്നെ  പ്രഹരിക്കാൻ  ഉമ്മാക്ക്  ഒരു  മടിയുമില്ലായിരുന്നു. ശരിക്കും  പിരാക്കും ചീത്ത വിളിയും  പുറമേ. ഒരിക്കൽ  ചട്ടകം ചൂടാക്കി  വെപ്പും  നടന്നു. എന്റെ  കയ്യിലിരിപ്പും  ഒട്ടും  കുറവില്ലായിരുന്നു  എന്നതും  നേര്. 15 വയസ്സിന്  ശേഷവും   എന്റെ  നേരെയുള്ള  ഉമ്മായുടെ  ശൈലിക്ക്  മാറ്റമൊന്നുമില്ലായിരുന്നു.
ബാപ്പാ അടിയോട് അടിയായിരുന്നു  എന്നെ.  ഒരിക്കൽ ഖുർ ആൻ  നഷ്ടപ്പെടുത്തിയതിനായിരുന്നു  ശിക്ഷ .  മദ്രസ്സയിൽ  പോക്ക്  എന്നെ വട്ട് പിടിപ്പിച്ചു. ഓതിയില്ലെങ്കിൽ  ഞങ്ങളുടെ  ഉസ്താദ്  സൈക്കിൾ  ചവിട്ടിക്കും.  തുടയിൽ  നഖം  താഴ്ത്തുമ്പോൾ ആ കാൽ  പൊക്കി നിൽക്കും,  അതിനെയാണ് സൈക്കിൽ  ചവിട്ട്  എന്ന്  പറയുക. ശരി! ഖുർ ആൻ  ഗ്രന്ഥം  ഉണ്ടെങ്കിലല്ലേ മദ്രസ്സയിൽ  അയക്കൂ.  ഞാൻ  വിശുദ്ധ ഗ്രന്ഥം  ഒളിപ്പിച്ച്  വെച്ചിട്ട്  അത്  കണ്ടില്ലാ എന്ന്  കള്ളം  പറഞ്ഞ് മദ്രസ്സയിൽ  പോയില്ല. അന്ന്  വൈകുന്നേരം  ഉസ്താദ്  ബാപ്പായോട്  വിവരം  പറഞ്ഞു.  എന്റെ  കൂട്ടുകാരിലൊരു  ജൂദാസ്സ്  ഞാൻ  ഒളിച്ച്  വെച്ചിടത്ത്  നിന്നും  ഖുർ ആൻ  കണ്ടെടുത്ത്  ഉസ്താദിനെ  ഏൽപ്പിച്ചിരുന്നു. അന്ന്  എന്നെ  ബാപ്പാ തല്ലിയ  തല്ല്! ഉഗ്രൻ  അടിയായിരുന്നു. വിരൽ വണ്ണമുള്ള  ചൂരൽ  അച്ചലും മുച്ചാലും  പായിച്ചു. എന്റെ  കണം  കൈ ഒടിഞ്ഞോ  എന്നെനിക്ക് സംശയമായി.  അവസാന  പ്രോഗ്രാം  എന്ന രീതിയിൽ  എന്നെ  തൂക്കി  എടുത്ത് അടുത്ത് നിന്നിരുന്ന  തെങ്ങിലേക്ക്  എറിഞ്ഞു. അയൽ പക്കത്തെ  ഒരു കൊച്ചുമ്മാ  എന്നെ  വാരിയെടുത്ത്  കൊണ്ട്  പോയതോടെയാണ് അടി  നിന്നത്.
പക്ഷേ  എന്റെ  ബാപ്പായെ  എനിക്ക്  പ്രാണനായിരുന്നു.  ഉമ്മയേയും. ബാപ്പാ  മരിച്ചിട്ട് നവംബർ 23ന് 39  വർഷമാകുന്നു. വൃദ്ധനാകുന്നതിന് മുമ്പ്  ബാപ്പാ മരിച്ചു.  ഇല്ലായ്മയിൽ  ഞങ്ങൾക്ക്  ആഹാരം  നൽകി   ബാപ്പാ പട്ടിണി കിടന്നാണ്  മരിച്ചത്.  ഇന്നും  ബാപ്പായുടെ  സ്മരണ  എന്നിൽ  വിങ്ങൽ  ഉണ്ടാക്കും. എന്നിൽ  വായനാ ശീലം  ഉണ്ടാക്കിയത്  ബാപ്പായുടെ  പുസ്തക  വായനയായിരുന്നു. പട്ടിണി  മാറി  ബാപ്പാക്ക്  മക്കൾ  നല്ല  ജീവിതം  കൊടുക്കുന്നതിനു  മുമ്പ്  കഷ്ട കാലത്തിൽ  തന്നെ  ബാപ്പാ യാത്രയായി.  പക്ഷേ  ഉമ്മാ ഒരുപാട് നാൾ  ജീവിച്ചാണ്  മരിച്ചത്.2004ൽ.  ഉമ്മാ പട്ടിണി  മാറിയ  കാലത്താണ്  പോയത്. എങ്കിലും  പണ്ട്  ശിക്ഷിച്ചതിന്റെ  അസ്വാരസ്യം  ഞങ്ങൾക്ക് ആർക്കുമില്ലെന്ന്  മാത്രമല്ല  അത്  പറഞ്ഞ്  ഞങ്ങൾ ചിരിക്കാറുമുണ്ടായിരുന്നു..  ഇത്  ഇത്രയും  ഇവിടെ  കുറിച്ചിടാൻ  കാരണം  അടുത്ത  ദിവസത്തെ  പത്രവാർത്തയാണ് . സ്വന്തം  കുട്ടിയെ   ഏതോ  കുറ്റത്തിന്  ചൂട്  വെച്ച  അമ്മയെ  പോലീസ് പിടികൂടി  കേസ്  ചാർജു ചെയ്തുവത്രേ്. പണ്ട് വികൃതി  കാട്ടുമ്പോൾ  അമ്മമാരും മറ്റും  പറയാറുണ്ടായിരുന്നു,  നിന്നെ  ചട്ടകം  ചൂടാക്കി  വെക്കും,  വായിൽ  മുളക് തേക്കും എന്നൊക്കെ.  ചിലർ  അത്  പ്രവർത്തി രൂപത്തിലാക്കിയെന്നുമിരിക്കും.  പണ്ട്  ചൈൽഡ് വെൽഫയർ  കമ്മിറ്റി  ഒന്നുമില്ലാതിരുന്നത്  കൊണ്ട്   എന്റെ  ബാപ്പായും  ഉമ്മായും  രക്ഷപെട്ടു. അല്ലെങ്കിൽ പോലീസ്സ് അവരെ പൊക്കിയേനെ.  പക്ഷേ, അപ്പോഴും  എനിക്ക്  ഉറപ്പിച്ച്  പറയാൻ  കഴിയും  അവരെ  പോലീസ്സ്  പിടിക്കാൻ  ഞങ്ങൾ  മക്കൾ  സമ്മതിക്കില്ലായിരുന്നു.  കാരണം ആ കാലത്തെ  പട്ടിണിയും  ദാരിദൃയവും   കഷ്ടപ്പാടുകളും  അവരുടെ ഉള്ളിൽ  മാരകമായ  തോതിൽ  സംഘർഷം  സൃഷ്ടിക്കുമ്പോൾ  ആ സംഘർഷം  അവരുടെ  സ്വന്തം കുഞ്ഞുങ്ങളുടെ  മേൽ  അറിയാതെ അവർ  ചൊരിഞ്ഞ്  പോകുന്നതാണെന്നും  അവർ  ശിഷിക്കുമ്പോഴും  അവരുടെ  സ്നേഹം   എത്രമാത്രം  ഞങ്ങളുടെ  മേൽ  ഉണ്ടായിരുന്നെന്നും  ഞങ്ങൾ  തിരിച്ചറിഞ്ഞിരുന്നു.

Sunday, October 20, 2013

പ്രണയം സിനിമാ ഗാനങ്ങളിലൂടെ

കഴിഞ്ഞ ദിവസം റ്റി.വി പ്രോഗ്രാമിലൂടെ പഴയ ഒരു ഹിന്ദി  ഗാനം   കേൾക്കാനിടയായി. റാഫി  പാടിയ  ആ ഗാനം  ഒരു  ചെറുപ്പക്കാരൻ മധുരമായി  ആലപിച്ചപ്പോൾ  ഇത്രയും  വർഷങ്ങൾക്ക്  ശേഷവും ആ  പാട്ടിന്റെ  മാസ്മരികത മനസ്സിനെ  സ്വാധീനിക്കുന്നല്ലോ    എന്ന്   അതിശയിച്ച്  പോയി.  പ്രോഗ്രാമിൽ  പങ്കെടുത്ത യുവതലമുറ  ആ  പാട്ടിൽ ലയിച്ച്  പോയതായി  കാണപ്പെട്ടു.  "ഹൃദയത്തിൽ  തൊട്ട പാട്ട്"  എന്ന്  ഗാനം  കേട്ട്കൊണ്ടിരുന്ന  ഒരു  വിധികർത്താവ്  ഉരുവിട്ടപ്പോൾ  മറ്റുള്ളവർക്ക്  അതേറ്റ്  പറയേണ്ടി വന്നു.
ബഹാരോം  ഫൂലു ബർസാവോ
മേരാ  മഹ്ബൂബ്  ആയാഹേ
മേരാ...മെഹ്ബൂബ്  ആയാഹേ......
മുഹമ്മദ്  റാഫിയുടെ  സ്വര മാധുരിയിലൂടെ ഞങ്ങളുടെ  തലമുറ  കൗമാര  പ്രായത്തിൽ ആ ഗാനം മനസ്സിലേറ്റി  നടന്നിരുന്നു.
അതേ! ഞങ്ങളുടെ  തലമുറക്ക് കൗമാരത്തിലും  യൗവ്വനത്തിലും മനസ്സിലേറ്റാൻ  അങ്ങിനെ ഒരു പിടി  സിനിമാ ഗാനങ്ങളുണ്ടായിരുന്നു;  ഹിന്ദിയിലും  മലയാളത്തിലും  തമിഴിലുമായി  ഞങ്ങൾ  അതേറ്റ്  പാടി. ഞങ്ങൾക്ക്  മുമ്പുള്ള  തലമുറയും ആ  കാര്യത്തിൽ  ഭാഗ്യം  ചെയ്തവരായിരുന്നു. എന്റെ ബാപ്പയും  കൊച്ചാപ്പായും അവരുടെ  തലമുറയും  "സോജാ  രാജകുമാരിയിലും"  ദുനിയാ കേ  രഖ്  വാലയിലും  "  അലിഞ്ഞ്  ചേർന്നിരുന്നല്ലോ!.  അവരുടെ  അനന്തര  തലമുറയായ  ഞങ്ങളുടെ    കൗമാര കാലത്തും  മധുര ഗാനങ്ങൾ  പെയ്തിറങ്ങിയെങ്കിലും  ഇന്നത്തെ  തലമുറക്ക്  ആ ഭാഗ്യം  കൈ വന്നിട്ടില്ലാ   എന്ന്   ദു:ഖത്തോടെ  സമ്മതിക്കേണ്ടി  വരുന്നു. ചുരുക്കം  ചില  ദിവസങ്ങളിൽ  മാത്രം  മനസ്സിൽ  തങ്ങി  നില്ക്കുന്ന,   ദ്രുത താളങ്ങളിലും  ശബ്ദ ഘോഷ വാദ്യോപകരണങ്ങളിലും  അധിഷ്ഠിതമായ,  അർത്ഥരഹിതമായ ഇന്നത്തെ ഗാനങ്ങൾ  ഇനി വരുന്ന കാലത്ത്    പുതിയ  തലമുറക്ക്    വികാരസ്പർശിയായി  അനുഭവപ്പെടില്ലാ എന്ന്  തീർച്ച.
ഞങ്ങളുടെ  കൗമാരകാല  പ്രണയങ്ങൾ  ആഘോഷത്തോടെ  കൊണ്ടാടുവാൻ  തക്ക വിധം  അർത്ഥസമ്പുഷ്ടിയുള്ള  ഗാനങ്ങൾ  സുലഭമായിരുന്നല്ലോ. ഇന്നും  ആ ഗാനങ്ങൾ  കേൾക്കുമ്പോൾ  ഞങ്ങളുടെ  പ്രണയവും  പ്രണയഭംഗവും  സിനിമയിലെന്ന വണ്ണം ഞങ്ങളുടെ  മനസ്സിലൂടെ  ഇരമ്പി  പായാൻ തക്കവിധം അവ  ഞങ്ങളെ  സ്വാധീനിച്ചിരുന്നു.
വീട്ടിൽ  നിന്നും  പുറത്തേക്കിറങ്ങുമ്പോൾ  ഞങ്ങളെ  നോക്കി  നിൽക്കുന്ന  അയല്പക്കത്തെ  കാമിനിയെ  നോക്കി    " അയലത്തെ  സുന്ദരീ  അറിയാതെ  വലക്കല്ലേ,  അപരാധമൊന്നും  ഞാൻ  ചെയ്തില്ലല്ലോ"  എന്ന്   നീട്ടി  പാടാൻ  മൂട് പടം  എന്ന  ചിത്രത്തിൽ  മധു പാടി  അഭിനയിച്ച  ഗാനം  ഉപകാരപ്പെട്ടിരുന്നു.  വീട്ടുകാരുടെ  കണ്ണ് വെട്ടിച്ച്  " ഓട്ടക്കണ്ണിട്ട്  നോക്കും  കാക്കേ, തെക്കേ  വീട്ടിലെന്ത്  വർത്താനം  കാക്കേ"  എന്ന്  ഞങ്ങൾ  ചോദ്യ  രൂപത്തിൽ  പാടുമ്പോൾ  "പൂവാലനായി  നിൽക്കും  കോഴീ,  ഇപ്പോൾ  കൂവിയതെന്താണ്  കോഴീ"  എന്ന്  അവൾക്ക്  മറുപടി  പറയാൻ  തക്കവിധം  നീലീ  സാലീ    എന്ന ആദ്യ മലയാള  തമാശ  ചിത്രത്തിലെ  ഗാനം  ആണിനും  പെണ്ണിനും  അന്ന് പരുവപ്പെട്ട്  കിട്ടിയിരുന്നു. അല്ലെങ്കിൽ  "നാൻ  പേശ  നിനപ്പതെല്ലാം  നീ പേശ വേണ്ടും എന്ന  തമിഴ് പാട്ട് (പാലും  പഴവും)  കാമുകൻ  പാടുമ്പോൾ  "നാളോടും  പൊഴുതോടും  ഉരൈവാര വേണ്ടും,  നാനാകെ   വേണ്ടും മ് മ് മ്  "  എന്ന്  അവൾക്ക്  മറുപടി  പറയാനും  സാധിച്ചിരുന്നു.
ഈ  അനുരാഗ നദിക്ക്  വിഘ്നം  നേരിടുന്ന  വിധത്തിൽ  കാമുകിയുടെ  പിതാവ്  വഴിയിൽ  വെച്ച്   കാമുകനെ  മീശ  വിറപ്പിച്ച്  വിരട്ടുകയോ   മറ്റോ  ചെയ്യുമ്പോൾ    ആ വിവരം  കാമുകിയെ അറിയിക്കാൻ
"കൊല്ലാൻ  നടക്കുന്നു കൊമ്പുള്ള  ബാപ്പാ
കൊല്ലാതെ  കൊല്ലുന്നു  ബമ്പത്തി മോള്
ബല്ലാത്തതാണെന്റെ  കല്യാണ  കോള്
പൊല്ലാപ്പിലായി  മുസീബത്ത് ഞാനു് "
എന്ന് "സുബൈദാ" സിനിമയിൽ  ബഹദൂർ പാടി  അഭിനയിച്ച  പാട്ട് കോഡ് ഭാഷയായി  പ്രയോഗിക്കാൻ  ഞങ്ങൾക്ക്  സാധിക്കുമായിരുന്നല്ലോ.
കാമുകനോടുള്ള  അനുരാഗം  ഉച്ചസ്ഥായിയിലെത്തുമ്പോൾ  കാമുകനെ  നോക്കി  കാമുകി,
വെളുക്കുമ്പം  കുളിക്കുവാൻ  പോകുന്ന  വഴിവക്കിൽ
വേലിക്കൽ നിന്നവനേ!
കൊച്ച് കിളിച്ചുണ്ടൻ  മാമ്പഴം കടിച്ചു കൊണ്ടെന്നോട്
കിന്നാരം പറഞ്ഞവനേ! "
എന്ന്  ഉറക്കെ പാടുവാൻ കുട്ടിക്കുപ്പായം  സിനിമാ കാമുകിക്ക് ധൈര്യം കൊടുത്തപ്പോൾ  നേരം  വെളുത്ത് കഴിഞ്ഞ് വെയിൽ  ദേ! അവിടെ  വന്നടിച്ചാലും  ഉണരാത്ത  ഇന്നത്തെ  തലമുറക്ക് പുഴയും കുളിയും വേലിയും  അന്യമായിരിക്കുന്നു എന്ന്  മാത്രമല്ല കിളൂച്ചുണ്ടൻ  മാങ്ങാക്ക്  പകരം ഐസ്ക്രീം  നക്കി തിന്നാൻ  മാത്രമാണ് അവർ പരിശീലിക്കപ്പെട്ടിരിക്കുന്നത് എന്ന്കൂടി  പറഞ്ഞാലേ  ചിത്രം  പൂർത്തിയാകൂ.
സ്കൂളിൽ  പുതുതായി വന്ന കാമിനിയെ കൂടുതൽ പരിചയപ്പെടാൻ  കഴിയാതെ വരുകയും  എന്നാൽ  അവളോടുള്ള  പ്രിയം  വർദ്ധിച്ച്  വരുകയും അത് അവളെ  അറിയിക്കേണ്ട  ആവശ്യം  വന്ന്  ചേരുകയും  ചെയ്താൽ " അനുരാഗ ഗാനം പോലെ അഴകിന്റെ അലപോലെ, ആര് നീ, ആര്  നീ ദേവതേ!"എന്ന്  ഞങ്ങൾ  ആലപിച്ച് "ഉദ്യോഗസ്ഥ" സിനിമാ പ്രയോജനപ്പെടുത്തി.
അടുത്ത വീട്ടിലെ  ഞങ്ങളുടെ  സുന്ദരിയായ കാമുകിയെ അന്നത്തെ ദിവസം  പുറത്തൊന്നും  കാണാതിരിക്കുകയും  ഹേമന്ത യാമിനി തൻ  പൊൻ വിളക്ക് പൊലിയാറാകുകയും  മാകന്ദ ശാഖകളിൽ രാക്കിളികൾ മയങ്ങാറാവുകയും  എന്നിട്ടും     എന്തേ  കന്യകേ നീ വരാത്തേ!െന്ന്  മനസ്സ് വ്യാകുലപ്പെടുകയും  ചെയ്യുമ്പോൾ
താമസമെന്തേ  വരുവാൻ പ്രാണ സഖീ എന്റെ  മുന്നിൽ
താമസമെന്തേ  അണയാൻ
പ്രേമമയീ, എന്റെ  കൺ  മുന്നിൽ
താമസമെന്തേ  വരുവാൻ.....
എന്ന്  ഹൃദയത്തിൽ  തട്ടി  പാടാനായി  പ്രസിദ്ധമായ  ആ ഗാനം  പി. ഭാസ്കരനും  ബാബുക്കായും  കൂടി  ബഷീറിന്റെ  ഭാർഗവീ നിലയത്തിലൂടെ  ഞങ്ങൾക്ക്  നൽകിയത്  ഒരു  വരപ്രസാദമായാണ്  ഞങ്ങൾക്ക്  അന്ന്  അനുഭവപ്പെട്ടത്.
കാമുകി  വലിയ വീട്ടിലെ  കൊച്ച് തമ്പുരാട്ടി  ആകുകയും കാമുകൻ അധസ്ഥിതിക്കാരനാകുകയും  ചെയ്താൽ  ഞങ്ങൾ  "പരീക്ഷയിലെ" പ്രാണസഖീ ഞാൻ  വെറുമൊരു  പാമരനാം  പാട്ടുകാരൻ,  ഗാനലോക വീഥികളിൽ വേണു ഊതും  ആട്ടിടയൻ"  എന്ന  പാട്ടോ രമണനിൽ രാഘവൻ  മാഷ്  ഈണമിട്ട" വെള്ളി നക്ഷത്രമേ  നിന്നെ  നോക്കീ  തുള്ളി തുളുമ്പുകയന്യേ,  മാമക  ചിത്തത്തിലെന്നും ഇല്ലാ മാദക വ്യാമോഹമൊന്നും"  എന്ന  വരികളോ  അവളുടെ  ചെവികളിൽ മന്ത്രാക്ഷരങ്ങളായി മൂളുമായിരുന്നല്ലോ .
കൗമാരം  യവ്വനത്തിലേക്ക് കടക്കുകയും  പ്രണയം  എട്ടരക്കട്ടയിൽ തന്നെ  മൂളിക്കൊണ്ടിരിക്കുകയും  ചെയ്തുവെങ്കിലും  വിധി  ഞങ്ങളിലെ  കാമുകന് നിരാശ  മാത്രം  നൽകി   കാമുകിയെ  മറ്റൊരാളുമായി  വിവാഹ  ബന്ധത്തിലേർപ്പെടുത്തുകയും  ചെയ്തു. അപ്പോൾ  ഞങ്ങൾ  "അനുരാഗ നാടകത്തിൻ അന്ത്യമാം  രംഗം  തീർന്നു,   അരങ്ങിതിൽ  ആളൊഴിഞ്ഞു  കാണികൾ  വേർപിരിഞ്ഞു '  എന്ന  നിണമണിഞ്ഞ കാല്ൽപ്പടുകളിൽ  ഉദയഭാനു  പാടിയ  ദുഖം ഇറ്റ്  വീഴുന്ന  വരികൾ  കണ്ണീരൊലിപ്പിച്ച്  ആലപിക്കുകയും  കാമുകി  ഭർതൃഗൃഹത്തിലേക്ക്  യാത്രയാവുമ്പോൾ  വിവാഹിതയിലെ ,
സുമംഗലീ  നീ  ഓർമ്മിക്കുമോ
 സ്വപ്നത്തിലെങ്കിലും ഈ ഗാനം,
ഒരു ഗദ്ഗ്ദമായി  മനസ്സിൽ  അലിയും
  ഒരു  പ്രേമ കഥയിലെ  ദു:ഖഗാനം
  എന്നതോ  അല്ലെങ്കിൽ ഹൃദയം ഒരു  ക്ഷേത്രം  എന്ന ചിത്രത്തിലെ
  മംഗളം  നേരുന്നു  ഞാൻ
 മനസ്വിനി മംഗളം  നേരുന്നു  ഞാൻ 
 എന്ന  ഗാനമോ   പ്രയോജനപ്പെടുത്തുമായിരുന്നു. ആ  അവസ്ഥയിൽ പാടാനായി  ഞങ്ങൾക്ക് മറ്റൊരു  കിടിലൻ  ഈരടികൾ  സിനിമാഗാനമായി  ലഭിച്ചിരുന്നു  എന്ന കാര്യം  കൂടി  പറഞ്ഞ് വെക്കട്ടെ.
എല്ലാ ദു:ഖവും  എനിക്ക്  തരൂ
 എന്റെ  പ്രിയ  സഖീ നീ പോയ് വരൂ
..............മധുവിധു നാളുകൾ  മാദക നാളുകൾ
മദനോൽസവമായി  ആഘോഷിക്കൂ 
എല്ലാ ദു:ഖവും  എനിക്ക് തരൂ എന്റെ പ്രിയ സഖീ പോയി വരൂ.
ഈ ഗാനങ്ങളെല്ലാം ഞങ്ങളുടെ  കൗമാരത്തെയും  യൗവ്വനത്തേയും  അതിന്റേതായ  മാദകഭാവത്തിൽ അനുഭവിക്കാൻ തക്കവിധം  സഹായിച്ചിരുന്നു. അന്ന് ഗൾഫ് പ്രവാസം  ആരംഭിക്കുന്നതിന് മുമ്പ് ബോംബൈ  ആയിരുന്നു  പ്രവാസികളുടെ  പറുദീസാ. അവിടെ  നിന്നു  ഹൃദയത്തിൽ  തട്ടി  "മാമലകൾക്കപ്പുറത്ത്  മരതക പട്ടുടുത്ത് മലയാളമെന്നൊരു  നാടുണ്ട് " എന്ന്  പാടുകയും  "വീടിന്റെ  ഉമ്മറത്ത് വിളക്കും  കൊളുത്തി എന്റെ വരവും  കാത്തിരിക്കുന്ന  പെണ്ണുണ്ട്"  എന്ന  വരികളിലെത്തുമ്പോൾ  അറിയാതെ  കണ്ണ്   നിറയുകയും  ചെയ്തിരുന്നു  എന്നത്  ഇന്ന്  ഗൾഫ് പ്രവാസികൾക്ക്  അനുഭവമുള്ള  വസ്തുതയാണ്. നിണമണിഞ്ഞ  കാൽപ്പാടുകൾ എന്ന  ചിത്രത്തിലേതായിരുന്നു ആ ഗാനം.  തീവ്രമായ ഏകാന്തത  ഞങ്ങളെ ഉമ്മാച്ചുവിലെ   "ഏകാന്ത  പഥികൻ  ഞാൻ" എന്ന  വരികളോ  ഭാർഗവീ നിലയത്തിലെ  "ഏകാന്തതയുടെ  അപാര തീരം " എന്ന  ഈരടികളോ   പാടിക്കുകയും  ചിലപ്പോൾ  ഞങ്ങളിലെ  കാമുകൻ  മണൽ പരപ്പിൽ മലർന്ന്  കിടന്ന്  പതിനാലാം രാവിലെ  പൂർണ ചന്ദ്രൻ അന്തരീക്ഷത്തെ പാൽക്കടലിൽ  കുളിപ്പിക്കുന്നത് കണ്ട് " പതിനാലാം രാവുദിച്ചത് മാനത്തോ  കല്ലായി കടവത്തോ" എന്ന  മരം സിനിമയിലെ  ഗാനമോ " മാനസ  മൈനേ  വരൂ  മധുരം  കിള്ളി  തരൂ" എന്ന   ചെമ്മീൻ ചിത്രത്തിലെ ഗാനമോ  ആലപിക്കുകയും  ചെയ്യുമായിരുന്നു.
പ്രണയം  പൂത്തുലയുകയും  വിധി  ഞങ്ങളെ  വിവാഹത്തിൽ  കൊണ്ടെത്തിക്കുകയും  ചെയ്താൽ   തന്നെയും  അപ്പോഴും   ഞങ്ങൾക്കായി  സിനിമാ ഗാനങ്ങൾ  ഒരുങ്ങി  നിന്നു.ആദ്യ രാത്രിയെ പറ്റി  ഓർത്തപ്പോൾ  ഞങ്ങളുടെ  തലമുറയിലെ  പെൺകൊടി  മൂലധനം  എന്ന  ചിത്രത്തിലെ വരികൾ   പാടി." പുലരറായപ്പോൾ  പൂങ്കോഴി  കൂവിയപ്പോൾ  പുതുമണവാളനൊന്നുറങ്ങിയപ്പോൾ".   എന്റെ  കൗമാരത്തിൽ  ആദ്യം  ഈ  പാട്ട് കേട്ടപ്പോൾ എന്റെ  ബാപ്പയും  ഉമ്മായും  അടുത്തുണ്ടായിരുന്നു.  ഉമ്മായോട്  ബാപ്പാ അന്നൊരു  ചോദ്യം  ചോദിച്ചു " ഒന്നുറങ്ങിയപ്പോൾ....അപ്പോൾ  ആ പഹയൻ  അത് വരെ  എന്ത്  ചെയ്യുകയായിരുന്നു.."  ഉമ്മാ ഞാൻ  അവിടെ  ഇരിക്കുന്നു  എന്ന്  കൺ  കോൺ  കൊണ്ട്  വാപ്പായെ  ഓർമ്മപ്പെടുത്തിയപ്പോഴും  എനിക്ക്  കാര്യം  പിടി  കിട്ടിയില്ലായിരുന്നു.  പിന്നെ  എത്രയോ  വർഷങ്ങൾക്ക്  ശേഷമാണ്  ആ "ഒന്നുറങ്ങിയപ്പോൾ"  എന്നതിന്റെ   അർത്ഥവ്യാപ്തി  എനിക്ക് പിടി  കിട്ടിയത്.  ഒറ്റ  വാക്കിലൂടെ  ആശയ പ്രവാഹം സൃഷ്ടിക്കാൻ  കഴിവുള്ളവരായിരുന്നല്ലോ  അന്നത്തെ ഗാന രചയിതാക്കൾ.
വിവാഹം കഴിഞ്ഞ്  ഭാര്യ ഗർഭിണി ആകുമ്പോൾ " വിരുന്നു  വരും   വിരുന്ന്  വരും  പത്താം  മാസത്തിൽ  എന്ന  കുട്ടിക്കുപ്പായ ഗാനം  ഞങ്ങൾക്ക്  സന്തോഷകരമായിരുന്നു.  തറവാട്ടമ്മയിലെ  "കന്നിയിൽ  പിറന്നാലും   കാർത്തിക  നാളായാലും  കണ്ണിന്  കണ്ണായ്  തന്നെ  ഞാൻ  വളർത്തും" എന്ന  ഗാനവും  ആ  അവസ്ഥയിൽ   ഞങ്ങൾക്ക്   സ്നേഹ മന്ത്രധ്വനികളായി  അനുഭവപ്പെട്ടിരുന്നു.
കഴിഞ്ഞ് പോയ  ആ നല്ല  നാളുകളിലെ  പ്രണയവും  പ്രണയഭംഗങ്ങളേയും  കുറിച്ച്  ഓർമ്മിച്ച്  " എന്റെ  കടിഞ്ഞൂൽ  പ്രണയ  കഥയിലെ  സുന്ദരീ  നിന്നെയും  തേടീ...."  എന്ന്  വർഷങ്ങൾക്ക് ശേഷം  ഉൾക്കടലിലെ  പാട്ട് പാടുമ്പോൾ  ഉള്ളിൽ  ഉണ്ടാകുന്ന  അനുഭൂതി പറഞ്ഞറിയിക്കാനാവില്ലല്ലോ!.  ഇനിയുമെത്രയെത്ര  മധുരം  കിനിയുന്ന  ഗാനങ്ങൾ...പറഞ്ഞാലും  പറഞ്ഞാലും  തീരാത്ത  അവയുടെ  ലാവണ്യ  ഭാവങ്ങൾ!!!  ഭൂതകാലത്തിന്റെ  സിന്ദൂരച്ചെപ്പിൽ  നിന്നും  ആ പഴയ ഗാന  ശകലങ്ങൾ  നമ്മളെ  തേടി  വന്ന് മനസ്സിനെ  തൊട്ട്  നിൽക്കുമ്പോൾ  ആ കാലത്തെ  വ്യക്തികളും  സംഭവങ്ങളും  മറ്റ്  എല്ലാ സ്മരണകളും  നമ്മളെ  തരളിത ഹൃദയരാക്കുമ്പോൾ  അറിയാതെ  മൂളി  പോകുന്നു:-
മധുരിക്കുന്നോർമ്മകളേ! മലർ  മഞ്ചൽ കൊണ്ട് വരൂ
കൊണ്ട്  പോകൂ  ഞങ്ങളെ  ആ മാഞ്ചുവട്ടിൽ...മാഞ്ചുവട്ടിൽ...

Thursday, October 17, 2013

അഭിപ്രായം എസ്സെമ്മെസ് ചെയ്യുക.

കൊച്ച് കുട്ടികളുടെ കളികൾ  നിരീക്ഷിക്കുകയാണെങ്കിൽ  സമകാലിക  സംഭവങ്ങൾ  ഏതെന്ന്  തിരിച്ചറിയാൻ  സാധിക്കും. അവർ  നാലു ചുറ്റും   കാണുന്നത്  അവരുടെ കളികളിൽ  നന്നായി  അനുകരിക്കും.ചുരുക്കി  പറഞ്ഞാൽ  അതാത്  കാലം  അവരുടെ  കളികളിൽ കാണാൻ  കഴിയുമെന്ന്  തീർച്ച.  അത്  കൊണ്ടാണ്  തിരക്ക്  അൽപ്പം  കുറവായ  ഇന്നത്തെ സായാഹ്നത്തിൽ  മുറ്റത്ത്  കളിച്ചു  കൊണ്ടിരുന്ന  കുട്ടികളെ  ഞാൻ  വെറുതെ  നോക്കിയിരുന്നത്. ചെറുതും  വലുതായ  സുഗ്രീവന്മാരും സുഗ്രീവത്തിമാരും  വളഞ്ഞ്  കൂടിയിരുന്ന്  ചാനൽ   ലൈവ്  പരിപാടി  അവതരണം  മിമിക്ക്  ചെയ്യുകയാണ് .കൂട്ടത്തിൽ  ഇളയ സുഗ്രീവൻ  (അവനെ  നിങ്ങൾക്ക്  അറിയാം  എന്റെ  ബ്ലോഗിൽ  പലപ്പോഴും  പല  വേഷത്തിൽ  അവൻ  വന്നിട്ടുണ്ട്.http://sheriffkottarakara.blogspot.in/2011/05/blog-post_18.html )  അവൻ  അടുത്തുണ്ടായിരുന്ന  ഒരു  വീഞ്ഞ പെട്ടിയുടെ മുകളിൽ  ചാടി  കയറി  "മീശ  മാധവൻ"  സിനിമയിൽ  ജഗതിയെ  ദിലീപ് കണി  കാണിക്കുന്ന  സീനിലെ  പോസിൽ   തിരിഞ്ഞ്  നിന്ന്  തന്റെ ശുഷ്ക  നിതംബത്തിൽ  രണ്ട്  തട്ട് തട്ടി  കൂട്ടുകാരോട്  ഇപ്രകാരം  വിളിച്ച്  പറഞ്ഞു  " ഇത്  നിങ്ങൾക്ക്  ഇഷ്ട്ടപ്പെട്ടു  എങ്കിൽ   ഇതിനെ  പറ്റിയുള്ള  നിങ്ങളുടെ  അഭിപ്രായം  ഈ നംബറിൽ  എസ്സ്.എമ്മെസ്സ്  ചെയ്യുക,  നമ്പർ  കാക്ക തൊള്ളായിരത്തി  തൊണ്ണൂറ്റി  ഒൻപത്  പൂജ്യം  പൂജ്യം...........

അതേ!  ചാനൽകാരുടെ  പല  കോമാളിത്തരങ്ങൾക്കും  ഇത്  തന്നെ  മറുപടി.

Tuesday, October 15, 2013

മധുരിക്കുന്നോർമ്മകളേ!

നാളെ  വലിയ പെരുന്നാളാണ്.  ഇന്ന് പെരുന്നാൾ  രാവും. ഇപ്പോൾ ആലപ്പുഴയിലെ   സക്കര്യാ ബസ്സാറിലും വട്ടപ്പള്ളിയിലും  പെരുന്നാൾ  രാവിന്റെ  ഘോഷങ്ങൾ  തകർത്ത് വാരുകയായിരിക്കും. കേരളത്തിലെന്നല്ല,    ഇന്ത്യയിലെവിടെയും  തന്നെ  പെരുന്നാളിന്റെ തലേ രാത്രിയിൽ ഇത്രയും  ഘോഷങ്ങൾ  കാണുകയില്ല.

  സായാഹ്നം,  സന്ധ്യയുമായി  ചേരുന്ന ഈ മുഹൂർത്തത്തിൽ  ഇവിടെ   ഈ വരാന്തയിലെ ചാരുകസേരയിൽ  മാനത്തെ ചെന്തുടിപ്പും  കണ്ട്  ഏകനായി  ഇരിക്കുമ്പോൾ  മനസ്സ്  പെരുന്നാൾ  രാവും തേടി  വട്ടപ്പള്ളി യിലേക്ക്  പോകുകയാണ്. നോമ്പ്  പെരുന്നാളിനും  ഹജ്ജ് പെരുന്നാളിനും  കുറേ  ദിവസങ്ങൾക്ക് മുമ്പേ  തീരുമാനിക്കും,  ഈ തവണ  പെരുന്നാൾ രാവിന്  ആലപ്പുഴ വട്ടപ്പള്ളിയിൽ. പക്ഷേ പലപ്പോഴും ആ ആഗ്രഹം നടക്കാറില്ല. എന്തെങ്കിലും ഏടാകൂടങ്ങൾ  അപ്പോൾ വന്ന് ചേരും  ആലപ്പുഴ പോക്ക്  മാറ്റി വെക്കപ്പെടുകയും ചെയ്യും. വിദൂരതയിലിരുന്ന്  ഞാൻ ആ ആഘോഷങ്ങൾ  ഇപ്പോൾ കാണൂകയാണ്. പെരുന്നാളിന്റെ പകിട്ടിനേക്കാളും പെരുന്നാൾ  രാവ്ന്റെ ഓർമ്മകളാണ് മനസ്സിലേറെയും.

 പണ്ട്  വളരെ  പണ്ട്  സൈദ് പൂക്കോയാ തങ്ങളുടെ മഖാമിൽ  നിന്നും  നോമ്പ് പെരുന്നാൾ അറിയിച്ച് കൊണ്ട്  ഉയരുന്ന വെടിയൊച്ചകൾക്ക്  ചെവി കൊടുത്ത് കാത്തിരുന്ന നിമിഷങ്ങൾ. പെരുന്നാൾ  രാത്രിയിൽ പുലർച്ച വരെ തുറന്ന് വെക്കുന്ന  കടകളും  പെരുന്നാൾ സാധനങ്ങൾ  വാങ്ങാൺ വരുന്നവരുടെ  തിരക്കുകളും. പെരുന്നാൾ ആഘോഷിക്കാനുള്ള ചെലവിന് വേണ്ടി വരുന്ന  തുക കയ്യിലെത്തുമ്പോൾ വൈകി പോകുന്നതിനാൽ പാവപ്പെട്ടവർ-അവരാണ് ഭൂരിപക്ഷവും ‌- സാധനങ്ങൾ വാങ്ങാൻ  വരുന്നത്  രാത്രി വൈകിയാണ്.

സക്കര്യാ ബസാർ ജംക്ഷനിൽ രണ്ട് പടക്ക കടകൾ. ഒന്ന്  അബ്ദു  ഇക്കായുടേത്, രണ്ടാമത്തേത്  കുപ്പായം  ഇടാത്ത കോയാ ഇക്കായുടേതും. കോയാ ഇക്കാ  ജീവിതത്തിൽ ഷർട്ട് ധരിച്ചിട്ടില്ല. അത് കൊണ്ടാണ് കുപ്പായം ഇടാത്ത കോയാ എന്ന്  അറിയപ്പെടുന്നത്. അബ്ദു ഇക്കായെ ഇപ്പോൾ  കാണാനില്ല, മരിച്ചോ എന്നറിയില്ല. കോയാ ഇക്കാ ഇപ്പോഴും ഉണ്ട്.
എന്തെല്ലാം  പടക്കങ്ങൾ! പാളി  പടക്കം,  ഏറു  പടക്കം,  കതിനാ,  അമിട്ട്, ഗർഭം കലക്കി, പൂക്കുറ്റി,  കമ്പി തിരി  അങ്ങിനെ  എത്രയെത്ര തരങ്ങൾ. എല്ലാറ്റിനേയും  കൊതിയോടെ നോക്കി  നിന്ന  ബാല്യകാലം. ആ വക ഇനങ്ങൾ  വാങ്ങാൻ പൈസാ ഇല്ലാ, ഉൺടെങ്കിൽ  തന്നെ വാപ്പാ അതൊന്നും  വാങ്ങാൻ  അനുവദിക്കുകയുമില്ല. വെറും പൂത്തിരിയും  കമ്പി  തിരിയും  മാത്രം വാപ്പാ രാത്രി  ഏറെ ചെല്ലുമ്പോൾ വാങ്ങി  കൊണ്ട് വന്നാലായി.  ദൂരെ ദൂരെ സ്രാങ്കിന്റെ വീട്  ഭാഗത്ത് നിന്നും   പാളി  പടക്കങ്ങൾ  ചെമ്പ്  കലത്തിലിട്ട് പൊട്ടിക്കുമ്പോഴുള്ള ശബ്ദം  കേട്ടാണ് ഉറങ്ങാൻ  പോകുക.
 പിറ്റേ  ദിവസം  ഇറച്ചി കറിയും കൂട്ടി  ചോറു കഴിച്ചിട്ട്  കൈ കഴുകാതെ കടലാസ്സിൽ  തുടച്ചിട്ട് കയ്യിൽ  അവശേഷിക്കുന്ന കറിയുടെ മണത്തെ പിന്നെയും  പിന്നെയും ആസ്വദിച്ച്  നടന്നിരുന്ന  കഷ്ടപ്പാടിന്റെ  ബാല്യകാലം.  അന്ന് വയറ് നിറയെ  ചോറ് കിട്ടാൻ  പെരുന്നാൾ വരണമായിരുന്നല്ലോ! പക്ഷേ  ആ കഷ്ടപ്പാടിന്റെ കാലത്തെ ആഹാരത്തിന്റെ രുചി ഇന്നിനി  വരാതെ  എങ്ങോ  പോയി.  ഇന്നിപ്പോൾ  ഏത്  ആഹാരം  വേണമെന്ന്  തോന്നിയാലും  കഴിക്കാം,  പക്ഷേ  അന്നത്തെ രുചി  ഇന്നില്ലാ എന്ന്  മാത്രം.

ഓർമ്മകൾ  വീണ്ടും  വീണ്ടും  ഉള്ളിൽ  തിരയടിച്ചെത്തുകയാണ്. കൗമാരത്തിൽ പെരുന്നാൾ രാവിന്റെ  മാസ്മര സ്വാധീനത്തിൽ  കൂട്ടുകാരുമായി  കറങ്ങി  നടന്ന  നിമിഷങ്ങൾ!  എല്ലാം  ഇങ്ങിനി  വരാതെ വണ്ണം  പോയി  കഴിഞ്ഞു. എല്ലാവരും  എവിടെല്ലാമോ  ചിതറി  പോയി. വട്ടപ്പള്ളിയിൽ  കൂട്ടുകാർ  ഇപ്പോൾ ഒന്നോ രണ്ടോ  പേർ മാത്രം, അവരെയും  കാണാനില്ല. ഇപ്പോൾ  ഞാൻ അവിടെ  അപരിചിതനാണ്. വട്ടപ്പള്ളിയിലൂടെ  ബാല്യവും  കൗമാരവും  ആവാഹിച്ച് ആ മധുര  സ്മരണകളിലൂടെ  നടക്കുമ്പോൾ പരിചിതമല്ലാത്ത  മുഖങ്ങൾ  എന്നോട്  ചോദിക്കുന്നു "നീ ആരാണ്? "  ഞാൻ  ഈ ദേശത്തിന്റെ  പുത്രൻ  ഇവിടെ  ഞാൻ ജനിച്ച് വളർന്നവനാണ്  എന്ന്  ഉറക്കെ  വിളിച്ച് കൂവാൻ  പലപ്പോഴും  തോന്നി  പോകും.  തിരികെ  നൂറ്  കണക്കിന്  നാഴികകൾ  താണ്ടി  ഇവിടെ  വീട്ടിലെത്തി  വീണ്ടും  ഞാൻ ഭർത്താവായി  അഛനായി  ഗൃഹസ്ഥനായി   മാറുമ്പോൾ എന്നിലെ  ബാല്യവും  കൗമാരവും  മനസ്സിന്റെ  മൂലയിൽ  പോയി തല ചായ്ക്കുന്നു. പണ്ടത്തെ  ഏതെങ്കിലും സംഭവങ്ങൾ  അവരെ  വിളിച്ചുണർത്തുമ്പോൾ അവർ  തട്ടി  പിടഞ്ഞെഴുന്നേറ്റ്  എടാ പണ്ട്  നീ ഇങ്ങിനെ  ആയിരുന്നു  എന്നെന്നെ   ഓർമ്മപ്പെടുത്തും. ഇന്നീ  പെർന്നാൾ  രാവിനെ  പോലെ.  ഇതിന്റെ  പേരായിരിക്കും  ജീവിതമെന്ന്.

"ആലപ്പുഴക്ക്  ഈ സന്ധ്യക്ക്  തന്നെ  പോകാൻ  പരിപാടിയുണ്ടോ?"   ഭാര്യയുടെ  ശബ്ദം   ചിന്തകളെ  ചിതറിച്ചു.  എന്റെ  ഉള്ളം  അവൾക്ക്  നല്ലവണ്ണം  അറിയാമല്ലോ. ഒരു  പുഞ്ചിരിയിലൂടെ എപ്പോഴും  എന്റെ  ആഗ്രഹം  അതാണല്ലോ  മോളേ! എന്ന  മറുപടി  ഞാൻ വ്യക്തമാക്കിയെങ്കിലും  അവൾക്കും  എനിക്കുമറിയാം  ഫലിക്കാത്ത സ്വപ്നങ്ങളാണതൊക്കെയെന്ന്.

Tuesday, October 8, 2013

രാക്ഷസീയ മനസ്സ്

സ്ത്രീ  അമ്മയാണ്.  ഭാര്യയാണ്,  പുത്രിയാണ്, സഹോദരിയാണ്, എല്ലാമെല്ലാമാണ്,  അത് കൊണ്ട് തന്നെ അവൾ സ്നേഹ നിധി  കൂടി   ആണ്. സമ്മതിച്ചു. പക്ഷേ  കഴിഞ്ഞ ദിവസം സായാഹ്നാന്ത്യത്തിൽ  മദ്ധ്യസ്തത വഹിച്ച ഒരു  വിവാഹ കേസിൽ  ഒരു സന്ദർഭത്തിൽ  സ്ത്രീ രാക്ഷസിയുമാണ്  എന്ന വിചാരം എന്റെ ഉള്ളിൽ ഉണ്ടാകാനിടയായി. വാശിയും പകയും മൂക്കുമ്പോൾ  എല്ലാ സൗമ്യതയും പോയി രാക്ഷസ ഭാവം കൈ കൊള്ളാനും അവൾക്ക് കഴിയും. അതോടെ ആ പെൺകുട്ടിയോടുള്ള അനുകമ്പയും  സ്നേഹവും  എന്നിൽ നിന്നും ഓടിയൊളിക്കുകയും ചെയ്തു.  സംഭവം ഇപ്രകാരമാണ്. ഭർത്താവിന്റെ  ദുഷ് പ്രവർത്തിയാൽ  എന്ന്  ആരോപിക്കപ്പെടുന്ന  ഒരു കേസിൽ പെൺകുട്ടിയുടെ  നിർബന്ധപ്രകാരം  പരസ്പര സമ്മത ഉടമ്പടിയിലൂടെ  വിവാഹ മോചനം നടന്നു. പെൺകുട്ടിക്ക്  ലഭിക്കേണ്ട  ഒൻപത് ലക്ഷം രൂപാ  നൽകാൻ  ഭർത്താവിന് കഴിവില്ലാത്തതിനാൽ  അയാളുടെ പിതാവ്  അത് പെൺകുട്ടിക്ക്  നൽകാമെന്ന് ഏറ്റു. ആറ് മാസ കാലാവധിയും നൽകി. ഭീമമായ പലിശക്ക്   എവിടെന്നെല്ലാമോ കടം  വാങ്ങി  അദ്ദേഹം  ക്ലിപ്ത കാലാവധിക്കുള്ളീൽ തുക തരപ്പെടുത്തി. തുക നൽകാൻ  നേരം അദ്ദേഹത്തിന് ഒരു നിബന്ധന മാത്രമേ  ഉണ്ടായിരുന്നുള്ളൂ. സ്വന്തം  പേരക്കുട്ടിയെ  വല്ലപ്പോഴുമൊന്ന് കാണാനും  താലോലിക്കാനും   അനുവദിക്കണം.  വിവാഹ  മോചനത്തിന്  ശേഷം മകൻ എവിടെ എന്നില്ലാതെ  പോയി കഴിഞ്ഞു. അവന്റെ ഏക മകൻ  മൂന്ന് വയസ്സ്കാരൻ  മരുമകളോടൊപ്പം  ചെറുതല്ലാത്ത വഴി ദൂരത്തിൽ  അവളുടെ വീട്ടിലാണ്   താമസം . ആ കുട്ടിയെ ഒന്ന്  കാണാൻ  അനുവദിക്കണം.  "സാദ്ധ്യമല്ല"  പെൺകുട്ടി തീർത്ത്  പറഞ്ഞു. "അവന്റെ  (ഭർത്താവിനെയാണ് ഉദ്ദേശിക്കുന്നത്)  ഒരുത്തനും എന്റെ കുട്ടിയെ കാണേണ്ട."  അന്തം വിട്ട് നിൽക്കുന്ന  ആ മനുഷ്യന്റെ മുഖ ഭാവം കണ്ട്  ഞാൻ അവളോട് സൗമ്യ സ്വരത്തിൽ പറഞ്ഞു." കുട്ടീ! അദ്ദേഹം  കോടതിയെ  സമീപിച്ചാൽ  കറച്ച് മണിക്കൂറുകൾ  നീ കുട്ടിയെ വിട്ട് കൊടുക്കേണ്ടി വരും,  അത്രടം  വരെ  പോകാതെ  ഇവിടെ  വെച്ച് ഒരു  ധാരണ എത്തുന്നതല്ലേ  ബുദ്ധി."  അവളുടെ  മറുപടി പെട്ടെന്നായിരുന്നു." കോടതി അങ്ങിനെ ഉത്തരവിട്ടാൽ  അയാൾ എന്റെ കുട്ടിയുടെ  ശവമേ  കാണുള്ളൂ, ഞാനും  കുഞ്ഞും ആത്മഹത്യ ചെയ്യും, പിന്നെ  ഏത്  കുഞ്ഞിനെ  കോടതി  അയാൾക്ക്  താലോലിക്കാൻ  കൊടുക്കുമെന്ന്  കാണട്ടെ."  ഇത്  അവൾ സംസാരിക്കുമ്പോഴും ആ കുഞ്ഞ്   ആ  പരിസരത്ത്  ഓടി  ചാടി  കളിക്കുകയായിരുന്നു. നല്ല  മുഖ ശ്രീയുള്ള  ഒരു  ആൺകുട്ടി!  അതിന്റെ മുഖം  കണ്ടാൽ  തമാശക്ക്  പോലും  ഈ വാക്കുകൾ  ഉപയോഗിക്കാൻ  ആർക്കും  കഴിയില്ല.  സ്വന്തം  വാശി  ജയിക്കാൻ  ഏത് പൈശാചിക  പ്രവർത്തികൾക്കും  മടിക്കാത്ത വിധം  മനുഷ്യ  മനസ്സ്  രൂപാന്തരപ്പെടുമ്പോൾ   ആ  ഭാവത്തെ രാക്ഷസീയം എന്നല്ലാതെ  മറ്റെന്ത് വിശേഷിപ്പിക്കണം?!