Thursday, January 23, 2014

ഉലക്ക അടി

 കാര്യങ്ങൾ  പറഞ്ഞ് മനസിലാക്കാൻ ബദ്ധപ്പെടുമ്പോൾ ബ്ലോഗിൽ പലപ്പോഴും ഞാൻ അവതരിപ്പിച്ചിട്ടുള്ള  ഒരു  ഉദാഹരണമാണ് കുരുടനെ കുട്ടി മരിച്ച കാര്യം മനസിലാക്കുന്ന  കഥ.
 അയലത്തെ കുട്ടി മരിച്ചു  എന്നറിഞ്ഞപ്പോൾ കുരുടൻ ചോദിച്ചു, എങ്ങിനെയാ കുഞ്ഞ് മരിച്ചതെന്ന് ? കുഞ്ഞ് പാൽ നെറുകയിൽ കയറിയാണ് മരിച്ചതെന്ന് ചോദ്യം കേട്ട  ആൾ  മറുപടി കൊടുത്തു. പാൽ  എങ്ങിനെ  ഇരിക്കും  എന്ന്  കുരുടൻ. പാൽ വെളുത്തിരിക്കും എന്ന് ഉത്തരം.  വെളുപ്പ് എങ്ങിനെ  ഇരിക്കും എന്നായി   കുരുടൻ. വെളുപ്പ്  കൊക്ക് പോലെ ഇരിക്കും എന്ന് മറുപടി കൊടുത്തു.. കൊക്കോ? അതെങ്ങിനെ  ഇരിക്കും എന്നായി  അപ്പോൾ കുരുടൻ. സഹികെട്ട ഉത്തര ദാതാവ്  അടുത്തിരുന്ന കിണ്ടി എടുത്ത് "ദാ  ഇത്പോലിരിക്കും കൊക്ക്" എന്ന്  മറുപടി കൊടുത്തു. അപ്പോൾ കുരുടൻ കിണ്ടി എടുത്ത് മൊത്തം തലോടി നോക്കിയിട്ട് പറഞ്ഞു"  ഓഹോ! വെറുതെയല്ല  കുഞ്ഞ് മരിച്ചത്, ഇത് തലയിൽ കയറിയാൽ  ആരാ  മരിക്കാത്തത്? പിന്നെയാ ഒരു  കുഞ്ഞ് ,,,,,,"
ഇതിപ്പോൾ ഇവിടെ വീണ്ടും ഉദ്ധരിക്കാൻ കാരണം ഞങ്ങളുടെ സ അദിനെ അപ്പൻഡിസൈറ്റ്  ഓപറേഷൻ ചെയ്യാൻ തീരുമാനിച്ച ദിവസം ഓപറേഷനെ പറ്റിയുള്ള അവന്റെ അന്വേഷണങ്ങൾക്ക്  മറുപടി കൊടുത്ത് അവനെ മനസിലാക്കാൻ കഴിയാതെ വന്ന അവസ്ഥ വിവരിക്കുന്നതിനായാണ്. എട്ട് വയസ് കാരനായ അവന്റെ ഓരോ ചോദ്യവും  കരച്ചിലിന്റെ പിന്തുണയോടെയായിരുന്നു.
 "വീട്ടിൽ ചോറ് തിന്നാൻ  എല്ലാവരും  ഉണ്ടല്ലോ ഇക്കായും ഉണ്ട്, അനിയത്തിയും ഉണ്ട്, എല്ലാവരും ഉണ്ട്...  അവരെ ഒന്നും ഈ കുന്തം ചെയ്യാത്തതെന്താ, ഓപ്പറേഷൻ ചെയ്യാൻ എന്നെ മാത്രമേ കിട്ടിയുള്ളുവോ?  ങ്ഹൂ  ങ്ഹൂ..." അവന്റെ  ചോദ്യം. എടാ,  അവർക്കൊന്നും അസുഖം വന്നില്ലല്ലോ  അത്  നിനക്ക്  മാത്രമല്ലേ വന്നുള്ളൂ...." എന്റെ മറുപടി.,  ..."ഓപറേഷൻ നടത്തുമ്പോൾ വേദനിക്കുമോ ങ്ങ്ഹൂ...ങ്ഹൂ..."
"ഇല്ലാ മോനേ ബോധം കെടുത്തിയാ ചെയ്യുന്നേ" എന്റെ മറുപടി. "എങ്ങിനെയാ ബോധം  കെടുത്തുന്നേ ങ്ഹൂങൂ..."  "അത് അനസ്തേഷിയാ തരും,  അപ്പോൽ  ബോധം  കെടും..ഞാൻ. " ആ അയിഷയെ  എവിടെ  കൂടാ കടത്തുന്നേ? ങൂ...ങ്ഹൂ..."  അത്...കുത്തി വെച്ചോ  മണപ്പിച്ചോ  ഒക്കെ  ചെയ്യും....ഞാൻ.    "എന്നിട്ടും  ബോധം കെടുന്നില്ലെങ്കിലോ?  അവന് സംശയം തീരുന്നില്ല
"ഒരു ഉലക്ക കൊണ്ട് വന്ന് തല മണ്ടക്ക്  അടിക്കും, അപ്പോൾ  ബോധം കെട്ടോളും..."  സഹികെട്ട  ഞാൻ ഉത്തരം  കൊടുത്തു.  ഓ1 ദേ ആ പടത്തിൽ ജഗതിയെ തലക്കടിക്കുന്നത്  പോലെ....ഹദ്ദ്  ശരി.... അവന് മറുപടി തൃപ്തി ആയെന്ന്  തോന്നുന്നു.   "പടച്ചോനേ! ഇനി  എപ്പോഴാണ്  ഈ ഉലക്ക  കൊണ്ട് വരിക...?"  ഉറങ്ങുന്നത് വരെ  അവൻ ഉലക്ക  കാത്ത് കിടന്നു.
 പിന്നീട് ഉലക്ക  കൊണ്ട് വന്ന് അടിച്ചത് എന്റെ തലക്കായിരുന്നു, ആശുപത്രി ബിൽ രൂപത്തിൽ... കാൽ  ലക്ഷം  രൂപാ.... ഞാൻ ബോധം കെട്ടു....

Tuesday, January 21, 2014

നാം ഗിനിപ്പന്നികളല്ല.

റൂബെല്ലാ കുത്തി വെപ്പ്  എട്ടാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠനം  നടത്തുന്ന  ആറ് ലക്ഷം  പെൺകുട്ടികൾക്ക്  ഫെബ്രുവരി മുതൽ നൽകി  തുടങ്ങുമെന്ന്  സംസ്ഥാന ആരോഗ്യ വകുപ്പ്  പത്രക്കുറിപ്പിലൂടെ  വെളിപ്പെടുത്തിയിരിക്കുന്നു.  കൗമാര പ്രായക്കാരായ പെൺകുട്ടികൾക്ക് ഈ വാക്സിൻ നൽകുന്നത്  അവർക്ക്  ജനിക്കുന്ന കുഞ്ഞ്ങ്ങൾക്ക്  ഉണ്ടായേക്കാവുന്ന ഗുരുതര രോഗപ്രശ്നങ്ങൾക്ക്  തടയിടുക  എന്ന ലക്ഷ്യത്തോടെയാണെന്ന്  ആരോഗ്യ വകുപ്പ്  പറയുന്നു. ഗർഭിണി  ആയിരിക്കവേ മാതാവിന് ഈ രോഗം ബാധിച്ചാൽ ജനിക്കുന്ന കുഞ്ഞിന്  ശാരീരിക വൈകല്യങ്ങൾ  ഉണ്ടായേക്കാം  എന്ന്  തെളിയിക്കപ്പെട്ടിട്ടുണ്ടത്രേ!. ബുദ്ധിമാന്ദ്യം ഹൃദ്രോഗം തുടങ്ങിയവയും  കുഞ്ഞിന്  ഉണ്ടായേക്കാമെന്നും  കണ്ട്പിടിച്ചിട്ടുണ്ടെന്നാണ്  പറയപ്പെടുന്നത്. ചെറിയ പനിയും ശരീര വേദനയുമായി  പ്രത്യക്ഷപ്പെടുന്ന  റൂബെല്ലാ കുറച്ച് കഴിഞ്ഞ് വന്നത് പോലെ  പോകുമെന്നതിനാൽ  ആരുമത്ര ശ്രദ്ധിക്കാറില്ലെന്നും പക്ഷേ  അത് മൂലം ഉണ്ടായേക്കാവുന്ന കുഴപ്പങ്ങൾ  നേരിടാനാണ് വാക്സിൻ  ഈ പ്രായത്തിലുള്ള പെൺകുട്ടികൾക്ക് നൽകുന്നതെന്നും ആരോഗ്യ വകുപ്പ് ഡയറക്റ്റർ   പ്രസ്താവനയിൽ പറഞ്ഞു.
ഈ വാക്സിൻ നൽകി കേരളത്തിലെ ഗർഭിണീകളെയും അവർക്ക് ജനിക്കാൻ  പോകുന്ന കുഞ്ഞുങ്ങളെയും നടേ പറഞ്ഞ രോഗങ്ങളിൽ നിന്ന്  കാത്ത് രക്ഷിക്കേണ്ടത് ഭരിക്കുന്ന സർക്കാരിന്റെ ചുമതലയാണെണെന്നതിൽ  തർക്കമില്ല.  ജനങ്ങളുടേ  ആരോഗ്യത്തെ പറ്റി ഉത്ക്കണ്ഠാകുലരാകുകയും വരാൻ  പോകുന്ന മാരക രോഗങ്ങളെ തടയാൻ വാക്സിനുകളും ഗുളികകളും ജനങ്ങളിൽ പ്രയോഗിക്കേണ്ടതും പൊതുജനാരോഗ്യ വകുപ്പിന്റെ കടമകളിൽ പെട്ടത്  തന്നെയാണെന്നും അഭിപ്രായ വ്യത്യാസമില്ല. 
മന്ത് എന്താണെന്ന്  ആർക്കുമറിയാത്ത നാടുകളിലെ സ്കൂളിൽ  പോലും മന്ത് ഗുളികകൾ  നിർബന്ധമായി  ഇപ്പോൾ തീറ്റിക്കുന്നത്  ഈ ലക്ഷ്യത്തോടെ തന്നെയാണ്.
നവജാത ശിശുക്കൾക്ക്  പലപ്പോഴായി നൽകിയിരുന്ന വാക്സിനുകൾ  ഏകോപിച്ച് ഒറ്റ വാക്സിനായി നൽകുന്ന ഏർപ്പാടും  ഇപ്പോൾ പ്രാബല്യത്തിലുണ്ട്. കുഞ്ഞുങ്ങൾ  ആ വാക്സിനെ തുടർന്ന്  മരിച്ച് പോയത് ആ വാക്സിന്റെ കുഴപ്പം  കൊണ്ടല്ലെന്നും  മറ്റ് രോഗങ്ങൾ  കൊണ്ടാണെന്നും  ശാസ്ത്രീയമായ അന്വേഷണങ്ങൾക്ക്  ശേഷം ആരോഗ്യ വകുപ്പ് അടുത്തകാലത്ത് വെളിപ്പെടുത്തിയിരുന്നു. മറ്റ് രോഗങ്ങൾ  കൊണ്ടായിരിക്കാം  ആ കുഞ്ഞുങ്ങൾ മരിച്ചത് എന്നത് ശരിയായിരിക്കാം.  പക്ഷേ മരിച്ച കുഞ്ഞുങ്ങളെല്ലാം  വാക്സിൻ  എടുത്തവരായിരുന്നു  എന്നതും സത്യമായ വസ്തുതയാണ്. 
ഇപ്പോൾ റൂബെല്ലാ വാക്സിൻ  നമ്മുടെ പെൺകുട്ടികളുടെ ശരീരത്തിൽ  കടത്തി വിടുന്നു. ഈ വാക്സിൻ പ്രയോഗം ഏതെല്ലാം രീതിയിൽ മനുഷ്യ ശരീരത്തിൽ പ്രതികരിക്കുന്നു  എന്നും ഇത് മറ്റ് നാടുകളിൽ ഉപയോഗത്തിലുണ്ടോ എന്നും അവിടെ ആ വാക്സിന്റെ പാർശ്വഫലങ്ങൾ  ഏതെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ എന്നും ആരോഗ്യ വകുപ്പ് അന്വേഷിച്ചിട്ടുണ്ടെങ്കിൽ ആ വസ്തുതയും  ആദ്യമായി  ഒരു ഔഷധം ഉപയോഗത്തിൽ വരുന്ന ഈ വേളയിൽ    പത്രക്കുറിപ്പിൽ  വിശദീകരിക്കേണ്ടതായിരുന്നു.
ഭീമൻ ഔഷധകമ്പനികൾ ലാഭേച്ഛ  മാത്രം  കണക്കിലെടുത്ത് അതിന്റെ കരാള ഹസ്തങ്ങളാൽ വികസ്വര രാജ്യങ്ങളിൽ പിടി മുറുക്കി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നമുക്ക് തരുന്ന മരുന്ന് എന്താണെന്നും അതിന്റെ വിതരണം  ആരിൽ നിന്നാണെന്നും അതിന്റെ പാർശ്വ ഫലങ്ങൾ എന്തെല്ലാമെന്നും നമുക്ക് അറിയാൻ അവകാശമുണ്ട്. ഇല്ലായെങ്കിൽ നമ്മൾ ഔഷധ പരീക്ഷണത്തിനുള്ള വെറും ഗിനി പന്നികളായി  മാറ്റപ്പെടും എന്നതിൽ തർക്കമില്ല.

Saturday, January 11, 2014

നമുക്ക് ബ്ലോഗ് മീറ്റ് വേണ്ടേ?

ഒരു ബ്ലോഗ് മീറ്റിൽ  ആദ്യമായി പങ്കെടുത്തത്  ചെറായി ബീച്ചിലായിരുന്നു. ബൂലോഗത്തെ പുലികളും പുപ്പുലികളും നിറഞ്ഞ്  നിന്ന ഉഗ്രൻ മീറ്റ്. പിൽക്കാലത്ത് വി.എസ്. അചുതാനന്ദന് എതിരെ തെരഞ്ഞെടുപ്പിൽ മൽസരിച്ച ലതികാ സുഭാഷ്  ആ മീറ്റിൽ സജീവമായി  ഉണ്ടായിരുന്നു എന്ന്  ഓർക്കുന്നു. ഇപ്പോൾ ബ്ലോഗ് മീറ്റ് തുഞ്ചൻ പറമ്പിൽ  നടത്തി മിന്നി  നിൽക്കുന്ന  സാബു കൊട്ടോട്ടി  രംഗ പ്രവേശനം ചെയ്ത ആദ്യ മീറ്റും  അതായിരുന്നു. അന്നത്തെ പലരെയും ഇന്ന്  കാണാനില്ലാ എന്നുള്ളത്  പോലെ ഇന്നത്തെ പ്രമാണികളൊന്നും  അന്നുണ്ടായിരുന്നുമില്ല. കാലം  കടന്ന് പോയി   തുടർന്ന്  മീറ്റുകളുടെ പൊടി പൂരമായിരുന്നു.എറുണാകുളം പലതവണ, തൊടുപുഴ, തുഞ്ചൻ പറമ്പ് (രണ്ട് തവണ) കണ്ണൂർ,  കൊണ്ടോട്ടി, കോഴിക്കോട്,  ഇങ്ങിനെ പ്രധാന  മീറ്റുകളും അത് കൂടാതെ ചെറിയ സംഗമങ്ങൾ  വേറെയും  അങ്ങിനെ  മീറ്റുകൾ തുടർന്ന് വന്നു. അന്നൊക്കെ ബ്ലോഗറന്മാർക്ക്  മീറ്റ്  ഹരമായിരുന്നു. വല്ലാത്ത അനുഭൂതി.  മീറ്റിന്റെ തലേ ദിവസം തന്നെ  സ്ഥലം പിടിക്കാൻ  ഈയുള്ളവനടക്കം ധാരാളം  പേർ  തയാറായി  നിന്നു. എവിടെ നിന്നോ വന്ന   ഒരു കൂട്ടം സമാന മനസ്കരായ ആൾക്കാർ ഒരു സ്ഥലത്ത് കൂടുകയും പരിചയപ്പെടുകയും  അവരവരുടെ അനുഭവങ്ങൾ പങ്ക് വെക്കുകയും  ഒരുമിച്ചിരുന്ന് ആഹാരം കഴിച്ച്  ചായകുടിച്ച്  അൽപ്പ നേരത്തേക്ക്  ഉള്ള പരിചയമാണെങ്കിൽ പോലും നമുക്ക് ഇനിയെവിടെയെങ്കിലും വെച്ച് കാണാം  എന്ന് വേദനയോടെ പറഞ്ഞ് പിരിയുകയും ചെയ്യുന്നതിന്റെ രസം അനുഭവിച്ച് തന്നെ അറിയണം.
കാലം കഴിഞ്ഞപ്പോൾ  ഫെയ്സ് ബുക്കിന്റെ തള്ളി  കേറ്റത്തിൽ ബ്ലോഗറന്മാർ മിക്കവരും  മുഖ പുസ്തകത്തിൽ അണി  നിരക്കുകയും  ബ്ലോഗ് മീറ്റിന്റെ  പ്രസക്തി കുറഞ്ഞ് വരുന്നതായും അനുഭവപ്പെട്ടു.  മീറ്റ്  ഇല്ലങ്കിൽ  തന്നെയും   ബ്ലോഗേഴ്സ്  എന്ന  നിലയിൽ പരിചയപ്പെട്ടിരുന്നവരെ നേരിൽ കാണാമെന്ന   ലക്ഷ്യത്തോടെ   ഞങ്ങൾ നാല്  പേർ  സുനിൽഷാ,  ഷൈജു, ഹാഷിം ഹാജി  എന്നിവർ കാറിൽ  വടക്കോട്ട്  വിട്ടു.  വഴിയിൽ   മുഹമ്മദ് കല്യത്ത്,   സാബു കൊട്ടോട്ടി  തുടങ്ങി  പലരേയും കണ്ട്  പരിചയം പുതുക്കിയെങ്കിലും  ഒരിക്കലും മറക്കാനാവാത്തത്  റ ഈസിന്റെയും  ഷബ്നാ പൊന്നാടിന്റെയും  വീട് സന്ദർശനമായിരുന്നു. സഹന ശക്തിയുടെ  ആൾ രൂപമായിരുന്നു റ ഈസ്. യൗവനത്തിന്റെ കത്തി നിൽക്കുന്ന പ്രായത്തിൽ  ചെറുപ്പത്തിലെ ഒരു അപകടത്തെ തുടർന്ന്  ശിരസ്സിന് മാത്രം ചലനശേഷിയുമായി ആ കുഞ്ഞനിയൻ  തന്റെ കിടക്കയിൽ കഴിഞ്ഞ് കൂടുന്നു; ഉല്ലാസവാനായി  മറ്റുള്ളവരെ  സമാധാനിപ്പിച്ച് കൊണ്ട്.  എന്നെ തിരിച്ചറിഞ്ഞപ്പോഴുണ്ടായ അവ്ന്റെ ചിരി എത്ര മനോഹരമായിരുന്നു. എന്റെ കൂടെയുള്ളവരും വീട്  കാണിക്കാൻ വന്ന  മുഖ പുസ്തകക്കാരൻ മുഹമ്മദു കല്യത്തും  അവനെ നിർന്നിമേഷം  നോക്കി  ഇരുന്നു.  അവിടെ നിന്നും     ഇറങ്ങി  പിന്നീട് പൊന്നാട് ഷബനായുടെ വീട്ടിലേക്ക് ഞങ്ങൾ  പോയി. സാബു കൊട്ടോട്ടിയും  വഴിയിൽ വെച്ച് ഞങ്ങളുടെ കൂടെ കൂടി. തനിക്ക് ഇങ്ങിനെ ഒരു വൈകല്യം  ഉണ്ടെന്ന്  ഭാവിക്കാത്ത വിധം ഷബ്നാ     സംസാരിച്ച് കൊണ്ടേയിരുന്നു,  തന്റെ മധുരതരമായ  ശബ്ദത്തിൽ.  ആ സുന്ദരിക്കുട്ടിയുടെ  ഓരോ വാക്കിലും  ആത്മധൈര്യം  നിറഞ്ഞ് നിന്നു.  ചലന ശേഷി  ഉള്ളവർ  ചെയ്യാത്ത സേവനങ്ങൾ  ആ  ചെറുപ്പക്കാരി  തന്റെ വീൽ ചെയറിൽ ഇരുന്ന് നിർവഹിച്ച്    കൊണ്ടിരിക്കുന്നത്   കണ്ടപ്പോൾ  ആ  കുട്ടിയെ  എങ്ങിനെ അഭിനന്ദിക്കണമെന്ന്   പിടി കിട്ടതെ  പോയി.  ഷബനായുടെ ഒന്നിലധികം  പുസ്തകങ്ങൾ  പ്രസിദ്ധീകരിച്ച്  കഴിഞ്ഞു.  അവിടെ നിന്നും  യാത്രപറയുമ്പോൾ  എനിക്കും  സുനിൽഷാക്കും ഷൈജുവിനും  ഹാഷിം ഹാജിക്കും  മുഹമ്മദിനും  കൊട്ടോട്ടിക്കും എല്ലാം  ഒറ്റ അഭിപ്രായം  മാത്രം.  "  ഓടി  നടക്കുന്ന  നമ്മൾ  ചെയ്യാത്ത സൽ പ്രവർത്തികൾ  ഇവർ  ചെയ്ത് കൊണ്ടിരിക്കുന്നു."
ദീർഘമായ യാത്രയും തണുപ്പും എന്നിൽ  ഉണ്ടാക്കിയ ശബ്ദം   അടപ്പ്  യാത്ര വെട്ടി ചുരുക്കാനും  പെട്ടെന്ന് തന്നെ  തിരികെ  പോകാനും  ഇടയാക്കി.
ഇന്ന്  ഗൾഫിൽ  നിന്നും ഇസ്മെയിൽ കുറുമ്പടി (തണൽ) വിളിച്ചു ഇക്കാ  നമുക്ക്  ഒന്ന്  കൂടേണ്ടേ, ഗൾഫ്കാർക്ക്  ജൂലൈ  ആഗസ്റ്റിലാണ് വെക്കേഷൻ,  ഞങ്ങൾ  പലരും  നാട്ടിൽ  വരും അപ്പോഴേക്ക്  ഒരു മീറ്റ്  തരപ്പെടുത്തേണ്ടേ?"  ശരിയാണ്  ഒരു മീറ്റ്  എല്ലാവർക്കും  പങ്കെടുക്കേണ്ട  സൗകര്യത്തിൽ  വിളിച്ച്  കൂട്ടേണ്ടിയിരിക്കുന്നു,  ആരാണ്  അതിന് മുൻ കൈ  എടുക്കുക? അതോടൊപ്പം  ചാലക്കോടൻ  (പാവപ്പെട്ടവൻ) ചോദിക്കുന്നു  ഇക്കാ  നമുക്ക് തെന്മലയിൽ ഒന്ന് മീറ്റിയാലോ? കൊല്ലം  ജില്ലയുടെ കിഴക്കുള്ള  തെന്മല നയനമനോഹരമായ സ്ഥലമാണ്  അതും  പരിഗണിക്കേണ്ടതല്ലേ?  പഴയതും  പുതിയതുമായ  ബ്ലോഗറന്മാർ  അഭിപ്രായം   പറയുക.