Friday, February 21, 2014

നിങ്ങളെന്നെ വെറുക്കരുതേ!

കഴിഞ്ഞ ആഴ്ചയിലെ പ്രബോധനം വാരികയിൽ വി.പി.ഷൗക്കത്താലി എഴുതിയ  വാർദ്ധക്യത്തിന്റെ വേദനകൾ എന്ന ലേഖനത്തിൽ ഒരു അറബി കവിതയുടെ ആശയം പരിഭാഷപ്പെടുത്തിയിരുന്നത് വായിച്ചത് മനസിനെ വല്ലാതെ സ്പർശിച്ചു. വൃദ്ധനായ പിതാവ് തന്റെ മക്കൾക്ക് അന്ത്യോപദേശം നൽകുകയയാണ്."പ്രായം ഇനിയുമേറുമ്പോൾ എന്റെ കൈകൾ വിറക്കുന്നതും എന്റെ ഭക്ഷണ തുണ്ടുകൾ വിറയാർന്ന കൈകളിൽ നിന്നും വായിൽ എത്താതെ നെഞ്ചിലേക്ക് വീഴുന്നത് നിങ്ങൾ കാണും. കുഞ്ഞുന്നാളിൽ ഒരുപാട് വസ്ത്രം ഉടുപ്പിച്ച എനിക്ക് എന്റെ വസ്ത്രം ധരിക്കാൻ പരസഹായം വേണ്ടി വരും.ഞാൻ എന്റെ വാക്കുകൾ വിക്കിവിക്കി പറയുമ്പോൾ നിങ്ങൾ ചിരിക്കരുതേ! ദേഷ്യപ്പെടരുതേ! എത്രയെത്ര കഥകളാണ് വിറക്കാതെ ഞാൻ നിങ്ങൾക്ക് പറഞ്ഞ് തന്നത്. 
എന്റെ ശരീരം ദുർഗന്ധം വിസർജിക്കുമ്പോൾ നിങ്ങളെന്നെ വെറുക്കരുതേ! ഓർക്കുക: ചെറുപ്പത്തിൽ ഞാൻ നിങ്ങൾക്കെത്രയാണ് സുഗന്ധം പുരട്ടി തന്നത്. നിങ്ങളുടെ കാലത്തിന്റെ ഭാഷ തിരിയാതെ വരുന്ന കാലം നിങ്ങൾ എന്റെ സംസാരം കേട്ട് ചിരിക്കരുതേ! ഹോ! നിങ്ങളുടെ ചെറുപ്പത്തിലെ എത്രയെത്ര വീഴ്ചകളാണ് എന്നിൽ ചിരിയുണർത്തിയത്. മക്കളേ എന്റെ പ്രാഥമിക കാര്യ നിർവഹണത്തിന് എന്നെ സഹായിച്ചാലും. ഞാൻ  നിങ്ങളെ എത്രയെത്രയാണ് സഹായിച്ചത്. മക്കളേ എന്റെ കൈ പിടിക്കൂ(ചെറുപ്പത്തിൽ ഞാൻ നിങ്ങളുടെ കൈ പിടിച്ച പോലെ) നാളെ നിങ്ങളും ഇങ്ങിനെ ഒരു കൈ തേടും. ഞാൻ മരണം കാത്തിരിക്കുകയാണ്.  എന്റെ മരണ നേരം നിങ്ങൾ എന്റെ ചാരത്ത് നിൽക്കണം, നഗ്നതകൾ മറച്ച് തരണം. നിങ്ങളുടെ ജനന നേരം നിങ്ങളോട് കരുണ കാട്ടിയത് പോലെ. മക്കളേ! നിങ്ങളുടെ കളിയും ചിരിയും കുസൃതിയും ഞാൻ വല്ലാതെ ആസ്വദിച്ചിരുന്നു. മക്കളേ! ജീവിതത്തിന്റെ അന്ത്യം വരെ അതെനിക്ക് വിലക്കരുതേ!!

2 comments:

  1. മനസ്സിനെ സ്പര്‍ശിക്കുന്ന ഒരു കവിത

    ReplyDelete
  2. ഒന്ന് ഓര്‍മിപ്പിച്ചത് നന്നായി- ബഷീര്‍

    ReplyDelete