Saturday, February 8, 2014

സിംഹത്തെ ഭയപ്പെടുത്തുന്നവർ

ചെമ്മനം ചാക്കോ  മാഷിന്റെ "സിംഹം" എന്ന കവിത മനസിലേക്ക്  കടന്ന് വരാൻ  തക്കവിധം  ഒരു സംഭവത്തിന് കഴിഞ്ഞ ദിവസം  സാക്ഷി  ആകേണ്ടി വന്നു. "സിംഹ"ത്തിന്റെ രത്ന ചുരുക്കംഅത് വായിക്കാത്തവർക്കായി  ഇവിടെ ചേർക്കുന്നു: ഒരു ദിവസം രാവിലെ സിംഹം തന്റെ പാർപ്പിടത്തിൽ നിന്നും പുറത്തേക്കിറങ്ങാൻ  നേരം ഭാര്യയെ വിളിച്ച് പറഞ്ഞു. "എടിയേയ്, ഞാൻ ഇന്ന് നാട് കാണാൻ  പോകുന്നു, വൈകുന്നേരമേ  തിരികെ വരുകയുള്ളൂ." സാധ്വിയായ സഹധർമ്മിണി ഭയപ്പാടോട് കൂടി പറഞ്ഞു" പഴയ കാലമല്ലിത്, സൂക്ഷിച്ച് പോകണം,വേട്ടക്കാരും  ഉപദ്രവകാരികളായ മനുഷ്യരും മറ്റ് ഭീഷണികളും ധാരാളം ഉണ്ട്." സിംഹം പുശ്ചത്തോടെ ഭാര്യയെ നോക്കി പറഞ്ഞു, "ഈ എന്നെയാണോ ഭയപ്പെടുത്തുന്നത്, എന്റെ ഒരു അലർച്ച മതി അവരെ ഓടിക്കാൻ...." വനരാജാവ് ലാഘവത്തോടെ നിർഭയനായി നാട്ടിലേക്കുള്ള വഴിയേ അലസമായി  നടന്ന്  പോയി.  കുറച്ച് കഴിഞ്ഞപ്പോൾ വഴിയിലേക്ക് കണ്ണ് നട്ട് കാത്തിരുന്ന ഭാര്യ ഭയന്ന് പകച്ച് വിയർത്തൊലിച്ച് പാഞ്ഞ് വരുന്ന തന്റെ ഭർത്താവിനെയാണ് കണ്ടത് . ഭർത്താവിനെ ഇത്രയും ഭയന്ന് ഇതിനുമുമ്പ് കണ്ടിട്ടില്ലാത്ത ഭാര്യ വിവരം അന്വേഷിച്ചു.." വല്ല വേട്ടക്കാരും....? "ഛേയ്!! വേട്ടക്കാരോ?! വനരാജൻ അത് നിസ്സാരമാക്കി.  "പിന്നെന്ത് സംഭവിച്ചു..." "എടീ ഞാൻ വഴിയിലേക്കിറങ്ങി അൽപ്പ ദൂരം  മുന്നോട്ട് നീങ്ങിയപ്പോൾ ദാ! വരുന്നു ഒരു കൂട്ടം വേട്ടക്കാർ, കയ്യിൽ തോക്കുകളുമായി,  ഞാൻ അവരെ രൂക്ഷമായി  നോക്കിയിട്ട് ഒന്ന്  അലറി, അവരെല്ലാം ജീവനും കൊണ്ട് പമ്പ കടന്നു, മറ്റ് ചില മനുഷ്യരും ആയുധങ്ങളുമായി വഴിയിൽ നിന്നിരുന്നു, അവരെല്ലാം എന്നെ കണ്ട് പാഞ്ഞ് പോയി അവരുടെ  ജീവൻ രക്ഷിച്ചു. അതും കഴിഞ്ഞ് മുന്നോട്ട് പോയപ്പോൾ എന്റേടീ, ദാ വരുന്നു, രണ്ട് പേർ, അവരുടെ കക്ഷത്തിൽ നോട്ടീസും കയ്യിൽ രസീത് കുറ്റിയും, സംഭാവന പിരിക്കാൻ ഇറങ്ങിയ പിരിവുകാര് ഹെന്റേടീ, ഞാൻ ജീവനും കൊണ്ട്  പറപറന്നു.......: സിഹം അപ്പോഴും വിറക്കുന്നുണ്ടായിരുന്നു.
ഈ കവിത മനസിലേക്ക് വരാൻ കാരണം, എന്റെ ഒരു പരിചയക്കാരനെ കാണാൻ അദ്ദേഹം ജോലി ചെയ്യുന്ന ആഫീസിലേക്ക് പോകേണ്ടി വന്നപ്പോൾ സാക്ഷി ആകേണ്ടി  വന്ന ഒരു രംഗമാണ്   പൊതുജനങ്ങളുമായി എപ്പോഴും ഇടപഴകേണ്ട, ഒഴിച്ച് കൂടാനാവാത്ത  വിഷയം കൈകാര്യം ചെയ്യുന്ന സർക്കാർ വക ആഫീസാണത്. (ഡിപ്പാർട്ട്മെന്റ് ഏതായിരുന്നെന്ന്  പറയാൻ സാധിക്കാത്തതിനാൽ ഖേദിക്കുന്നു) പരിചയക്കാരനുമായി സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ ഒരു കൂട്ടം ആൾക്കാർ അവിടേക്ക് വന്ന് ആഫീസറുടെ മുറിയിൽ കയറി.ഞാൻ വിവരം തിരക്കിയപ്പോൾ അറിഞ്ഞത് അവരുടെ ഒരു സംസ്ഥാന നേതാവ് വർഗീയതയിൽ നിന്നും കേരളത്തെ രക്ഷിക്കാനും, വികസനം നടപ്പിലാക്കാനും വടക്ക് നിന്നും ജാഥ നയിച്ച് വരുന്നുണ്ട്, അദ്ദേഹത്തിന് സ്വീകരണം കൊടുക്കാൻ പിരിവിന് വന്നതാണെന്നാണ്. അതിന് സർക്കാർ ജീവനക്കാർ എന്തിന് പിരിവ് കൊടുക്കണമെന്ന എന്റെ ചോദ്യത്തിന് സാറേ! ഇവരെ പിണക്കാൻ  പറ്റില്ല, ഇവർ ഭരണത്തിൽ വരുമ്പോൾ നമ്മളെ ക്രൂശിക്കാതിരിക്കാൻ അവരെ സന്തോഷിപ്പിച്ചേ പറ്റൂ. കനത്ത തുക കൊടുത്തും കാല് പിടിച്ചുമാണ് വീടിനടുത്ത് സ്ഥലം മാറ്റം തരപ്പെടുത്തുന്നത്, ആ സൗകര്യം നഷ്ടപ്പെടുത്താൻ ആരും ഒരുക്കമല്ല, അത് കൊണ്ട് അവർ ആവശ്യപ്പെടുന്ന തുക പിരിവ് കൊടുക്കും, ഓരോരുത്തരും അവരുടെ വിഹിതം ഓഫീസ്സറെ ഏൽപ്പിക്കും, അദ്ദേഹം ആ വൻ തുക ഒരുമിച്ച് പാർട്ടിക്കാർക്ക്  കൊടുക്കും. ഇത് ഈ പാർട്ടി മാത്രമല്ല, അഹിംസാ പാർട്ടി മുതൽ സമുദായ -----‌വർഗീയ പാർട്ടികൾ വരെ ഇങ്ങിനെ വന്ന് പിരിക്കാറുണ്ട്. ഞങ്ങൾ  കൊടുക്കാറുമുണ്ട്. ഇവർ നാട്ടിലും ഇറങ്ങി ജനങ്ങളിൽ നിന്നും  പിരിക്കും,  യൂണിയൻ തലത്തിലും  അതായത്  കയറ്റിറക്ക്, ചുമട്ട്, ഹോട്ടൽ, അട്ടിമറി, തുടങ്ങിയ എല്ലാ യൂണിയനും  വിഹിതം കൊടുക്കണം. നിവർത്തി ഇല്ലായക കൊണ്ടാണ് പലരും കൊടുക്കുന്നത്....ആരെയും പിണക്കാനോ ശത്രുത സമ്പാദിക്കാനോ  ഇന്നത്തെ കാലത്ത് ആരും ഒരുക്കമല്ല.  പരിചയക്കാരൻ പറഞ്ഞ് നിർത്തി,
ആ ആഫീസിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ അതാ സിംഹത്തെ ഭയപ്പെടുത്തിയ ആൾക്കാർ കയ്യിൽ രസീതും കക്ഷത്തിൽ നോട്ടീസ് കെട്ടുമായി വഴിയെ നടന്ന് വരുന്നു.  ഇത് ഒരു ദേവാലയം പുനരുദ്ധാരണക്കാരാണെന്ന്  തിരിച്ചറിഞ്ഞു.  ചുരുക്കത്തിൽ  പിരിവ്  പിരിവ്  ഇത് മാത്രമേ  ഇന്ന് ലാഭകരമായി  നടക്കുന്നുള്ളൂ.  പിരിക്കാൻ  പലരും, കൊടുക്കാൻ  പൊതുജനവും.
പിൻ കുറി:  എന്താണ് ജനാധിപത്യം?  ജനങ്ങളാൽ പിരിക്കപ്പെടുകയും ക്രൂശികപ്പെടുകയും ചെയ്യുന്ന  ജനങ്ങളുടെ കൂട്ടം...

1 comment:

  1. പിരിച്ച് പിരിച്ച് അവര്‍
    പിരിഞ്ഞ് പിരിഞ്ഞ് ജനം

    ReplyDelete