Wednesday, February 26, 2014

വിവാഹപൂർവ രാത്രികൾ

ഇനി ഏഴു സുന്ദര രാത്രികൾ, 
ഏകാന്ത സുന്ദര രാത്രികൾ
വിവാഹ പൂർവ രാത്രികൾ
 പഴയ ഒരു മലയാള ചലചിത്രഗാനമാണിത്. അശ്വമേധമാണ് പടമെന്ന് എനിക്ക് തോന്നുന്നു. വിവാഹ നിശ്ചയത്തിന് ശേഷം  പ്രതിശ്രുത വധു തന്റെ വിവാഹത്തിനു മുമ്പുള്ള ദിവസങ്ങൾ ഓരോന്നായി തള്ളി നീക്കുന്ന വികാര സാന്ദ്രമായ നിമിഷങ്ങളെ കുറിച്ചുള്ള  ഈരടികളാണ്  മേൽക്കാണിച്ചത്. ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസം. ഇത് വരെ അടുത്ത് പരിചയപ്പെടാത്ത ഇഷ്ടാനിഷ്ടങ്ങൾ എന്തെന്ന് അറിയാത്ത,  പെണ്ണ് കാണൻ വന്നപ്പോഴോ വഴിയിൽ വെച്ചോ മാത്രം ഏതാനും നിമിഷങ്ങളിലെ കൂടി കാഴ്ചമാത്രം നടന്നിട്ടുള്ളതല്ലാതെ മറ്റ് ഒരു പരിചയവും ഇല്ലാത്ത    ഒരാളുമായി ബാക്കി ജീവിതം കഴിച്ച് കൂട്ടാൻ ആരംഭിക്കുന്ന  ആ സുദിനത്തെ കാത്ത് കാത്ത് ഇരിക്കുന്നത്   ഒരു രസം തന്നെയായിരുന്നു. ആദ്യ രാത്രിയിലും പിന്നീടുള്ള രാത്രികളിലും എന്താണ് പറയേണ്ടത് എന്ന് ഈ ദിവസങ്ങളിൽ നിശ്ചയിച്ച് വെച്ചിട്ടുണ്ടാകും.  കാരണം ഇത് വരെ ആ കക്ഷിയുമായി സംസാരിച്ചിട്ട് പോലുമില്ലല്ലോ. രക്ഷകർത്താക്കൾ കൂടിയാലോചിച്ച് നടത്തുന്ന വിവാഹങ്ങളായിരുന്നു അന്നേറെയും.  ആ വിവാഹങ്ങളിലെല്ലാം വിവാഹപൂർവ രാത്രികൾ  ആകാംക്ഷ നിറഞ്ഞതായിരുന്നു.  അത് കൊണ്ട് തന്നെ അത് അനുഭവിച്ചവർക്ക് മേൽക്കാണിച്ച ഈരടികളുടെ അർത്ഥ ഗാംഭീര്യം ഉൾക്കൊള്ളാൻ കഴിയുമായിരുന്നു.
ഇപ്പോൾ ആ പാട്ടിന്റെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു. വിവാഹ നിശ്ചയം കഴിഞ്ഞാലുടൻ, പെണ്ണിന്റെ മൊബൈൽ നമ്പർ പയ്യനും പയ്യന്റെ നമ്പർ പെണ്ണിനും കൈമാറ്റമാണ് അടുത്ത നടപടി. പറയാനുള്ളത്  എല്ലാം വിവാഹത്തിനു മുമ്പ് തന്നെ അവർ പറഞ്ഞ് തീർത്തിരിക്കും.  ഏട്ടാ വിളിയും മോളേ വിളിയും അഭംഗുരം നടക്കുന്നു, മാതാപിതാക്കളുടെ മൗനാനുവാദത്തോടെ.  പിന്നെന്ത് ആകാംക്ഷയും ടെൻഷനും. ഒന്നും അവശേഷിക്കുന്നില്ല. അത് കൊണ്ട് തന്നെ വിവാഹ പൂർവ രാത്രികൾക്ക് പ്രസക്തിയുമില്ലാതായി. പക്ഷേ ഈ പ്രോഗ്രാമിന് ചിലപ്പോൾ ചില പാർശ്വഫലങ്ങളുമുണ്ടാകും. വിവാഹ മോചനം അമേരിക്കയേക്കാളും ഫാഷനായി വരുന്ന ഈ നാട്ടിൽ  വർഷങ്ങൾക്ക് ശേഷം വിവാഹ മോചനത്തിനായി വെമ്പൽ കൊള്ളുമ്പോൾ  പെണ്ണിന്റെ സ്വാഭദൂഷ്യത്തിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുവാൻ പെണ്ണിന്റെ തുറന്ന ഇടപെടലുകളെ കുറ്റപ്പെടുത്തി ചില വിദ്വാന്മാർ ഈ മൊബൈൽ സംസാരം ചൂണ്ടിക്കാണിക്കുകയും " "കല്യാണത്തിനു മുമ്പ് അവൾ എന്നോട്  ഇങ്ങിനെയൊക്കെ തുറന്ന് ഒരു മടിയുമില്ലാതെ സംസാരിച്ചിട്ടുള്ളവളാ, മോശക്കാരിയൊന്നുമല്ല  ഈ മോൾ...."  അവളുടെ കൂടെ രാത്രി കിടന്നുറങ്ങുമ്പോൾ  തലയിൽ ഹെൽമറ്റ് വെക്കണം, അല്ലെങ്കിൽ വല്ലവന്മാരുടെ ചവിട്ട് തലയിലേൾക്കും...... (ഇപ്പോൾ മോൾ എന്ന വാക്കിന്റെ മുമ്പിൽ ഒരു സർവ നാമം കൂടി ചേർത്താണ് ഈ കശ്മലൻ സംസാരിക്കുന്നത്)
 മേൽക്കാണിച്ച വിധം  ഒരു അനുഭവം  ഈ അടുത്ത ദിവസം ഞാൻ നേരിൽ കേൾക്കുകയുണ്ടായതാണ് ഇപ്പോൾ ഈ കുറിപ്പുകൾക്ക് കാരണമായത്.

Friday, February 21, 2014

നിങ്ങളെന്നെ വെറുക്കരുതേ!

കഴിഞ്ഞ ആഴ്ചയിലെ പ്രബോധനം വാരികയിൽ വി.പി.ഷൗക്കത്താലി എഴുതിയ  വാർദ്ധക്യത്തിന്റെ വേദനകൾ എന്ന ലേഖനത്തിൽ ഒരു അറബി കവിതയുടെ ആശയം പരിഭാഷപ്പെടുത്തിയിരുന്നത് വായിച്ചത് മനസിനെ വല്ലാതെ സ്പർശിച്ചു. വൃദ്ധനായ പിതാവ് തന്റെ മക്കൾക്ക് അന്ത്യോപദേശം നൽകുകയയാണ്."പ്രായം ഇനിയുമേറുമ്പോൾ എന്റെ കൈകൾ വിറക്കുന്നതും എന്റെ ഭക്ഷണ തുണ്ടുകൾ വിറയാർന്ന കൈകളിൽ നിന്നും വായിൽ എത്താതെ നെഞ്ചിലേക്ക് വീഴുന്നത് നിങ്ങൾ കാണും. കുഞ്ഞുന്നാളിൽ ഒരുപാട് വസ്ത്രം ഉടുപ്പിച്ച എനിക്ക് എന്റെ വസ്ത്രം ധരിക്കാൻ പരസഹായം വേണ്ടി വരും.ഞാൻ എന്റെ വാക്കുകൾ വിക്കിവിക്കി പറയുമ്പോൾ നിങ്ങൾ ചിരിക്കരുതേ! ദേഷ്യപ്പെടരുതേ! എത്രയെത്ര കഥകളാണ് വിറക്കാതെ ഞാൻ നിങ്ങൾക്ക് പറഞ്ഞ് തന്നത്. 
എന്റെ ശരീരം ദുർഗന്ധം വിസർജിക്കുമ്പോൾ നിങ്ങളെന്നെ വെറുക്കരുതേ! ഓർക്കുക: ചെറുപ്പത്തിൽ ഞാൻ നിങ്ങൾക്കെത്രയാണ് സുഗന്ധം പുരട്ടി തന്നത്. നിങ്ങളുടെ കാലത്തിന്റെ ഭാഷ തിരിയാതെ വരുന്ന കാലം നിങ്ങൾ എന്റെ സംസാരം കേട്ട് ചിരിക്കരുതേ! ഹോ! നിങ്ങളുടെ ചെറുപ്പത്തിലെ എത്രയെത്ര വീഴ്ചകളാണ് എന്നിൽ ചിരിയുണർത്തിയത്. മക്കളേ എന്റെ പ്രാഥമിക കാര്യ നിർവഹണത്തിന് എന്നെ സഹായിച്ചാലും. ഞാൻ  നിങ്ങളെ എത്രയെത്രയാണ് സഹായിച്ചത്. മക്കളേ എന്റെ കൈ പിടിക്കൂ(ചെറുപ്പത്തിൽ ഞാൻ നിങ്ങളുടെ കൈ പിടിച്ച പോലെ) നാളെ നിങ്ങളും ഇങ്ങിനെ ഒരു കൈ തേടും. ഞാൻ മരണം കാത്തിരിക്കുകയാണ്.  എന്റെ മരണ നേരം നിങ്ങൾ എന്റെ ചാരത്ത് നിൽക്കണം, നഗ്നതകൾ മറച്ച് തരണം. നിങ്ങളുടെ ജനന നേരം നിങ്ങളോട് കരുണ കാട്ടിയത് പോലെ. മക്കളേ! നിങ്ങളുടെ കളിയും ചിരിയും കുസൃതിയും ഞാൻ വല്ലാതെ ആസ്വദിച്ചിരുന്നു. മക്കളേ! ജീവിതത്തിന്റെ അന്ത്യം വരെ അതെനിക്ക് വിലക്കരുതേ!!

Monday, February 17, 2014

എന്റേത് അല്ലാത്ത എന്റെ വീട്

ബാല്യകാല സ്മരണകൾ മനസിലേക്ക് തള്ളിക്കയറുമ്പോൾ ആലപ്പുഴയിലേക്ക് ഒരു യാത്ര ചെയ്യും. ജനിച്ച് വളർന്ന മണ്ണും അന്നവിടെ ഉണ്ടായിരുന്നവരിൽ ഇന്ന് അവശേഷിക്കുന്നവരെ കാണാനുമുള്ള യാത്ര. അങ്ങിനെ ഉണ്ടായ യാത്രയിലെ ഒരു  പ്രഭാത സവാരിക്കിടയിൽ  ബാല്യം കഴിച്ച് കൂട്ടിയ പ്രദേശത്ത് എത്തി ചേർന്നപ്പോൾ  ബാല്യത്തിൽ അന്തി ഉറങ്ങിയിരുന്ന വീട് കാണുവാനുള്ള ആഗ്രഹമുണ്ടായി. ആ വീട് നിന്ന സ്ഥലത്തെത്തിയ ഞാൻ അന്തം വിട്ട്  നിന്ന് പോയി. എന്റെ ചെറിയ വീട് നിന്നിടത്ത്  സുന്ദരമായ ഒരു രണ്ട് നില കെട്ടിടം പണി തീർത്തിരിക്കുന്നു. ഉദയ സൂര്യൻ ചുവന്ന രശ്മികൾ വിതറുന്ന  അന്തരീക്ഷത്തിൽ ആ വീട് നോക്കി മിഴിച്ച് നിന്നപ്പോൾ മനസ്സിൽ  എന്തെന്ന് നിർവചിക്കാനാവാത്ത വികാരങ്ങളുടെ വേലിയേറ്റം ഉണ്ടായി. നേരം നന്നെ പുലരാത്തതിനാൽ മകരമാസ മഞ്ഞിന്റെ ആലസ്യത്തിൽ പെട്ട് ആ വീട്ടിലും അടുത്ത വീടുകളിലും  ഇനിയും  ആരും ഉറക്കം എഴുന്നേറ്റിട്ടില്ലാ. ഞാൻ വീടിന്റെ ചുറ്റും നടന്ന് നോക്കി. കിഴക്ക് വശം എത്തിയപ്പോൾ മനസിന്റെ മൂലയിലെവിടെയോ നിന്നും മുല്ലപ്പൂവിന്റെ മണവുമായി ഓർമ്മകൾ തിക്കി തിരക്കി വരുന്നു. കൗമാരത്തിൽ ഒരു ധനു മാസ രാത്രിയിലെ നിലാവൊളിയിൽ മാനത്ത് ചന്ദ്രനേയും നോക്കി നിന്ന എന്റെ മുമ്പിൽ അപ്പുറത്തെ വീട്ടിൽ നിന്നും ഒരു കടലാസ് പൊതി വന്ന് വീണതും അതിലുണ്ടായിരുന്ന മുല്ലപ്പൂക്കളുടെ സുഗന്ധം  മനസിൽ പൂ മഴ പെയ്യിച്ചതും  ഇന്നലെ സംഭവിച്ചത് പോലെ എനിക്ക് തോന്നി. ആ മുല്ലപ്പൂക്കളുടെ സുഗന്ധം ഇന്ന് ഈ പുലരിയിലും അനുഭവപ്പെടുന്നതായി എനിക്ക് തോന്നിയപ്പോൾ  ഒരിക്കലുമൊരിക്കലും മറക്കാനാവാത്ത സംഭവങ്ങളുടെ സ്മരണകൾ മനസിന്റെ തീരത്തേക്ക് ഒന്നിന് പുറകേ ഒന്നായി അലയടിച്ച് വരുന്നതായി ഞാൻ കണ്ടു. 
. മാതാപിതാക്കളും സഹോദരങ്ങളുമായി കഴിഞ്ഞ് വന്നിരുന്ന കൊച്ച് വീട്. ഒരു മുറിയും അടുക്കളയുമുള്ള ചെറ്റക്കുടിൽ. അത് പിന്നെ അൽപ്പം വലുതാക്കി. വർഷങ്ങൾ കഴിഞ്ഞപ്പോൾ പിന്നെയും വലുതാക്കി ഓടിട്ടു. ബാല്യവും കൗമാരവും അവിടെ കഴിഞ്ഞ് കൂടി. , അന്ന് കുട്ടികളായി കഴിഞ്ഞിരുന്ന ഞങ്ങൾ  പിൽക്കാലത്ത് എവിടെല്ലാമോ ഇടങ്ങളിലേക്ക് ചിതറി പോയി  പ്രത്യേക കുടുംബമായി കഴിയുമെന്ന്  അന്ന് സങ്കൽപ്പിക്കുക പോലും ചെയ്തിരുന്നില്ലല്ലോ. പിന്നീട് മാതാപിതാക്കൾ മരിച്ചു, മൂത്ത സഹോദരി മരിച്ചു. കാലത്തിന്റെ കുത്തൊഴുക്കിൽ എല്ലാവരും പലയിടങ്ങളിലായി. ആദ്യം സ്ഥലം വിട്ട് പോയത് ഞാനാണ്. എങ്കിലും   എനിക്ക് വീട്ടിൽ എപ്പോഴും തിരിച്ചെത്താതിരിക്കാൻ കഴിഞ്ഞിരുന്നില്ലല്ലോ. അന്ന് കുടുംബാംഗങ്ങളോട് പറയുമായിരുന്നു, "പെൻഷൻ പറ്റി കഴിഞ്ഞ്  എന്റെ ഈ അലച്ചിൽ അവസാനിപ്പിച്ച് ഞാൻ ഇവിടെ വന്ന് സ്ഥിരമായി കഴിയും".
 പക്ഷേ അത് സഫലീകരിക്കാനാവാത്ത സ്വപ്നമായി തീരുമെന്ന് അറിഞ്ഞിരുന്നില്ലല്ലോ.  . ഞാൻ സ്ഥിരമായി ഇവിടെ കഴിയാം എന്ന് തീരുമാനിച്ചപ്പോൾ വീട് അന്യ കൈവശത്തിലായി കഴിഞ്ഞിരുന്നു. അത് കൈ വിട്ട സമയം സാമ്പത്തിക ക്ലേശത്താൽ നിസ്സഹായതയോടെ കണ്ട് നിൽക്കാനേ അന്ന് കഴിഞ്ഞുള്ളൂ. ബന്ധങ്ങൾ പലപ്പോഴും നാവിനെ ബന്ധനത്തിലാക്കുകയും  ഇഷ്ടമില്ലാത്തത് കാണുമ്പോൾ അത് ചെയ്യരുത് എന്ന് പറയാനാവാത്ത വിധം മനസ്സിൽ നിസ്സഹായത സൃഷ്ടിക്കുകയും ചെയ്യും. അങ്ങിനെയൊരു ചുറ്റുപാടിലായിരുന്നു വീട് വിൽപ്പന സമയം ഞാൻ.
ഇന്നെനിക്ക്  ഞാൻ ജനിച്ച് വളർന്ന് വന്ന ഈ മണ്ണിൽ എന്റെ ദിവസങ്ങളുടെ പുലരിയും അസ്തമയവും ദർശിച്ച് എന്റെ മാതാപിതാക്കളുടെ നിശ്വാസങ്ങൾ ഇപ്പോഴും അലയടിക്കുന്ന ഈ വായു ശ്വസിച്ച് ജീവിക്കണമെന്നുണ്ട്.
 ചെറുപ്പം മുതലേ പരസ്പരം സ്നേഹിച്ച് വളർന്ന് കൗമാരത്തിൽ പൂത്തുലഞ്ഞ് പിന്നീട് എന്നെന്നേക്കുമായി പിരിഞ്ഞ് പോയതുമായ  നഷ്ടപ്രണയത്തിന്റെ ഓർമകളിൽ ശിഷ്ട ജീവിതം കഴിച്ച് കൂട്ടണമെന്ന ആഗ്രഹമുണ്ട്. പരന്നൊഴുകുന്ന നിലാവിൽ കണ്ണും നട്ടിരുന്ന് കഴിഞ്ഞ് പോയ ഓരോ നിമിഷവും മനസിലിട്ട് താലോലിക്കണമെന്നുണ്ട്.    ണ്ണൂംനട്ടിരുന്ന്എന്റെ വായനയും എന്റെ കുത്തിക്കുറിക്കലും ഈ പൂഴി മണ്ണിന്റെ ഗന്ധമേറ്റിരുന്ന് നിർവഹിക്കണമെന്ന് കൊതിയുണ്ട്. 
സഫലീകരിക്കാനാവാത്തതാണ് എന്റെ ഈ ആഗ്രഹങ്ങളെന്ന് അറിഞ്ഞ് കൊണ്ട് തന്നെ ഇപ്പോൾ അന്യന്റെ വസതിയായ ഈ വീടിന്റെ മുമ്പിൽ നിന്ന് ആ ആഗ്രഹങ്ങളെ താലോലിച്ച് വിതുമ്പുമ്പോൾ സ്വന്തമായിരുന്ന പെണ്ണിനെ അന്യൻ കൈവശപെടുത്തി കഴിഞ്ഞ്  പിന്നെ എന്നെങ്കിലും അവളെ നേരിൽ കാണാനിടയായാൽ   അവളുടെ ആരുമല്ലല്ലോ ഞാൻ  എന്ന ചിന്തയാൽ അവളെ നോക്കി കരഞ്ഞ് നിൽക്കുന്നവന്റെ മാനസികാവസ്ഥയാണ് എനിക്കെന്ന് ഞാൻ ഇപ്പോൾ തിരിച്ചറിയുന്നു.

Monday, February 10, 2014

പിന്നെയും ശങ്കരൻ തെങ്ങിൽ...

കേരളാ പോലീസിന്റെ  ക്രൈംറിക്കാർഡ് ബ്യൂറോ 2013  നവംബർ വരെയുള്ള കേസ് വിവരങ്ങൾ പുറത്ത് വിട്ടപ്പോൾ  സ്ത്രീകളുടെ നേരെയുള്ള ഉപദ്രവങ്ങളെ  സംബന്ധിച്ച്  കിട്ടിയ കഴിഞ്ഞ വർഷ കണക്ക്  ഇപ്രകാരമാണ്: ബ്രാക്കറ്റിൽ 2012ലെ കണക്ക്) ബലാൽ സംഗം1095 (1019)  പീഡനം 3992 (3735) സ്ത്രീകളുടെ നേരെ ലൈഗികാതിക്രമങ്ങളിൽ ശരിക്കും  വർദ്ധനവുണ്ടായതായി കണക്ക് വെളിപ്പെടുത്തുന്നു.. ചില ഇനങ്ങളിൽ കുറവുമുണ്ട്. തട്ടിക്കൊണ്ട് പോകൽ 162(214)സ്ത്രീധന മരണം 19(32) ഭർതൃ വീട്ടിലെ പീഡനം 4395(5216) എന്ന തോതിൽ കുറഞ്ഞെങ്കിലും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം 2013ൽ നവംബർ വരെ 12689 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട് കഴിഞ്ഞു.  റിപ്പോർട്ട് ചെയ്യാത്ത ബലാൽസംഗങ്ങളും അതിക്രമങ്ങളും എത്രമാത്രം  കാണുമെന്ന് തിട്ടപ്പെടുത്താൻ ബ്യൂറോ  ഒന്നും നിലവിൽ ഇല്ലല്ലോ!.  ട്രെയിനിൽ സൗമ്യ കൊല്ലപ്പെട്ട വഷത്തിൽ  റെയിൽ വേയുമായി ബന്ധപ്പെട്ട  അതിക്രമ  കേസുകൾ  38 കേസുകളായിരുന്നെങ്കിൽ 2012ൽ അത്  86 ആയി  ഉയർന്നു.

ഡെൽഹി പെൺകുട്ടി ബലാൽസംഗത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ പ്രതിഷേധത്താൽ നിയമ നിർമ്മാതാക്കൾ അപ്പം ചുട്ടെടുക്കുന്നത്  പോലെ സ്ത്രീ സംരക്ഷണ നിയമങ്ങൾ  പടച്ചുണ്ടാക്കി. സ്ത്രീക്ക് മാന നഷ്ടം ഉണ്ടാക്കിയാൽ നടപടിയെടുക്കാൻ അവലംബിക്കുന്ന നിലവിലുണ്ടായിരുന്ന ഐ.പി.സി. 354 വകുപ്പിന് ചെനപ്പുകൾ കുറേ  ഏറെ  ചേർത്തു.എ.ബി.സി. ഡി.  അങ്ങിനെ പോയി,  ഉപ വകുപ്പുകൾ. ചുരുക്കത്തിൽ ഒരു പെണ്ണിനെ ഒന്ന് സൂക്ഷിച്ച് നോക്കിയാൽ പോലും കേസിൽ പ്രതിയാകുന്ന അവസ്ഥ. പെണ്ണ് ഇരിക്കുന്ന ഭാഗത്തേക്ക് തിരിഞ്ഞ് നിന്ന് ആംഗ്യം കാണിച്ച് പോയാൽ പറയുകയേ വേണ്ട. ബസിൽ കയറിയാൽ സ്ത്രീയുടെ അടുത്ത് പോയി നിൽക്കാൻ പോലും ഭയക്കേണ്ട വിധം നിയമ പരിരക്ഷണം സ്ത്രീക്ക്  ലഭിച്ചു. പ്രതിയാക്കപ്പെട്ട് വിചാരണ  നേരിടേണ്ടി വന്ന  മഹാ ഭൂരിപക്ഷം പുരുഷകേസരികളും  കർശനമായ ശിക്ഷാ വിധികളെ നേരിടേണ്ടി വന്നു.  ഇതെല്ലാമാണെങ്കിൽ തന്നെയും സ്ത്രീയെ സംരക്ഷിക്കാൻ പടച്ചുണ്ടാക്കിയ ആ നിയമങ്ങൾ എത്രത്തോളം പ്രായോഗികമായി  ഭവിച്ചു എന്ന് വെളിപ്പെടുത്തുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്. നിയമങ്ങൾ കർശനമാക്കിയിട്ടും  ശിക്ഷാ വിധികൾ പലതും പുറത്ത് വന്നിട്ടും   ശങ്കരൻ അറ്റ് ദി കോക്കനട്ട് ട്രീയിൽ  തന്നെയാണിപ്പോഴുമെന്നാണ് കണക്കുകൾ നമ്മോട്് പറയുന്നത്. നിയമങ്ങൾ കർശനമാക്കുന്നതിനോടൊപ്പം മറ്റെന്ത് മാർഗം കൂടി നാം കണ്ടെത്തണം? എന്താണിനി പരിഹാരം. എന്ത് കൊണ്ട് പുരുഷന്മാർ പണ്ടില്ലാത്ത വിധം  ഇപ്പോൾ അക്രമണകാരികളാകുന്നു. ഓരോ കേസിലും കഠിനമായ ശിക്ഷകൾ വാർത്തകളിലൂടെ പുറത്ത് വന്നിട്ടും രാജ്യത്തെ മുക്കിലും മൂലയിലും ഈ വാർത്തകൾ ചെല്ലാൻ  ഈ കാലത്ത് ചാനലുകളും പത്രങ്ങളും ഉണ്ടായിരിക്കെ അതെല്ലാം  പുല്ല് പോലെ അവഗണിച്ച് പിടക്കോഴിയെ പൂവൻ  ഓടിക്കുന്നത്  പോലെ പുരുഷന്മാർ  ഭവിഷ്യത്ത് ചിന്തിക്കാതെ സ്ത്രീകളെ കാണുമ്പോൾ  എന്ത് കൊണ്ട് പ്രകോപിതരായി  ഉന്മത്തരായി അവരെ   ഉപദ്രവിക്കുന്നു. ഇത് കുറിക്കുമ്പോൾ തന്നെ ഡെൽഹിയിൽ മറ്റൊരു പെൺകുട്ടിയെ ഉപദ്രവിച്ച വാർത്ത വന്ന് കഴിഞ്ഞു. സമൂഹം ഒന്നാകെ ചിന്തിച്ച് പരിഹാരം  കാണേണ്ട വിഷയമല്ലേ  ഇത്?  നിയമം കർശനമാക്കി, അത് പുസ്തകത്തിൽ ഉൾക്കൊള്ളിച്ചത് കൊണ്ട്  മാത്രം  പരിഹാരമാകുമോ. 

ഈ കുറിപ്പ് അവസാനിക്കുന്നതിനു മുമ്പ് മുകളിൽ കാണിച്ച  കണക്കുകൾ പത്രത്തിൽ നിന്നും കിട്ടിയ ദിവസം തന്നെ  ലഭിച്ച മറ്റൊരു വാർത്താ ശകലം കൂടി ഇതിന് പിൻ കുറിയായി ചേർക്കുന്നു. ഡെൽഹിയിലോ മറ്റോ നിന്നാണ് വാർത്ത.  ആദരണീയയായ ഒരു വനിതാ ക്ഷേമ പ്രവർത്തക, "വസ്ത്രധാരണത്തിൽ  സ്ത്രീകൾ അൽപ്പം മാന്യത പുലർത്തുന്നത് പുരുഷന്മാരിൽ നിന്നും ഉണ്ടാകുന്ന ഉപദ്രവങ്ങൾക്ക് അൽപ്പം പ്രതിവിധി ആകും"  എന്നോ മറ്റൊ തട്ടി വിട്ടതിന് ചെറുപ്പക്കാരികളെല്ലാം കൂടെ കൂവി ആർത്ത് ആ പാവം വല്യമ്മയെ കീറി ഭിത്തിയിലൊട്ടിച്ചുവത്രേ! "ആദരണീയ ആയ ആ സ്ത്രീ ആയത് കൊണ്ട്  മാത്രം ഞങ്ങൾ  കൂടുതൽ പ്രതികരിക്കുന്നില്ലാ എന്നും സ്ത്രീകളുടെ വ്യക്തി സ്വാതന്ത്രിയത്തിൽ ഇട പെടുന്ന ഒരു അഭിപ്രായവും ഞങ്ങൾ കണക്കിലെടുക്കില്ലാ" എന്നും ആ യുവ വനിതാ നേതാവ് പ്രതികരിക്കുകയും ചെയ്തു.

Saturday, February 8, 2014

സിംഹത്തെ ഭയപ്പെടുത്തുന്നവർ

ചെമ്മനം ചാക്കോ  മാഷിന്റെ "സിംഹം" എന്ന കവിത മനസിലേക്ക്  കടന്ന് വരാൻ  തക്കവിധം  ഒരു സംഭവത്തിന് കഴിഞ്ഞ ദിവസം  സാക്ഷി  ആകേണ്ടി വന്നു. "സിംഹ"ത്തിന്റെ രത്ന ചുരുക്കംഅത് വായിക്കാത്തവർക്കായി  ഇവിടെ ചേർക്കുന്നു: ഒരു ദിവസം രാവിലെ സിംഹം തന്റെ പാർപ്പിടത്തിൽ നിന്നും പുറത്തേക്കിറങ്ങാൻ  നേരം ഭാര്യയെ വിളിച്ച് പറഞ്ഞു. "എടിയേയ്, ഞാൻ ഇന്ന് നാട് കാണാൻ  പോകുന്നു, വൈകുന്നേരമേ  തിരികെ വരുകയുള്ളൂ." സാധ്വിയായ സഹധർമ്മിണി ഭയപ്പാടോട് കൂടി പറഞ്ഞു" പഴയ കാലമല്ലിത്, സൂക്ഷിച്ച് പോകണം,വേട്ടക്കാരും  ഉപദ്രവകാരികളായ മനുഷ്യരും മറ്റ് ഭീഷണികളും ധാരാളം ഉണ്ട്." സിംഹം പുശ്ചത്തോടെ ഭാര്യയെ നോക്കി പറഞ്ഞു, "ഈ എന്നെയാണോ ഭയപ്പെടുത്തുന്നത്, എന്റെ ഒരു അലർച്ച മതി അവരെ ഓടിക്കാൻ...." വനരാജാവ് ലാഘവത്തോടെ നിർഭയനായി നാട്ടിലേക്കുള്ള വഴിയേ അലസമായി  നടന്ന്  പോയി.  കുറച്ച് കഴിഞ്ഞപ്പോൾ വഴിയിലേക്ക് കണ്ണ് നട്ട് കാത്തിരുന്ന ഭാര്യ ഭയന്ന് പകച്ച് വിയർത്തൊലിച്ച് പാഞ്ഞ് വരുന്ന തന്റെ ഭർത്താവിനെയാണ് കണ്ടത് . ഭർത്താവിനെ ഇത്രയും ഭയന്ന് ഇതിനുമുമ്പ് കണ്ടിട്ടില്ലാത്ത ഭാര്യ വിവരം അന്വേഷിച്ചു.." വല്ല വേട്ടക്കാരും....? "ഛേയ്!! വേട്ടക്കാരോ?! വനരാജൻ അത് നിസ്സാരമാക്കി.  "പിന്നെന്ത് സംഭവിച്ചു..." "എടീ ഞാൻ വഴിയിലേക്കിറങ്ങി അൽപ്പ ദൂരം  മുന്നോട്ട് നീങ്ങിയപ്പോൾ ദാ! വരുന്നു ഒരു കൂട്ടം വേട്ടക്കാർ, കയ്യിൽ തോക്കുകളുമായി,  ഞാൻ അവരെ രൂക്ഷമായി  നോക്കിയിട്ട് ഒന്ന്  അലറി, അവരെല്ലാം ജീവനും കൊണ്ട് പമ്പ കടന്നു, മറ്റ് ചില മനുഷ്യരും ആയുധങ്ങളുമായി വഴിയിൽ നിന്നിരുന്നു, അവരെല്ലാം എന്നെ കണ്ട് പാഞ്ഞ് പോയി അവരുടെ  ജീവൻ രക്ഷിച്ചു. അതും കഴിഞ്ഞ് മുന്നോട്ട് പോയപ്പോൾ എന്റേടീ, ദാ വരുന്നു, രണ്ട് പേർ, അവരുടെ കക്ഷത്തിൽ നോട്ടീസും കയ്യിൽ രസീത് കുറ്റിയും, സംഭാവന പിരിക്കാൻ ഇറങ്ങിയ പിരിവുകാര് ഹെന്റേടീ, ഞാൻ ജീവനും കൊണ്ട്  പറപറന്നു.......: സിഹം അപ്പോഴും വിറക്കുന്നുണ്ടായിരുന്നു.
ഈ കവിത മനസിലേക്ക് വരാൻ കാരണം, എന്റെ ഒരു പരിചയക്കാരനെ കാണാൻ അദ്ദേഹം ജോലി ചെയ്യുന്ന ആഫീസിലേക്ക് പോകേണ്ടി വന്നപ്പോൾ സാക്ഷി ആകേണ്ടി  വന്ന ഒരു രംഗമാണ്   പൊതുജനങ്ങളുമായി എപ്പോഴും ഇടപഴകേണ്ട, ഒഴിച്ച് കൂടാനാവാത്ത  വിഷയം കൈകാര്യം ചെയ്യുന്ന സർക്കാർ വക ആഫീസാണത്. (ഡിപ്പാർട്ട്മെന്റ് ഏതായിരുന്നെന്ന്  പറയാൻ സാധിക്കാത്തതിനാൽ ഖേദിക്കുന്നു) പരിചയക്കാരനുമായി സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ ഒരു കൂട്ടം ആൾക്കാർ അവിടേക്ക് വന്ന് ആഫീസറുടെ മുറിയിൽ കയറി.ഞാൻ വിവരം തിരക്കിയപ്പോൾ അറിഞ്ഞത് അവരുടെ ഒരു സംസ്ഥാന നേതാവ് വർഗീയതയിൽ നിന്നും കേരളത്തെ രക്ഷിക്കാനും, വികസനം നടപ്പിലാക്കാനും വടക്ക് നിന്നും ജാഥ നയിച്ച് വരുന്നുണ്ട്, അദ്ദേഹത്തിന് സ്വീകരണം കൊടുക്കാൻ പിരിവിന് വന്നതാണെന്നാണ്. അതിന് സർക്കാർ ജീവനക്കാർ എന്തിന് പിരിവ് കൊടുക്കണമെന്ന എന്റെ ചോദ്യത്തിന് സാറേ! ഇവരെ പിണക്കാൻ  പറ്റില്ല, ഇവർ ഭരണത്തിൽ വരുമ്പോൾ നമ്മളെ ക്രൂശിക്കാതിരിക്കാൻ അവരെ സന്തോഷിപ്പിച്ചേ പറ്റൂ. കനത്ത തുക കൊടുത്തും കാല് പിടിച്ചുമാണ് വീടിനടുത്ത് സ്ഥലം മാറ്റം തരപ്പെടുത്തുന്നത്, ആ സൗകര്യം നഷ്ടപ്പെടുത്താൻ ആരും ഒരുക്കമല്ല, അത് കൊണ്ട് അവർ ആവശ്യപ്പെടുന്ന തുക പിരിവ് കൊടുക്കും, ഓരോരുത്തരും അവരുടെ വിഹിതം ഓഫീസ്സറെ ഏൽപ്പിക്കും, അദ്ദേഹം ആ വൻ തുക ഒരുമിച്ച് പാർട്ടിക്കാർക്ക്  കൊടുക്കും. ഇത് ഈ പാർട്ടി മാത്രമല്ല, അഹിംസാ പാർട്ടി മുതൽ സമുദായ -----‌വർഗീയ പാർട്ടികൾ വരെ ഇങ്ങിനെ വന്ന് പിരിക്കാറുണ്ട്. ഞങ്ങൾ  കൊടുക്കാറുമുണ്ട്. ഇവർ നാട്ടിലും ഇറങ്ങി ജനങ്ങളിൽ നിന്നും  പിരിക്കും,  യൂണിയൻ തലത്തിലും  അതായത്  കയറ്റിറക്ക്, ചുമട്ട്, ഹോട്ടൽ, അട്ടിമറി, തുടങ്ങിയ എല്ലാ യൂണിയനും  വിഹിതം കൊടുക്കണം. നിവർത്തി ഇല്ലായക കൊണ്ടാണ് പലരും കൊടുക്കുന്നത്....ആരെയും പിണക്കാനോ ശത്രുത സമ്പാദിക്കാനോ  ഇന്നത്തെ കാലത്ത് ആരും ഒരുക്കമല്ല.  പരിചയക്കാരൻ പറഞ്ഞ് നിർത്തി,
ആ ആഫീസിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ അതാ സിംഹത്തെ ഭയപ്പെടുത്തിയ ആൾക്കാർ കയ്യിൽ രസീതും കക്ഷത്തിൽ നോട്ടീസ് കെട്ടുമായി വഴിയെ നടന്ന് വരുന്നു.  ഇത് ഒരു ദേവാലയം പുനരുദ്ധാരണക്കാരാണെന്ന്  തിരിച്ചറിഞ്ഞു.  ചുരുക്കത്തിൽ  പിരിവ്  പിരിവ്  ഇത് മാത്രമേ  ഇന്ന് ലാഭകരമായി  നടക്കുന്നുള്ളൂ.  പിരിക്കാൻ  പലരും, കൊടുക്കാൻ  പൊതുജനവും.
പിൻ കുറി:  എന്താണ് ജനാധിപത്യം?  ജനങ്ങളാൽ പിരിക്കപ്പെടുകയും ക്രൂശികപ്പെടുകയും ചെയ്യുന്ന  ജനങ്ങളുടെ കൂട്ടം...

Thursday, February 6, 2014

ത്രയംബകം വില്ല് ഒടിച്ചതാര്


പണ്ട് വായിച്ചതോ അതോ പറഞ്ഞ് കേട്ടതോ ആയ ഒരു നർമം ഓർമ്മയിൽ വരുന്നു. 
ഏഴാംക്ലാസ്സിൽ  മലയാളം പീരിയഡ് പരിശോധനക്കെത്തിയ വിദ്യാഭ്യാസ  ഇൻസെപക്റ്റർ ക്ലാസിലിരുന്ന് തന്നെ മിഴിച്ച്നോക്കുന്ന മെയ്തീനോട്ചോദിച്ചു
 "ത്രയംബകം   വില്ല് ഒടിച്ചതാരാണ്"? മൊയ്തീൻ ഒന്ന് പരിഭ്രമിച്ചിട്ട് പറഞ്ഞു " അള്ളാണെ എന്റെ ബാപ്പാണെ, ഉസ്താദിന്റെ മുട്ട്കാലാണെ  ഞമ്മ അപ്പണി ചെയ്യൂലാ....."
ക്രുദ്ധനായ പരിശോധകൻ മൊയ്തീന്റെ അദ്ധ്യാപകനെ രൂക്ഷമായി
നോക്കിയിട്ട് ചോദിച്ചു" എന്താമാഷേ! ഇത്.....?"
അദ്ധ്യാപകൻ നിഷ്കളങ്ക ഭാവത്തോടെ ഭവ്യതയോടെ മൊഴിഞ്ഞു:-
"ഇത്തിരി കുരുത്തക്കേടുണ്ടെങ്കിലും ഓൻ ആ പണി ചെയ്യൂല്ലാ"
രംഗം വരാന്തയിൽ നിന്നും നിരീക്ഷിച്ച് കൊണ്ടിരുന്ന ഹെഡ് മാഷിനോട് പരിശോധകൻ തട്ടിക്കയറി " എന്താ ഈ കേൾക്കണേ...നിങ്ങടെ സ്കൂളിൽ ഇതെല്ലാമാണോ രീതി..."
ഹെഡ് മാഷ് വിനയം കൈവിടാതെ പറഞ്ഞതാവിത്:- "മലയാളം
മാഷ്പറഞ്ഞത് പത്തരമാറ്റ് സത്യം തന്നെയാ മൊയ്തീൻ അപ്പണി
ചെയ്യൂല്ലാ...."
കലി തുള്ളിയ പരിശോധകൻ വള്ളി പുള്ളി വിടാതെ നടന്ന സംഭവം മുഴുവൻ വിദ്യാഭ്യാസ വകുപ്പ് മേലാവിലേക്ക് എഴുതി അയച്ചു.
കുറച്ച്ദിവസംകഴിഞ്ഞ് മേലാവിൽ നിന്നും സ്കൂൾഹെഡ് മാഷിന്  ഒരു
കത്ത് കിട്ടി. അതിൽ ഇപ്രകാരം എഴുതിയിരുന്നു." കാര്യം ഗുരുതരമാണെങ്കിലും എല്ലാം നടന്ന്കഴിഞ്ഞിരിക്കുന്ന ഈ അവസ്ഥയിൽ ഒടിഞ്ഞ വില്ല് പുനസ്ഥാപിക്കണമെന്നും അതിന് വേണ്ടി വരുന്ന തുക
കണ്ടിജൻസി ഹെഡിൽ ബില്ല് എഴുതി സ്വരൂപിക്കണമെന്നും ഇതിനാൽ
അറിയിച്ച് കൊള്ളുന്നു."

തനിക്കറിയില്ലാത്ത വിഷയത്തെ പറ്റി അഭിപ്രായം പറഞ്ഞാൽ അത് വിഡ്ഡിത്തരമാകും എന്ന്ചൂണ്ടിക്കാണിക്കാനാണ് ഈ ഉദാഹരണം ഇവിടെ സൂചിപ്പിച്ചത്.ഇപ്പോൾ ഈ കഥ ഓർമ്മ വരാൻ കാരണം കോടതി വിശേഷങ്ങൾ പത്രങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന രീതി  ത്രയംബകം വില്ലിനെ പറ്റി മൊയ്തീന്റെയും അവന്റെ മാഷ്മാരുടെയും അറിവ് പോലെയാണെന്ന് കണ്ടത് കൊണ്ടാണ്. കോടതികളിലെ നടപടി ക്രമങ്ങൾ എണ്ണയിട്ട മെഷീൻ പോലെയോ ക്ലോക്കിന്റെ സൂചി പോലെയോ കൃത്യമായി നടന്ന് കൊണ്ടിരിക്കും. കോടതി ഉണ്ടായത് മുതൽ ആ രീതി തന്നെ. ഇത് അറിയാത്ത ലേഖകന്മാർ തങ്ങളുടെ വാഗ്വിലാസം
അനുസരിച്ച് സംഭവങ്ങളെ കാണുകയും അറിയാത്ത കാര്യങ്ങൾ എല്ലാം അറിയാമെന്ന ഭാവത്തിൽ തട്ടി മൂളിക്കുകയും ചെയ്യുന്നു.
കേസിലെ കക്ഷികൾ അവരുടെ വാദഗതികൾ സത്യ വാങ്മൂലമോ ഒബ്ജക്ഷൻ വഴിയോ കോടതിയിൽ ഫയൽ ചെയ്യുന്നത് സാധാരണ
നടപടിക്രമം മാത്രമാണ്.സർക്കാർ ആയാലും പൊതുജനമായാലും കേസിൽ കക്ഷികളാകുമ്പോൾ അവരുടെ കാഴ്ചപ്പാട്സത്യവാങ്മൂലത്തിലൂടെ വെളിപ്പെടുത്തും.. സർക്കാരാണ് കക്ഷിയെങ്കിൽ ഭരിക്കുന്നവരുടെ നയമായിരിക്കും സത്യവാങ്മൂലത്തിലൂടെ പുറത്ത് വരിക.ആ വക സത്യവാങ്മൂലങ്ങൾ കണ്ട് അത് കേസിന്റെ വിധിയെന്നപോലെ പ്രാധാന്യം കൊടുത്ത്കോടതി ലേഖകന്മാർ പത്രം ആഫീസിലേക്ക് റിപോർട്ട് ചെയ്യുന്നു. അവിടെ ഡെസ്കിലിരിക്കുന്ന വിശാരദന്മാർ അത് അതേപടി പറ്റുമെങ്കിൽ   ചിലപ്പോൾ അവരുടെ വകയായി  ലേശം എരിവും  പുളിയും കൂടി  ചേർത്ത്   പത്രത്തിലൂടെ വിളമ്പുന്നു. അങ്ങിനെ  എതിർകക്ഷിയെ പറ്റി  സത്യ വങ്മൂലത്തിലൂടെ  ആരോപിക്കുന്നത് സത്യമായ വിധിപോലെ വാർത്താ പ്രാധാന്യം  നൽകി ജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണ് ഇപ്പോഴത്തെ  രീതി.സത്യവാങ്മൂലത്തിലെ പൊള്ള തരങ്ങൾ  ചൂണ്ടി  കാണിച്ച്എഴുതുന്നതിൽ അപാകതയില്ല.  പക്ഷേ ഫയൽ ചെയ്യപ്പെട്ട   സത്യവാങ്മൂലത്തിന്  ഒരു വിധിയുടെ പരിവേഷം നൽകുന്നതും മേൽപ്പറഞ്ഞ തെറ്റ് ചൂണ്ടിക്കാണിക്കലും  രണ്ടും രണ്ടാണ്.           ൂ
. കേസിലെ വിധി അവസാനമാണുണ്ടാവുക അതിന് മുമ്പ് കക്ഷികൾ ഫയൽ ചെയ്യുന്നവ അവരുടെ അഭിപ്രായങ്ങൾ  മാത്രമാണെന്ന് ഈ മൊയ്തീന്മാർ അറിഞ്ഞിരുന്നെങ്കിൽ..........