Monday, January 19, 2015

പുരുഷ പീഡനം

സ്ത്രീകൾക്കെതിരെയുള്ള  അതിക്രമങ്ങളെ  നേരിടാൻ  കാലാകാലങ്ങളിൽ  നിയമ നിർമ്മാതാക്കൾ  സൃഷ്ടിക്കുന്ന നിയമങ്ങൾ  നിരപരാധിയായ   പുരുഷനെ എങ്ങിനെ  തിരിഞ്ഞ് കുത്തുമെന്ന് സുവ്യക്തമായി വ്യക്തമാക്കുന്നതായിരുന്നു  അയാളുടെ അനുഭവങ്ങൾ. രണ്ടാമത്തെ കുട്ടിയെ പ്രസവിക്കാൻ സ്വന്തം വീട്ടിൽ  പോയ  അയാളുടെ ഭാര്യ ഇത് വരെ തിരിച്ചെത്തിയിട്ടില്ല.    മദ്ധ്യസ്തന്മാർ   ഇടപെട്ട് പല തവണ ശ്രമങ്ങൾ   നടത്തിയിട്ടും ബാലിശങ്ങളായ  ഒഴിവ് കഴിവുകളും  മുട്ടാപ്പോക്കുമായി പെൺകുട്ടിയുടെ പിതാവ് ദമ്പതികളുടെ കൂടിച്ചേരലിന് തടസമായി  നിന്നു. അയാളുടെ മകൾ പിതാവ്  പറയുന്നതിനപ്പുറം മറു വാക്കില്ലാ എന്നിടത്ത് ഉറച്ച് നിൽക്കുകയും ചെയ്തപ്പോൾ  ഭാര്യയും ഭർത്താവും  രണ്ടിടത്തായി  ജീവിതം കഴിച്ച് കൂട്ടി. ഭർത്താവിന് മൂത്ത കുട്ടി അയാളോടൊപ്പം  കഴിഞ്ഞിരുന്ന കാലഘട്ടത്തെ കളിയും ചിരിയും കൊഞ്ചലും  മധുര സ്മരണകളായി  മനസിലേക്ക് കടന്ന് വന്നപ്പോൾ   ഉണ്ടായ അസ്വസ്തത  കുട്ടികളെ ഞാൻ പോയി എടുത്ത് കൊണ്ട്  വരും    എന്ന് ഭീഷണി  മുഴക്കാൻ പ്രേരകമായി. ഈ വിവരം എങ്ങിനെയോ അറിഞ്ഞ  പെൺകുട്ടിയുടെ പിതാവ് മകളെ  ഹർജിക്കാരിയാക്കി   "എതിർ കക്ഷി     വീട്ടിൽ കയറി   കുട്ടികളെ ബലമായി  എടുത്ത് കൊണ്ട് പോകരുതെന്ന്  "   നിർദ്ദേശിച്ച്  കുടുംബ കോടതിയിൽ നിന്നും  ഏകപക്ഷീയമായി നിരോധനം വാങ്ങി. അങ്ങിനെ  ഭർത്താവ്  ഭാര്യയുടെ  വീട്ടിൽ കയറിയാൽ   പ്രോസക്യൂഷന് വിധേയമാകുന്ന  തരത്തിൽ    സ്ഥിതി  വിശേഷം നിലവിൽ വന്നു. ഭർത്താവ് ഒട്ടും താമസിക്കാതെ  "ഭാര്യ തന്റെ കൂടെ വന്ന് ഭാര്യാധർമ്മം  അനുഷ്ഠിച്ച് ജീവിക്കാൻ നിർദ്ദേശം  കൊടുക്കണമെന്ന് "  കാണിച്ച് റെസ്റ്റ്യുറ്റ്യൂഷൻ  ഒഫ് കൺജൂവൽ  റൈറ്റിന്    ഹർജി ഫയൽ ചെയ്തു. രണ്ടിടത്തും കൗൺസിലിംഗ്   നടന്നപ്പോൾ ഭർത്താവ്  ഭാര്യയുടെ കാല്     താങ്ങി വിളിച്ചു  "  നമുക്ക് നമ്മുടെ വീട്ടിൽ പോയി കുഞ്ഞുങ്ങളുമായി  ഒരുമിച്ച് ജീവിക്കാം  എന്റെ കൂടെ  വരുക."
 ഭർത്താവ്  മദ്യപിക്കുകയില്ലെന്നും  മറ്റ് അനാശാസ്യ നടപടികളില്ലെന്നും  കൂടെ  താമസിച്ചിരുന്ന  കാലത്ത്  തന്നെ  പരിപാലിച്ചിരുന്നുവെന്നും ഭാര്യ സമ്മതിച്ചപ്പോൾ " പിന്നെന്താടോ  അയാളുമായി  പോയി  താമസിച്ചാലെന്ന് " മീഡിയേറ്റർ  പെൺകുട്ടിയോട്  ചോദിച്ചു.  "എന്നെ  ചീത്ത  വിളിക്കുമെന്നും  അയാൾക്ക്   സംസ്കാരം   തൊട്ട് തേച്ചിട്ടില്ലാത്തതിനാൽ  താൻ  കൂടെ പോകുന്നില്ലെന്നുമായിരുന്നു"   അവളുടെ  മറുപടി.    
  ഭർത്താവ്  താമസിക്കുന്ന വീടു സ്ഥലവും അയാളുടേതാണെന്ന ധാരണയിലാണ്    തന്റെ മകളെ വിവാഹം കഴിച്ച് കൊടുത്തതെന്നും  എന്നാൽ  അത് അയാളുടെ മാതാവിന്റെ  പേരിലാണെന്ന്  ഇപ്പോഴാണ്  മനസിലായതെന്നും  എന്റെ മകൾ കണ്ടവരുടെ വീട്ടിൽ താമസിക്കാൻ  ഒരുക്കമല്ലെന്നും  അത്  കൊണ്ട്   മാതാവിൽ നിന്നും  നിന്നും  തന്റെ  മകളുടെയും  കുട്ടികളുടെയും  പേരിൽ വീട് മാറ്റിയാൽ മകളെ  അയക്കാമെന്നും  പിതാവ് കൗൺസിലിംഗിൽ  പറഞ്ഞു.  പെൺകുട്ടി  പഴയ  പടി   " ആമാ  ചാമീ! എല്ലാം     അപ്പാ  ചൊല്ലണ  മാതിരി"  എന്ന  പല്ലവിയുമായി നിന്നപ്പോൾ  മീഡിയേഷനും  കൗൺസിലിംഗും പരാജയമടഞ്ഞു. ഭാര്യയോടും കുട്ടികളോടുമുള്ള  അയാളുടെ സ്നേഹത്തിന്റെ ആഴം  മനസിലാക്കിയ  പെൺകുട്ടിയുടെ  പിതാവ്  സമ്മർദ്ദ  തന്ത്രത്തിലൂടെ  മരുമകന്റെ വീട്  മകളുടെ  പേരിലാക്കാനുള്ള  കുരുട്ട് വിദ്യായാണ്  ഇതെല്ലാമെന്ന്  സുവ്യക്തമാണ്.   ഇത്രയും  കൊണ്ട് മതിയാക്കാതെ പിതാവ് പെൺകുട്ടിയെ ഹർജിക്കാരിയാക്കിയും  മരുമകനെ  എതിർ കക്ഷിയാക്കിയും  സ്ത്രീ സംരക്ഷണത്തിനായി നിർമ്മിച്ച ഡൊമസ്റ്റിക് വയലൻസ് ആക്റ്റ്  (  ഗാർഹിക പീഡന നിരോധന നിയമം) എടുത്ത് പ്രയോഗിച്ചതായി  അയാൾ  അറിഞ്ഞു . ആ ഹർജിയിൽ തുച്ഛ വരുമാനക്കാരനായ  അയാൾ ഭാര്യയ്ക്കും  കുഞ്ഞുങ്ങൾക്കും  പ്രതിമാസ   ചെലവിനായി     ഇരുപതിനായിരം രൂപാ   നൽകുവാൻ  നിർദ്ദേശിക്കണമെന്ന്  കാണിച്ചിട്ടുണ്ടത്രേ!  ഇടക്കാല  ഉത്തരവിലൂടെ 5000 രൂപാ വീതം നൽകാനും  കോടതി  ഉത്തരവുണ്ടാകണമെന്ന      അപേക്ഷയും    ഫയൽ ചെയ്തിട്ടുണ്ട്  പോലും.   "എന്റെ കുഞ്ഞുങ്ങൾക്ക്  ചെലവിന്  കൊടുക്കാൻ  ഞാൻ ബാദ്ധ്യസ്തനാണ്,  എന്നാലാവുന്ന വിധത്തിൽ  കഷ്ടപ്പെട്ട് ഞാൻ  കൊടുക്കാം,  പക്ഷേ എന്നോട്  ഒട്ടും താല്പര്യം കാണിക്കാതെ  എന്നെ  വിട്ട് പിരിഞ്ഞ്  മനപൂർവം  അകന്ന് താമസിക്കുന്ന     അവൾക്കെന്തിന്  ഞാൻ  ചെലവിന്  കൊടുക്കണം,  പൂട്ടി  കിടക്കുന്ന വീടിന്  ആരെങ്കിലും  വാടക  കൊടുക്കുമോ  സാറേ?"  അരിശത്തോടെ  അയാൾ  ഞങ്ങളോട്  ചോദിച്ചു. "മാത്രമല്ല    ചെലവിന്    കിട്ടാനുള്ള   ഈ ഹർജി  അനുവദിച്ചാൽ  ഒരിക്കലും അവൾ  എന്നോടൊപ്പം  വരില്ല,  കോടതി  അനുവദിച്ച  തുക  എന്നിൽ  നിന്നും  വാങ്ങി  സുഖമായി  ആഹാരവും  കഴിച്ച്   അവൾ  എന്റെ മുമ്പിൽ  ഞെളിഞ്ഞ്  നടക്കും.  കൊച്ച് കുട്ടികളെ   എനിക്ക്  വിട്ട് കിട്ടാൻ  ഹർജി  കൊടുത്താൽ അത്  അനുവദിക്കുന്ന  കാര്യം  പ്രയാസമാണ്. മാസത്തിൽ  ഒരു  മണിക്കൂറോ  മറ്റോ  കോടതിയിൽ  വെച്ച്    അവരെ  കാണാൻ  അനുവാദം  തന്നേക്കാം.  എന്റെ  കുട്ടികളെ  കോടതിയിൽ  പോയി  കാണുന്നത്  എനിക്കും  കുട്ടികൾക്കും  വേദനയുണ്ടാക്കും.,  ചെലവിന്  കൊടുക്കാതിരുന്നാൽ ഞാൻ  അകത്ത് പോയി  കിടക്കേണ്ടി വരും.  അറ്റ  കൈക്ക്  ഞാൻ  അത്  തന്നെ    ചെയ്യും  ഭാര്യയെ   വിവാഹ  മോചനം  ചെയ്താൽ  മുസ്ലിമായ  എനിക്കെതിരെ  അടുത്ത  ബോംബ്  പൊട്ടും.  തലാക്ക്  ചൊല്ലപ്പെട്ട  ഭാര്യയ്ക്ക്   ഇന്ത്യൻ    മുസ്ലിംസ് പ്രൊട്ടക്ഷൻ   ആക്റ്റ്   (ഓൺ ഡൈവേഴ്സ്) സെക്ഷൻ3   പ്രകാരമുള്ള  ജീവനാംശം  ലക്ഷങ്ങൾ  കിട്ടാൻ  എന്റെ അമ്മായി  അപ്പൻ  അടുത്ത കേസ്  ഫയൽ  ചെയ്യും     അയാൾ  വേദനയോടെ  പറഞ്ഞു.  ഒരുതരത്തിലും  പുരുഷന്  രക്ഷയില്ലാ സറന്മാരേ!  അയാൾ  പറഞ്ഞവസാനിപ്പിച്ചു.
 സ്ത്രീകളെ  സംരക്ഷിക്കാൻ   നിയമം  സൃഷ്ടിചപ്പോൾ    മുകളിൽ  പറഞ്ഞിരിക്കുന്നത്   പോലുള്ള   സംഭവങ്ങളിൽ  നിന്നും  രക്ഷ  നേടാനുള്ള  പ്രതിവിധി  നിയമ നിർമ്മാതാക്കൾ  കണ്ടതേയില്ല.

Friday, January 16, 2015

കുത്തഴിഞ്ഞ ലൈംഗികത

  കുത്തഴിഞ്ഞ ലൈംഗിക സംസ്കാരം സമൂഹത്തെ സമൂലമായി ഗ്രസിച്ചിരിക്കുന്നു എന്നതിന്റെ ഉദാഹരണമായി  ആ പെൺകുട്ടി കരഞ്ഞ് കൊണ്ട് ഞങ്ങളുടെ മുമ്പിൽ ഇരുന്നു. അവളുടെ കണ്ണീരിന്  പ്രതിവിധി പറഞ്ഞ് കൊടുക്കാനാവാതെ ഞങ്ങൾ  നിശ്ശബ്ദത പാലിച്ചു. വിവാഹിതയായ അവൾക്ക്   എട്ട്   വയസിന്  താഴെ  പ്രായമുള്ള   മൂന്ന് പെൺകുഞ്ഞുങ്ങൾ ഉണ്ട്. സമ്പത്ത് നോക്കി വീട്ടുകാർ വിവാഹം ചെയ്ത് കൊടുത്തത്  സ്നേഹത്തിന്റെ കണിക പോലും  മനസിലും പ്രവർത്തിയിലുമില്ലാത്തവനും  എന്നാൽ കാമപൂർത്തിക്കുള്ള ഉപകരണമായി മാത്രം ഇണയെ കണ്ടിരുന്നവനുമായ ഒരു വിവരദോഷിക്കായിരുന്നു.  തുള്ളിക്കുതിച്ച് വരുന്ന പൂവന്   തറയിൽ അമർന്നിരുന്ന്       കൊടുക്കാനുള്ള  പിടക്കോഴി മാത്രമായിരുന്നു അയാൾക്ക് ഭാര്യ. അതെല്ലാം അവൾ സഹിച്ചു അയാളുടെ ഏത് ഇഷ്ടത്തിനും വഴങ്ങി കൊടുത്തു.  എന്നിട്ട് പോലും അതിലൊന്നും തൃപ്തി വരാതെ  മറ്റിടങ്ങളിലേക്ക് അയാൾ   ചേക്കേറാൻ തുടങ്ങി.  ആരെയും കൈനീട്ടി സ്വീകരിക്കുന്ന തരത്തിലുള്ള പെണ്ണുടലുകളുമായി അയാൾ ബന്ധപ്പെടാൻ   തുടങ്ങിയെന്ന വാർത്ത മറ്റുള്ളവരിൽ നിന്നും അറിഞ്ഞപ്പോൾ  അവൾ ആദ്യം വിശ്വസിച്ചില്ലെങ്കിലും ഒരിക്കൽ അങ്ങിനെ ഒരു സംഭവം അവൾ നേരിൽ കണ്ടപ്പോൾ   അന്തം വിട്ടു. തുടർന്ന് വല്ലാത്ത ഭീതി അവളിൽ പടർന്ന് കയറി. കച്ചവടത്തിനായി  തമിഴ് നാട്ടിൽ  പോകുന്ന    അയാൾക്ക്    അവിടെയും ഇടങ്ങൾ കണ്ടേക്കാം.  അവിടെ    ആരെങ്കിലുമായി  ബന്ധപ്പെട്ടതിന്      ശേഷം  താനുമായി ബന്ധപ്പെടുമ്പോൾ തനിക്കും  മാരക രോഗങ്ങൾ പിടി പെടില്ലേ? മനസ്സമാധാനത്തിനായി   അവൾ ഡോക്റ്ററെ  സമീപിച്ച്    എച്..ഐ.വി. ടെസ്റ്റിന് സ്ലിപ്പ് വാങ്ങി. അതിന് വേണ്ടി ഡോക്റ്ററോട്    അനുഭവിച്ച കാര്യങ്ങൾ പറയേണ്ടി വന്നതിലുള്ള മാനക്കേട്  അവൾ വിവരിച്ചത് വിങ്ങിപ്പൊട്ടലോടെയാണ്. ഏതായാലുംടെസ്റ്റ്  റിസൽറ്റ്    നെഗറ്റീവ്  ആയിരുന്നു.   അതിന് ശേഷം അയാൾ സമീപിക്കുമ്പോൾ അവൾ ഒഴിഞ്ഞ്  മാറി. അതിന്റെ   ഫലം ക്രൂരമായ മർദ്ദനമായിരുന്നു.   അയാളിൽ നിന്നും  മോചനമാവശ്യപ്പെട്ടും  കുട്ടികൾക്ക്  ജീവിത ചെലവ്  ആവശ്യപ്പെട്ടും  കോടതിയെ സമീപിക്കുക  എന്ന  ലക്ഷ്യമാണ് ഇനി അവളുടെ  മുമ്പിലുള്ളത്.
  ഉരൽ   വിഴുങ്ങുമ്പോഴും രണ്ട് വിരൽ കൊണ്ട്  മറച്ച് പിടിക്കാനുള്ള ശ്രമം നമ്മുടെ  സംസ്കാരത്തിലുണ്ടായിരുന്നത്    ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നു. പങ്കാളിയോടുള്ള വിശ്വസ്തത   പുസ്തകങ്ങളിൽ മാത്രമായി  ചുരുങ്ങിയോ?

Wednesday, January 14, 2015

തട്ടിപ്പ് ഇന്റർ നെറ്റിലൂടെ

ഇന്റർ നെറ്റിലൂടെ മൊബൈൽ ഫോൺ കച്ചവടം ഉറപ്പിച്ച്   പൈസാ അടച്ച വ്യക്തിക്ക്  ലഭിച്ച പാഴ്സൽ തുറന്ന് നോക്കിയപ്പോൾ  കണ്ടത് ഒരു ചുടുകട്ടയുടെ പകുതി ഭാഗം  എന്ന്  പത്ര വാർത്ത.    ( ഒരു മുഴുവൻ കട്ടയെങ്കിലും ലഭിച്ചിരുന്നെങ്കിൽ   അതിന്റെ വിലയായ ഏഴ് രൂപാ  മുതലാക്കാമായിരുന്നു.) അന്തം വിട്ട കക്ഷി നിയമ നടപടിക്ക്  മുതിരുകയാണത്രേ!. തട്ടിപ്പിന് ഇരയാകുമ്പോൾ ധന നഷ്ടവും   പറ്റിക്കപ്പെട്ടതിലുള്ള  മനോവിഷമവും നമുക്കുണ്ടാകുന്നു.നമ്മളെ ഒരാൾ കബളിപ്പിക്കുമ്പോൾ  നമ്മൾ  മഠയനായതിനാലാണല്ലോ   അവന് നമ്മളെ പറ്റിക്കാൻ  സാധിച്ചതെന്ന   ചമ്മൽ എപ്പോഴും  നമ്മുടെ ഉപബോധമനസിലുണ്ടാവുകയും ചെയ്യും. പണ്ടും ഈ മാതിരി തട്ടിപ്പുകൾ വ്യാപകമായി നടന്നിരുന്നു.  അന്ന്  മാസികകളും വാരികകളും ആയിരുന്നു  ഈ വക തട്ടിപ്പിന്  വേണ്ടി ഉപയോഗപ്പെടുത്തിയിരുന്നത്.   സിനിമാ മാസികകളിലെ പേജുകൾ  ഈ  മാതിരി പരസ്യങ്ങളാൽ  നിറയപ്പെട്ടിരുന്നു. അഞ്ച് രൂപാ വിലയുള്ള  മാന്ത്രിക  മോതിരമായിരുന്നു  അതിൽ പ്രധാനപ്പെട്ടത്.  ആ മോതിരം ധരിച്ച് ഇഷ്ടപ്പെട്ട  പെണ്ണിനെ   സൂക്ഷിച്ച്    നോക്കിയാൽ  അവൾ പുറകേ വരുമെന്നാണ് പരസ്യം   വാഗ്ദാനം   ചെയ്യുന്നത്.   കൗമാരപ്രായത്തിലെ ആൺകുട്ടികൾ പലരും ഈ തട്ടിപ്പിന് ഇരയായി   മോതിരവും ധരിച്ച് നടന്നു.    മോതിരധാരി  അവർക്ക്    ഇഷ്ടപ്പെട്ട  പെൺകുട്ടിയുടെ  മുഖത്തേക്ക് സൂക്ഷിച്ച് നോക്കി  നടന്നതല്ലാതെ ഫലമൊന്നും ഉണ്ടായില്ലെന്ന്  മാത്രമല്ല അവരിൽ പലരും പെൺകുട്ടികളിൽ നിന്നും  തുറിച്ച് നോട്ടത്തിന് തെറി  കേൾക്കുകയും ചെയ്ത  ചരിത്രം ക്ലാസുകളിൽ  കൂട്ടച്ചിരിക്ക് ഇടയാക്കി. മറ്റൊരെണ്ണമായിരുന്നു  മാന്ത്രിക  സുറുമ. ആ സുറുമ  കണ്ണിൽ എഴുതി  ഭൂമിയിൽ നോക്കിയാൽ  മറഞ്ഞിരിക്കുന്ന നിധി കണ്ടെത്താൻ  കഴിയുമെന്നായിരുന്നു  പരസ്യ ത്തിലെ  വാഗ്ദാനം.  നിധിമോഹികൾ  പലരും തട്ടിപ്പ്ന് ഇരയായി. ഈ തട്ടിപ്പുകളുടെയെല്ലാം  കേന്ദ്ര സ്ഥലം  പഞ്ചാബിലെ ജലന്ധറും ലൂധിയാനയും  മറ്റും  ആയിരുന്നു. മണി ഓർഡറുകൾ ആ നഗരങ്ങളിലെ ഏതോ ഇരുൾ  മൂടിയ  ഗല്ലികളിലെ    മേൽ വിലാസക്കാരന്  കൃത്യമായി  ചെന്ന് ചേരാൻ തക്കവിധം   പോസ്റ്റ്മാനും അവരുമായി രഹസ്യ ഇടപാടുകൾ  ഉണ്ടായിരുന്നതായി പിന്നീട്  വെളിപ്പെട്ടു. ജലന്ധറിലെ തട്ടിപ്പുകളിൽ പ്രധാനപ്പെട്ടത്. മൂട്ടയെ കൊല്ലുന്ന  അൽഭുത യന്ത്ര വിൽപ്പനയായിരുന്നു.  അന്ന്  കേരളത്തിലെ എല്ലാ വീടുകളും   സിനിമാ കൊട്ടകകളും   ഹോസ്റ്റലുകളും ആഫീസുകളും  വായനശാലകളും  മൂട്ടകളുടെ  വിഹാര കേന്ദ്രങ്ങളായിരുന്നു. മൂട്ടയെ കൊല്ലാൻ  ആദ്യം പ്രയോഗിക്കപ്പെട്ടത് ഡി.ഡി.റ്റിയാണ്.  കുറച്ച് കഴിഞ്ഞപ്പോൾ ആ വിഷം മൂട്ടക്ക്  ഫലിക്കാതായി. പിന്നീട്   കിൽ ബെഗ്ഗും  ടിക് ട്വന്റിയും  രംഗത്ത് വന്നു. അതും ഏൽക്കാതിരുന്ന  കാലത്താണ്   പുതിയ  യന്ത്രത്തിന്റെ പരസ്യം വന്നത്.  പലരും   പൈസാ അയച്ച് കൊടുത്ത്   പാഴ്സൽ വരുത്തി   തുറന്ന് നോക്കി  അതിലിരിക്കുന്ന  യന്ത്ര ഭാഗം കണ്ടു അന്തം വിട്ടു. ഒരു കുഞ്ഞ് ചുറ്റിക  ഒരു കൊടിൽ പിന്നെ  ഒരു  അടകല്ലും.  ദോഷം പറയരുതല്ലോ  യന്ത്രം പ്രവർത്തിപ്പിക്കാൻ   ആവശ്യമായ    നോട്ട്സ്    പല ഭാഷകളിൽ  അച്ചടിച്ചത്  അതിലുണ്ടായിരുന്നു. അതിപ്രകാരമായിരുന്നു. മൂട്ടയെ കണ്ടാൽ  ഉടൻ കൊടിൽ കൊണ്ട്  അതിനെ പിടിക്കുക, അടകല്ലിൽ വെയ്ക്കുക, പിന്നീട് ചെറിയ ചുറ്റിക  കൊണ്ട് ഒറ്റ അടി!!! മൂട്ട  അപ്പോൾ തന്നെ ചാകുമെന്ന് ഉറപ്പ്.
  കുറച്ച് കാലം  കഴിഞ്ഞ്     ഈ  തട്ടിപ്പുകൾ  സ്വയമേ അവസാനിക്കുമ്പോൾ     അടുത്തതുമായി  മറ്റൊരുത്തൻ രംഗത്ത് വരും.  അതിൽ പ്രധാനപ്പെട്ടത്  സ്വപ്ന സ്ഖലനത്തിന്റെ ദൂഷ്യങ്ങൾ  അകറ്റാനുള്ള  ഒറ്റ മൂലിയായിരുന്നു. സ്വപ്ന സ്ഖലനം ഭീകരമായ രോഗമെന്ന് ധരിച്ച പയ്യന്മാർ  പലരും ഇത് വാങ്ങി കഴിച്ചു..
  പിന്നീട്  വിസാ കാലമായി. വ്യാജ വിസാ കേസുകൾ വ്യാപകമായപ്പോൾ വ്യാജനേത്  അസലേതെന്ന്  അറിയാതെ  ജനം പലപ്പോഴും വെട്ടിലായി. ഇപ്പോൾ   ഇന്റർനെറ്റ് യുഗത്തിന്റെ തട്ടിപ്പിൽ   നമ്മളെത്തി ചേർന്നിരിക്കുന്നു.   കുറച്ച് ദിവസങ്ങളായി   എന്റെ മൊബൈലിൽ    ഒരേ  സന്ദേശം വന്ന് കൊണ്ടിരിക്കുന്നു.   ആഫ്രിക്കയിലെ  ഏതോ  മഹാനുഭാവൻ പൊതു സേവനത്തിന് വേണ്ടി  ഒന്നര കോടി ഡോളർ     ഉഴിഞ്ഞ് വെച്ചിരിക്കുന്നു,  ആ സേവനത്തിനായി  എന്നെ തിരഞ്ഞെടുത്തിരിക്കുന്നു പോലും.  ഞാൻ ഉടനെ ബന്ധപ്പെടണമെന്ന്.  പൊന്നു  മോനേ!   വേണ്ടാ അനിയാ  എനിക്ക്  ആ പൈസാ.... നിന്റെ മുമ്പിൽ  ചമ്മാൻ  ഞാൻ  ഒരുക്കമല്ലടാ കുട്ടാ!!!

Wednesday, January 7, 2015

പിശാച് ഭയന്ന് പോയി.

പ്രസിദ്ധ പിശുക്കനായ കോയാക്കാ  ഹജ്ജ് കർമ്മത്തിന്  പോകാൻ  തീരുമാനിച്ചത്  നാട്ടിൽ അതിശയിപ്പിക്കുന്ന  വാർത്തയായിരുന്നു. ഹജ്ജിനേക്കാളും ചെലവ്  കുറവ്   ഉം റാ  യാത്രക്കാണെന്ന്  മനസിലാക്കിയതോടെ  അദ്ദേഹം   ഹജ്ജ്  യാത്ര  മാറ്റി  ഉം റാ  പാക്കേജുകാരെ  തിരക്കി  നടന്നു.    ഈ രണ്ട് കർമ്മങ്ങളും മക്കത്ത്   തന്നെയല്ലേയെന്ന്   സ്വയം ന്യായം  കണ്ടെത്തുകയും ചെയ്തു. കോയാക്കായുടെ പിശുക്ക് പ്രസിദ്ധമായതിനാൽ  ഞങ്ങൾ  നാട്ടുകാർക്ക്  ഈ നയം മാറ്റം അത്രക്ക്   ഷോക്കായിരുന്നില്ല. രാത്രിയിൽ ആഹാരം കഴിക്കാനിരിക്കുമ്പോൾ  കൈ ചെല്ലുമ്പോൾ വായ് താനെ  തുറക്കും എന്ന  ന്യായത്താൽ ലൈറ്റ്   അണച്ച്  വൈദ്യുതി പിശുക്ക്  കാണിക്കുന്ന  ആളാണല്ലോ  കോയാക്കാ.
 ഞങ്ങൾ  നാട്ടുകാരുടെ   കോമിക്ക്  താരമായ  ഹസനിക്കാ ഇതിനെ  പറ്റി  പറയുന്നത്  ലൈറ്റ്  അണച്ച്  കഴിയുമ്പോൾ കോയാക്കാ  മുണ്ടും അഴിച്ച് കളയുമെന്നാണ് ഇരുട്ടത്ത്  മുണ്ടുടുക്കേണ്ടല്ലോ!. ആഹാരം  കഴിച്ച് കഴിയുമ്പോൾ മുണ്ടും  ഉടുക്കും   പിന്നീട്  ലൈറ്റും കത്തിക്കുമത്രേ! എഴുപതിനായിരം രൂപാ ഉം റാ  യാത്രക്ക് ആവശ്യപ്പെട്ട ഏജന്റിനോട് പിണങ്ങി  പിണങ്ങി  അൻപതിനായിരം രൂപക്ക്  കോയാക്ക  ഉമ്രാ യാത്ര  തരപ്പെടുത്തി  രൂപയും  ഏൽപ്പിച്ചു.

 നാട്ടിൽ  എല്ലാവരോടും  "ഞാൻ  മക്കത്ത് പോകുന്നു "  എന്ന്  യാത്രയും പറഞ്ഞു. വിമാന  സമയത്ത് എയർ  പോട്ടിൽ  എത്തിയ  കോയാക്കായെ  എതിരേറ്റത്  ഏജന്റ്  മുങ്ങിയെന്ന  വാർത്തയായിരുന്നു. "ഹെന്റള്ളോ" എന്നും  പറഞ്ഞ് കോയാക്കാ നെഞ്ചത്ത് മൂന്ന്  നാല്  അടിയും അടിച്ച്  നിലത്ത് കുഴഞ്ഞ് വീണു. ആൾക്കാർ അദ്ദേഹത്തെ പൊക്കി  എടുത്ത് നഗരത്തിലെ സൂപ്പർ സ്പെഷ്യാലിറ്റി   ആശുപത്രിയിൽ കൊണ്ട്  ഏൽപ്പിച്ച്  അവരുടെ  തടി സലാമത്താക്കി.

അവിടെ  അവശേഷിച്ചിരുന്ന  സന്തതികളോടും   പേരക്കുട്ടികളോടും  ആശുപത്രി അധികൃതർ  പരിശോധനയും  മറ്റും  കഴിഞ്ഞ്    കോയാക്കാക്ക്  മൂന്ന്  ബ്ലോക്ക്  ഉണ്ടെന്നും  ഉടനെ  ഓപറേഷൻ  ചെയ്യണമെന്നും  ഇല്ലെങ്കിൽ  മയ്യത്താകുമെന്നും  അറിയിച്ചു. എല്ലാം  കഴിഞ്ഞ്   ആശുപത്രിയിൽ  നിന്നും  വീട്ടിലേക്ക്  തിരിച്ച  കോയാക്കാക്ക്  ആശുപത്രി  ചെലവ് നാല് ലക്ഷം രൂപാ  മാത്രം.  

കോയാക്കായുടെ  യാത്ര  മുടങ്ങിയതിനെ  സംബന്ധിച്ച് ഞങ്ങളുടെ ഹസനിക്കാ പറഞ്ഞത്  ഇപ്രകാരമാണ്.
 ഉമ്രാ  കർമ്മത്തിന് പിശാചിനെ  കല്ലെറിയുന്ന  പരിപാടി  ഇല്ലെങ്കിലും  കോയാക്കാ   കല്ലെറിയുന്ന  സ്ഥലം  കാണാൻ  പോകുമെന്ന്  ഉറപ്പ്. കോയാക്കായുടെ വരവ്   മണത്തറിഞ്ഞ  അവിടെ  സ്ഥിരമായി  ഇരിക്കുന്ന  പിശാചുക്കൾ     സ ഊദി  സർക്കാരിനെ  വിവരം  അറിയിച്ചെത്രേ!  ഞങ്ങളേക്കാളും  വലിയ ശൈത്താൻ  ഇവിടെ  വന്നാൽ  ഞങ്ങൾ  ഈ സ്ഥലം  വിട്ട്  മാറി  പോകുമെന്ന് .  ഉടനടി  ആ സർക്കാർ  കോയാക്കായുടെ  ഏജന്റുമായി  ബന്ധപ്പെട്ട്  അയാളെ  മുക്കി.  അങ്ങിനെയാണ്  കോയാക്കായുടെ  മക്കാ യാത്ര  മുടങ്ങിയതത്രേ!.

ഇത്രയും  എഴുതിയപ്പോൾ   സി.എച്ചിന്റേതായി  പറയപ്പെടുന്ന  ഒരു ഫലിതം  ഓർമ്മ  വരുന്നു. ഹജ്ജിന്  പോയ  നാട്ടിലെ ഏറ്റവും  വലിയ ദുഷ്ടൻ  പിശാചുക്കളെ കല്ലെറിയുന്ന  സ്ഥലത്തെത്തി  കല്ലെറിയൽ  കർമ്മം  തുടങ്ങിയപ്പോൾ   ശൈത്താൻ  ചോദിച്ചുവത്രേ  "നമ്മൾ  തമ്മിൽ  പ്രശ്നമൊന്നുമില്ലല്ലോ   പിന്നെന്തിനാണ് എന്നെ  കല്ലെറിയുന്നതെന്ന്."

ഹജ്ജിന്റെയും  ഉമ്രയുടെയും  അന്തസ്സത്ത  ഉൾക്കൊള്ളാതെ   ഭയ ഭക്തി  ഒട്ടുമില്ലാതെ  ആ പാവനമായ കർമ്മങ്ങൾക്ക്  ഒരു ടൂർ  പാക്കേജ്  പോലെ  പോയ്ക്കൊണ്ടിരിക്കുന്ന   ചിലരെ  കാണുമ്പോൾ  ഇത്രയും  എഴുതി  പോയി.