Thursday, March 5, 2015

ദുനിയാ കേ രഖ് വാലേ സിനാന്റെ ജീവിതത്തിൽ

ഓ! ദുനിയാ കേ  രഖ് വാലേ......
എന്റെ പിതാവിന്റെ  ചെറുപ്പത്തിൽ  അദ്ദേഹം ഈ ഗാനം ബുൾബുൾ വാദ്യോപകരണത്തിലൂടെ   ആലപിക്കുമായിരുന്നു  എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. നൗഷാദിന്റെ സംഗീത സംവിധാനത്തിൽ  മുഹമ്മദ്  റഫി സാഹിബ്   കരളുരുകി  പാടിയ  ഈ  ഗാനം  എന്റെ തലമുറയിലുള്ളവരേയും  വല്ലാതെ  വികാര തരളിതരാക്കിയിട്ടുണ്ട്. ഇതാ ഇപ്പോൾ മൂന്നര വയസ് കാരനും  ഞങ്ങളുടെ  കുടുംബത്തിലെ  ഏറ്റവും ഇളയവനുമായ  സിനാന്റെ  അസ്വസ്ഥതകൾ  മാറ്റി  അവന്    സമാധാനം നൽകാനും    കരച്ചിൽ  ഇല്ലാതാക്കാനും  ഞങ്ങൾ ഈ ഗാനമാണ്  ഉപയോഗിക്കുന്നത്.   യാദൃശ്ചികമായാണ്  ഈ ഗാനം  അവന്  സന്തോഷം  നൽകുന്നുവെന്ന        പരമാർത്ഥം  ഞങ്ങൾ  തിരിച്ചറിഞ്ഞത്.  ഈ വീഡിയോ  കാണുക.
 ജനിച്ചതിന് ശേഷം സിനാൻ   ഇത് വരെ സംസാരിച്ചിട്ടില്ല, നടന്നിട്ടില്ല,  സാധാരണ കുട്ടികളെ  പോലെ  ഇത് വരെ   നേരാംവണ്ണംഅവന് നിൽക്കാൻ  സാധിച്ചിട്ടുമില്ല..എല്ലാം  ഒരു ഡോക്ടറുടെ അലക്ഷ്യത കാരണം  മാത്രം.
 ഒരു കൊതുക്  വന്ന് കടിച്ച് ചോര ഊറ്റിക്കൊണ്ടിരുന്നാൽ അതിനെ ഓടിച്ച് കളയാനോ  കൊതുക് ദംശിച്ചിടം  ചൊറിയാനോ  അവന് അറിയില്ല.  കാരണം കൊതുക് കടിക്കുന്നതിനേക്കാൾ  വലിയ വേദന, ജനിച്ച  അടുത്ത ദിവസം മുതൽ    ഏറെ  സഹിച്ചവനാണല്ലോ  അവൻ   . ജനിച്ച് മൂന്നാം   ദിവസം മുതൽ 3വാരം  വരെ  കുത്തി വെപ്പുകളുടെ പ്രളയത്തിലായിരുന്നു  അവൻ.   തുടർന്ന്   ഒരു വയസ് പ്രായത്തിൽ അൻപത് കുത്തി വെപ്പുകൾ  അൻപത് ദിവസങ്ങളിലായി   അവന്റെ കുഞ്ഞ് ശരീരത്തിൽ നടത്തിയിട്ടുണ്ട്.   .  അങ്ങിനെ  വേദനകളുടെ ലോകത്തിലൂടെ   നിശ്ശബ്ദം കടന്ന് വന്ന  അവന് ഒരു  കൊതുക്  കടി എത്ര നിസ്സാരമായിരിക്കും. ഇങ്ങിനെയുള്ള    കുത്തി വെപ്പുകളും  വാൾപ്പാരിൻ  പോലുള്ള കയ്പേറിയ മരുന്ന്കൾ  ദിവസം  മൂന്ന് നേരം   നി ർബന്ധമായി  അവനെ  കുടിപ്പിക്കുന്നതും        ജീവിതത്തിലെ  ദൈനംദിന സംഭവങ്ങളായിരിക്കുമെന്നായിരിക്കും  അവൻ  കരുതുന്നത്.  കൈപ്പേറിയ  മരുന്നുകൾ  നിർബന്ധമായി അവന്  നൽകുമ്പോൾ എന്തെല്ലാം  ചിന്തകളായിരിക്കാം അവന്റെ കുഞ്ഞ് മനസിലൂടെ  കടന്ന് പോകുന്നത് , വികാരരഹിതമായ  നോട്ടത്തിലൂടെ   അവൻ  നമ്മെ  നോക്കുമ്പോൾ എന്തെല്ലാമാണ്   അവൻ തിരിച്ചറിയുന്നത് ?  ആവോ! നമുക്ക്  അറിയില്ലല്ലോ.   അവന്റെ വീൽ കസേരയിൽ  അല്ലെങ്കിൽ  അവന് വേണ്ടി  പ്രത്യേകം തയാറാക്കിയ മൂന്ന് അടി ചതുരത്തിലും രണ്ടര അടി ഉയരത്തിലുമുള്ള ബോക്സിൽ  അവന്റെ  നാഴികകൾ  കഴിച്ച് കൂട്ടുമ്പോൾ  അവന് പലപ്പോഴും കൂട്ടായുള്ളത്  ഈ    ഗാനമാണ്. ഈ കാലത്തെ  ശബ്ദമുഖരിതമായ  പാട്ടുകൾ അവനെ ഒട്ടും ആകർഷിക്കാറില്ലാ എന്ന് അനുഭവങ്ങൾ കൊണ്ട് ഞങ്ങൾ  തിരിച്ചറിഞ്ഞിട്ടുണ്ട്. ദുനിയാ കേ രഖ് വാലേയും  ചിലപ്പോൾ റഫി തന്നെ പാടിയ  "ബഹാരോം ഫൂല് ബർസാവോ"  തുടങ്ങിയ  പഴയ ഗാനങ്ങളും    അവനെ ആകർഷിക്കുന്നു. ആ  ഗാനങ്ങൾ  കേൾക്കുമ്പോൾ   അവൻ കരച്ചിൽ നിർത്തുന്നു, ആഹാരം കഴിക്കാതെ അടച്ച് പൂട്ടിയിരുന്ന വായ്  തുറക്കുന്നു, തലകുലുക്കുന്നു, അപൂർവത്തിൽ അപൂർവമായ അവന്റെ ചിരി  പുറത്ത് വരുന്നു,  ഇടക്ക് അസ്പ്ഷ്ടമായി  ചില  മൂളലുകൾ പുറപ്പെടുവിപ്പിക്കുന്നു.   ( അവൻ ആ ഗാനം ഏറ്റ്  പാടുന്നതായിരിക്കാം) ഇവിടെ  എടുത്ത് പറയേണ്ട  പ്രത്യേകത  എല്ലാ പാട്ടുകളും അവനെ  ഇപ്രകാരം  ആകർഷിക്കുന്നില്ലാ എന്നതാണ്.
എന്റെ മകൻ  സൈഫുവിന്റെ  എകമകനാണ്  മൂന്നര വയസ് കാരനായ സിനാൻ. ,  സൈഫുവും  അവന്റെ ഭാര്യ  ഷൈനിയും അഭിഭാഷകരാണ്. ഷൈനി   ഊണും  ഉറക്കവും  ജോലിയും  മാറ്റി വെച്ച്  സിനാന്റെ    ശുശ്രൂഷയിൽ   കഴിയുന്നു.
സ്വകാര്യ ആശുപത്രിയിലെ ഒരു ഡോക്റ്ററുടെ  അലക്ഷ്യമായ പെരുമാറ്റമാണ്  ഞങ്ങളുടെ സിനാനെ ഈ അവസ്ഥയിലാക്കിയത്   എന്ന്  പറഞ്ഞുവല്ലോ.     വിവാഹ ശേഷമുള്ള ഏറെ കാത്തിരിപ്പിന് ശേഷമാണ്  ഷൈനി ഗർഭിണി  ആയത്.  ഞങ്ങളുടെ കുടുംബ സുഹൃത്തും പ്രഗൽഭയുമായ  ഒരു ഗൈനക്കോളജിസ്റ്റ്   അവരുടെ സർക്കാർ സേവനത്തിന്  ശേഷം  സ്വകാര്യ ആശുപത്രിയിൽ പ്രാക്റ്റീസ്  ചെയ്യുന്നതിനാലാണ്   ഷൈനിയെ   പ്രസവത്തിനായി ഞങ്ങൾ  ആ  ആശുപത്രിയിൽ എത്തിച്ചത്. സുഖ പ്രസവമായിരിക്കും  എന്ന വിശ്വാസത്തിലായിരുന്നു  ഞങ്ങൾ. പക്ഷേ പെട്ടെന്ന് തന്നെ ശസ്ത്രക്രിയയിലൂടെ  കുട്ടിയെ പുറത്തേക്കെടുപ്പിക്കേണ്ട വിധം കുട്ടിയുടെ ചലനങ്ങൾക്ക്  താമസം നേരിട്ടുവെന്ന്  കണ്ടതിനാൽ   അപ്രകാരം  ശസ്ത്രക്രിയയിലൂടെ  കുട്ടിയെ   പുറത്തെടുത്തു. പ്രസവം ഉണ്ടാകാൻ  സാദ്ധ്യത   ഉണ്ടെന്ന് പറഞ്ഞിരുന്ന ദിവസത്തിനും 22 ദിവസം മുമ്പേ  ആയിരുന്നു  ഈ ശസ്ത്രക്രിയ.  കുട്ടിക്കും അമ്മക്കും  യാതൊരു    കുഴപ്പവും ഇല്ലായിരുന്നു. സൈഫുവിന്റെ ശരി പകർപ്പായിരുന്നു കുട്ടി.  . ആശുപത്രി കീഴ് വഴക്കം  പ്രകാരം അടുത്ത  നടപടി  കുട്ടിയെ ശിശുരോഗ വിഭാഗത്തിലെത്തിക്കുക  എന്നതായിരുന്നതിനാൽ  ആ നടപടിയുടെ  ഭാഗമായി പീഡിയാട്രീഷന്റെ തിട്ടൂരം വന്നു,  കുട്ടിക്ക്   ശ്വാസം മുട്ടുണ്ട്, അതിനെ ഇങ്ക്വിബേറ്ററിൽ വെക്കണം എന്ന്   . ഇതെല്ലാം  പറയാൻ  അധികാരം ഡോക്റ്ററന്മാർക്കാണാല്ലോ.  കുട്ടിയെ മാതാവിന്റെ ചൂടിൽ വിടുന്നതാണ്  ഉത്തമമെന്ന  എന്റെ അഭിപ്രായം  വൃഥാവിലാവുകയും    കുട്ടിയെ ഇങ്ക്വിബേറ്ററിൽ വെക്കുകയും ചെയ്തു. ചുരുക്കി  പറയാം രണ്ടര ദിവസം കുട്ടി  ആ മുറിയിൽ നഴ്സിന്റെ പരിചരണത്തിൽ കഴിഞ്ഞു. ആ ദിവസങ്ങളിലെല്ലാം അവൻ ശക്തിയായി കരഞ്ഞത്  ഞാൻ  പുറത്ത് നിന്ന് കേട്ടിരുന്നു. ഞാൻ  കുട്ടിയെ വിട്ട് കിട്ടാൻ  ആവശ്യപ്പെടുമ്പോൾ  കുട്ടിക്ക് ശ്വാസം മുട്ട് ഇപ്പൊഴുമുണ്ട്   നാളെ ഡിസ്ചാർജ് ചെയ്യാം എന്ന പല്ലവിയാണ് ആ മർക്കട മുഷ്ടിക്കാരൻ ആവർത്തിച്ച് കൊണ്ടിരുന്നത്. ഗെയ്നക്കോളജിസ്റ്റ്  കുട്ടിയെ വിട്ട് കൊടുത്തു കൂടേ  എന്ന് അയാളോട് ചോദിച്ചതിലുള്ള ഈഗോയും  ഒരു  കാരണമായിരിന്നിരിക്കാം.    എന്റെ കുടുംബാംഗങ്ങളും സൈഫുവും  ഡോക്റ്ററുടെ വാദങ്ങളെ ഖണ്ഡീക്കാനാവാതെ  കുഴക്കിലായി.  മൂന്നാം ദിവസം കുട്ടിയുടെ രക്തത്തിലെ ഗ്ലുക്കൂസ് താഴ്ന്നത് കൊണ്ടോ മറ്റേതോ  കാരണത്താലോ  അവന്റെ തലച്ചോറിലെ ഒരു വെയിൻ പൊട്ടി അവന് ജന്നി വന്നു(  fits) അപകട നിലയിലായ കുട്ടിയെയും കൊണ്ട് ഞാനും സൈഫുവും  അടൂർ നഗരത്തിലെ ലൈഫ് ലൈൻ ആശുപത്രിയിലേക്ക്  പാഞ്ഞു. മൂന്ന്  ആഴ്ച  ആ ആശുപത്രിയിൽ കുട്ടിയുമായി   കഴിച്ച് കൂട്ടി.  ഇതിനിടയിൽ ഷൈനിയെയും ആ ആശുപത്രിയിൽ കൊണ്ട് വന്നു. മൂന്ന്  ആഴ്ചയിൽ അവിടത്തെ ഐ.സിയിൽ അവൻ ശരീരത്തിൽ മൊത്തം ട്യൂബുകളും  നിരന്തരം കുത്തി വെപ്പുമായി  കഴിച്ച്  കൂട്ടേണ്ടി വന്നു. പിന്നീട് തിരുവനന്തപുരത്ത് വിദഗ്ദ   ന്യൂറോ ചികിൽസകരുടെ കീഴിൽ അവന്റെ ചികിൽസ തുടർന്നു, ഇന്നും  തുടർന്ന് കൊണ്ടിരിക്കുന്നു ഫിസിയോ തെറാപ്പിക്കായി  ആലപ്പുഴ ജില്ലയിലെ അരൂരിന് സമീപം ന്യൂറോ ഫിസിയൊ തെറാപ്പി സെന്ററിൽ  ഷൈനി കുഞ്ഞുമായി   ഏഴ് മാസം  കഴിച്ച് കൂട്ടി. കോട്ടക്കലിൽ ആയുർവേദ ചികിൽസ നടത്തി. വിദഗ്ദ ഹോമിയോ ചികിൽസയും നടന്നു.  ചികിൽസയുടെ ഫലമായി ഇപ്പോൾ പിടിച്ച് നിൽക്കുന്നിടം വരെ എത്തി ഈ  മൂന്നര വയസ് കാരൻ. പക്ഷേ അവന്റെ വേദന, അവന്റെ ആവശ്യം, അവന്റെ അനുഭവങ്ങൾ  ഒന്നും വർത്തമാനത്തിലൂടെയോ ഭാവങ്ങൾ  കൊണ്ടോ   പ്രകടിപ്പിക്കാൻ അവന് കഴിയില്ല.  അവൻ കരഞ്ഞാൽ   കരച്ചിലിന്റെ  കാരണം എന്തെന്ന് അറിയാതെ   അവന്റെ ആവശ്യമെന്തെന്ന്  തിരിച്ചറിയാനാകാതെ അവന്റെ മാതാപിതാക്കളും  ഞങ്ങളും  വേദനയോടെ  നിശ്ശബ്ദരായി നോക്കി  നിൽക്കും. നിസ്സഹായതയുടെ  ആ നിമിഷങ്ങളിൽ ആ കരച്ചിൽ കണ്ട്   അത്യുന്നതനായ,   കരുണാമയനായ  ആ ഡോക്ടറിലേക്ക്  കണ്ണുകളുയർത്തി പ്രാർത്ഥിക്കാനല്ലാതെ ഞങ്ങൾക്ക് മറ്റെന്ത്  ചെയ്യാൻ കഴിയുമായിരുന്നു. നിരന്തരമായ ചികിൽസയും  എല്ലാം  ദൈവം  തമ്പുരാനിൽ അർപ്പിച്ചുള്ള പ്രാർത്ഥനയും  സിനാനിൽ ഇപ്പോൾ  മാറ്റങ്ങൾ  വരുത്തിയിട്ടുണ്ട്.  അവന്  ഓട്ടിസമോ  സെറിബൽ  പൾസിയോ   ബാധിച്ചിട്ടില്ലെന്ന്  ഞങ്ങൾ  തിരിച്ചറിഞ്ഞു.  പക്ഷേ അന്ന് ഇങ്ക്വിബേറ്ററിൽ വെച്ച്  അവന്റെ തലച്ചോറിലെ വെയിൻ  പൊട്ടിയതിലുള്ള  പരുക്ക്  ആ വെയിൻ  എന്തെല്ലാം  ജോലി  ചെയ്തിരുന്നോ     ആ ജോലികളെ  മന്ദീഭവിപ്പിച്ചു.   മറ്റ് കുട്ടികളിൽ നിന്നും വ്യത്യസ്തമായി  വളർച്ചക്ക്    താമസം  നേരിട്ടെങ്കിലും കഴിഞ്ഞ    മൂന്ന് വർഷം കൊണ്ട്    അവന്റെ പിടലി ഉറച്ചു, കമഴ്ന്ന് വീണു,  ഇരുന്നു, ഇപ്പോൾ അവന്റെ പെട്ടിയുടെ  അരികിൽ  പിടിച്ച് സ്വയം  എഴുന്നേറ്റ്  നിന്ന്   പിടിച്ച് പിടിച്ച്  ചുവടുകൾ വെക്കുന്നിടം     വരെ  എത്തി. കാരുണ്യവാന്റെ വിധി  ഉണ്ടെങ്കിൽ    ഇനി  അവൻ  നടക്കുമായിരിക്കും, സംസാരിക്കുമായിരിക്കും, ഞങ്ങളുടെ കൈകളിൽ  പിടിച്ച് സ്കൂളിൽ  പോകുമായിരിക്കും. ഞങ്ങൾ  ആഗ്രഹിക്കുന്നു,  അതിന് വേണ്ടി  ശ്രമിക്കുന്നു, പ്രാർത്ഥിക്കുന്നു,ആ നല്ല  നാളിനെ  എപ്പോഴും  പ്രതീക്ഷിക്കുന്നു.   നിങ്ങളും  പ്രാർത്ഥിക്കുമല്ലോ..ഇന്ത്യയിൽ  ലഭ്യമല്ലാത്തതും വിദേശത്ത്  മാത്രം  ലഭിക്കുന്നതുമായ  ഔഷധങ്ങൾക്കായി   ഇസ്മെയിൽ കുറുമ്പടി  തുടങ്ങിയ എന്റെ ബ്ലോഗ് സുഹൃത്തുക്കൾ  ഏറേ  ശ്രമിച്ചിട്ടുണ്ട്.   ആ മരുന്നുകളുടെ  തീവൃതയെ  പറ്റി  അനുഭവങ്ങൾ  പറഞ്ഞ്  തന്നിട്ടുണ്ട്. പലരും അപ്പോഴപ്പോൾ  മാർഗ നിർദ്ദേശങ്ങൾ  തന്നിട്ടുണ്ട്.  നന്ദി സുഹൃത്തുക്കളേ  നന്ദി.
 ഇതുവരെ    അവന്റെ ചികിൽസക്കായി   വൻ തുകകൾ   ചെലവായെങ്കിലും ഞങ്ങൾ ആ കുരുത്തം കെട്ട ഡോക്റ്ററ്ക്കെതിരെ  നിയമ നടപടികൾക്ക് മുതിർന്നില്ല, അതിന് ഞങ്ങൾക്ക് സമയവും ഇല്ലായിരുന്നല്ലോ. സിനാന്റെ ചികിൽസക്കായുള്ള  നെട്ടോട്ടത്തിലായിരുന്നല്ലോ  ഞങ്ങൾ. അയാളുടെ ദുരക്കുള്ള ശിക്ഷ കിട്ടേണ്ടിടത്ത് നിന്നും  അയാൾക്ക്  ലഭിക്കും  എന്നുള്ളത്  ഉറപ്പായ  കാര്യം. അയാളെയും  ആ നഴ്സിനെയും  ഹോസ്പിറ്റലിൽ  നിന്നും  ഞങ്ങളുടെ  കുട്ടിയുടെ  പ്രശ്നത്തെ  തുടർന്ന്  പിരിച്ച് വിട്ടു  എന്നും  പിന്നീട് മറ്റ് ഹോസ്പിറ്റലുകളിൽ     അയാൾക്ക്  സ്ഥിരമായി  ഇത്  വരെ നിൽക്കാൻ  കഴിഞ്ഞില്ലാ എന്നും  പിന്നീട്  അറിയാൻ  കഴിഞ്ഞു. ദൈവം അയാൾക്ക്  പൊറുത്ത് കൊടുക്കട്ടെ.  ഒരു  നല്ല  നാളിന്  വേണ്ടി  ഞങ്ങൾ കാത്തിരിക്കുമ്പോൾ........ ഇതൊന്നും  മനസിലാകാതെ.......
റാഫിയുടെ  ശബ്ദത്തിലൂടെ  സിനാൻ  നിങ്ങളോട്   പറയുന്നു.
ഓ!    ദുനിയാ കേ  രഖ് വാലേ!   സുനോ ദർദ്  ഭരേ......  അതേ ഭൂലോകത്തുള്ളവരേ!  കേൾക്കുക  എന്റെ ദുഖ നിർഭരമായ ജീവിതം......

1 comment:

  1. എന്തുപറയണമെന്നറിയുന്നില്ല

    ReplyDelete