Wednesday, December 9, 2015

പെണ്ണും പീഡനവും

ഇന്നത്തെ ദിനപ്പത്രത്തിലെ പ്രധാന ബലാൽസംഗ വാർത്തകൾ വായിച്ചപ്പോൾ അന്തം വിട്ട് പോയി.
   പോലീസിന്റെ വേട്ടയാടലും കോടതിയിലെ ദുഷ്കര നടപടികളും അതിനെ തുടർന്നുള്ള ശിക്ഷകളും  കുറ്റകൃത്യത്തിലെ  വില്ലനെ പറ്റിയുള്ള പത്ര - ചാനൽ  ആഘോഷങ്ങളും മറ്റും   ഇത് ചെയ്യുന്നതിൽ നിന്നും പുരുഷ വർഗത്തെ ഭയപ്പെടുത്തുകയോ    സ്ത്രീകളെ ചതിയിൽ ചെന്ന് ചാടുന്നതിൽ നിന്നും തടയുകയോ  ചെയ്യുന്നില്ലാ  എന്നും  മേൽ പ്രസ്താവിച്ചവ ഒന്നും   ഈ വക കുറ്റകൃത്യങ്ങളുടെ എണ്ണത്തിന് ഒരു  കുറവും  വരുത്താൻ പ്രേരകമായിട്ടില്ലെന്നും ഈ  പീഡനങ്ങൾ അഭംഗുരം തുടരുക തന്നെ ചെയ്യുമെന്നുള്ള   തിരിച്ചറിവ്   ഈ വാർത്തകൾ നമുക്ക്  തന്ന് കൊണ്ടിരിക്കുന്നു
വാർത്തകളുടെ ചുരുക്കം ഇപ്രകാരമാണ്.
(1) കാമുകനെ തിരക്കി ഇറങ്ങി പുറപ്പെട്ട 15 വയസ് കാരി അഞ്ചാലും മൂട് സ്വദേശി  പെൺകുട്ടി 11      പേരാൽ പീഡിപ്പിക്കപ്പെട്ടു.
(2) കുളത്തൂപുഴയിൽ അഞ്ചാം ക്ലാസ്സ് കാരി വിദ്യാർത്ഥിനിയെ 50 വയസുകാരൻ  സ്കൂൾ മാനേജർ               മൊബൈലിൽ അശ്ലീല ചിത്രം കാട്ടി  വശീകരിക്കാൻ ശ്രമം നടത്തി.
(3)  പറവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ  പള്ളി വികാരി പീഡിപ്പിച്ച  കേസിൽ                 അവസാനം വികാരി ആലുവാ പോലീസിന് മുമ്പിൽ കീഴടങ്ങി. ഇവിടെ ഇര  ഒമ്പതാം                ക്ലാസ്സ്കാരിയാണത്രേ!
(4) 15 വയസ്സ് കാരിയെ  മൂന്ന് പേർ ചേർന്ന് (അതിൽ 2 പേർ പ്രായപൂർത്തി ആകാത്തവരാണ്)        ബലാൽസംഗം ചെയ്ത്  വയറ്റിലും മറ്റും വെടി വെച്ച് കിണറ്റിൽ  തള്ളി .ഡെൽഹിയിലെ   ഗ്രേറ്റർ നോയിഡാ എന്നിടത്താണ്  സംഭവസ്ഥലം. കിണറ്റിൽ നിന്നും നിലവിളി കേട്ട്  ആരോ പെൺകുട്ടിയെ  രക്ഷപെടുത്തി. ഈ കേസിലും കാമുകന്റെ കൂടെ പെൺകുട്ടിൽ ഇറങ്ങി തിരിച്ചതാണ്  ആപത്തിൽ പെടാൻ കാരണം.

എങ്ങോട്ടാണ് ഈ നാടിന്റെ പോക്ക്. എത്ര ലൈംഗിക വിദ്യാഭാസം കൊടുത്താലും ജീവപര്യന്തം തടവും  കൊലക്കയറും കൊടുത്തിട്ടും പത്രങ്ങളിലൂടെയും  ചാനലുകളിലൂടെയും നാണം കെടുത്തിയിട്ടും  ഈ കുറ്റ കൃത്യങ്ങൾക്ക്     ഒരു കുറവുമില്ലെന്നാണ് പത്രങ്ങൾ നമ്മോട് പറയുന്നത്.  കുറച്ച് കാലം മുമ്പ് ഒരു അഭിഭാഷക തന്നെ പീഡിപ്പിച്ചത് സുപ്രീം കോടതി  ജഡ്ജി ആണെന്നാണ് പരാതി പറഞ്ഞത്. പുണ്യ വേദം പഠിപ്പിക്കുന്ന  മദ്രസ്സകളിലെ പീഡനം പത്ര പ്രവർത്തക   കഴിഞ്ഞ ദിവസം  വിളിച്ച് കൂവി. ആശ്രമങ്ങളിൽ  അഭയം പ്രാപിച്ച  സ്ത്രീകളുടെ പീഡന കഥകൾ വേറെ.  ഒരിടവും ഒഴിവില്ല . എല്ലായിടത്ത് നിന്നും കേൾക്കുന്നത് ഈ കഥകൾ തന്നെ. എന്താണ് നമ്മുടെ സമൂഹത്തിന് സംഭവിച്ചത്. പെണ്ണുങ്ങളോട് പ്രത്യേകിച്ച് പ്രായമാകാത്ത പെൺകുട്ടികളോട് എങ്ങിനെ ഇപ്രകാരം പ്രവർത്തിക്കാൻ തോന്നുന്നു  എന്നാണ് സ്ത്രീ പക്ഷ ചോദ്യം.  അത്  അവരുടെ പക്ഷത്ത് നിന്നുള്ള അവരുടെ  കാഴ്ചപ്പാടിലെ ചോദ്യമാണ്. പുരുഷ പക്ഷത്ത് നിന്നും അങ്ങിനെ ഒരു കാഴ്ചപ്പാട്  ഉണ്ടാകുന്നതേ ഇല്ലാ എന്നാണ് മുകളിലെ സംഭവങ്ങൾ സൂചിപ്പിക്കുന്നത്. അത് പ്രകൃതിയുടെ വികൃതി  ആയിരിക്കാം. പുരുഷനെന്ന പെട്രോളിന് സമീപത്ത്  സ്ത്രീ എന്ന തീ  ചെന്നാൽ പെട്രോൾ ആളി പിടിക്കുന്ന പ്രക്രിയ. ആളും തരവും അനുസരിച്ച്  ഈ ആളി കത്തലിന് ഏറ്റക്കുറവ് ഉണ്ടായേക്കാം, എന്നാൽ  തീരെ ഇല്ലാതാകുന്നുമില്ല.

എന്റെ മകളെ / എന്റെ പെങ്ങളെ എനിക്ക്  മകളും/ പെങ്ങളുമായി  കാണാൻ സാധിക്കുമ്പോൾ      ഇതര പുരുഷൻ    അവളെ പെണ്ണായാണ് കാണുന്നത്. തനിക്ക് പ്രാപിക്കാൻ  കൊതി ഉണ്ടാക്കുന്ന പെണ്ണ്. എന്റെ മകളെ നിങ്ങളുടെ മകളായി/സഹോദരി ആയി കാണാൻ കഴിയുന്ന കാലത്ത്  മാത്രമേ  ഇവിടെ പീഡനം ഒഴിവാകൂ.