Saturday, May 7, 2016

കണ്ണീര് വീണ ചോറിന്റെ രുചി

 അന്ന് ഞാൻ ആലപ്പുഴ മുഹമ്മദൻ സ്കൂളിൽ  ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് .കേരളത്തിലെ ഏറ്റവും രൂക്ഷമായ പട്ടിണി കാലമായിരുന്നു 1960-70 കാലഘട്ടം. ഇട പരീക്ഷ എന്ന ഓമന പേരിനാൽ അറിയപ്പെട്ടിരുന്ന ക്രിസ്തുമസ് പരീക്ഷക്ക്  ഉത്തരം  എഴുതുന്നതിന് പേപ്പർ വാങ്ങാൻ 10 പൈസാ വീട്ടിൽ നിന്നും തന്നു. ഫുൾസ്കേപ് നാല് പേപ്പർ 10 പൈസാക്ക് കിട്ടും. രാവിലെയും വൈകുന്നേരവുമുള്ള രണ്ട് പരീക്ഷക്ക് ആ നാല് പേപ്പർ   മതിയാകും അഥവാ ഞാൻ  മതിയാക്കും. ഞാൻ അഞ്ച് പൈസക്ക് രണ്ട് പേപ്പർ വാങ്ങി, ഒരു പേപ്പർ  അറബി പരീക്ഷ എഴുതി, ഉച്ച കഴിഞ്ഞുള്ള കണക്ക് പരീക്ഷക്ക്  ഒരെണ്ണം കയ്യിൽ സൂക്ഷിച്ചു. ബാക്കി അഞ്ച് പൈസക്ക് ഗോതമ്പ് ഉണ്ട ഒരെണ്ണം വാങ്ങി തിന്നു പച്ചവെള്ളവും കുടിച്ചു. പരീക്ഷയേക്കാളും പ്രധാനം വിശപ്പിനാണല്ലോ. ആ ഒരു പേപ്പറിൽ  ഞാൻ കണക്കിന്റെ ഉത്തരം ചെറുതായി എഴുതി. എന്നിട്ടും ഒന്ന് രണ്ട് ചോദ്യത്തിന്റെ ഉത്തരം എഴുതാൻ സ്ഥലം തികഞ്ഞില്ല.
ക്രിസ്തുമസ്  അവധി കഴിഞ്ഞു പുതിയ വർഷത്തിൽ പള്ളിക്കൂടം തുറന്നു. എഴുതിയ പേപ്പറുകളുടെ  റിസൽറ്റ്  അദ്ധ്യാപകൻ ഉത്തര പേപ്പറുമായി ക്ലാസിൽ വന്ന് വായിക്കും. അന്ന് കണക്ക് അദ്ധ്യാപകനായ റഷീദ് സാർ ആണ്  ഉത്തര പേപ്പറുമായി വന്നത്. ഉത്തര പേപ്പറുകൾ നോക്കി സാർ മാർക്ക് വായിച്ച് കൊണ്ടിരുന്നു. എന്റെ  പേപ്പർ നോക്കി  സാർ പേര് വിളിച്ചു എന്നാൽ  മാർക്ക് വായിച്ചില്ല. രണ്ട് വിരൽ കൊണ്ട് എന്റെ ആ ഒറ്റ പേപ്പർ സാർ നുള്ളിയെടുത്ത് പൊക്കി കാണിച്ചിട്ട് മേശയുടെ അറ്റത്തേക്ക് മാറ്റി വെച്ചു."നീ അവിടെ നിൽക്ക് " എന്ന്  എന്നോട് പറഞ്ഞു. ഉത്തര വായന കഴിഞ്ഞ് സാർ എന്റെ പേപ്പർ പഴയത് പോലെ രണ്ട് വിരലിനാൽ നുള്ളിയെടുത്ത് ക്ലാസ്സിൽ ഉയർത്തി കാണീച്ചു.  എന്നിട്ട് പറഞ്ഞു " ഒറ്റ പേപ്പറിൽ ഇവൻ ഉത്തരം കുനുകുനാ എഴുതി...മാർക്ക്..."  എന്നിട്ട് സാർ ഒന്ന് നിർത്തി.  ഞാൻ  ആകാംക്ഷ കൊണ്ട് വീർപ്പ് മുട്ടി. സാർ പറഞ്ഞു." അൻപതിൽ നാൽപ്പത്തിയെട്ട്...ഈ വെറും ഒറ്റ പേപ്പറിൽ  48 മാർക്ക്   " ക്ലാസ്സ് നിശ്ശബ്ദമായിരുന്നു, ഞാൻ അന്തം വിട്ടു നിന്നു. ഒറ്റ പേപ്പറിൽ എഴുതി നിർത്തിയപ്പോൾ ഞാനും അത്രത്തോളം പ്രതീക്ഷിച്ചില്ലല്ലോ. "എന്തെടാ ബാക്കി ചോദ്യത്തിന് ഉത്തരം എഴുതാതിരുന്നത്." സാർ  എന്നോട് ചോദിച്ചത് വളരെ മയത്തിലായിരുന്നു. "അവൻ പേപ്പറിന്റെ പൈസാക്ക് ഉണ്ട വാങ്ങി തിന്നു സാർ"  അടുത്തിരുന്ന അബൂബക്കറായിരുന്നു ഈ ബോംബ് പൊട്ടിച്ചത് . ക്ലാസ്സിൽ കൂട്ടച്ചിരി ഉയർന്നു. സാർ അടുത്ത് വന്നു എന്നോട് വിവരങ്ങൾ ചോദിച്ചു. ഞാൻ വിമ്മലോടെ സത്യം പറഞ്ഞു. "വിശപ്പ് സഹിക്കാൻ വയ്യായിരുന്നു സാർ..." സാർ ഒന്നും മിണ്ടിയില്ല, ക്ലാസ് അവസാനിച്ചപ്പോൾ എന്നെ അടുത്ത് വിളിച്ച് ഇത്ര മാത്രം പറഞ്ഞു," ഉച്ചക്ക്   വിടുമ്പോൾ എന്നെ വന്ന് കാണണം " ഞാൻ സാറിനെ പോയി കണ്ടു. സാർ എന്നെയും കൂട്ടി കണ്ണൻ വർക്കി പാലത്തിന് വടക്ക് വശം കോൺ വെന്റ് റോഡിൽ      ഉള്ള ഒരു നായർ വിലാസം ഹോട്ടലിൽ  പോയി. ഊണ് വാങ്ങി തന്നു. ഇലയിൽ വിളമ്പിയ  ചോറിന് മുമ്പിലിരുന്ന് ഞാൻ കരഞ്ഞു.  എന്തിനാണ് കരഞ്ഞതെന്ന് ഇന്നും എനിക്കറിയില്ല. ഞാൻ കരഞ്ഞപ്പോൾ സാർ തോളിൽ തട്ടി ആശ്വസിപ്പിച്ചു, "സാരമില്ലെടാ കരയാതെ, നീ നാളെ നന്നാകും."
വർഷങ്ങളെത്ര കഴിഞ്ഞ് പോയിരിക്കുന്നു, സാറിന്റെ പ്രവചനം പുലർന്നു എന്നെനിക്കുറപ്പുണ്ട്.അന്നത്തേതിൽ നിന്നും    എത്രമാത്രം ഞാൻ മെച്ചപ്പെട്ടു, ഉയർന്ന ശ്രേണികൾ  ഞാൻ സാവകാശം കയറി. ഇന്നെനിക്ക്  ഏത് ആഹാരം വേണമെന്ന് തോന്നിയാലും അത് വാങ്ങി കഴിക്കാനുള്ള കഴിവ് ദൈവം തന്നിട്ടുണ്ട്. പക്ഷേ അന്നത്തെ  കണ്ണീരിന്റെ ഉപ്പ് വീണ ആ ചോറിന്റെ രുചി ഇന്നത്തെ ആഹാരത്തിനില്ലല്ലോ.

7 comments:

  1. അല്ഹമ്ദുലില്ല..

    ReplyDelete
  2. ഏത് ആഹാരം വേണമെന്ന് തോന്നിയാലും അത് വാങ്ങി കഴിക്കാനുള്ള കഴിവ് ദൈവം തന്നിട്ടുണ്ട്....അപ്പോഴൊക്കെ ദൈവത്തെ സ്തുതിക്കാനും മറക്കാതിരിക്കുക.

    ReplyDelete
    Replies
    1. എപ്പോഴും ആഹാരം കഴിക്കുമ്പോൾ പണ്ട് ആഹാരത്തിനായി വിഷമിച്ചതിന്റെ സ്മരണ ഉണ്ടാകും....അത് ആഹാരത്തിന്റെ വില ബോദ്ധ്യപ്പെടുത്തും, അരീക്കോടൻ മാഷേ!

      Delete
  3. ഷെരീഫിക്ക ...വാക്കുകള്‍ വരുന്നില്ലല്ലോ.

    ReplyDelete
    Replies
    1. റോസാപ്പൂക്കള്‍ നന്ദി സുഹൃത്തേ!

      Delete
  4. വായിചു. നിങ്ങലൊക്കെ ഇപ്പൊഴും ബ്ലോഗില്‍ സജീവമാണല്ലെ...സന്തോഷം.

    ReplyDelete
    Replies
    1. മുല്ല ബ്ലോഗിലേക്ക് തിരിച്ച് വന്നാൽ അത് ബ്ലോഗ് ലോകത്തിന് മുതൽക്കൂട്ടാണ്...മാത്രമല്ല,മുല്ലക്കും ഞങ്ങൾക്കും ബ്ലോഗിനെ മറക്കാൻ കഴിയുമോ?
      Yasmin NK

      Delete