Monday, September 19, 2016

മഴവെള്ളപ്പാച്ചിലും വൈദ്യുതി ഉൾപ്പാദനക്കുറവും

ശക്തമായ മഴവെള്ളപ്പാച്ചിലിൽ 6  പേരെ കാണാതായ വാർത്ത  റിപ്പോർട്ട് ചെയ്യപ്പെട്ട ഇന്നത്തെ പത്രങ്ങളിൽ തന്നെ  മഴക്കുറവ് കാരണം ഉടനെ തന്നെ വൈദ്യുതി ക്ഷാമം കേരളത്തിൽ അനുഭവപ്പെട്ടേക്കാം എന്ന വാർത്തയും അച്ചടിച്ച് വന്നിരിക്കുന്നു. ചുരുക്കത്തിൽ മഴ വെള്ള പാച്ചിലും ശക്തമായ മഴയും  ഉണ്ടായാലും  ജലം വേണ്ട രീതിയിൽ ഉപയുക്തമാക്കാൻ  സാധിക്കാതെ വരുന്നത് കൊണ്ടാണ്  വൈദ്യുതി ക്ഷാമം അനുഭവപ്പെടുന്നതെന്ന് വ്യക്തമാകുന്നു. എത്ര കോടി യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ആവശ്യമായ  ജലമാണ് പാഴായി സമുദ്രത്തിൽ പോയി ചേരുന്നത്.
 അങ്ങിനെ ഒരു പ്രതിഭാസം ഈ നാട്ടിൽ നില നിൽക്കുമ്പോൾ തന്നെ  വൈദ്യുതി ക്ഷാമത്തിന്  ഹേതുവാകുന്ന എത്രയോ മറ്റ് ഘടകങ്ങളും  ഇവിടെ നില നിൽക്കുന്നു എന്നതു കാണാതിരുന്ന് കൂടാ. പകൾ 12 മണി ആയാലും  അണക്കാത്ത സ്ട്രീറ്റ് ലൈറ്റുകൾ  കേരളത്തിൽ നിത്യക്കാഴ്ചയാണിന്ന്. രണ്ടാം ശനിയാഴ്ചക്ക് തൊട്ട് മുമ്പുള്ള വെള്ളിയാഴ്ചയോ  ഞായറാഴ്ചക്ക് മുമ്പുള്ള ശനിയാഴ്ചയോ സർക്കാർ ഓഫീസിൽ വൈകുന്നേരങ്ങളിൽ കറണ്ട് പോയാൽ  സ്വിച്ച് ഓഫ് ചെയ്യാൻ മറന്ന് ഇറങ്ങി പ്പോകുന്ന ജീവനക്കാർ  രണ്ടാം ശനിയാഴ്ചയാണെങ്കിൽ രണ്ട് ദിവസവും ഞായറാഴ്ചയാണെങ്കിൽ തിങ്കളാഴ്ച രാവിലെ വരെയും ലൈറ്റും ഫാനും നിർബാധം കത്തിക്കിടക്കുകയും കറങ്ങുകയും ചെയ്യുന്നത് മൂലം ഉണ്ടാകുന്ന കറണ്ട് നഷ്ടം  പതിവ് സംഭവമാണ്.  കല്യാണവീടുകളും ആരാധനാലയങ്ങളും വൈദ്യുതി അലങ്കാരത്താൽ  ശോഭ ചൊരിയുമ്പോൾ നാട്ടിന് ഉണ്ടാകുന്ന  ഊർജ നഷ്ടം   ഏറെയാണെന്ന് അറിയാവുന്നവർ തന്നെ സ്വന്തം കാര്യം വരുമ്പോൾ മൗനികളാകുന്നു.  നിസ്സംഗരും സ്വാർത്ഥരുമായ ജനതയും യാതൊരു ഉത്തരവാദിത്വം പ്രതിബദ്ധതയുമില്ലാത്ത അധികാര വർഗവും ഉണ്ടാകുന്നിടത്ത് ഇതും ഇതിനപ്പുറവും സംഭവിക്കും. എന്നിട്ട് മഴവെള്ളപ്പാച്ചിൽ നടക്കുമ്പോൾ  ജലദൗർലഭ്യത്തെ പറ്റി  പ്രസംഗിക്കുകയും ചെയ്യും.

No comments:

Post a Comment