Wednesday, October 19, 2016

ഡോക്ടറും കൂലിവേലക്കാരനും

ഞാൻ താമസിക്കുന്ന ഈ  ചെറിയ പ്രദേശത്ത് മാത്രം പത്തോളം മെഡിസിന്   പഠിക്കുന്ന വിദ്യാർത്ഥികളും അതിന് തുല്യം  എഞ്ജിനീ  യറിംഗ് വിദ്യാർത്ഥികളും  ഉണ്ടെന്ന് ഒരു സ്നേഹിതനുമായുള്ള സൗഹൃദ സംസാരത്തിനിടയിൽ  അറിഞ്ഞപ്പോൾ അതിശയിച്ച് പോയി.അപ്പോൾ ഈ ചെറിയ നഗരത്തിൽ എത്ര പേർ മെഡിസിനും എഞ്ജിനീയറിംഗിനും  പഠിക്കുന്നുണ്ടാവും?! കേരളത്തിൽ മൊത്തമായി എടുത്താൽ ഇത് തന്നെ  സ്ഥിതി വിശേഷം.
 സ്വാശ്രയ കോളേജുകളിൽ 60 മുതൽ 75 ലക്ഷം വരെ കൊടുത്താണ് മെഡിസിന് സീറ്റ് തരപ്പെടുത്തുന്നതത്രേ!  നാം പ്രൈമറി സ്കൂളിൽ കൊച്ച് കുട്ടികളോട് പോലും നിങ്ങൾ  ആരാകണമെന്ന  ചോദ്യത്തിന് ഡോക്ടറാകണം, എഞ്ജിനീയറാകണം, കളക്ടറാകണം, പോലീസ് ഓഫീസറാകണം  ഈ മറുപടികളാണ് ഇപ്പോൾ കിട്ടുന്നത് മെഡിസിൻ ബിരുദവും കരസ്ഥമാക്കി വർഷം തോറും  മലവെള്ള പാച്ചിൽ പോലെ ഇത്രയേറെ ഭിഷഗ്വരന്മാരെ  സൃഷ്ടിച്ച് വിടുമ്പോൾ അവർക്കുള്ള ജോലി കൂടി കണ്ട് വെക്കണമല്ലോ. അത് മരുന്ന് കമ്പനികൾ  വൈറസിനെ ഇറക്കിയോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലോ  രോഗികളെ സൃഷ്ടിക്കുമായിരിക്കും. ഇപ്പോൾ തന്നെ ഡെങ്കി, മങ്കി, ചിക്കൻ, എലി, പന്നി, പക്ഷി,  ഇത്യാദി പനികൾ ഇവിടെ സുലഭമായിരിക്കുന്നു. മൺസൂൺ മഴ വരുന്നത് പോലെ എല്ലാ വർഷത്തിലും കൃത്യമായി  ഈ വക അസുഖങ്ങൾ ഇവിടെ സന്ദർശിക്കുന്നുമുണ്ട്. കുറച്ച് കാലം കൂടി കഴിയുമ്പോൾ പുതിയത് പുതിയത് വരുമായിരിക്കും.  ബേക്കറികൾ വർദ്ധിക്കുന്നതോടെ  മെഡിക്കൽ സ്റ്റോറും കൂടുമല്ലോ.
 പക്ഷേ  ഇരുപത്തഞ്ച് വർഷം കഴിയുമ്പൊൾ വലിയൊരു ഭീഷണി നമ്മൾ നേരിടേണ്ടി വരുമെന്നത് തീർച്ച. ഓരോ വീട്ടിലും ഒരു ഡോക്ടറും ഒരു എഞ്ജിനീയറും/ കളക്ടറും, പോലീസ് ഓഫീസറും കാണുമായിരിക്കാം. പക്ഷേ മഷിയിട്ട് നോക്കിയാൽ ഒരു കൂലി വേലക്കാരനെ കിട്ടില്ല. ഇപ്പോൾ തന്നെ ഒരു  എലി ചത്താൽ കുഴിച്ചിടാനോ കക്കൂസ കുഴി നിറഞ്ഞത് കോരി കളയാനോ ബംഗാളിയും ആസാമീസുമാണ് ശരണം. ഇരുപത്തഞ്ച് കൊല്ലം കഴിയുമ്പോൾ അവരുടെ നാട്ടിലും സൗജന്യ റേഷനും ഇലക്ഷൻ സമ്മാനമായി ടി.വി.യും മറ്റും കിട്ടി സ്വയം പര്യാപ്തമാകുമ്പോൾ തമിഴന്മാരെ പോലെ അവരുടെ നാട്ടിൽ തന്നെ ടി.വി.യുടെ മുമ്പിൽ മയങ്ങി ഇരുന്നോളും. അന്ന് ഈ ഡോക്ടറന്മാരും കളക്ടറന്മാരും  കൂലി വേലക്കാരൻ ഓഫീസിട്ട് ഇരിക്കുന്നിടത്ത് ക്യൂ നിൽക്കും. കൂലി വേലക്കാരൻ ഇന്ന് ഡോക്ടറന്മാർ ഗമയിൽ ഇരുന്ന് തുണ്ട് എഴുതുന്നത് പോലെ  ക്യൂവിൽ നിൽക്കുന്നവർക്ക്  തുണ്ട് എഴുതി തീയതി അനുവദിക്കും, ഇത്രാം തീയതി നാം നിങ്ങളുടെ വീട് സന്ദർശിച്ച് ഉദ്ദിഷ്ട കാര്യം നിർവഹിക്കുന്നതായിരിക്കും എന്ന് ഉത്തരവിറക്കും. ഡോക്ടറന്മാർ ആ ഉത്തരവ് ശിരസാ വഹിച്ച് കൂലി വേലക്കാരൻ വരാമെന്ന് തീയതി പ്രതീക്ഷിച്ച് കണ്ണിലെണ്ണ ഒഴിച്ച് കാത്തിരിക്കുമെന്ന് തീർച്ച.

2 comments:

  1. അപ്പോള്‍ അവനവനു വേണ്ട ജോലി അവനവന്‍ ചെയ്യുവാന്‍ പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ വരും ഇക്കാ. അവിടെ അഡ്മിഷന് ഇപ്പറഞ്ഞപോലെ ലക്ഷങ്ങള്‍ വേണ്ടി വരും. കാരണം മനുഷ്യന് ജീവിച്ച് പോകണമല്ലോ

    ReplyDelete
  2. കോടികൾ കൊടുത്തു പഠിക്കുന്നവർ..... കോടികൾ ഉണ്ടാക്കാൻ ശ്രമിക്കുന്നതാണ്... ഇന്നത്തെ കാതലായ പ്രശ്നം

    ReplyDelete