Sunday, January 15, 2017

ധൈര്യമുണ്ടോ നടപടി എടുക്കാൻ

നിങ്ങൾക്ക് ധൈര്യമുണ്ടോ ഭരണക്കാരേ! ഈ കാര്യത്തിൽ നടപടി എടുക്കാൻ....

ഏനാത്ത് പാലം.  ഈ പാലം  കേരളത്തിൽ നാഷണൽ ഹൈവേക്ക് തുല്യമായ  എം.സി. റോഡിൽ    അതായത് അങ്കമാലി മുതൽ തിരുവനന്തപുരം വരെയുള്ള റോഡിലെ  കല്ലട ആറിന്  കുറുകെയുള്ള സുപ്രധാന    പാലമാണ്. 93 വർഷങ്ങൾ നിലനിന്നതും ബ്രിട്ടീഷ്കാർ നിർമ്മിച്ചതുമായ പഴയ പാലം പൊളിച്ച് പകരം  19 കൊല്ലങ്ങൾക്ക് മുമ്പ്  തൽസ്ഥാനത്ത് പണിത പാലം കഴിഞ്ഞ ദിവസം ഉടനടിയൊന്നും  കേടുപാടുകൾ തീർക്കാനാവാത്ത വിധം തകർച്ചയിലായി . തൽഫലമായി ഇത് വഴിയുള്ള  ഗതാഗതം നിരോധിക്കുകയും  വടക്ക് നിന്നും തിരുവനന്തപുരത്തേക്ക് ഈ റോഡിൽ കൂടി വരുന്നവർ മണിക്കൂറുകൾ എടുത്ത് കിലോമീറ്ററുകൾ ചുറ്റിക്കറങ്ങിയാണ് കൊട്ടാരക്കരയെത്തി തിരുവനന്തപുരത്തേക്ക് പോകുന്നത്. കോടികൾ മുടക്കി നിർമ്മിച്ച പാലം  19 വർഷം പോലും നില നില നിന്നില്ലാ എന്നത് പാലം പണിയിലെ അഴിമതിയെ വ്യക്തമാക്കി തരുന്നു. കരാറുകാരനും മരാമത്ത് ഉദ്യോഗസ്ഥരും ഭരണക്കാരും  പാലം ഫണ്ടിൽ കയ്യിട്ട് വാരി പണി  തോന്നിയത് പോലെ ചെയ്തതിനാലാണ് പാലത്തിന്റെ ആയുസ്സ് കേവലം വർഷങ്ങൾ മാത്രമായി ചുരുങ്ങിയത്.  ഭയങ്കര ശബ്ദത്തോടെ പാലത്തിന്റെ തൂൺ  ഇരുത്തിയപ്പോൾ നാട്ടുകാർ ഓടിക്കൂടി വാഹനങ്ങൾ തടഞ്ഞതിനാൽ    ഭാഗ്യത്തിന് വാഹനങ്ങൾ ആറ്റിൽ പതിച്ചില്ല.
ഇന്നലെ പാലത്തിന്റെ സുരക്ഷയും കേട് പാടുകൾ പരിഹരിക്കലും നിരീക്ഷിക്കാനായി എത്തിയ അതി വിദഗ്ദൻ  പറഞ്ഞത്  പാലം സഞ്ചാരയോഗ്യമല്ലെന്നും അതിയായ മണലൂറ്റ് കൊണ്ടാണ് തൂണുകൾ ഇരുത്തിയതെന്നുമാണ്.
വലിയ വലിയ അതി വിദഗ്ദർ പറഞ്ഞാൽ  പിന്നെ ആ വാക്കുകൾക്ക് എതിർ വാക്കില്ല. പക്ഷേ നാട്ടുകാർക്ക് അറിയാം പാലം പണി  ആരംഭിച്ച കാലം മുതൽ നടന്ന അഴിമതിയും ഉത്തരവാദിത്വമില്ലായ്കയും. ഇത്രയും വർഷം നില നിന്നത് തന്നെ ഭാഗ്യമെന്നാണ് അന്ന് പാലം പണിക്കുണ്ടായിരുന്ന ജോലിക്കാർ പറയുന്നത്. അവിടെ മണൽ വാരൽ നിർത്തിയിട്ട്  വർഷങ്ങളായി. പഞ്ചായത്ത് മണൽ വാരൽ പാസ്  വിതരണം നിർത്തുകയും അനധികൃത  മണൽ കയറ്റിയാൽ ലക്ഷങ്ങൾ വില പിടിപ്പുള്ള ലോറി പിടിച്ചെടുത്താലുള്ള ഭീമമായ നഷ്ടവും കണക്കിലെടുത്ത് ലോറികൾ വരാതിരിക്കുകയും ചെയ്തതോടെ മണൽ വാരൽ ഒരു പഴയ ഓർമ്മയായി മാറിയ അവസ്ഥയിലാണ് വിദഗ്ദൻ പറയുന്നത് മണൽ ഊറ്റൽ കൊണ്ടാണ് പാലത്തിന് കേട് പടുകൾ സംഭവിച്ചതെന്ന് .
അല്ല..തീർച്ചയായും അല്ല.  ഇത് പാലം പണിയിലെ  തകരാറ് കൊണ്ട് തന്നെയാണ്. വൻ അഴിമതി നടന്നതിന്റെ  ദുരന്ത ഫലം  മാത്രമാണിത്.
അത് കൊണ്ട് ഈ അഴിമതി അന്വേഷണ വിധേയമാക്കണം. 19 വർഷം അത്രയും വലിയ കാലമല്ല.  കൊലപ്പുള്ളിയായ സുകുമാരക്കുറുപ്പിനെ കയ്യിൽ കിട്ടിയാൽ കൊല്ലം ഏറെ കഴിഞ്ഞല്ലോ എന്നും പറഞ്ഞ് വെറുതെ വിടുമോ? അത് പോലെ തന്നെയാണിതും. എന്തെങ്കിലും ദുരന്തം ഉണ്ടായിരുന്നെങ്കിലോ?
അതിനാൽ  പാലം പണിയിലെ അപാകതയെ കുറിച്ച് അന്വേഷിച്ച് നടപടി എടുക്കാൻ ഭരണക്കാർ ധൈര്യം കാട്ടണം. ഇപ്പോഴും ഇതേ പോലെ പണി ഒപ്പിക്കുന്നവർക്ക് ഒരു താക്കീതെങ്കിലുമാകുമല്ലോ!

No comments:

Post a Comment