Thursday, February 9, 2017

നട്ടെല്ല് ഊരിക്കളഞ്ഞവർ.

നട്ടെല്ല് ഊരി കളഞ്ഞവർ.
പള്ളീക്കൂടം വിട്ട സമയമായതിനാൽ ആലപ്പുഴ ബോട്ട് ജട്ടിയിൽ നല്ല തിരക്ക്.  ബോട്ടുകൾ യാത്രക്കാരാൽ നിറഞ്ഞിരുന്നെങ്കിലും  പലതും യാത്ര ആരംഭിക്കാതെ മടിച്ച് കിടന്നപ്പോൾ  അസഹ്യരായ വിദ്യാർത്ഥികളിലൊരാൾ കയ്യിൽ വാച്ച് കെട്ടിയ ഒരു  യാത്രക്കാരനോട് ചോദിച്ചു.
" ടൈമെന്തായി അമ്മാവാ!"
യാത്രക്കാരൻ ശാന്ത സ്വരത്തിൽ പറഞ്ഞു "ഫോറേ കാൽ"
ആ മറുപടി കേട്ട് കുട്ടികൾ ആർത്ത് ചിരിച്ചു. നാലേകാൽ  എന്ന് പറഞ്ഞാൽ പോരേ എന്ന് മറ്റൊരു വിരുതൻ  ചോദിച്ചു. " അപ്പോൾ ചോദ്യം സമയമെന്തായി എന്നാകണം, അല്ലാതെ ടൈമെന്തായി എന്നല്ല " യാത്രക്കാരന്റെ  ഒരു കുലുക്കവുമില്ലാത്ത മറുപടിഅദ്ദേഹമാരാണ് എന്ന് അന്വേഷിക്കാൻ അവരെ പ്രേരിപ്പിച്ചു . പിന്നീടവർ തമ്മിൽ പരിചയപ്പെട്ടു. യാത്രക്കാരന്റെ  പേര് കുട്ടികൾ ചോദിച്ചപ്പോൾ  അദ്ദേഹം പറഞ്ഞു " എന്റെ പേര് നിങ്ങൾക്ക് സുപരിചിതമാകണമെന്നില്ല , പക്ഷേ എന്റെ കഥാപാത്രത്തെ നിങ്ങൾക്കറിയാം റിക്ഷാക്കാരൻ പപ്പു" കേശവദേവ് ആയിരുന്നു ആ യാത്രക്കാരൻ.
 ദേവ് എന്നും അങ്ങിനെ തന്നെ ആയിരുന്നു.  ആരുടെയും മുമ്പിൽ തല കുനിക്കാത്ത തന്റേടിയായ മനുഷ്യൻ.  കഥാപാത്രങ്ങളും ആ സ്വഭാവക്കാർ തന്നെ ആയിരുന്നു.
സവർണ  സമുദായാംഗമായ തകഴി  കുട്ടനാട്ടിലെ സ്വന്തം സമുദായത്തിൽ പെട്ട ജന്മികൾക്കെതിരെയും അവർണ വിഭാഗത്തിനോട് അവർ ചെയ്യുന്ന     ക്രൂരതകൾക്കെതിരെയും  എല്ലാ എതിർപ്പ്കളെയും അവഗണിച്ച് അവർണന്റെ ഭാഗം ചേർന്ന് നിന്ന് മണ്ണിന്റെ മക്കളുടെ  കഥകൾ എഴുതി,
ബഷീർ ന്റെ  ഉപ്പാപ്പാക്കൊരാനേണ്ടാർന്ന് എന്ന നോവലിലൂടെ  മുസ്ലിം സമുദായത്തിലെ അനാചാരങ്ങളെ  തുറന്ന് കാട്ടിയപ്പോളുണ്ടായ  എതിർപ്പ് പുസ്കെന്ന്  അവഗണിച്ചു. സമൂഹത്തിൽ നിലവിലുണ്ടായിരുന്ന അഴുക്കുകൾ ചൂണ്ടിക്കാണിച്ച് ശബ്ദങ്ങൾ എന്ന കഥ  എഴുതാനും അദ്ദേഹത്തിന് മടി ഉണ്ടായിരുന്നില്ല.
കുഞ്ചൻ നമ്പിയാർ  രാജ ശിക്ഷയെ   പോലും നിസ്സാരമാക്കി ആക്ഷേപഹാസ്യത്തിലൂടെ കൊട്ടാരത്തിലെ  അനീതികൾ ചൂണ്ടിക്കാട്ടി പദ്യങ്ങൾ രചിച്ചു.
 ആഢ്യന്മാരുടെ  അബദ്ധ വായനയെ "കാട്  കാട്" എന്ന് വിളിച്ച് കൂവി  ആക്ഷേപിക്കാൻ തുഞ്ചന് ചങ്കൂറ്റമുണ്ടായിരുന്നു
ചരിത്രത്തിൽ മേൽപ്പറഞ്ഞ വിധം നിർഭയരായാ ധാരാളം കലാകാരന്മാരെയും സാഹിത്യകാരന്മാരെയും കാണാൻ കഴിയും.
ഇപ്പോൾ എല്ലാം മാറി കഴിഞ്ഞിരിക്കുന്നു.  സംഘടിതമായി തടിമിടുക്ക് കാട്ടിയപ്പോൾ തമിഴ് നാട്ടിലെ നോവലിസ്റ്റ്  തന്റെ സാഹിത്യപ്രവർത്തനം നിർത്തി വെക്കുന്നു എന്ന് പ്രഖ്യാപിക്കേണ്ടി വന്നു.
റാണി പത്മിനിയെ പറ്റി സിനിമ എടുത്ത സജ്ഞയ് ലീലാ ബെൻസാലിക്ക് മുഖമടച്ച് അടി കിട്ടി,  സിനിമാ സെറ്റുകൾക്ക് കേടുപാടുകൾ ഉണ്ടാകുകയും ചെയ്തു.കർണി സേനയാണ് അക്രമങ്ങൾ കാട്ടിയത്. ശ്രീരാം സേന, കർണി സേന, ഭീം സേന, ശിവസേന,  അങ്ങിനെ സേനകളാണ് നവഭാരതത്തിൽ കാര്യങ്ങൾ തീരുമാനിക്കുന്നത്. ഇന്ത്യൻ മിലിട്ടറിക്ക് അഞ്ച് കോടി രൂപാ പിഴയായി കൊടുക്കാൻ  രാജ്താക്കറെ ഉത്തരവ് പുറപ്പെടുവിച്ച് കഴിഞ്ഞതിന് ശേഷമേ കരൺ ജോഹർക്ക് തന്റെ ചിത്രമായ ദിൽ ഹെ മുഷിക്കിൽ പ്രദർശനത്തിന് തയാറാക്കാൻ കഴിഞ്ഞുള്ളൂ. പാക്കിസ്ഥാൻ നടിയെ അഭിനയിപ്പിച്ചതാണ് സേനാതലവനെ പ്രകോപിപ്പിച്ചത്
  ഇതാണ് നമ്മുടെ  പുണ്യഭൂമിയായ  ഭാരതത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. ഇവിടം നട്ടെല്ല്  ഊരി കളഞ്ഞവർ മാത്രമാണ്അവശേഷിച്ചിരിക്കുന്നത്.

No comments:

Post a Comment