Saturday, April 29, 2017

ഇറച്ചി സ്ത്രീ ലിംഗമാണോ?

എട്ട് ജെ യിലെ  ഹിന്ദി ക്ലാസ് കുമാരൻ സാറാണ്  എടുക്കുന്നത്.  ഹിന്ദി കലക്കി കുടിച്ച അദ്ധ്യാപകനാണ്  കുമാരൻ സാർ.. അന്ന് സാറ് ഹിന്ദിയിലെ പുല്ലിംഗവും സ്ത്രീ ലിംഗവും  പഠിപ്പിക്കുകയാണ്. സ്ത്രീ ലിംഗം കണ്ട് പിടിക്കാൻ  അദ്ദേഹം എളുപ്പ വഴി പഠിപ്പിച്ച് തന്നു.  "ഇ" കാരത്തിൽ അവസാനിക്കുന്ന എല്ലാ വാക്കുകളും  സ്ത്രീ ലിംഗമാണ്. ഉദാഹരണത്തിന്  " നദി " അപ്രകാരമുള്ള  വാക്കുകൾ പറയാൻ സാർ  ആവശ്യപ്പെടുകയും ഓരോരുത്തർ  പറഞ്ഞ് തുടങ്ങുകയും ചെയ്തു.  "ഭൂമി" "നാരി"  "പഡോസി" അങ്ങിനെ  ഇ  കാരത്തിൽ അവസാനിക്കുന്ന വാക്കുകൾ  തുരു തുരാ വന്ന് തുടങ്ങിയപ്പോൾ  ഞാൻ പറഞ്ഞു "ഇറച്ചി"
സാർ തല ഉയർത്തി  ചോദിച്ചു " അരെടാ അത്?" കൂട്ടുകാർ എന്നെ ചൂണ്ടിക്കാണിച്ചു. "ഇവിടെ വാടാ " എന്ന് സാർ ആവശ്യപ്പെട്ടപ്പോൾ ഞാൻ പതുക്കെ സാറിന്റെ സമീപം ചെന്നു.  "ഇറച്ചി ഏത് ഭാഷയിലെ വാക്കാണെടാ ?"
സാറിന്റെ ചോദ്യം.
"മലയാളം" എന്റെ മറുപടി.  "അപ്പോൾ നിനക്ക് അറിയാൻ വയ്യാതെയല്ലാ, എന്നെ കളിയാക്കാൻ വേണ്ടി  വേല ഇറക്കിയതാണല്ലേ?  ഇറച്ചിക്ക് പോയവന്റെ ഗതി എന്താണെന്നറിയാമോടാ " സാർ എന്റെ പൊതു വിജ്ഞാനം  അളന്നപ്പോൾ ഞാൻ ഉത്തരം നൽകി. "ഇറച്ചിക്ക് പോയവൻ വിറച്ച് ചത്തു" " നീ ഇറച്ചിക്ക് സൈക്കിളിൽ പോയാ മതി " എന്നും പറഞ്ഞും കൊണ്ട് സാർ എന്റെ തുടയിൽ നഖം അമർത്തിയപ്പോൾ ഞാൻ വേദന സഹിക്കാൻ കഴിയാതെ  സൈക്കിൾ ചവിട്ടുന്നത് പോലെ  കാലുകൾ മാറി മാറി പൊക്കി പിടിച്ചു.
 ഇതെല്ലാമാണെങ്കിലും  സാറിന് എന്നെ വലിയ കാര്യമായിരുന്നു. എന്നെ സാഹിത്യത്തിലേക്ക് വഴി കാട്ടിയത് സാർ ആയിരുന്നു.
 അന്ന് സാറും  ആലപ്പുഴ മുഹമ്മദൻ സ്കൂളും സഹപാഠികളും എന്റെ ജീവിതത്തിൽ നിറഞ്ഞ് നിന്നപ്പോൾ അതല്ലാതെ വേറെ ഒരു ലോകം എനിക്ക് വരാനില്ലാ എന്ന് ഞാൻ കരുതി.
 കാലം കടന്ന് പോയപ്പോൾ പല വേഷങ്ങൾ ആടി തമർത്ത എന്റെ  ഉള്ളിൽ അതിലും വലിയ പല ലോകങ്ങളും  കടന്ന് വന്ന് പഴയ കാലത്തെ  അപ്രധാനമാക്കിയത് സ്വാഭാവികമായ  മാറ്റം തന്നെ.  അന്നേതോ ഒരു ദിവസം കുമാരൻ സാർ എവിടെയോ വെച്ച് ഊർദ്ധൻ വലിച്ചിരിക്കാം. ആ സമയം  ഞാൻ  അതൊന്നുമറിയാതെ  കൂട്ടുകാരുമായി കളി തമാശകളിൽ ഏർപ്പെടുകയോ  കോടതി മുറികളിലെ കേസുകെട്ടുകളിൽ ലയിച്ചിരിക്കുകയോ ചെയ്തിരിക്കാം.
    ഈ മേട മാസ സന്ധ്യയിൽ മാനത്തെ കരിമേഘത്തെ നോക്കി കിടന്ന  എന്റെ മനസിലേക്ക്  ഇറച്ചി വാങ്ങാൻ സാർ എന്നെ സൈക്കിൾ ചവിട്ടിച്ച സ്കൂൾ കാല അനുഭവം  എന്തിനാണാവോ കടന്ന് വന്ന് ആ നല്ല നാളുകളെ ഓർമ്മിപ്പിച്ച് ചിരിപ്പിക്കാൻ  ഇടയാക്കിയത്.

Tuesday, April 18, 2017

പെണ്ണും ലക്ഷമണ രേഖയും

പത്താം ക്ലാസ്കാരി  പ്രസവിച്ചു ,
വയറ് വേദനയായി ആശുപത്രിയിലെത്തിയ 15 വയസ്കാരി പെൺകുട്ടി പൂർണഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞ ആശുപത്രിക്കാർ മറ്റേതെങ്കിലും ആശുപത്രിയിൽ കൊണ്ട് പോകാൻ നിർദ്ദേശിച്ചെന്നും പക്ഷേ വീട്ടിലേക്ക് തിരിച്ച് പോയ പെൺകുട്ടി വീട്ടിലെ കുളിമുറിയിൽ പ്രസവിച്ചെന്നും അന്വേഷണത്തിൽ ഗർഭത്തിന് ഉത്തരവാദി  അയല്പക്കത്തെ ഏഴാംക്ലാസ്കാരനെന്ന് വെളിപ്പെട്ടു എന്നും  പത്രവാർത്ത. വിദേശത്തൊന്നുമല്ല ഇത് നടന്നത് ,  കൊല്ലം ജില്ലയിൽ  പത്തനാപുരത്താണ് ഇത് സംഭവിച്ചത്. സമാനമായ മറ്റൊരു സംഭവം കുറച്ച് ദിവസങ്ങൾക്ക് മുമ്പ്  നടന്ന കാര്യവും അന്ന്  പത്രത്തിൽ വായിച്ചതായി  ഓർക്കുന്നു.  രോഗം പകർന്ന് പിടിക്കുന്നത് പോലെ  നാട്ടിൽ ഇപ്രകാരം സംഭവിച്ച് കൊണ്ടിരിക്കുന്നുവെന്നാണ് ഈ വാർത്തകളിൽ നിന്നും വെളിവാകുന്നത് .
ലൈംഗിക വിദ്യാഭ്യാസവും  ബോധവത്കരണവും മുറക്ക്  നടത്തിയാൽ തന്നെയും ആൺ-പെൺ സൗഹൃദത്തിന് ഒരു ലക്ഷ്മണ രേഖ  അത്യാവശ്യമായി വന്നിരിക്കുന്നു. കാരണം ഈ പംക്തിയിൽ ഞാൻ പലപ്പോഴും സൂചിപ്പിച്ചിട്ടുള്ളത് പോലെ  ജീവികളിൽ അന്തർലീനമായിരിക്കുന്ന  വംശവർദ്ധനക്കുള്ള  വാഞ്ച  ഏത് സമയത്താണ് കടിഞ്ഞാൺ പൊട്ടിക്കുന്നതെന്ന്  പ്രവചിക്കാൻ കഴിയില്ലല്ലോ. ആൺ പെൺ സൗഹൃദം  നില നിൽക്കുമ്പോൾ തന്നെ ഒരു അതിര് ഒരു പോയിന്റിലെത്തുമ്പോൾ  പടുത്തുയർത്തേണ്ടത് അത്യാവശ്യമായി വന്നിരിക്കുന്നു.
സമൂഹം നിർബന്ധമാക്കിയ നിയമങ്ങളും  അപമാന ഭയവും സ്വന്തം കുടുംബത്തെ പറ്റിയുള്ള  ചിന്തയും ഭവിഷ്യത്തിനെ പറ്റിയുള്ള  ആശങ്കയും പലപ്പോഴും  ഏത് ദുരാസക്തിയെയും തടഞ്ഞ് നിർത്താൻ പക്വതയുള്ള മനുഷ്യനെ സഹായിക്കുമെങ്കിലും   കുഞ്ഞുങ്ങളിൽ  എത്ര ബോധനം നടത്തിയാലും  സന്ദർഭം കിട്ടിയാൽ  അവർ  അരുതാത്തതിലേക്ക് പോകുന്നുവെന്നത്  ഒരു വസ്തുത തന്നെയാണ്.
റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിലെ പെൺകുട്ടികൾക്കാണ് പ്രായ കൂടു തലുള്ളതെന്നും ആൺകുട്ടി വളരെ ചെറുപ്പവുമാണെന്നുള്ളതും നിരീക്ഷിക്കുക.
പൂവൻ ഇണചേരുവാനുള്ള ത്വരയോടെ ഓടി പാഞ്ഞെത്തുമ്പോൾ  ഒഴിഞ്ഞ് മാറി പോകുവാനുള്ള ത്വര പിട വർഗത്തിന്  പ്രകൃതി തന്നെ കൊടുത്തിട്ടുള്ളത്  അമിത വംശവർദ്ധന  തടയുന്നതിന് വേണ്ടി തന്നെയാണ്.ഇവിടെ പന്ത്രണ്ട് വയസ്കാരൻ  മുന്നോട്ട് വന്നപ്പോൾ ഒഴിഞ്ഞ് മാറേണ്ട  15 വയസ്കാരി  സഹകരിക്കാൻ  താല്പര്യപ്പെട്ടിരിക്കുന്നുവെന്ന വസ്തുതയാണ്  കണക്കിലെടുക്കേണ്ടത്.
 അതായത് പന്ത്രണ്ട് വയസ്കാരനായാലും വീടുകളിൽ ഒരു ലക്ഷ്മണ രേഖ അത്യാവശ്യമായി വന്നിരിക്കുന്നു എന്ന സത്യം തിരിച്ചറിയേണ്ടിയിരിക്കുന്നു എന്ന്.

Friday, April 14, 2017

കഞ്ചാവും മൊബൈലും

കഞ്ചാവ് ഉപയോഗം  യുവ തലമുറയെ നിഷ്ക്രിയരാക്കുന്നു .  യാതൊരു ജോലിയും ചെയ്യാതെ  പരാന്ന ഭോജികളായി കുടുംബത്തിന് ഭാരമായി അവർ ജീവിതം നശിപ്പിക്കുന്നു. സിരകളെ ബാധിക്കുന്ന കഞ്ചാവ് ലഹരി  യാതൊന്നിലും അവർക്ക് താല്പര്യമില്ലാതെ  ആരോടും മമതയില്ലാതെ  ജീവിതത്തിൽ മറ്റൊന്നിനും സ്ഥാനം നൽകാതെ  ജീവിച്ച് തീരുവാൻ അവരെ പ്രേരിപ്പിക്കുന്നു. എന്നിട്ടും  വീണ്ടും വീണ്ടും  അവർ  അതിൽ തന്നെ ലയിച്ച് കഴിയുന്നു.
ദൂരത്തിൽ കഴിയുന്നവരുമായി  സംസാരിക്കുന്നതിനായി  ഉദ്ദേശിക്കപ്പെട്ട  മൊബൈൽ ഫോൺ  ഇന്ന് വിവിധ കാര്യങ്ങൾക്കായി ഉപയോഗിക്കപ്പെട്ട് വരുകയാണ്. ശാസ്ത്രത്തിന്റെ കണ്ട് പിടുത്തങ്ങൾ മനുഷ്യ പുരോഗതിക്കായി  ഉപയോഗിക്കപ്പെടുമ്പോൾ തന്നെ അതിന്റെ ദുരുപയോഗം  വല്ലാതെ മനുഷ്യനെ ബാധിക്കുന്നതിന്റെ പ്രത്യക്ഷോദാഹരണമാണ് മൊബൈൽ.
കേരളത്തിലെമ്പാടും ഗ്രാമങ്ങളിലും നഗരങ്ങളിലും യുവ തലമുറയും കൗമാരക്കാരും എന്തിന് കൊച്ച് കുട്ടികൾ പോലും തല പൊക്കാതെ  മൊബൈലിൽ തന്നെ  ലയിച്ച് ഇരിക്കുന്ന കാഴ്ചയാണ് എപ്പോഴും കാണാൻ സാധിക്കുക. അത് ചാറ്റിംഗ് ആകാം, നവ മാധ്യമങ്ങളിൽ അഭിരമിക്കുന്നതാകാം  ഗെയ്മിലാകാം ഏതായാലും അവർക്ക് തല പൊക്കാൻ നേരമില്ല.  പരസ്പരം സംസാരിക്കാൻ പോലും  ശ്രമിക്കാതെ ഏതെങ്കിലും ഒരു മൂലയിൽ പോയി ഇരുന്ന് തലയും താഴ്ത്തി  അങ്ങിനെ സമയം കഴിച്ച് കൂട്ടുന്ന യുവതയാണ് നമുക്ക് നാലു ചുറ്റും കാണപ്പെടുന്നത്.
ആദ്യമേ  സൂചിപ്പിച്ച കഞ്ചാവ് ദുരന്തത്തിന്റെ മറ്റൊരു പകർപ്പ് പോലെ തന്നെ ഈ അവസ്ഥയും  ഇപ്പോൾ നില നിൽക്കുകയാണ്. ഏതെങ്കിലും ചെറുപ്പക്കാരൻ/ചെറുപ്പക്കാരി  ഒഴിഞ്ഞിരിക്കുമ്പോൾ പുസ്തകം വായിക്കുന്നതായി കാണപ്പെട്ടാൽ  അതൊരു അതിശയ കാഴ്ച തന്നെയാണെന്ന് സംശയം വേണ്ട. ഇത് സൂചിപ്പിച്ചാൽ അവരുടെ മറുപടി എല്ലാം ഇപ്പോൾ മൊബൈലിൽ തന്നെ ഉണ്ടെന്നാണ്. വായനയും ദൃശ്യവും  എല്ലാം അതിൽ തന്നെ ഉണ്ടത്രേ!.
ഈ അവസ്ഥ തുടർന്ന് പോയാൽ പരസ്പര സഹകരണം ഇല്ലാതാകുകയും  മനുഷ്യ ബന്ധങ്ങൾക്കുള്ള  തീവൃത കുറയുകയും ചെയ്യും. എല്ലാം ഒരു മാതിരി വഴിപാട്  ആയി തീരും. ഇത് അതിശയോക്തി അല്ല, ഭാവിയിൽ സംഭവിക്കാവുന്നത് തന്നെയാണ്

Sunday, April 9, 2017

സൗജന്യം ചതിയാണ്

ഇന്ന്  ആരെയാണ് കൊല്ലേണ്ടത്  എന്ന ചിന്തയോടെ  മടി ഉൽപ്പാദന ചാര് കസേരയിൽ മാനം നോക്കി  കിടന്നപ്പോൾ  ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടു നോക്കിയതിൽ കഴുത്തിൽ  കൗപീനം ധരിച്ച  രണ്ട് ചെറുപ്പക്കാർ കടന്ന് വരുന്നത് കണ്ടു.   അവരുടെ കയ്യിൽ രണ്ട് വലിയ പെട്ടികളുമുണ്ട്.
" ചൂരീദാർ പീസും സാരിയും  വേണോ  സർ?" അവരിൽ ഒരുവൻ എന്നോട് ആരാഞ്ഞു.
" ഞാൻ പാന്റ്സാണ് ധരിക്കുന്നത്, ചിലപ്പോൾ മുണ്ടും ഉടുക്കും." യാതൊരു ഭാവഭേദവുമില്ലാതെയായിരുന്നു എന്റെ ഉത്തരം.
 ഒരു വളിച്ച ചിരിയോടെ അപരൻ മൊഴിഞ്ഞു. " വീട്ടിലെ സ്ത്രീകൾക്ക് വാങ്ങിക്കൊടുക്കാം."
 ചൂരീദാർ / സാരി ആവശ്യക്കാരായ വീട്ടിലെ അന്തർജനങ്ങളും അയലത്തെ അദ്ദേഹികളും   ഇതിനുള്ളിൽ രംഗം കയ്യടക്കി കഴിഞ്ഞു. അവരെ കണ്ട നിമിഷത്തിൽ ഗള കൗപീനങ്ങൾ പെട്ടി മലർക്കെ തുറന്ന് സാധനങ്ങൾ പുറത്തേക്ക് വാരിയിട്ടു. അന്തർജനങ്ങളുടെ വായിൽ നിന്നും  ശ്ശ്ശ്ശ്..സ്...സ്... ശബ്ദങ്ങളും  വാളൻ പുളി കാണുമ്പോഴുള്ള ഉമിനീർ പ്രവാഹവും ഞാൻ കണ്ടു.
"  ഫസ്റ്റ് ക്വാളിറ്റി ആണ് പക്ഷേ നിങ്ങൾക്ക്   വിലക്കുറച്ച് തരാം" വ്യാപാരികൾ രണ്ട് പേരും  ഏക സ്വരത്തിൽ ഉവാച.
"നിൽക്ക്...നിൽക്ക്..." മടി ഉൽപ്പാദന കസേരയിൽ നിന്നും ചാടി എഴുന്നേറ്റ് ഞാൻ  വ്യാപാരത്തിൽ ഇടപെട്ടു.
"നിങ്ങൾ രണ്ട് പേരും എന്റെ അമ്മായി അപ്പന്മാരാണോ?" ഞാൻ അന്വേഷിച്ചു.
   "അല്ല.."  ലേശം പകച്ചായിരുന്നു രണ്ടിന്റെയും ഉത്തരം. " ഞാൻ നിങ്ങളുടെ അമ്മായി അപ്പനാണോ? " എന്റെ അടുത്ത ചോദ്യം
"അല്ലല്ലോ..." അൽപ്പം ഹാസ്യം കലർന്നായിരുന്നു ഇപ്പോൾ മറുപടി വന്നത്.
"പിന്നെന്ത്  കൊണ്ടാ അനിയന്മാരേ! ഇന്ന്  പരിചയപ്പെട്ട ഞങ്ങളോട് ഇത്രയും  സ്നേഹവും ഞങ്ങൾക്കൊരു സൗജന്യവും... വിലക്കുറവും  " എന്റെ ചോദ്യത്തിന് അവരിൽ ഒരുവൻ മൗനം ദീക്ഷിച്ചപ്പോൾ അപരൻ മൊഴിഞ്ഞു " ഞങ്ങളുടെ കമ്പനിയുടെ വിറ്റഴിക്കൽ പ്രോഗ്രാമിനോടനുബന്ധിച്ചുള്ള വിലക്കുറവാണ്..."
ചൂരീദാർ പീസിലും സാരിയിലും ചാടി വീഴാനും  അത് മണത്തും രുചിച്ചും ഉടുത്തും  ശരീരത്തിൽ ചേർത്ത് വെച്ചും സായൂജ്യം അടയാനും വെമ്പി നിന്ന അന്തർജനങ്ങളെല്ലാം കൂടി എന്നെ രൂക്ഷമായി നോക്കി.എന്റെ വീട്ടിലെ പ്രധാന അന്തർജനം എന്നോട്കണ്ണിൽക്കൂടി ആശയ വിനിമയം നടത്തി   "വേറെ പണി ഒന്നുമില്ലേ?"
  ഞാൻ  അത് അൺ വാന്റഡ്  ഹെയർ പോലെ  നിസ്സാരവത്കരിച്ച് അടുത്ത ചോദ്യം ഉന്നയിച്ചു. " നിങ്ങളുടെ  കമ്പനി ഏതാണ് ? അത് എവിടെയാണ്?"
"അത്...അത്...ബാംഗ്ലൂരാണ്..." ഒരേ സ്വരത്തിലായിരുന്നു അവരുടെ മറുപടി
"അപ്പോൾ ഈ സാരിയും ചൂരീദാർ പീസും ഒന്ന് കഴുകി കഴിയുമ്പോൾ അതിന്റെ നിറവും പോയി മണവും പോയി മേശപ്പുറം തുടക്കാൻ പോലും കൊള്ളാതെ വരുമ്പോൾ  പരാതിപ്പെടാൻ ബാംഗ്ലോോർ വരെ പോകണമല്ലേ?ഇന്ന് ഈ സാധനവും വിറ്റഴിച്ച് പോകുന്ന നിങ്ങളെ ഇനി മഷിയിട്ട് നോക്കിയാൽ പോലും കാണില്ലല്ലോ...അത് കൊണ്ട് അനിയന്മാർ പെട്ടി അടച്ചോളൂ...ഈ സാധനം ഇവിടെ ചെലവാകില്ല, വേറെ കംബോളം  പിടിക്കുന്നതാണ് നല്ലത്...ഞാൻ പറഞ്ഞ് നിർത്തി വീണ്ടും ചാരു കസേരയിലേക്ക് വീണു.
ഇപ്പോൾ  രംഗം നിശ്ശബ്ദമാണ്. അന്തർജനങ്ങളുടെ മുഖങ്ങളിൽ  ഞാൻ പറഞ്ഞതിന്റെ  അർത്ഥം ഉൾക്കൊള്ളുന്ന  ഭാവവും  പെട്ടിയിലുള്ളതിന്റെ പരിശോധനയും തലോടലും നടത്താത്തതിന്റെ നിരാശയും മിന്നി നിന്നു.
കഴുത്തിൽ കോണകം കെട്ടിയവർ പെട്ടി അടച്ച് എന്നെ നല്ലവണ്ണം ഒന്ന് നോക്കിയതിന് ശേഷം ഗെയ്റ്റിലേക്ക് നടന്നു.
 അന്തർജനങ്ങളുടെ സഭ പിരിഞ്ഞു. അയലത്തെ അദ്ദേഹികൾ അവരുടെ വസതികളിലേക്ക് പോയപ്പോൾ  നമ്മുടെ  അന്തർജനത്തോട് ഞാൻ പറഞ്ഞു.
" പറ്റിക്കാൻ സാധിക്കാതെ വന്നപ്പോൾ   അവന്മാരുടെ ഒരു നോട്ടം കണ്ടില്ലേ ?!"
"ആ നോട്ടത്തിന്റെ അർത്ഥം മനസിലായോ?" അവൾ ചോദിച്ചു
"ഇല്ലാാ എന്താ അർത്ഥം?"
" ഈ കസേരയിൽ കിടക്കുന്നത് പോലുള്ള സാധനത്തിനെ വീട്ടുകാരി എങ്ങിനെ സഹിക്കുന്നു ദൈവമേ! എന്നാണ് "
ഇതും പറഞ്ഞ് അവൾ വേഗത്തിൽ അകത്തേക്ക് പോയതിനാൽ അതിന് മറുപടിയായി ഞാൻ പറഞ്ഞ ശ്രേഷ്ട മലയാളം അവൾ കേട്ടിരിക്കാൻ ഇടയില്ല. 

Wednesday, April 5, 2017

സിനിമ ഭ്രാന്ത്

സിനിമ അന്നും ഇന്നും കുട്ടികൾക്ക് ഹരം തന്നെയാണ്. കിട്ടുന്നപൈസാ ചെലവാക്കാതെ സൂക്ഷിച്ച്സിനിമാ ടിക്കറ്റ് എടുക്കുക എന്നത് ;നിർബന്ധ കർമ്മമായി ;അനുഷ്ഠിച്ചിരുന്ന ബാല്യകാലവും അന്ന് പറ്റുന്ന അമളികളും മനസിൽ നിന്ന് മായുകില്ല.
ആലപ്പുഴ ശീമാട്ടിയിൽ ശിവാജി ഗണേഷന്റെ ഏതോ പടം ഓടുന്ന വിവരം അറിഞ്ഞ്ഞങ്ങൾ നാല് പേർക്ക് ആ ചിത്രം കാണണമെന്നുള്ള ആഗ്രഹം ഉണ്ടായി ;;  എല്ലാവരുടെയും പാക്കറ്റിലെ പൈസാ നുള്ളി പെറുക്കി കണക്ക് കൂട്ടിയിട്ടും രണ്ട് ബെഞ്ച് ടിക്കറ്റ് എടുക്കാനുള്ളതേ ഉണ്ടായിരുന്നുള്ളൂ. എന്തായാലും സിനിമാ കാണണമെന്നും എന്തെങ്കിലും  വഴി ഉരുത്തിരിഞ്ഞ് വരുമെന്നുമുള്ള പ്രതീക്ഷയാൽ  കുട്ടികളായ   , റഷീദ്, സഫർ,ഞാൻ,  ചട്ട്കാലൻ കാസിം എന്നിവർ ശീമാട്ടി ലക്ഷ്യം വെച്ച് പാഞ്ഞു. വട്ടപ്പള്ളിയിൽ നിന്നും ഇരുമ്പ് പാലം വഴി ശീമാട്ടിയിലേകുള്ള ആ പ്രയാണത്തിൽ വയറ്  കാലിയായിരുന്നുവല്ലോ! വിശക്കുമ്പോൾ  എന്തെങ്കിലും വാങ്ങി കഴിക്കാനായി വീട്ടിൽ നിന്നും തന്നിരുന്ന ചില്ലറ പൈസാ ആയിരുന്നു  ഞങ്ങൾ സിനിമാ കാണാനായി ഉപയോഗിച്ചിരുന്നത്.
  രണ്ട് കുട്ടികൾക്ക്ഒരു ടിക്കറ്റ് തോത് വെച്ച് ചിലപ്പോൾ ;കയറ്റി വിടുമായിരുന്നു. ഞങ്ങളുടെ കയ്യിൽ രണ്ട് ടിക്കറ്റിന്റെ പൈസായുമുണ്ട്.

 മനസ് നിറയെ പ്രാർത്ഥനയുമായി മെയിൻ ഗേറ്റ് വാച്ചർ മൂർത്തിയുടെ മുമ്പിൽ ടിക്കറ്റ് പഞ്ചിംഗിനായി ഞങ്ങൾ കൈകൂപ്പി നിന്നു. മൂർത്തി ഞങ്ങളെ ഉഴിഞ്ഞ് നോക്കി ചോദിച്ചു " രണ്ട് ടിക്കറ്റും നാല് പേരുമോ? വിട്ടോ.. വിട്ടോ.. സ്ഥലം വിട്ടോ..." മൂർത്തിയുടെ കർശനത ഞങ്ങളെ വീണ്ടും വിനയാന്വിതരാക്കി,  അകത്ത് കയറി പറ്റാൻ ഞങ്ങൾ അയാളുടെ മുമ്പിൽ  താണു വീണ് കേണു .
 "എടാ പറഞ്ഞില്ലേ, ഒരാൾക്ക് ഒരു ടിക്കറ്റ്, അതില്ലെങ്കിൽ സ്ഥലം വിട്ടോ...
ഞങ്ങൾ പോകാതെ നിൽക്കുന്നത് കണ്ടപ്പോൾ  അയാൾ ചിരിച്ച് കൊണ്ട് പറഞ്ഞു,
"അത്രക്ക് നിർബന്ധമാണെങ്കിൽ.. ഒരു സൂത്രം പറഞ്ഞ് തരാം ഒരു ടിക്കറ്റിന് രണ്ട് കാലുകളാണ്  അകത്ത് കയറേണ്ടത്, നിങ്ങൾ ഒരാൾ മറ്റവനെ എടുക്കുക, അങ്ങിനെ രണ്ട് പേർ രണ്ടവന്മാരെ എടുക്കുക, അങ്ങിനെ രണ്ട് ടിക്കറ്റിന്  നാല്  കാൽ കയറണം, മറ്റേ രണ്ടവന്മാരുടെ കാൽ നിലത്ത് തൊടരുത്".
 എങ്ങിനെയെങ്കിലും സിനിമ കാണണമെന്നുള്ള  അതിമോഹത്താൽ ഞങ്ങൾ എന്തിനും തയാറായിരുന്നു.  ഞാൻ ചട്ട്കാലനെ എടുത്തു, റഷീദ് സഫറിനെ എടുത്തു.   മുക്കിയും മൂളിയും അകത്തെ ഗെയ്റ്റിലേക്ക്  നടന്ന  ഞങ്ങളെ ചൂണ്ടി  മൂർത്തി അവിടെ നിന്ന ഗെയ്റ്റ് മാനെ  കൈ കാണിക്കുന്നത് ഞങ്ങൾ കാണാതിരുന്നില്ല.അവിടെ ചെന്നെത്തിയപ്പോൾ ഗെയ്റ്റ്മാൻ ഞങ്ങളെ  നോക്കി ആക്രോശിച്ചു, " ഇതെന്താ സർക്കസ് കൂടാരമോ?    ഇവിടെ സർക്കസ് കാണിക്കേണ്ട  ഓടെടാ ഇവിടെന്ന്...." മൂർത്തി പുറകിൽ നിന്ന് കൈ കൊട്ടി ചിരിച്ചു. അയാൾ ഞങ്ങളെ പറ്റിക്കുകയായിരുന്നു എന്ന് അപ്പോഴാണ്  കുട്ടികളായ ഞങ്ങൾക്ക് മനസിലായത്. ഗെയ്റ്റ്മാന്റെ   ആക്രോശം  കേട്ട് ഞാൻ ചട്ട് കാലനെ നിലത്തിട്ടു. അവൻ "ട" പോലെ നിലത്ത് കിടന്നു. വീഴ്ചയിൽ അവന് എന്തോ പറ്റിയെന്ന് ധരിച്ച്  അയാൾ എന്റെ നേരെ പിന്നെയും ആക്രോശിച്ചു, "വാരിക്കൊണ്ട് പോട  ഇവനെ കുട്ടയിൽ.." ചട്ട്കാലൻ അനങ്ങിയില്ല, ഞങ്ങൾ മൂന്ന് പേരും  അവന്റെ തലക്കിരുന്ന് കരഞ്ഞു.  മൂർത്തി ഓടി വന്ന് കാസിമിന്റെ മുഖത്ത് വെള്ളം  തളിച്ചപ്പോൾ അവൻ കണ്ണ് തുറന്നു ആരും കാണാതെ എന്നെ നോക്കി  മുഖം കൊണ്ട് ഒരു ആംഗ്യം കാണിക്കുകയും ചെയ്തു.  അവൻ അഭിനയിക്കുകയായിരുന്നെന്ന് എനിക്ക് മനസിലായി. ഏതായാലുംഅവന്റെ അഭിനയം  ഫലം ചെയ്തു  അവർ  ഞങ്ങളെ അകത്ത് കയറ്റി വിട്ടു ഞങ്ങൾ അന്ന് സിനിമാ കാണുകയും ചെയ്തു.

ഇന്ന്  ശീമാട്ടി ഇല്ല, മെയിൻ ഗേറ്റ് വാച്ചർ മൂർത്തിയും മരിച്ച് കാണും' റഷീദും  പോയി, സഫർ സിനിമാ പ്രൊഡക്ഷൻ രംഗത്ത് നിന്നും തിരികെ വന്ന് അവശനായി കഴിഞ്ഞ് കൂടുന്നു. കാസിം എവിടെയാണാവോ.
ദിവസം മുഴുവൻ  വീട്ടിനുള്ളിൽ ഇരുന്ന് വിരലറ്റം റിമോർട്ടറിൽ അമർത്തി ഇന്നത്തെ കുട്ടികൾക്ക്  എത്ര സിനിമായും കാണാൻ കഴിയുന്ന ഈ കാലത്ത് പണ്ട്  ഒരു സിനിമാ കാണാൻ ഞങ്ങൾ പെട്ട പാട് ഓർമ്മിക്കുന്നത്  തന്നെ രസകരമാണ്